രാഹുൽ ഗാന്ധി വീണ്ടും എംപി; പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചു
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം ഇറക്കിയത് . അപകീര്‍ത്തികേസിൽ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.രേഖകളെല്ലാം പരിശോധിച്ച് ഉറപ്പ് വരുത്തി സ്പീക്കറുടെ അനുമതിയോടെയായിരുന്നു രാഹുൽ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിക്കാനുള്ള ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനം. നേരത്തെ അംഗത്വം റദ്ദാക്കിയ വിജ്ഞാപനം ഇറക്കിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയാൽ മാത്രമെ രാഹുൽ ഗാന്ധിക്ക് ലോക്സഭാ നടപടിക്രമങ്ങളിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളു.
പാർലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തിൽ രാഹുൽ ഗാന്ധിക്ക് പങ്കെടുക്കാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചർച്ചയ്‌ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്‌ക്കു ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതിപക്ഷ സഖ്യം വിലയിരുത്തുന്നത്.