ദിലീപിൻ്റെ ആവശ്യം തള്ളി, നടിയെ ആക്രമിച്ച കേസിൽ സമയം നീട്ടി നൽകി
ന്യൂഡല്‍ഹി : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ എട്ട് മാസം കൂടി സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ അനന്തമായി നീട്ടിക്കൊണ്ട് പോകാൻ പ്രോസിക്യൂഷൻ ശ്രമിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗിയുടെ വാദം കോടതി തള്ളി.
വിചാരണയ്ക്ക് സമയ ക്രമം നിശ്ചയിക്കാൻ കഴിയില്ലെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് അനിരുദ്ധ ബോസ് ചൂണ്ടിക്കാട്ടി. പ്രോസിക്യുഷൻ അല്ല മറിച്ച് വിചാരണ കോടതി ജഡ്ജി ആണ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടുന്നത് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ കോടതിയെ അറിയിച്ചിരുന്നു.
വിചാരണ നടപടികൾ പൂർത്തിയാക്കുന്നതിന് 2024 മാർച്ച് 31 വരെ സമയം അനുവദിക്കണെമെന്ന വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കയായിരുന്നു.
വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയ പരിധി ജൂലൈ 31 ന് അവസാനിച്ചിരുന്നു. എന്നാൽ ഇനിയും ആറ് സാക്ഷികളെ കൂടി വിസ്തരിക്കാനുണ്ടെന്നാണ് പ്രോസിക്യൂഷൻ ചൂണ്ടികാട്ടിയിരുന്നു.
