We Talk

45 ലോക നഗരങ്ങളിലെ മേയര്‍മാര്‍ കോഴിക്കോട്ടേക്ക്

*ലോക കലയുടെ മഹോത്സവം നവംബറില്‍

കോഴിക്കോട്: പൈതൃക കലകളുടെ സംരക്ഷണം നയമായ് പ്രഖ്യാപിച്ച 45 ലോക നഗരങ്ങളിലെ മേയര്‍മാര്‍ കോഴിക്കോടേക്ക്. നവംബറില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഒമ്പതാമത് ജനറല്‍ അസംബ്ലിയുടെയും അന്താരാഷ്ട്ര സാംസ്‌കാരിക മഹോത്സവത്തിന്റെയും ഉദ്ഘാടനം 2023 ഓഗസ്റ്റ് ആറിന് ഞായറാഴ്ച രാവിലെ 10.30ന് ഹോട്ടല്‍ ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന ചടങ്ങില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ നിര്‍വഹിക്കുമെന്ന് ഐസിസിഎന്‍ സൗത്ത് ഏഷ്യാ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യുനസ്‌കോ അംഗീകൃത സംഘടനയായ ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കി (The inter-ctiy intagible Cultural Cooperation Network- ICCN) ന്റെ ജനറല്‍ അസംബ്ലി നവംബര്‍ 10 മുതല്‍ 14 വരെയാണ് കോഴിക്കോട് നടക്കുന്നത്. 45 ആഗോള നഗരങ്ങളിലെ മേയര്‍മാരും സാംസ്‌കാരിക മുഖങ്ങളും അക്കാദമിക വിദഗ്ധരും ഉള്‍പ്പെടെയുള്ള പ്രതിനിധികളാണ് അഞ്ചു ദിവസങ്ങളിലായി പങ്കെടുക്കുക.
ഈജിപ്ത്, ഇറാന്‍, കൊറിയ, ഇറ്റലി, സ്‌പെയിന്‍, പലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജനറല്‍ അസംബ്ലിക്ക് നേരത്തെ വേദിയായിരുന്നു. ഇന്ത്യ ആദ്യമായ് ആതിഥേയത്വം വഹിക്കുന്ന മേയര്‍മാരുടെ അന്തര്‍ദേശീയ സമ്മേളനത്തിന് വേദിയാവാനുള്ള സൗഭാഗ്യമാണ് കോഴിക്കോടിന് ലഭിക്കുന്നത്. ഐസിസിഎന്‍ സൗത്ത് ഏഷ്യന്‍ റീജ്യണല്‍ ഓഫിസിന്റെ ആസ്ഥാനമായ ‘ഫോക്‌ലാന്‍ഡ്’ ആണ് ഇതര സംഘടനകളുമായ് ചേര്‍ന്നാണ് ജനറല്‍ അസംബ്ലിക്ക് ആതിഥ്യം വഹിക്കുന്നത്.

ഹൈസണ്‍ ഹെറിറ്റേജില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം.കെ രാഘവന്‍ എംപി അധ്യക്ഷത വഹിക്കും. ഐസിസിഎന്‍ സെക്രട്ടറിയേറ്റില്‍ നിന്നുള്ള സന്ദേശം ഐസിസിഎന്‍ സെക്രട്ടറി ജനറല്‍ ജൂലിയോ ബ്ലാസ്‌കോയും സ്‌പെയിനിലെ അല്‍ഗെമെസി മേയര്‍ ജോസ് ജാവിര്‍ സാഞ്ചിസ് ബ്രിട്ടോണ്‍സും ഓണ്‍ലൈനായ് നല്‍കും. അന്താരാഷ്ട്ര സാംസ്‌കാരിക മഹോത്സവത്തിന്റെ ബ്രോഷര്‍ പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രകാശനം ചെയ്യും.
ഐസിസിഎന്‍ ജനറല്‍ അസംബ്ലിയുടെ പ്രഖ്യാപനം ആതിഥേയത്വം വഹിക്കുന്ന നഗര മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. അസംബ്ലിയുടെ തീം വിഡീയോ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ സ്വിച്ച് ഓണ്‍ ചെയ്യും. അര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ റീജ്യണല്‍ ഡയറക്ടര്‍ പത്മശ്രീ കെ.കെ മുഹമ്മദ് വിശിഷ്ടാതിഥിയാവും. കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍ മേധാവി പ്രൊഫ. ഇ.പുഷ്പലത മുഖ്യപ്രഭാഷണം നടത്തും. ഐസിസിഎന്‍ സൗത്ത് ഏഷ്യാ ഡയറക്ടര്‍ ഡോ.വി.ജയരാജന്‍ സ്വാഗതവും കാലിക്കറ്റ് സര്‍വകലാശാല യുനസ്‌കോ ചെയര്‍ പ്രതിനിധി ഡോ. അഹമ്മദ് സിറാജുദ്ദീന്‍ നന്ദിയും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *