‘ഗണപതി മിത്താണെന്നും അല്ലാഹു മിത്തല്ലെന്നും പറഞ്ഞിട്ടില്ല’: മിത്ത് വിവാദത്തില്‍ തിരുത്തുമായി എം വി ഗോവിന്ദൻ
ന്യൂഡല്‍ഹി: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസംഗത്തിന് പിന്നാലെ ആരംഭിച്ച മിത്ത് വിവാദത്തില്‍ തിരുത്തുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗണപതി മിത്താണെന്നോ അല്ലാഹു മിത്തല്ലെന്നോ താൻ പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പ്രതികരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയവെയാണ് രണ്ട് ദിവസം മുന്‍പ് നടത്തിയ പരാമര്‍ശങ്ങള്‍ എം വി ഗോവിന്ദന്‍ തിരുത്തിയത്.
പരശുരാമന്‍ മഴുവെറിഞ്ഞുണ്ടാക്കിയ കേരളം എന്നതാണ് മിത്തായി ഉദാഹരിച്ചത്. അല്ലാഹു വിശ്വാസ പ്രമാണത്തിന്റെ ഭാഗമാണെങ്കില്‍ ഗണപതിയും വിശ്വാസപ്രമാണത്തിന്റെ ഭാഗം തന്നെയാണ്. ഷംസീറും താനും ഗണപതി മിത്താണെന്ന് എവിടെയും പറഞ്ഞിട്ടില്ല. വാക്കുകളെ വളച്ചൊടിച്ചതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം യഥാര്‍ഥ വിശ്വാസികള്‍ക്കൊപ്പമാണ്. പാര്‍ട്ടി വിശ്വാസികള്‍ക്ക് എതിരായ നിലപാട് സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും കുറേ നാളായി ഒരേ അഭിപ്രായമാണ് പറയുന്നത്. സിപിഎമ്മാണ് വര്‍ഗ്ഗീയതയ്ക്ക് കൂട്ട് നില്‍ക്കുന്നതെന്ന അസംബന്ധ പ്രചാരണം വി ഡി സതീശന്‍ കുറേക്കാലമായി നടത്തുന്നുണ്ട്. മുസ്ലീം വിരുദ്ധതയാണ് വര്‍ഗ്ഗീയതയുടെ അടിസ്ഥാനമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. നിയമം ലംഘിച്ചതിന് കേസെടുക്കുന്നത് വിശ്വാസം നോക്കിയല്ലെന്നും നാമജപ ഘോഷയാത്രയ്‌ക്കെതിരെ കേസെടുത്തതില്‍ എംവി ഗോവിന്ദന്‍ പറഞ്ഞു.