We Talk

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിന് സുപ്രീം കോടതി ജാമ്യം

ലൈഫ് മിഷൻ കേസിൽ ആറ് മാസമായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയിൽ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം സുപ്രീം കോടതി തള്ളി. ജാമ്യം അനുവദിക്കുന്നത് ഏത് വിധേനെയും തടയാനായിരുന്നു എൻഫോഴ്സ്മെന്റ് നീക്കം. ചികിത്സ നടത്താൻ ജാമ്യം വേണമെന്ന് കോടതിയിൽ ശിവശങ്കർ വാദിച്ചപ്പോൾ, ആരോഗ്യ പ്രശ്ങ്ങളുടെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിന് പ്രശ്നമാകുമെന്നും സാക്ഷികളെ സ്വാധീനിച്ച് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വാദമാണ് ഇഡി കോടതിയിൽ ഉയർത്തിയത്.

ലൈഫ് മിഷൻ അഴിമതിക്കേസിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 15 നാണ് ലൈഫ് കോഴ കേസിൽ ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് മാസമായി ജയിലിൽ കഴിയുകയായിരുന്നു അദ്ദേഹം. സുരേഷ് അടക്കമുളള കൂട്ടു പ്രതികളുടെ മൊഴികൾ മാത്രം കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ കുറ്റം ചുമത്തിയതെന്നാണ് സുപ്രീം കോടതിക്ക് മുൻപാകെ എതിർ ഭാഗം ചൂണ്ടി കാണിച്ചത്. കേസിലെ കിംങ് പിൻ ശിവശങ്കറാണെന്നാണ് ഇഡി നിലപാട്. വിചാരണ ഉടൻ തുടങ്ങുന്നതിനാൽ ശിവശങ്ക‍ർ പുറത്തിറങ്ങുന്നത് കേസിനെ ബാധിക്കും. ആരോഗ്യപ്രശ്നങ്ങൾ പറഞ്ഞ് സ്വർണക്കളളക്കടത്തുകേസിൽ ജാമ്യം നേടി ശിവശങ്കർ തൊട്ടു പിന്നാലെ ജോലിയിൽ പ്രവേശിച്ചുവെന്നും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നും ഇഡി നേരത്തെ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *