We Talk

കരിപ്പൂര്‍ വിമാനാപകടം : ആഗസത് 7ന് മൂന്നു വര്ഷം പൂര്‍ത്തിയാകും ; പ്രശ്നങ്ങള്‍ പരിഹരിക്കാതെ

 

കൊവിഡ് മഹാമാരിക്കാലത്ത് കേരളക്കരയാകെ ഞെട്ടിച്ച മഹാദുരന്തമായിരുന്നു കരിപ്പൂ വിമാനപകടം. . അപകടത്തിന്  മൂന്നു വര്‍ഷം തികയുമ്പോഴും അന്ന് ഉയര്‍ന്ന വന്ന പ്രശനങ്ങളൊന്നും പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണ്.  പൈലറ്റിന് പിഴവാണ് ദുരന്തത്തിന് കാരണമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞെങ്കിലും  അത് തടയാനുള്ള  റണ്‍വേയിലെ സാങ്കേതിക സംവിധാനത്തിന്റെ അഭാവം കൂടി പ്രധാനകാരണമെന്ന് വിലയിരുത്തപ്പെട്ടതോടെ എയര്‍പോര്‍ട്ട് അതോറിറ്റ്  കടുത്ത തീരുമാനത്തിലേക്ക് കടന്നിരിക്കയാണ്.  വിമാനദുരന്തം അന്വേഷിച്ച സമിതിയാണ്  ‘റെസ'(റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)യുടെ വലുപ്പമില്ലായ്മയാണ്   അപകടത്തിലേക്ക് നയിച്ചതെന്ന്  വിലയിരുത്തിയത് . അത് കരിപ്പൂരിന് വലിയ തിരിച്ചടിയായി.റെസയുടെ വലുപ്പം കൂട്ടാതെ വലിയ വിമാനങ്ങള്‍ക്ക് അതോറിറ്റി   വിലക്ക്   ഏര്‍പ്പെടുത്തി.വലിയ വിമാനങ്ങള്‍ ഇറങ്ങാതായതോടെ കരിപ്പൂരിലെ ഹജ്ജ് ക്യാമ്പ് പോലും കൊച്ചിയിലേക്ക് മാറ്റി.ഇതും  വലിയ തിരിച്ചടിയായി.മൂന്നു വര്‍ഷമായി ഇതിനൊന്നും ഒരു പരിഹാരം കാണാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

 റണ്‍വേയുടെ അറ്റം സുരക്ഷിതമാക്കുന്നതിനുള്ള സ്ഥലമായ റെസയുടെ വലുപ്പം കൂട്ടലാണ് വിമാനത്താവളത്തിന്റെ പഴയ നില പുനസ്ഥാപിക്കാനുള്ള ഏക പോംവഴി.അതിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കണം. അതുടന്‍ ഉണ്ടായില്ലെങ്കില്‍    റണ്‍വേയില്‍നിന്ന് റെസയ്ക്ക് ആവശ്യമുള്ള സ്ഥലമെടുക്കുമെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചാല്‍ റണ്‍വേയുടെ നീളം കുറയും. അതോടെ, വലിയ വിമാനങ്ങള്‍ ഇവിടെക്ക്  ഏന്നന്നേക്കും നിലക്കും.അതോടെ കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവി  ഇരുളിലാകും.

വിമാനത്താവളത്തിന്റെ സമഗ്രവികസനത്തിന് തടസ്സം ഭൂമിയുടെ കുറവ് തന്നെയാണ്. 480 ഏക്കറാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ചര്‍ച്ച നടത്തി നഷ്ടപരിഹാരം നല്‍കി സ്ഥലമേറ്റെടുക്കാന്‍ നടപടിയൊന്നുമുണ്ടായില്ല. താത്കാലിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് അധികൃതര്‍ ഒളിച്ചോടി. അതുകൊണ്ട് തന്നെ 12 തവണയാണ് ഇവിടെ സ്ഥലമേറ്റെടുപ്പുവേണ്ടിവന്നത്. ഒരേ കുടുംബത്തിനു തന്നെ പലതവണ ഭൂമി വിട്ടുകൊടുക്കേണ്ടിവന്നു. 480 ഏക്കര്‍ എന്നത് ഒറ്റയടിക്ക് 18.5 ഏക്കര്‍ എന്നാക്കി വിട്ടുവീഴ്ച ചെയ്തു. ഇപ്പോള്‍ അത് 14.5 ഏക്കറാക്കി. അതേറ്റെടുക്കാനുള്ള നടപടികളാണ് ചുവപ്പുനാടയില്‍ കുരുങ്ങിക്കിടക്കുന്നത്. ഇതുകൊണ്ടൊന്നും പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് ഏറ്റെടുക്കുന്നവര്‍ക്കും വിട്ടുകൊടുക്കുന്നവര്‍ക്കും അറിയാം. ഭാവിയിലെ ആവശ്യം കൂടി മുന്‍കൂട്ടിക്കണ്ട് സ്ഥലമേറ്റെടുത്തില്ലെങ്കില്‍ ഈ പ്രശ്‌നം ഒരു കീറാമുട്ടിയായി തുടരും. ഗള്‍ഫ് സര്‍വീസുകള്‍കൊണ്ട് മാത്രമാണ് വിമാനത്താവളം ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. ആഭ്യന്തര സര്‍വീസുകള്‍  താരതമ്യേന കുറവാണ്  .ഇതിനൊക്കെ കാരണമായത്് 2020 ഓഗസ്ത് 7ന് നടന്ന അപകടമാണ്.

