We Talk

താലിബാന്റെ രണ്ട് വർഷം; അഫ്​ഗാൻ എവിടെയെത്തി?

അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണം രണ്ടു വർഷം പൂർത്തിയാകുമ്പോൾ ആ രാജ്യത്തു നിന്നു കേൾക്കുന്നത് മതരാഷ്ട്രീയത്തിന്റെ ഭീകരതയുടെ വാർത്തകളാണ്. രണ്ടാം താലിബാനെ പുകഴ്ത്തി സംസാരിച്ചവരൊക്കെ ഇപ്പോൾ നിശ്ശബ്ദരാണ്. രണ്ടു പതിറ്റാണ്ട് നീണ്ട അധിനിവേശം അവസാനിപ്പിച്ചു അമേരിക്കൻ സേന പിന്മാറിയതിനെ തുടർന്ന് 2021 ഓഗസ്റ്റിൽ അഫ്‌ഗാനിൽ അധികാരം പിടിച്ച താലിബാൻ നിരവധി മോഹന വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഇത്തവണ ഭരണം കൂടുതൽ ആധുനികമായിരിക്കും. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകും തുടങ്ങിയവയായിരുന്നു അത്. എന്നാൽ, താലിബാൻ ഭരണത്തിന്റെ രണ്ടാം വാർഷികത്തിൽ രാജ്യത്തിന്റെ അവസ്ഥ ദയനീയമാണ്.

താലിബാൻ ഇപ്പോൾ ഭരിക്കുന്നത് അമീർ അൽമുഅ്മീനിന്റെയും വിശ്വസ്ത കൂട്ടാളികളുടെയും ചെറിയ ഒരു അധികാരവലയമാണ്. ഓരോ ദിവസം കഴിയുന്തോറും ഇവർ കൂടുതൽ യാഥാസ്ഥിതികരായി മാറിക്കൊണ്ടിരിക്കുകയും ജനങ്ങളുടെ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും വരെ കവർന്നെടുക്കുകയും ചെയ്യുന്നു. അഫ്ഗാനിൽ ഏറ്റവും ദുരിതമനുഭവിക്കുന്നത് സ്ത്രീകൾ തന്നെയാണ്. സ്വന്തം വീടിന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണ് അവർക്ക്. രാജ്യത്തെ മുഴുവൻ സ്ത്രീകളെക്കൊണ്ടും ഹിജാബ് ധരിപ്പിക്കാൻ കഴിഞ്ഞതായി കുറച്ചു നാൾ മുൻപ് അഭിമാനപൂർവം അഫ്‌ഗാൻ സർക്കാർ ലോകത്തെ അറിയിച്ചിരുന്നു. സ്ത്രീകൾക്ക് എല്ലാ മേഖലയിലും നിയന്ത്രണവും അടിച്ചമർത്തലും ഏർപ്പെടുത്തി ശിലായുഗത്തിലേക്കുള്ള തിരിച്ചുപോക്കിലാണ് രാജ്യം. സ്ത്രീകൾ കണ്ണ് മാത്രം പുറത്തു കാണുന്ന തരത്തിലുള്ള വസ്ത്രമേ ധരിക്കാൻ പാടുള്ളൂ, പാവാടയോ ജീൻസോ ധരിക്കാൻ പാടില്ല, ജോലി ചെയ്യാൻ പാടില്ല അങ്ങനെ നിയന്ത്രണങ്ങൾ നിരവധി. രാജ്യത്തെ എല്ലാ ബ്യൂട്ടിപാർലറുകളും അനിസ്ലാമികമായി കണക്കാക്കി അടച്ചുപൂട്ടി. അതുവഴി 60,000 പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. പുതിയ സർക്കാരിന്റെ കീഴിലെ മന്ത്രിസഭയിൽ ഒരു വനിത പോലുമില്ല. വനിതാകാര്യ മന്ത്രാലയവും അടച്ചുപൂട്ടി. വനിതകളെ ജഡ്ജി സ്ഥാനങ്ങളിൽ നിന്ന് നീക്കി. പൊലീസിലും വനിതകളെ വിലക്കിയിട്ടുണ്ട്.

സെക്കൻഡറി സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ, ജിമ്മുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ കൗമാരക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും പ്രവേശനം നിഷേധിച്ചു.. പെൺകുട്ടികൾക്ക് ഹൈസ്‌കൂളിൽ പോകുന്നതിന് വിലക്കേർപ്പെടുത്തിയ ലോകത്തിലെ ഏകരാജ്യമായി മാറിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസുകളെയും സ്ത്രീ തൊഴിലാളികളെയും സാരമായി ബാധിച്ചു. തൊഴിലില്ലായ്മ, വിവേചനം, ദാരിദ്ര്യം എന്നിവയെക്കുറിച്ച് മാത്രമാണ് സ്ത്രീകൾക്ക് ഇപ്പോൾ പറയാനുള്ളത്.
അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണാധികാരികളെ അംഗീകരിക്കാൻ അന്താരാഷ്ട്ര സമൂഹം വിസമ്മതിക്കുകയും കോടിക്കണക്കിന് ഡോളർ ധനസഹായം വെട്ടിക്കുറയ്ക്കുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പെൺകുട്ടികളോടും സ്ത്രീകളോടുമുള്ള താലിബാന്റെ വിവേചനപരമായ പെരുമാറ്റമാണ്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ തൊഴിൽ വിപണി കുത്തനെ ഇടിഞ്ഞു. തൊഴിലില്ലായ്മയും കുറഞ്ഞ വരുമാനവും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി. എന്നാൽ സർക്കാരിന് ലഭിക്കുന്ന വരുമാനം എങ്ങനെ ചെലവഴിക്കുന്നുവെന്ന് താലിബാൻ വെളിപ്പെടുത്തുന്നില്ല . സുരക്ഷാ മേഖലയിലാണ് കൂടുതലും ചെലവഴിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. കർഷകരിൽ നിന്ന് മത നികുതികൾ ഈടാക്കുന്നുണ്ട്. പക്ഷേ, ഇതിനൊന്നും കണക്കുകളില്ല. അനധികൃത മയക്കുമരുന്ന് വ്യവസായത്തിനും സർക്കാർ നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വരുമാനവും വ്യക്തമല്ല. അഫ്ഗാനിൽ സ്വതന്ത്ര മാധ്യമ പ്രവർത്തനം ഒരു പഴങ്കഥയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ സർക്കാർ അടിച്ചമർത്തി. സമൂഹ മാധ്യമങ്ങൾ സർക്കാർ നിരീക്ഷണത്തിലാണ്. പ്രോസിക്യൂഷൻ വകുപ്പുകളെ താലിബാൻ സസ്‌പെൻഡ് ചെയ്തു. സ്വതന്ത്ര ബാർ അസോസിയേഷൻ ഇല്ലാതായി. ജഡ്ജിമാരെ താലിബാൻ നേരിട്ട് നിയോഗിക്കുകയാണ് ചെയ്യുന്നത്.
ക്രമസമാധാന പാലനത്തിന് താലിബാൻ പ്രയോഗിക്കുന്നത് പഴയ രീതികളാണ്. അതായത് പരസ്യമായ തൂക്കിക്കൊല്ലൽ, ചാട്ടവാറടി, നാണം കെടുത്തൽ തുടങ്ങിയവ. ഇവയ്ക്ക് പുറമേ മതപരമായി അനുശാസിക്കുന്ന ശിക്ഷകളും നടപ്പാക്കുന്നു.
സാംസ്‌കാരിക വംശഹത്യയും സംഗീതത്തിന്റെ നശീകരണവുമാണ് മറ്റൊന്ന്. ജനങ്ങൾക്ക് കലാസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. സംഗീതം യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് താലിബാൻ പറയുന്നത്. സംഗീതം ധാർമ്മിക മൂല്യച്ചുതിയ്ക്ക് കാരണമാകുന്നുവെന്ന് പറഞ്ഞ് രാജ്യത്തെ സംഗീതോപകരണങ്ങൾ മുഴുവൻ താലിബാൻ അഗ്നിക്കിരയാക്കി പൊതുസ്ഥലങ്ങളിൽ സംഗീതം ഉപയോഗിക്കുന്നതിന് നിയന്ത്രണവുമേർപ്പെടുത്തി. 90കളുടെ പകുതി മുതൽ 2001 വരെ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലിരുന്നപ്പോൾ എല്ലാ ചടങ്ങുകളിലും ടിവി, റേഡിയോ മുതലായ മാധ്യമങ്ങളിലും സംഗീതം നിരോധിച്ചിരുന്നു. അതേ ശൈലിയാണ് ഇപ്പോഴും പിന്തുടരുന്നത്. നിരവധി സംഗീതജ്ഞരും ഗായകരും മർദ്ദനത്തിനിരയായി. കുറേപ്പേർ രാജ്യം വിട്ടു. അഫ്‌ഗാനിലെ സ്ത്രീകൾ ഏറ്റവുമധികം ദുരിതം അനുഭവിച്ച കാലമായിരുന്നു ഒന്നാം താലിബാൻ സർക്കാറിന്റെ കാലം. ഇപ്പോൾ ആ ഇരുണ്ട കാലം മടങ്ങി വന്നിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *