We Talk

സജി ചെറിയാന്റെ വെളിപാടുകള്‍

ബുദ്ധിമാന്മാര്‍ അറച്ചുനില്‍ക്കുന്നിടത്ത് വിഡ്ഡികള്‍ ഇരമ്പിക്കയറുമെന്ന് ഒരു ചൊല്ലുണ്ട്. . നമ്മുടെ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ചില വെളിപാടുകള്‍ കാണുമ്പോള്‍ ഈ വാചകമാണ് ഓര്‍മ വരുന്നത്. അറിവുളളവര്‍ സൂക്ഷിച്ചേ സംസാരിക്കൂ. സംസാരത്തിലും പ്രവൃത്തിയിലും അവര്‍ കരുതലെടുക്കും. വിഡ്ഡികള്‍ക്ക് ആ പരിമിതിയില്ല. എന്തും എവിടെയും വിളിച്ചുപറയാം. ഇങ്ങനെ പലരെയും നമുക്ക് നിത്യജീവിതത്തില്‍ കാണാന്‍ കഴിയും. അതൊന്നും ആരും ഗൗനിക്കാറില്ല. എന്നാല്‍, ഇത്തരം വിഡ്ഡിത്തങ്ങള്‍ വിളമ്പുന്നത് ഒരു സംസ്ഥാന മന്ത്രിയാകുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക?
സജി ചെറിയാന്റെ ഒടുവിലെ മൊഴിമുത്തുകള്‍ കേട്ടില്ലേ? അദ്ദേഹം അടുത്ത നാള്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. അവിടെ കാല്‍കുത്തുന്നതുവരെ അദ്ദേഹം ധരിച്ചത്, സൗദിയില്‍ മുഴുവന്‍ ഭയങ്കര തീവ്രവാദികളായിരിക്കുമെന്നാണ് . ചെന്നപ്പോള്‍ മനസ്സിലായി ,  അവര്‍ പാവങ്ങളാണെന്ന്. മറ്റൊരു ഞെട്ടിപ്പിക്കുന്ന അറിവ്കൂടി ഈ സാംസ്‌കാരിക  മന്ത്രി നമുക്ക് പകര്‍ന്നുതന്നു. മക്കയും മദീനയും സ്ഥിതിചെയ്യുന്ന സൗദിയില്‍ ഒരു പള്ളിയിലും ബാങ്കുവിളിയില്ല. ബാങ്കുവിളി കേള്‍ക്കാത്തത് എന്തുകൊണ്ടാണെന്ന് തിരക്കിയപ്പോള്‍ അദ്ദേഹത്തിന് കിട്ടിയ മറുപടി, സൗദിയില്‍ ബാങ്കുവിളിച്ചാല്‍ വിവരമറിയും എന്നാണത്രെ.  
ഈ മന്ത്രിയെപ്പറ്റി എന്താണ് പറയുക? ഇതേപ്പറ്റി വിമര്‍ശിച്ചാല്‍ സജി ചെറിയാന്‍ ചിലപ്പോള്‍ നമ്മളോട് ചോദിക്കും, ഇതില്‍ എവിടെയാണ് ഭരണഘടനാ ലംഘനമെന്ന്. ബാങ്കുവിളിയെപ്പററി മിണ്ടിപ്പോകരുതെന്ന് ഭരണഘടനയിലില്ല. സജി ചെറിയാന്‍ ആള് ചില്ലറക്കാരനല്ല എന്ന് നമ്മള്‍ ഓര്‍ക്കണം.  ഇടയ്ക്കിടെ മാധ്യമപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നതുപോലെ അദ്ദേഹം സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമാണ്. എന്നുവെച്ചാല്‍, ഇന്ത്യയിലെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന ഘടകത്തിലെ പ്രമുഖന്‍. സൗദി അറേബ്യയില്‍ മുഴുവന്‍ തീവ്രവാദികളാണെന്ന് ഇദ്ദേഹം എങ്ങനെയാണ് ധരിച്ചുപോയത്. കമ്യൂണിസ്റ്റുകാരും മറ്റു പാര്‍ട്ടിക്കാരും തമ്മിലെ വ്യത്യാസങ്ങളിലൊന്ന് അവര്‍ സാര്‍വദേശീയ വീക്ഷണമുളളവരാണ് എന്നാണ്. പരേതനായ ലീഗ് നേതാവ് സി എച്ച് മുഹമ്മദ് കോയയുടെ ഭാഷയില്‍ റഷ്യയില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കുന്നവാണ് കമ്യൂണിസ്റ്റുകാര്‍.  

ഇസ്ലാം മത വിശ്വാസികള്‍ എന്തു ചെയ്യുമ്പോഴും ആദ്യം അല്‍–ഫാത്തിഹ ഓതും. ഖുര്‍ആനിലെ ആദ്യ അധ്യായമാണ്. അല്ലാഹുവിനുള്ള സ്തുതിയാണ് അതിന്റെ പൊരുള്‍. അതുപോലെ കമ്യൂണിസ്റ്റുകാര്‍ എന്തു ചെയ്യുമ്പോഴും അന്താരാഷ്ട്ര കാര്യങ്ങളില്‍ നിന്ന് തുടങ്ങും. അതിപ്പോള്‍ കോഴിക്കോട് ഞെളിയന്‍ പറമ്പിലെ വിഷയമായാലും അങ്ങനെ തന്നെ. ഇത് പരിഹാസമല്ല. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ പഠിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍ എന്ന് സമര്‍ഥിക്കാനാണ് ഇത്രയും പറഞ്ഞത്. അങ്ങനെയുള്ള കമ്യൂണിസ്റ്റുകാരില്‍ കൂപമണ്ഡൂകങ്ങളും ഉണ്ടെന്ന് സജി ചെറിയാന്‍ അവര്‍കള്‍ നമ്മെ ബോധ്യപ്പെടുത്തുകയാണ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലുള്ള ജനങ്ങള്‍ പോലും തീവ്രവാദികളാണെന്ന് ആരും പറയില്ല. കാരണം, ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരാണ്. ഭീകരവാദികളും തീവ്രവാദികളും ജനങ്ങളുടെ ഭാഗമല്ല. ഇതൊക്കെ സജി ചെറിയാന്മാരോട് പറഞ്ഞിട്ട് എന്താണ് കാര്യം. ഇത്തരം വിവരദോഷികള്‍ പാര്‍ട്ടിക്ക് നാണക്കേട് മാത്രമല്ല, ആപത്ത്കൂടിയാണെന്ന് സിപിഎമ്മിലെ വിവരമളളവര്‍ മനസ്സിലാക്കിയാല്‍ ആ പാര്‍ട്ടിക്ക് നന്ന്.  

വിവരദോഷം ഇത്ര ഭംഗിയായും ശക്തിയായും പ്രകടിപ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ നമുക്ക് അധികം കാണാന്‍ കഴിയില്ല. പുസ്തകമോ വര്‍ത്തമാനപത്രം പോലുമോ വായിക്കാത്തവര്‍ക്ക് ഇസ്ലാം മതത്തിലെ ബാങ്ക് വിളി എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ അതൊരു കുറ്റമല്ല. ഇസ്ലാം ഉള്ളിടത്തോളം ബാങ്കുവിളിയുമുണ്ടാകുമെന്ന്, സിപിഎമ്മിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന കെ ടി ജലീലോ ആ പടിയും കടന്ന് അകത്തെത്തിയ വഖഫ്ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസയോ സിപിഎമ്മുകാര്‍ക്ക് പറഞ്ഞുകൊടുക്കണം. ആറാം  നൂറ്റാണ്ടിന്റെ അവസാനമോ ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തിലോ ആണ് ബാങ്ക്വിളി തുടങ്ങിയത്. തന്റെ വിശ്വസ്തരില്‍ ഒരാളായ കറുത്തവര്‍ഗക്കാരന്‍ ബിലാല്‍ ഇബ്നുവിനെക്കൊണ്ടാണ് പ്രവാചകന്‍ മുഹമ്മദ് നബി ആദ്യത്തെ ബാങ്ക് വിളിപ്പിച്ചത്. ഇന്നത്തെ സൗദി അറേബ്യയില്‍ പെടുന്ന മക്കയില്‍നിന്നാണ് ആദ്യ ബാങ്ക്വിളി ഉയര്‍ന്നത്. ‘വിശ്വാസികളേ നമസ്‌കാരത്തിന് സമയമയായി. പള്ളിയിലേക്ക് വരൂ’ എന്ന ആഹ്വാനമാണ് ബാങ്ക് വിളിയുടെ അര്‍ഥം. നബി  തുടങ്ങിവെച്ചതും വിശ്വാസികള്‍ പുണ്യകര്‍മമായി കാണുന്നതുമായ ബാങ്ക്വിളി ആ മതമുള്ള കാലത്തോളമുണ്ടാകും.  

ഇന്ത്യയിലെ പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോഴുള്ള അത്ര ശബ്ദത്തില്‍ സൗദിയില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാറില്ലെന്ന് ഒരുപക്ഷേ, നമ്മുടെ മന്ത്രിയോട് ഏതെങ്കിലും മലയാളി പറഞ്ഞുകൊടുത്തിട്ടുണ്ടാകും. അതാണ് സൗദിയില്‍ ബാങ്കുവിളിയില്ല എന്ന നിലയില്‍ വെച്ചുകാച്ചിയത്.. മന്ത്രിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. വിവരദോഷത്തിന്റെ കൂടെ അഹങ്കാരവും കൂടി ചേര്‍ന്നാല്‍ എന്താണ് സംഭവിക്കുക. അതും സജി ചെറിയാന്‍ നമുക്ക് കാണിച്ചുതന്നിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന കുന്തവും കുടച്ചക്രവുമായത് അങ്ങനെയാണ്. അതിന്റെ പേരില്‍ അദ്ദേഹത്തെ കുറച്ചുദിവസം പാര്‍ട്ടി മന്ത്രിസഭയില്‍നിന്ന് പുറത്ത് നിര്‍ത്തി. കോലാഹലമൊഴിഞ്ഞപ്പോള്‍ വീണ്ടും മന്ത്രിയാക്കി.  ഇത്തരമാളുകളെ മന്ത്രിയാക്കുകയും പാര്‍ട്ടിയുടെ ഉന്നത കമ്മിറ്റികളില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് പാര്‍ട്ടി നേതൃത്വവും അണികളും ചിന്തിക്കട്ടെ.

സജി ചെറിയാന് പാര്‍ട്ടി നേതൃത്വം,  അല്ലെങ്കില്‍ മുഖ്യമന്ത്രി കണ്ടറിഞ്ഞ് കൊടുത്ത വകുപ്പാണ് സംസ്‌കാരം. അതുകൊണ്ടുതന്നെ സിനിമ അദ്ദേഹത്തിന്റെ വകുപ്പുകളില്‍ പെടും. വകുപ്പിന്റെ  ചുമതലക്കാരനായ  ഇദ്ദേഹം വെളിപ്പെടുത്തിയത് താന്‍ ഇരുപതുവര്‍ഷമായി സിനിമ കണ്ടിട്ടില്ലെന്നാണ്. സജി ചെറിയാന്‍ സിനിമ കാണാറുണ്ടോ എന്ന് ഒരു മാപ്രയും അദ്ദേഹത്തോട് ചോദിച്ചിരുന്നില്ല. അഭിമാനപൂര്‍വം അദ്ദേഹം സ്വയം വെളിപ്പെടുത്തിയതാണ്. കലയും സാഹിത്യവും വളര്‍ത്തണമെന്നും സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ അതാവശ്യമാണെന്നും വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ നേതാവാണ് പറയുന്നത്, ഇരുപതുവര്‍ഷമായി സിനിമ കണ്ടിട്ടില്ലെന്ന്. സിനിമ കണ്ടിട്ടില്ലെങ്കില്‍ അദ്ദേഹം സമൂഹത്തിലെ മാറ്റങ്ങള്‍, ചലനങ്ങള്‍ അറിയുന്നില്ല എന്നാണ് അര്‍ഥം. ഇരുപതു വര്‍ഷം സിനിമ കാണാത്ത അദ്ദേഹം പറഞ്ഞത്, പുതിയ സിനിമയ്ക്ക് അര്‍ഥമോ സന്ദേശമോ ഇല്ലെന്നാണ്. വിഡ്ഡികളോട് തര്‍ക്കിക്കരുതെന്നത് ലോകത്തിലെ എല്ലാ നാട്ടിലുമുള്ള അറിവാണ്. ഇരുപതുവര്‍ഷം മുമ്പ് ഒരുദിവസം അഞ്ചുസിനിമകള്‍ കാണാറുണ്ടായിരുന്നുവെന്നും അത് തന്നില്‍ ഒരു വികാരവും ഉണ്ടാക്കിയില്ലെന്നും അദ്ദേഹം മൊഴിഞ്ഞിട്ടുണ്ട്. എന്തു വികാരമുണ്ടാകാനാണ് ഇദ്ദേഹം  രാവിലെ മുതല്‍ പാതിരാത്രി വരെ സിനിമാ തിയറ്ററുകളില്‍ ഇരുന്നത്? ഇപ്പോള്‍ 58 വയസ്സായ സജി ചെറിയാന്‍ ദിവസം അഞ്ചു സിനിമ കാണുന്ന കാലത്ത് 35–38 വയസ്സ് പ്രായം കാണും. അന്ന് ഇദ്ദേഹത്തിന് വേറെ പണിയൊന്നുമുണ്ടായിരുന്നില്ലേ? അന്നദ്ദേഹം സിപിഎമ്മിലായിരുന്നെങ്കില്‍ ദിവസം മുഴുവന്‍ തിയറ്ററിലിരിക്കുന്നതിനെക്കുറിച്ച് ഒരുഅന്വേഷണവും പാര്‍ട്ടി നടത്തിയില്ലേ?  

ഇരുപതു വര്‍ഷമായി സിനിമ കാണാത്ത മന്ത്രിയോട് ഈ മാധ്യമത്തിലൂടെ ഒരു ചോദ്യം പ്രേക്ഷകര്‍ക്കുവേണ്ടി ചോദിക്കുകയാണ്. പത്രം വായിച്ചിട്ട് എത്ര കാലമായി? ദേശാഭിമാനി പത്രമെങ്കിലും വായിക്കാറുണ്ടോ? ഒരു പത്രവും ഈ രാഷ്ട്രീയനേതാവ് വായിക്കാറില്ലെന്ന് അദ്ദേഹത്തിന്റെ ഇതിനകമുള്ള വെളിപാടുകളില്‍ നിന്ന് മനസ്സിലാകും. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ ദേശാഭിമാനി എത്ര സ്ഥലമാണ് ഉപയോഗിക്കുന്നത്. എന്നിട്ടും ഒരു പാര്‍ട്ടി നേതാവിനെപ്പോലും തിയറ്ററിലെത്തിക്കാന്‍ പാര്‍ട്ടി പത്രത്തിന് കഴിഞ്ഞില്ല.  
ലോകത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും പുരോഗമപനരവും ഉത്കൃഷ്ടവുമായ സാമൂഹിക വ്യവസ്ഥയാണ് ജനാധിപത്യം. എന്നാല്‍, യഥാര്‍ഥ കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നതുപോലെ അതിന് ഒരുപാട് ദോഷങ്ങളുണ്ട്. പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ആരെയും മുഖ്യമന്ത്രിയോ മന്ത്രിയോ ആക്കാം. അതിന് ജനങ്ങളുടെ സേവ വേണ്ട. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജയിക്കുന്നിടത്ത് ജനാധിപത്യം അവസാനിക്കുകയും പാര്‍ട്ടിയുടെ ആധിപത്യം വരികയും ചെയ്യുന്നു. ഈ പറയുന്നത് എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാണ്. അതുകൊണ്ട് സഹിക്കുകയേ വഴിയുള്ളു. ജനാധിപത്യത്തിന്റെ അപചയമാണെന്ന് കരുതി പൊറുക്കുക.

Leave a Reply

Your email address will not be published. Required fields are marked *