പാലക്കാട് സിപിഐ യിൽ പോര് കനക്കുന്നു; ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ച് എംഎൽഎയും സംഘവും
പട്ടാമ്പി: എംഎൽഎ മുഹമ്മദ് മുഹസീൻ ഉൾപ്പെടെ ഏഴ് പേർ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. രാജിക്കത്ത് ജില്ല എക്സിക്യൂട്ടീവ് ഇന്ന് ചർച്ച ചെയ്യും. നേതൃത്യത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുന്നു എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റി കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. ഇസ്മായില്‍ വിഭാഗം പിടിച്ചെടുക്കുകയായിരുന്നു. ജില്ലാ സമ്മേളനത്തിനിടെ വലിയ തരത്തിൽ വിഭാഗീയ പ്രവർത്തനം നടന്നതായി 3 അംഗ കമ്മീഷൻ കണ്ടെത്തിയ സംഭവവും ഉണ്ടായി. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൂഹസീനെ ജില്ല എക്സിക്യൂട്ടിവിൽ നിന്ന് കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. പട്ടാമ്പി മണ്ഡലം സെക്രട്ടറി, സുഭാഷ്, പട്ടാമ്പിയില്‍നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തി.ഇതോടെ പാർട്ടിയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. വിവിധ മണ്ഡലം കമ്മിറ്റികളിൽ നിന്ന് അംഗങ്ങൾ കൂട്ടത്തോടെ രാജി വെച്ച സംഭവം ഉണ്ടായി.കാനം പക്ഷക്കാരനായ സി പി ഐ ജില്ല സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിൻ്റെ ആരോപണം. അതെ സമയം ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ എംഎൽഎയോ ജില്ല സെക്രട്ടറിയോ തയാറായിട്ടില്ല.