‘മണിപ്പൂരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ കൊല്ലപ്പെടുന്നത് ഇന്ത്യ എന്ന രാജ്യം’- രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ലോകസഭയിൽ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ ജനങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ കൊല്ലപ്പെടുന്നത് ഇന്ത്യ എന്ന രാജ്യമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ഭരണപക്ഷത്തെ രാജ്യദ്രോഹികള്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങളെന്നും ആക്ഷേപിച്ചു. പ്രധാനമന്ത്രിയെ രാവണന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു രാഹുല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
അക്രമങ്ങള്‍ മണിപ്പൂരിനെ വിഭജിച്ചു, മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം കൊലചെയ്യപ്പെട്ടെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. അഹങ്കാരം, വിദ്വേഷം എന്നിവ മാറ്റിവച്ച് ജനങ്ങളുടെ ശബ്ദം കേള്‍ക്കണം. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ ഇന്ത്യയിലല്ല. പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവന്‍ മണിപ്പൂരിലെ ജനങ്ങള്‍ക്ക് ഒപ്പം കഴിഞ്ഞു, ഞാന്‍ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. മണിപ്പൂരിലെ അവസ്ഥകള്‍ വിവരിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞു. രാവണന്‍ രണ്ടുപേരുടെ ശബ്ദം മാത്രമേ കേള്‍ക്കൂ, അതുപോലെ മോദി അമിത് ഷായെയും അദാനിയേയും മാത്രമേ കേള്‍ക്കു. രാജ്യത്തിന്റെ ശബ്ദം കേള്‍ക്കില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.