താനൂർ കസ്റ്റഡി മരണത്തിൽ പൊലീസിനെ വെട്ടിലാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
മലപ്പുറം: താനൂരില്‍ ലഹരിമരുന്ന് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മലപ്പുറം താനൂരില്‍ മയക്കുമരുന്ന് കേസിൽ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയ്ക്ക് ക്രൂരമായി മര്‍ദനമേറ്റതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. താമിറിന്‍റെ ശരീരത്തില്‍ 13 പരിക്കുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്ട്ടില്‍ പറയുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും താമിറിന്‍റെ നടുവിന്‍റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്‍റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം മര്‍ദ്ദനമേറ്റതായും റിപ്പോർട്ടിലുണ്ട് . ആമാശയത്തില്‍ ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു താനൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചത്. പിന്നാലെ കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണമെന്ന് ആരോപിച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ താമിര്‍ ജിഫ്രി പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം.