ആരാണ് ശിവനാടാർ? ശതകോടീശ്വരന്റെ ആർക്കും പ്രചോദനമാകുന്ന ജീവിതം
അംബാനിയും അദാനിയുമൊക്കെ നമുക്ക് പരിചിതരാണ്. എന്നാൽ ശിവനാടാർ എന്ന പേര് പലർക്കും കേട്ട് പരിചയമുണ്ടാവില്ല. എച്ച്സിഎൽ കമ്പനിയുടേയും ശിവനാടാർ ഫൗണ്ടേഷന്റെയും സ്ഥാപകൻ. ഉയർന്ന ശമ്പളം കിട്ടുന്ന ജോലി വേണ്ടെന്നു വച്ച് പിന്നീട് കോടികളുടെ ആസ്തിയുള്ള തന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസ് തന്ത്രഞ്ജനായ അദ്ദേഹത്തിന്റെ ജീവിതകഥ സംഭവബഹുലമാണ്. വ്യവസായ പ്രമുഖൻ എന്നതിലുപരി തികഞ്ഞ ഒരു മനുഷ്യ സ്‌നേഹി കൂടി ആണ് ശിവനാടാർ. അദ്ദേഹത്തിന്റെ എച്സിഎൽ ടെക്നോളജീസ് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഐടി കമ്പനികളിൽ ഒന്നാണ്. 1976ലാണ് നാടാർ എച്സിഎൽ കമ്പനി സ്ഥാപിക്കുന്നത്. പിന്നീട് ഇങ്ങോട്ടുള്ള മൂന്നു പതിറ്റാണ്ടുകൾ സമാനതകൾ ഇല്ലാത്ത വളർച്ചയായിരുന്നു കമ്പനി നേടിയെടുത്തത്. 2008ൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൻ പുരസ്കാരം നൽകി ആദരിച്ചു.
1945 ജൂലൈ 14ന് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മൂലയ്‌പൊഴി ഗ്രാമത്തിലായിരുന്നു നാടാരുടെ ജനനം. പഠിച്ചത് കുംഭകോണത്തിലെ ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ. പിന്നീട് ട്രിച്ചിയിലെ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശിവനാടൻ കോയമ്പത്തൂരിലെ പിഎസ്ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം നേടി. തുടർന്ന് പുണെയിലെ കോളേജ് ഓഫ് എൻജിനീയറിംഗിൽ ജോലി ചെയ്തുകൊണ്ട് 1967ൽ തന്റെ കരിയർ ആരംഭിച്ച ശിവ നാടാർ പിന്നീട് വാൽചന്ദ് ഗ്രൂപ്പിന്റെ കൂപ്പർ എൻജിനിയറിങ് കമ്പനിയിലേക്ക് മാറി. അതിന് ശേഷം ഡൽഹി ക്ലോത്ത് ഡിജിറ്റൽ പ്രോഡക്റ്റ് സൊല്യൂഷനിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇവിടെ വെച്ചാണ് കോർപ്പറേറ്റ് ജീവിതം തനിക്ക് പറ്റിയ പണിയല്ലെന്ന് തിരിച്ചറിയുന്നത്. അതോടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലി ഒഴിവാക്കി സുഹൃത്തുക്കൾക്ക് ഒപ്പം ചേർന്ന് സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ തീരുമാനിച്ചു.
അങ്ങനെ 1975ൽ ശിവ നാടാരും സുഹൃത്തുക്കളായ അജയ് ചൗദരി, അർജുൻ മൽഹോത്ര, ഡി എസ് പുരി, സുഭാഷ് അരോറ, യോഗേഷ് വൈദ്യ, മഹേന്ദ്ര പ്രതാപ്, എസ് രാമൻ എന്നിവർ ചേർന്ന് കമ്പനി ആരംഭിച്ചു. മൈക്രോകോമ്പ് ലിമിറ്റഡ് എന്ന ആയിരുന്നു ഈ കമ്പനിയുടെ പേര്. ടെലി ഡിജിറ്റൽ കാൽക്കുലേറ്റർ, ടെലിവിസ്റ്റ തുടങ്ങിയ കമ്പനി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയായിരുന്നു ഇത്. ഈ കമ്പനിയിലെ ഏറ്റവും ഉയർന്ന ഷെയർ ഹോൾഡർ ആയിരുന്നു ശിവ നാടാർ. പിന്നീട് ഈ കമ്പനി കമ്പ്യൂട്ടർ നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു. കാരണം അന്ന് ഇന്ത്യയിൽ ആകെ 250 കമ്പ്യൂട്ടറുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഏതൊരു സ്റ്റാർട്ട് അപ്പ് കമ്പനിയും നേരിടുന്നത് പോലെ മതിയായ ഫണ്ടുകൾ ഇല്ലാത്തത് ഇവരുടെ കമ്പനിക്കും വെല്ലുവിളിയായി. പക്ഷേ ആ സമയത്ത് ഉത്തർപ്രദേശ് സർക്കാർ ഇത്തരം സ്റ്റാർട്ട് അപ്പ് കമ്പനികൾ ഐടി മേഖലയിലേക്ക് കടന്നു വരുന്നത് പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ തന്റെ ആശയം യുപി ഇലക്ട്രോണിക്സ് കോർപ്പറേഷൻ ലിമിറ്റഡിനെ ശിവനാടാർ അറിയിച്ചു. നാടാറിന്റെ ആശയം ഇഷ്ടപ്പെട്ട യുപി സർക്കാർ അവരുടെ കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യത്തെ പബ്ലിക്- പ്രൈവറ്റ് പാർട്ണർഷിപ്പ് ആയി മാറി ഇത്. കമ്പനിയുടെ പേര് ഉത്തർപ്രദേശ് കമ്പ്യൂട്ടർ ലിമിറ്റഡ് എന്നാക്കി മാറ്റാൻ സർക്കാർ ആവശ്യപ്പെട്ടു. പക്ഷേ ശിവ നാടാർ കമ്പനിക്ക് ഹിന്ദുസ്ഥാൻ കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ്(എച്സിഎൽ) എന്ന പേര് നൽകി. 1976ലായിരുന്നു ഇത്.
ഇന്ദിര ഗാന്ധി സർക്കാരിനെ പരാജയപ്പെടുത്തി ബിജെപി ഭരണം പിടിച്ച കാലമായിരുന്നു അത്. ഐബിഎം ഉൾപ്പെടെയുള്ള വിദേശ കമ്പനികളെ ഇന്ത്യയിൽ നിന്നും തുരത്താനായിരുന്നു അന്ന് സർക്കാർ തീരുമാനം. ഈ സാഹചര്യം ഉപയോഗപ്പെടുത്താൻ ശിവനാടാർ തീരുമാനിച്ചു. അങ്ങനെ 1978ൽ ഇന്ത്യയിലെ ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടർ നിർമ്മിച്ചു. ഇന്ത്യൻ വർക്ക് ഹൗസ് എന്ന പേര് നൽകിയ ഈ കമ്പ്യൂട്ടർ 1983 വിപണിയിൽ ലഭ്യമായി തുടങ്ങി. പിന്നീട് സിംഗപ്പൂരിലേക്കും ലോകത്തിന്റെ പല ഇടങ്ങളിലേക്കും അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വളർത്തി. പിന്നീടങ്ങോട്ട് ഒരു തിരിഞ്ഞുനോട്ടം അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. 2020 ജൂലൈയിൽ മകൾ റോഷ്നി നാടാർക്ക് തന്റെ സ്ഥാനം കൈമാറിയതോടെ ഇന്ത്യൻ ഐടി കമ്പനിയിലെ ആദ്യ വനിത ചെയർപേഴ്സൺ ആയി മാറി റോഷ്‌നി. ഒക്ടോബർ 2021ലെ ഫോർബ്‌സ് മാസിക പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം ഇന്ത്യയിലെ മൂന്നാമത്തെ ധനികനാണ് ശിവ നാടാർ. ലോകത്തിലെ തന്നെ 58ാമത്തെ ധനികനായ വ്യക്തിയാണ് അദ്ദേഹം. ഇപ്പോൾ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ തോതിലുള്ള മാറ്റം ഉണ്ടാക്കുവാനായി പ്രയത്നിക്കുകയാണ് അദ്ദേഹം തന്റെ ശിവ നാടാർ ഫൗണ്ടേഷനിലൂടെ. 1996ലാണ് ചെന്നൈയിലെ എസ്എസ്എൻ കോളേജ് ഓഫ് എൻജിനീയറിങ് അദ്ദേഹം സ്ഥാപിക്കുന്നത്. തന്റെ കമ്പനിയായ എച്സിഎല്ലിന്റെ ഒരു മില്യൻ വിലമതിക്കുന്ന ഷെയറുകൾ കോളേജിലെ പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ച് അദ്ദേഹം കോളേജ് പ്രവർത്തനങ്ങളിൽ സജീവമായി.
എസ്എസ്എൻ ട്രസ്റ്റിന്റെ ഭാഗമായി ഉത്തർപ്രദേശിലെ ഉൾപ്രദേശങ്ങളിൽ രണ്ട് വിദ്യാലയങ്ങൾ സ്ഥാപിക്കുകയും 200 ഓളം കുട്ടികൾക്ക് സൗജന്യ സ്കോളർഷിപ്പ് നൽകുകയും ചെയ്തു. 80 ലക്ഷം വിലമതിക്കുന്ന കമ്പ്യൂട്ടറുകൾ സ്കൂളിൽ ദാനം ചെയ്തിട്ടുള്ള ശിവനാടാർ 2014ൽ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂരിന്റെ ചെയർമാൻ ആയി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അനേകമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന ശിവനാടാർ ദിവസം മൂന്നു കൂടിയോളം രൂപയാണ് ചാരിറ്റിക്ക് വേണ്ടി ചിലവഴിക്കുന്നത്. എന്നാൽ മറ്റുള്ളവരെ പോലെ താൻ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയും പിആർ വർക്ക് ചെയ്തു നന്മ മരം ചമയാൻ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയല്ല ശിവ നാടാർ. ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ വെളിച്ചം പകരുന്ന അദ്ദേഹം ഒരിക്കലും തന്റെ പ്രവർത്തികൾക്ക് പബ്ലിസിറ്റി കൊടുക്കുന്നില്ല. അത് തന്നെ ആണ് അദ്ദേഹത്തിനെ മഹാൻ ആക്കുന്നതും. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്ന് നയമാണ് അദ്ദേഹത്തിന്റെത്. യഥാർത്ഥ മനുഷ്യസ്നേഹിയായ അദ്ദേഹം വരും തലമുറകൾക്ക് ഉൾപ്പെടെ ഒരു വലിയ മാതൃകയാണ്.