കൊല്ലം സുധിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു; സ്ഥലം ഇഷ്ടദാനമായി നൽകി ബിഷപ് നോബിൾ ഫിലിപ്പ്
കൊല്ലം: വാഹനാപകടത്തില്‍ മരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകുന്നു. സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാനായി ഏഴ് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് അമ്പലവേലില്‍. ചങ്ങനാശ്ശേരിയില്‍ ഏഴ് സെന്റ് സ്ഥലമാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പ് സുധിയുടെ കുടുംബത്തിനായി റജിസ്‌ട്രേഷന്‍ ചെയ്തു നല്‍കിയത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കന്‍ സഭയുടെ ഡയസിസ് ഓഫ് ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് അദ്ദേഹം.
‘എന്റെ കുടുംബ സ്വത്തില്‍ നിന്നും ഏറ്റവും മനോഹരമായ സ്ഥലമാണ് സുധിക്കായി നല്‍കിയത്. എന്റെ വീട് പണിയുന്നതും ഇതിനു തൊട്ടരികിലാണ്. റജിസ്‌ട്രേഷന്‍ പൂര്‍ണമായും കഴിഞ്ഞു. സുധിയുടെ പ്രിയപ്പെട്ട കുഞ്ഞുങ്ങളുടെ പേരിലാണ് സ്ഥലം ഇഷ്ടദാനമായി നല്‍കിയത്. വീടു പണി ഉടന്‍ തുടങ്ങുമെന്നും .”ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു.
ജൂണ്‍ 5ന് വടകരയില്‍ നിന്നും പ്രോഗ്രാം കഴിഞ്ഞ് സുധിയും സംഘവും മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ചിരുന്ന കാര്‍ തൃശൂരില്‍നിന്ന് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചത് . ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂര്‍ എ ആര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.