മണിപ്പൂരിലെ സംഘർഷം; ബിഷ്ണുപൂർ ജില്ലയിൽ 3 മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടു
ഇംഫാൽ: ബിഷ്ണുപൂർ ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടു. ബിഷ്ണുപൂരിലെ ക്വാക്ത മേഖലയിലാണ് സംഘർഷം ഉണ്ടായത്. അതേസമയം സംഘർഷത്തിനിടെ പ്രദേശത്തെ നിരവധി കുക്കി സമുദായക്കാരുടെ വീടുകൾക്ക് അക്രമികൾ തീയിട്ടെന്നാണ് റിപ്പോർട്ട്. ക്വാക്ത മേഖലയിൽ കുക്കി വിഭാഗവും സുരക്ഷാ സേനയും തമ്മിൽ കനത്ത വെടിവയ്പ് തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബഫർ സോൺ കടന്ന് മെയ്തേയ് പ്രദേശത്തേക്ക് എത്തിയ ചിലർ അവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ നിന്ന് 2 കിലോമീറ്റർ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫർ സോൺ നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ വലിയ രീതിയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. സായുധ സേനയും മെയ്തെയ് സമുദായക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. സംഭവത്തിൽ 17 പേർക്ക് പരിക്കേറ്റിരുന്നു.
മെയ്തെയ് സ്ത്രീകൾ പോലീസ് തീർത്ത ബാരിക്കോഡ് സോൺ മറികടക്കാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് സുരക്ഷാ സേനയ്ക്ക് നേരെ മെയ്തെയ് വിഭാഗക്കാർ കല്ലെറിയുകയായിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അതേസമയം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നേരത്തേ കർഫ്യൂയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സർക്കാർ പിൻവലിച്ചു. മേഖലയിൽ കനത്ത സുരക്ഷ തുടരുകയാണ്.
അതിനിടെ വർഗീയ സംഘർഷം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാർ മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു. ഓഗസ്റ്റ് 21 ന് സഭ വിളിച്ച് ചേർക്കണമെന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭ യോഗം ആവശ്യപ്പെട്ടത്. സമാധാന ശ്രമങ്ങൾക്കിടയിലും സംഘർഷത്തിന് അയവ് വരാത്ത സാഹചര്യത്തിൽ നിയമസഭ വേഗം വിളിച്ച് ചേർക്കണമെന്ന ആവശ്യപ്പെട്ട് നേരത്തേ പല സംഘടനകളും രംഗത്തെത്തിയിരുന്നു. അതേസമയം മണിപ്പൂർ സംഘർഷം സുപ്രീം കോടതി വീണ്ടും തിങ്കളാഴ്ച പരിഗണിക്കും. കലാപത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്നത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. എന്താണ് പാക്കേജ്, എങ്ങനെയാണ് അത് വിതരണം ചെയ്യുക, നഷ്ടപരിഹാരം ലഭിക്കേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് ആരെയാണ് ചുമതലപ്പെടുത്തുന്നത് തുടങ്ങിയ കാര്യങ്ങൾ അറിയിക്കണം എന്നാണ് കോടതി അറിയിച്ചത്.