We Talk

ഷംസീറിന്‍റെ വിവാദ പ്രസ്താവന: വിശ്വാസ സംരക്ഷണ ദിനം ആചരിക്കാന്‍ എന്‍എസ്എസ്

സ്പീക്കര്‍ എ എന്‍ ഷംസീറിന്‍റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം കടുപ്പിക്കാൻ നായര്‍ സര്‍വീസ് സൊസൈറ്റി. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും സര്‍ക്കാര്‍ നടപടിയെടുക്കണം എന്നുമുള്ള ആവശ്യത്തെ നിസ്സാരവത്കരിക്കുന്നതാണ് ബന്ധപ്പെട്ടവരുടെ നിലപാട് എന്നാരോപിച്ച് ബുധനാഴ്ച വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാന്‍ എന്‍എസ്എസ് തീരുമാനിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ എല്ലാ താലൂക്ക് യൂണിയന്‍ പ്രസിഡന്റുമാര്‍ക്കും നല്‍കി. എല്ലാ എന്‍എസ്എസ് പ്രവര്‍ത്തകരും വിശ്വാസികളും ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള ഗണപതി ക്ഷേത്രത്തിലെത്തി വഴിപാടുകള്‍ നടത്തണം.

വിശ്വാസസംരക്ഷണത്തിന് അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാര്‍ഥിക്കണം. എന്നാല്‍, ഇതിന്‍റെ പേരില്‍ പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാവാന്‍ പാടില്ലെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷംസീറിന്‍റെ പരാമര്‍ശം അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ജി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രസ്താവന അതിരുകടന്നുപോയി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല. ഈ സാഹചര്യത്തില്‍ നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിനു തന്നെ അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയുകയാണ് ചെയ്യേണ്ടത്. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്നുമായിരുന്നു പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *