We Talk

നടി സ്പന്ദനയുടെ മരണം പുനീതിന് സമാനമായ രീതിയിൽ; മരണ കാരണം അശാസ്ത്രീയ ഡയറ്റെന്ന് സംശയം

ബംഗളൂരു: കന്നഡ നടൻ വിജയ രാഘവേന്ദ്രയുടെ ഭാര്യ സ്പന്ദന രാഘവേന്ദ്ര ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 41 വയസായിരുന്നു. ബാങ്കോക്കിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് മരണം. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സ്പന്ദനയെ ബാങ്കോക്കിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. രക്തസമ്മർദ്ദം കുറഞ്ഞതു മൂലമുള്ള ഹൃദയാഘാതമാണെന്ന് പറയപ്പെടുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ പിതാവ് ബികെ ശിവറാം അടക്കമുള്ള അടുത്തബന്ധുക്കള്‍ ബാങ്കോക്കിലേക്ക് തിരിച്ചിട്ടുണ്ട്. സ്പന്ദന വിജയ് രാഘവേന്ദ്രയുടെ മൃതദേഹം നാളെ ബാംഗ്ലൂരിൽ എത്തിക്കുമെന്ന് രാഘവേന്ദ്രയുടെ കുടുംബം അറിയിച്ചു. സ്പന്ദനയുടെ മരണത്തിന് കാരണമായത് അശാസ്ത്രീയമായി പിന്തുടര്‍ന്ന ഡയറ്റാണോയെന്നാണ് സംശയം. കഴിഞ്ഞ മൂന്നു മാസത്തിനിടെ സ്പന്ദന 16 കിലോ ശരീരഭാരം കുറച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ രീതിയിലാണ് പുനീത് രാജ് കുമാറും മരിച്ചതെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിച്ചു. പുനീതിന്റെ അമ്മയും രാജ്കുമാറിന്റെ ഭാര്യയുമായ പര്‍വതമ്മയുടെ ഏറ്റവും ഇളയ സഹോദരന്റെ മകനാണ് സ്പന്ദനയുടെ ഭര്‍ത്താവ് വിജയ രാഘവേന്ദ്ര. 16-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു സ്പന്ദനയുടെ മരണം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2007ലാണ് വിജയ രാഘവേന്ദ്രയും സ്പന്ദനയും വിവാഹിതരായത്. കിസ്മത്, അപൂര്‍വ എന്നീ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പന്ത്രണ്ട് വയസായ ശൗര്യ ഏക മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *