‘അനക്ക് എന്തിന്‍റെ കേടാ’ ആഗസ്റ്റ് 4ന് തീയറ്ററുകളിലേക്ക്
ബിഎംസി ഫിലിം പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച് മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന ചിത്രം ‘അനക്ക് എന്തിന്‍റെ കേടാ’ ആഗസ്റ്റ് 4ന് തീയറ്ററുകളിലെത്തും. ചിത്രത്തിന്‍റെ ട്രെയിലർ പുറത്തു വന്നിട്ടുണ്ട്. 50 ലേറെ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പൂർത്തിയാക്കിയത്. കോഴിക്കോട് ജില്ലയിലായിരുന്നു പ്രധാന ലൊക്കേഷനുകളെല്ലാം. കോഴിക്കോട് നഗരത്തിന്‍റെ പ്രധാന ഭാഗങ്ങളായ മാനാഞ്ചിറ, ബീച്ച്, മറ്റു നഗരമേഖലകൾ, മുക്കം, ചാത്തമംഗലം, നായർകുഴി, കൂളിമാട്, പാഴൂർ, ചേന്നമംഗളൂർ, മിനി പഞ്ചാബ് പള്ളി, കൊടിയത്തൂർ, ചൂലൂർ അമ്പലം, തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രധാന ലൊക്കേഷനുകൾ. അഖിൽ പ്രഭാകർ നായകനായി എത്തുന്ന ചിത്രത്തിൽ സ്നേഹ അജിത്ത്, വീണ എന്നിവരാണ് നായികമാർ. പണ്ഡിറ്റ് രമേശ് നാരായൻ സംഗീത സംവിധാനം നിർവഹിച്ച് വിനോദ് വൈശാഖി എഴുതിയ ഗാനം വിനീത് ശ്രീനിവാസൻ ആലപിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുസ്ലീങ്ങൾക്കിടയിലെ ബാർബർ കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രശ്നങ്ങളും അയാളും കുടുംബവും നേരിടുന്ന അയിത്തവുമൊക്കെയാണ് സിനിമയുടെ പ്രമേയം.