കേരളം മുമ്പൊന്നും കണ്ടിട്ടില്ലാത്ത ദുരന്തത്തിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ്   അന്ന്  കരിപ്പൂര്‍  സാക്ഷ്യം വഹിച്ചത്.. 2020 ഓഗസ്റ്റ് 7ന് വൈകുന്നേരം എട്ടുമണിയോടെയാണ് വിമാന അപകടം ഉണ്ടായത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.45ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്ന് ടേക്ക്ഓഫ് ചെയ്ത വിമാനം 7 മണിയോടെ കരിപ്പൂരിന്റെ മാനം തൊട്ടു. ലാന്‍ഡിംഗിനായുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കരിപ്പൂരിന്റെ ആകാശത്ത് ഒരു തവണ കൂടി വട്ടമിട്ടു. രണ്ടാം തവണ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിച്ചു. റണ്‍വേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയര്‍ ഇന്ത്യ വിമാനം മൂന്നു കഷ്ണങ്ങളായി മാറി. വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫും എയര്‍പോര്‍ട്ട് എയര്‍ഫോഴ്സും എത്തുന്നതിന് മുമ്പേ നാട്ടുകാര്‍ മതിലുകള്‍ ചാടിക്കടന്ന് അപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാനിറങ്ങുകയായിരുന്നു. കൊവിഡിനെ പോലും ഭയക്കാതെയായിരുന്നു നാട്ടുകാരുടെ ഇടപെടല്‍. വിമാനത്തിന്റെ ഇന്ധനത്തിനും ചോര്‍ച്ചയുണ്ടാകുമെന്നും അത് കത്തിപ്പടരാന്‍ സാധ്യതയുണ്ടെന്നുള്ള അപകടം ആലോചിക്കാതെയാണ് നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെട്ടത്. പരിക്കേറ്റവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്ന് മാത്രമായിരുന്നു അവര്‍ ആലോചിച്ചത്. ആംബുലന്‍സിന് വേണ്ടി കാത്ത് നില്‍ക്കാതെ പരിക്കേറ്റവരുമായി   സ്വന്തം വാഹനങ്ങളില്‍ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കുതിച്ചു.


       2 പൈലറ്റുമാരും 19 യാത്രക്കാരും ഉള്‍പ്പെടെ 21 പേരുടെ ജീവനാണ്  കരിപ്പൂരില്‍ പൊലിഞ്ഞത്. 169 പേര്‍ക്ക് പരിക്കേറ്റു. പ്രദേശവാസികളുടെ അവസരോചിത ഇടപെടലിന്റെ കരുത്തില്‍ മൂന്ന് വര്‍ഷത്തിനിപ്പുറം 190 പേരുള്ള വിമാനത്തിലെ മിക്ക യാത്രക്കാരും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നു. ഒരുമയാണ് കേരളത്തിന്റെ അതിജീവനമന്ത്രമെന്നാണ് അതിഭീകര ദുരന്തമുഖത്തും കരിപ്പൂരിലെ ജനത അടയാളപ്പെടുത്തിയത്. ് .അപകടത്തിന് കാരണമായത് പൈലറ്റിന്റെ പിഴവാണെന്നാണ് എയര്‍ ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ കണ്ടെത്തല്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്ക് പറ്റിയവര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ട്ടപരിഹാരം ഇത് വരെ വിതരണം ചെയ്തിട്ടില്ല. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പിലായിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം, ഗുരുതരമായി പരിക്കേറ്റ യാത്രകാര്‍ക്ക് 2 ലക്ഷം, നിസാര പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ എന്നിങ്ങനെയാണ് അപകടം നടന്ന പിറ്റേ ദിവസം കരിപ്പൂരിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.സംസ്ഥാന സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മരിച്ച 21 പേരുടെ കുടുംബങ്ങള്‍ക്കും ഈ തുക വിതരണം ചെയ്തു. എന്നാല്‍ പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല.

Leave a Reply

Your email address will not be published. Required fields are marked *