We Talk

ജീവിച്ചിരുന്ന കാലത്തേക്കാള്‍ കൂടുതല്‍ ജനകീയനായി ഉമ്മന്‍ചാണ്ടി ; ജനം ഈ നേതാവിനെ പുണ്യാളനാക്കി മാറ്റുന്നു

കോട്ടയം: ലോകത്തിലെ ഒരു രാഷ്ട്രീയ നേതാവിനും കിട്ടാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു പ്രതിഭാസമാണ്, അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 18ന് ബെംഗളൂരുവില്‍വെച്ച് അന്തരിച്ച അദ്ദേഹത്തെ ഒരു നോക്കുകാണാനായി ലക്ഷക്കണക്കിന് പേര്‍ തടിച്ചുകൂടിയത്, രാഷ്ട്ീയ കേരളത്തെ ഞെട്ടിച്ചിരുന്നു. രണ്ടു ദിവസം തുടര്‍ച്ചയായാണ് കേരളത്തിലെ ചാനലുകള്‍ അദ്ദേഹത്തിന്റെ വിലാപയാത്ര, മറ്റെല്ലാ പരിപാടികളും മാറ്റിവെച്ച് കാണിച്ചത്. സാധാരണ രാഷ്ട്രീയ നേതാക്കളുടെ സംസ്‌ക്കാരത്തോടെ പിന്നെ ജനപ്രവാഹവും അവസാനിക്കുകയാണ് പതിവ്. പക്ഷേ ഉമ്മന്‍ചാണ്ടിയെ അടക്കിയിട്ട് രണ്ടാഴ്ചയായിട്ടും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കല്ലറയിലേക്ക് ഇന്നും ജനം ഒഴുകുകയാണ്. കേരളത്തിന്റെ നാനാഭാഗത്തുമുള്ള ജനങ്ങള്‍ എത്തിയതോടെ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി ഒരു പുതിയ തീര്‍ത്ഥാടന കേന്ദ്രമായി മാറുമോ എന്നാണ് സംശയിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ളവര്‍ ടൂറിസ്റ്റ് ബസ് വിളിച്ചുമൊക്കെയാണ് ഇങ്ങോട്ട് എത്തുന്നത്. ഇതോടെ പള്ളിയില്‍ എപ്പോഴും തിരക്കാണ്. പള്ളിക്ക് പുറത്ത് വാഹനങ്ങളുടെ ബഹളവും. ജാതിമതഭേദമന്യേയാണ് ജനം എത്തിക്കൊണ്ടിരിക്കുന്നത്. പലരും പുഷ്പചക്രങ്ങളുമായാണ് കല്ലറിയില്‍ എത്തുന്നത്. പ്രത്യേക ബാരിക്കേഡുകള്‍ അടക്കം ക്രമീകരിച്ചാണ് പള്ളി അധികൃതര്‍ തിരക്ക് നിയന്ത്രിക്കുന്നത്. ആയിരക്കണക്കിന് മെഴുകുതിരികളാണ് ഓരോദിവസവും ഇവിടെ കത്തുന്നത്. ഉമ്മന്‍ചാണ്ടി മരിച്ച അന്നുമുതലുള്ള അണമുറിയാത്ത ജനപ്രവാഹം ഇപ്പോഴും ഇവിടേക്ക് തുടരുകയാണ്. ലോകത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും കിട്ടിയിട്ടില്ലാത്ത അപൂര്‍വമായ സ്നേഹമാണ് ഉമ്മന്‍ചാണ്ടിക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇതോടൊപ്പം മറ്റൊരു വിശ്വാസം കൂടി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. അതായത് എല്ലാ ഞായറാഴ്ചകളിലും പുതുപ്പള്ളിയിലെ വീട്ടില്‍ എത്തുന്ന ഉമ്മന്‍ചാണ്ടിക്കുമുന്നില്‍, തങ്ങളുടെ വിവിധ പ്രശ്നങ്ങളുമായി ജനം എത്തുക പതിവായിരുന്നു. അദ്ദേഹത്തിന്റെ ആ ദിനം മുഴുവന്‍ ജനങ്ങള്‍ക്കായാണ് ചിലവിടാറുള്ളത്. ആ ഓര്‍മ്മ മൂന്‍നിര്‍ത്തിയാണ് പലരും ഇപ്പോഴും ഉമ്മന്‍ചാണ്ടിയൂടെ കല്ലറയില്‍ എത്തുന്നത്. അവിടെ പോയി പ്രശ്നം പറഞ്ഞാല്‍ അതിന് പരിഹാരം ഉണ്ടാവുമെന്ന് സാധാരണക്കാര്‍ വിശ്വസിക്കുന്നു. പള്ളിയിലെത്തിയ പലരും പ്രാദേശിക മാധ്യമങ്ങള്‍ക്കും യുട്യൂബര്‍മാര്‍ക്കും ഇങ്ങനെ പറഞ്ഞ് അഭിമുഖങ്ങളും കൊടുക്കുകയുണ്ടായി. അതുകൊണ്ടു തന്നെ ഞായറാഴ്ചയില്‍ പതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ അനിനിയന്ത്രിതമായ തിരക്കാണ് ഇപ്പോള്‍ കണ്ടു വരുന്നത്.

ശരിക്കും  ഒരു വൈദികനോ മറ്റോ ആയിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുമായിരുന്നു എന്നു കരുതുന്നവര്‍ ഏറെയുണ്ടു. പക്ഷേ ജനങ്ങള്‍ അദ്ദേഹത്തെ ‘വിശുദ്ധ’നാക്കി.മരണാനന്തര ചടങ്ങിന്റെ ഭാഗമായുള്ള പ്രത്യേക കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും നടന്ന ഒമ്പതാം നാളിലും  പള്ളിയിലേക്ക് ജനപ്രവാഹമായിരുന്നു. ഇതിനുശേഷവും ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലേക്കുള്ള തിരക്ക് കുറഞ്ഞില്ല.

വലിയ തിരക്കുമൂലം പുതുപ്പള്ളിയില്‍ നിരവധി ആളുകള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. അക്കാര്യം പലരും അന്ന് തന്നെ ഏറെ രോഷത്തോടെ വിഷമത്തോടെയും  പ്രതികരിച്ചിരുന്നു. പ്രിയനേതാവിന്റെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ കഴിയാതെ വന്ന പലരും തൊട്ടടുത്ത ദിവസം രാവിലെ മുതല്‍ കല്ലറയില്‍ എത്തി തുടങ്ങി. എന്നാല്‍ പിന്നീട് സാഹചര്യം വീണ്ടും മാറി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

ഉമ്മന്‍ചാണ്ടി അന്തരിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ച മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള പ്രമുഖരായ നിരവധിപേര്‍ കല്ലറയിലെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കളെ നേരിട്ട് കണ്ടു ആശ്വസിപ്പിക്കാന്‍ യാക്കോബായ സഭയുടെ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും എത്തിയിരുന്നു. ഏറെക്കാലമായി ആരോഗ്യ പ്രശ്നങ്ങള്‍ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന ശ്രേഷ്ഠ ബാവ മറ്റ് അഞ്ച് മെത്രാപ്പോലീത്തമാര്‍ക്ക് ഒപ്പമാണ്  ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ എത്തിയത്.  ഇതിന് പിന്നാലെ നടന്‍ ജയറാം ഉള്‍പ്പെടെ എത്തി കല്ലറ സന്ദര്‍ശിച്ചിരുന്നു. ജനത്തിരക്ക് തുടരുന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യയും മക്കളും ഇടക്കിടെ പള്ളിയില്‍ എത്താറുണ്ട്.

അതിനിടെ ഉമ്മന്‍ചാണ്ടിക്ക് ആത്മീയ പദവി നല്‍കണം എന്ന് അഭിപ്രായം ഓര്‍ത്തഡോക്സ് സഭയ്ക്കുള്ളില്‍ ഉണ്ട് എന്ന വാര്‍ത്തകളും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പക്ഷേ ഇത് സ്ഥിരീകരിച്ചിട്ടില്ല. അങ്ങനെ കഴിയില്ല എന്നാണ് പൊതുവെയുള്ള വാദം. പക്ഷേ ജനങ്ങള്‍ അദ്ദേഹത്തെ വിശുദ്ധനായി തന്നെയാണ് കാണുന്നത്. പള്ളിയിലെ കുടുംബ കല്ലറയ്ക്ക് പുറത്ത് പ്രത്യേക സ്ഥലം തന്നെ അനുവദിച്ചത് പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ക്കും സൗകര്യമായി. ഏതായാലും ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് ജീവിച്ചിരുന്ന കാലത്ത് ആളുകള്‍ പ്രകടമാക്കിയതില്‍ കൂടുതല്‍ സ്നേഹമാണ്്് മരിച്ച ശേഷം അദ്ദേഹത്തിന്റെ കല്ലറയില്‍ കാണുന്നത്.

ഉമ്മന്‍ചാണ്ടിയുമായി വ്യക്തിപരമായി അടുപ്പമുള്ളവരാണ് ആദ്യം കല്ലറയില്‍ വന്നവര്‍ ഏറെയും. പക്ഷേ പിന്നീട് നാടിന്റെ നാനാ ഭാഗത്തുനിന്നുള്ളവര്‍, അദ്ദേഹവുമായി ഒരു പരിചയവും ഇല്ലാത്തവര്‍ പോലും പള്ളിയില്‍ എത്തുകയാണ്. . വിശദീകരിക്കാനാവാത്ത ഒരു പ്രതിഭാസമാണ് ഇവിടെ നടക്കുന്നത് പലരും പറയുന്നതും.

എന്നാല്‍ ഇതില്‍ യാതൊരു അത്ഭുതവുമില്ലെന്നും,  ജനങ്ങളുമായി ഉമ്മന്‍ചാണ്ടി അത്രമേല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നു എന്നതിന്റെ തെളിവാണ് ഈ തിരക്ക് എന്നും കരുതുന്നവരുണ്ടു. എല്ലാവരാലും സ്നേഹിക്കപ്പെട്ട വ്യക്തി എന്ന ഇമേജ് ജനങ്ങളെ സ്വാധീനിക്കയാണ്. .  എന്തായാലും മരിച്ചിട്ടും, ജീവിച്ചിരുന്ന കാലത്തേക്കള്‍ കൂടുതല്‍ ജനകീയനാവുകയാണ് ഉമ്മന്‍ചാണ്ടി ്.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *