We Talk

കുക്കി വിഭാഗക്കാരുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി

ഇംഫാല്‍: മണിപ്പൂരില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട കുക്കി വിഭാഗക്കാരുടെ കൂട്ടശവസംസ്‌കാരം തടഞ്ഞ് ഹൈക്കോടതി. സംസ്‌കാരം നടത്താന്‍ ഉദ്ദേശിച്ച ചുരാചാന്ദപുരിലെ ഗ്രാമത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് നിര്‍ദേശം. വ്യാഴാഴ്ച രാവിലെ ആറുമണിക്ക് നടന്ന വാദം കേള്‍ക്കലിനൊടുവില്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് എം വി മുരളീധരന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ശവസംസ്‌കാരം നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ക്രമസമാധാനനില ഉറപ്പുവരുത്താനും ജസ്റ്റിസ് എ ഗുണേശ്വര്‍ ശര്‍മ അംഗമായ ബെഞ്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. വിഷയം രമ്യമായി പരിഹരിക്കാനും സര്‍ക്കാര്‍ അടക്കം എല്ലാ കക്ഷികള്‍ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശവസംസ്‌കാരത്തിനായി മറ്റൊരു സ്ഥലം അനുവദിക്കാനായി അധികൃതരെ സമീപിക്കാനുള്ള അനുവാദവും കുക്കി വിഭാഗത്തിന് ഹൈക്കോടതി നല്‍കി. വ്യാഴാഴ്ച പതിനൊന്ന് മണിയോടെ കൂട്ടശവസംസ്‌കാരം നടത്താനായിരുന്നു ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം (ഐടിഎല്‍എഫ്) തീരുമാനിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ മെയ്തി ഫോറത്തിന്റെ ഹര്‍ജിയിലാണ് ഗ്രാമത്തില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. കുക്കികളുടെ ശവസംസ്‌കാരത്തിന് ചിതയൊരുക്കുന്നത് തങ്ങളുടെ സ്ഥലത്താണെന്നാണ് മെയ്തി വിഭാഗക്കാരുടെ വാദം. ഓഗസ്റ്റ് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *