സിദ്ധിഖും ലാലും വേര്‍പിരിഞ്ഞത് എന്തിന്? ഇരുവരും വെളിപ്പെടുത്താത്ത ആ കാരണം ഇതാണ്!
മലയാള ചലച്ചിത്രലോകത്തെ ഞെട്ടിപ്പിച്ച വാര്‍ത്തയായിരുന്നു, എടുത്ത അഞ്ച് ചിത്രങ്ങളും സൂപ്പര്‍ ഹിറ്റാക്കി പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കേ ആ സംവിധായക ഇരട്ടകള്‍ പിരിയാന്‍ എടുത്ത തീരുമാനം. 89ലെ റാംജിറാവു സീപിക്കിങ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാംകോളനി, കാബൂളിവാലാ എന്നിങ്ങനെ ഒാരോ വര്‍ഷവും തുടര്‍ച്ചയായ ഹിറ്റുകള്‍ സമ്മാനിച്ച സിദ്ധിഖും ലാലും, പിരിയുകയാണെന്ന വാര്‍ത്ത മലയാള മനോരമ പത്രത്തില്‍ വന്നപ്പോള്‍ സിനിമാ ലോകം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
സിദ്ധിഖിനെയും ലാലിനെയും സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകന്‍ ഫാസില്‍ അല്ലാതെ ആര്‍ക്കും അവര്‍ പരിയുന്നതിന് കുറിച്ച് നേരത്തെ അറിയില്ലായിരുന്നു. ഉഭയസമ്മതത്തോടെ എടുത്ത ഈ തീരുമാനം തങ്ങളുടെ ഭാര്യമാരില്‍നിന്നുപോലും, ഇവര്‍ മറച്ചുവെച്ചു. ഇന്ന് സിദ്ധിഖ് ഈ ലോകത്തോട് വിടപറഞ്ഞ വേളയിലും പിരിയാനുള്ള കാരണം അവര്‍ ആരോടും പറഞ്ഞിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് സഫാരിടീവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സിദ്ധീഖ് വിശദമായി വിശദീകരിക്കുന്നുണ്ട്. ” നമ്മള്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ എത്തുമ്പോള്‍ പല പ്രശ്നങ്ങളും ഇങ്ങനെ ഉണ്ടായിക്കൊണ്ടേയിരിക്കും. അത് ആരായിരുന്നാലും. അപ്പോള്‍ അങ്ങനെയൊരു സാഹചര്യം അല്ലെങ്കില്‍ ഒരു സന്ദര്‍ഭം ഉണ്ടാകുന്നതിന് മുന്‍പ് ഞങ്ങള്‍ രണ്ട് വഴിക്ക് പോകാന്‍ തീരുമാനിച്ചു. അന്ന് അങ്ങനെ മുന്നോട്ടുപോവുന്നതാണ് നല്ലതെന്ന് രണ്ട് പേര്‍ക്കും തോന്നിയിരുന്നു. അന്ന് ഞാന്‍ ലാലിനോട് പറഞ്ഞു. ഞാന്‍ നിര്‍മ്മിക്കാം ലാല്‍ സംവിധാനം ചെയ്യൂ, തിരക്കഥ നമുക്ക് ഒരുമിച്ച് എഴുതാം.പിന്നെ ഞാന്‍ സംവിധാനം ചെയ്യാം എന്നൊക്കെ. അപ്പോ ലാല്‍ പറഞ്ഞു. തല്‍ക്കാലം ഞാന്‍ സംവിധാനം ചെയ്യുന്നില്ല. ഞാന്‍ പ്രൊഡക്ഷന്‍ സൈഡ് നോക്കിക്കൊളാം , സിനിമകള്‍ നിര്‍മ്മിച്ചോളാമെന്ന്. അങ്ങനെയാണ് ഞങ്ങള്‍ അന്നത് തീരുമാനിച്ചത്.” -സിദ്ധിഖ് പറയുന്നു.
ഉഭയസമ്മത പ്രകാരമുള്ള പിരില്‍ ഒരു വെള്ളപേപ്പറില്‍ എഴൂതിവെച്ച് മനോരമയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും, തങ്ങളുടെ സുഹൃത്തുമായ ജെക്കോബിയെ അവര്‍ എല്‍പ്പിക്കയായിരുന്നു. വാര്‍ത്ത കേട്ട് ജെക്കോബിയും ഞെട്ടി. പിരിയരുതെന്ന് അദ്ദേഹവും ഉപദേശിച്ചു. വെള്ളിയാഴ്ചയാണ് മനോരമയുടെ സിനിമാ വാര്‍ത്തകളുള്ള സപ്ലിമെന്റ് ഇറങ്ങുന്നത്. അതിന് മുമ്പ് തന്നെ ഈ വാര്‍ത്ത കൊടുത്ത് ഇരുവരും മുങ്ങി. ”അങ്ങനെ ഇരിക്കുമ്പോഴാണ് ഈ വിവരം ഫാസില്‍ സാര്‍ പത്രത്തിലുടെ അറിയുന്നത് ശരിയല്ല എന്ന് എനിക്ക് തോന്നിയത്. ഞാന്‍ ഉടനെ ലാലിനെ വിളിച്ചു പറഞ്ഞു. ലാലും അത് അംഗീകരിച്ചു. ഞങ്ങള്‍ അപ്പോള്‍ തന്നെ മദ്രാസിന് പുറപ്പെട്ടു. വിവരം അറിഞ്ഞ് ഫാസില്‍ സാറും ഞെട്ടി. ഇത് ഒഴിവാക്കാന്‍ പറഞ്ഞു. വാര്‍ത്ത ഇടാതിരിക്കാന്‍ മനോരമയില്‍ വിളിച്ച് പറയാമെന്നും പറഞ്ഞു. പക്ഷേ അപ്പോഴേക്കും സപ്ലിമെന്റ് അടിച്ചുപോയിരുന്നു. ഇത് നേരത്തെ അടിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞങ്ങള്‍ അങ്ങനെ ചെയ്തത്. ”- സിദ്ധിഖ് പറഞ്ഞു. വാര്‍ത്ത പുറത്തുവന്നതോടെ ഇരുവരെയും തേടി ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. പക്ഷേ ഒന്നും അറ്റന്‍ഡ് ചെയ്യാതെ രണ്ടുപേരും മുങ്ങി. കുറേക്കാലത്തിന് ശേഷമാണ് അവര്‍ പൊങ്ങിയത്. അപ്പോഴും ഏവര്‍ക്കും അറിയേണ്ടിയിരുന്നത്, പിരിയാനുള്ള കാരണമായിരുന്നു. അത് ഒരിക്കലും പുറത്ത് പറയില്ല എന്ന് അവര്‍ തീരുമാനിച്ചതാണ്. പക്ഷേ സാമ്പത്തിക കാരണം അടക്കമുള്ള പല അഭ്യൂഹങ്ങളും പ്രചരിച്ചു. പക്ഷേ അതെല്ലാം തെറ്റായിരുന്നു.
കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സിദ്ധിക്ക് ഇങ്ങനെ പറയുന്നു. ”ഒരു തരത്തിലും ഞങ്ങള്‍ തമ്മില്‍ മല്‍സരിച്ചിട്ടില്ല, എന്തിന് പിരിഞ്ഞു എന്നതിന്റെ കാരണം കൊണ്ട് ഇനി ആര്‍ക്കും പ്രത്യേകിച്ച് ഒരു ഗുണവുമില്ല. അത് ആരെയെങ്കിലും വേദനിപ്പിച്ചേക്കുമോയെന്ന ഭീതിയുണ്ട്. ഇപ്പോള്‍ ആ കാരണം നിലനില്‍ക്കുന്നില്ലെന്നും സിദ്ധിഖ് പറഞ്ഞു. സാധാരണ പിരിഞ്ഞാല്‍ പിന്നെ ചെളിവാരിയെറിയലാണ് നാം കാണാറുള്ളത്. പക്ഷേ ലാലും, സിദ്ധിഖും അപ്പോഴും അടുത്ത കൂട്ടുകാരനായി. സിദ്ധിഖിന്റെ ആദ്യ പടത്തിന് ലാല്‍ പ്രൊഡ്യൂസറായി.മരണംവരെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന റാജിറാവിന്റെ രണ്ടാം ഭാഗത്തിനും മറ്റും ഒന്നിച്ച് കഥയും തിരക്കഥയും എഴുതി. മരണംവര ഇണപിരിയാത്ത സുഹൃത്തുക്കളായി.
യഥാര്‍ത്ഥ കാരണം ഇതാണ്
പക്ഷേ പിന്നീട് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളില്‍ ചിലര്‍ പിരിയാനുള്ള യഥാര്‍ത്ഥ കാരണം മനസ്സിലാക്കിയിരുന്നു. അതിനുപിന്നില്‍ മലയാളിയുടെ സഹജമായ പരദൂഷണ വ്യവസായം ആയിരുന്നു. ഇവരില്‍ ആരാണ് കേമന്‍ എന്നും, ഓരോ സിനിമയും ആരുടെ കഥയാണിതെന്നും, ആര്‍ക്കാണ് സംവിധാന മികവ് എന്നും പറഞ്ഞ് അവരുമായി ചേര്‍ന്ന് നില്‍ക്കുന്നവര്‍ തന്നെ പല ഗോസിപ്പുകളും പ്രചരിപ്പിക്കാന്‍ തുടങ്ങി. തങ്ങളുടെ ഒരു സിനിമ ഉണ്ടാവുന്ന പ്രോസസിനെ പറ്റി സിദ്ധിഖ് പറഞ്ഞത് ഇങ്ങനെയാണ്. ” എന്റെ മനസ്സില്‍ ഒരു ആശയം വന്നാല്‍ അത് ലാലിനോട് പറയും. ലാല്‍ അത് ഇഷ്ടപ്പെട്ടാല്‍ അതില്‍ കുറേ കോണ്‍ട്രിബ്യൂട്ട് ചെയ്ത് തിരിച്ചു പറയും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കഥ പറഞ്ഞ് ഡെവലപ്പ് ചെയ്ത കഴിയുന്നതോടെ ഇത് ആരുടെ മനസ്സിലാണ് ഉദിച്ചതെന്ന് പോലും മറന്നുപോവും. യാതൊരു ഈഗോയുമില്ലാതെയാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ലാലിന്റെ മനസ്സില്‍ ഉള്ളതുതന്നെയാണ് എന്റെ മനസ്സിലും വരിക. രണ്ടുകണ്ണുകള്‍ കൊണ്ട് നോക്കുന്നതിന് പകരം നാലു കണ്ണുകള്‍കൊണ്ട് നോക്കുന്നതുപോലുള്ള ഒരു അവസ്ഥയാണ് ഞങ്ങളുടെ സിനിമയില്‍ ഉണ്ടായിരുന്നത്.”
പക്ഷേ അസൂയക്കാര്‍ക്കും പരദൂഷണ സംഘത്തിലും ഇവരുടെ കെമിസ്ട്രി പിടികിട്ടിയില്ല. കഥയുണ്ടാക്കാന്‍ അസാധാരണ മിടുക്കള്ളയാളാണ് സിദ്ധിഖ്. എന്നാല്‍ കൗണ്ടറുകള്‍ കൊണ്ടുവരാനും, സംവിധാനത്തിലും, സ്പെഷ്യല്‍ ഇഫക്റ്റ്സിലുമൊക്കെ അസാധാരണ ടാലന്റ് ഉള്ളയാളാണ് ലാല്‍. ഇക്കാര്യം അവരുടെ ഗുരുനാഥനായ ഫാസില്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കഥയില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ സിദ്ധിഖേ എന്നും, സംവിധാനത്തിലാണെങ്കെില്‍ ലാലേ എന്നും വിളിക്കുമെന്നും. പക്ഷേ പടങ്ങള്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റായതോടെ അസൂയാലുക്കള്‍ പല കഥകളും ഉണ്ടാക്കി. സിദ്ധിഖിന്റെ കഥയിലാണ് ലാല്‍ നിലനില്‍ക്കുന്നതെന്നും, ലാലിന്റെ സംവിധാന മികവിലാണ് സിദ്ധിഖ് ജീവിച്ചുപോകുന്നത് എന്നൊക്കെയാണ് കഥകള്‍. ഇത് ചില ഉച്ച പത്രങ്ങളിലൊക്കെ വാര്‍ത്തയായി. സിനിമയിലെ പിന്നാമ്പുറങ്ങിലും വലിയ ചര്‍ച്ചയായി. അതോടെയാണ് അഞ്ചു സിനിമ എടുത്തില്ലേ, നമുക്ക് രണ്ടുപേര്‍ക്കും കഴിവുമുണ്ട്, ഇനി ഇങ്ങനെ കേള്‍പ്പിക്കേണ്ട നമുക്ക് സ്വന്തമായി സിനിമ എടുക്കാമെന്ന് അവര്‍ തീരുമാനിക്കുന്നത്. ഒരാള്‍ ഡയറ്ക്ട് ചെയ്യുന്ന പടത്തില്‍ മറ്റൊരാള്‍ നിര്‍മ്മാതാവായി മാറി നില്‍ക്കാനായിരുന്നു അവരുടെ തീരുമാനം. അല്ലാതെ അവര്‍ തമ്മില്‍ വ്യക്തിപരമായി യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല.
പിരിഞ്ഞശേഷവും ഇരുവര്‍ക്കും കരിയറില്‍ ഉയര്‍ച്ചകള്‍ മാത്രമേ ഉണ്ടായുള്ളൂ. ലാല്‍ നിര്‍മ്മാതാവ്, നടന്‍, സംവിധായകന്‍ എന്ന ബഹുമുഖ നിലയിലും, സിദ്ധിഖ് ബോളിവുഡില്‍വരെ എത്തിയ സംവിധായകന്‍ എന്ന നിലയില്‍ പേരെടുത്തു. ലാലിനെ പിരിഞ്ഞശേഷം സിദ്ധിഖ് ഒറ്റക്ക് ഡയറ്ക്ട ചെയ്ത, ഹിറ്റ്‌ലര്‍, ഫ്രണ്ട്സ് മലയാളം- തമിഴ്, ക്രോണിക് ബാച്ച്ലര്‍, ബോഡിഗാര്‍ഡ് തമിഴ്-ഹിന്ദി, ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍ തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റായി. ലാല്‍ ഒറ്റക്ക് സംവിധാനം ചെയ്ത ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളായി. ചുരുക്കിപ്പറഞ്ഞാല്‍ സുഹൃത്തുക്കള്‍ എന്ന് പറയുന്നവര്‍ നടത്തിയ അപവാദ വ്യവസായവും പരദുഷണവും തന്നെയാണ് മലയാളത്തിന്റെ ആ ഹിറ്റ് ജോഡിയെ പിരിച്ചത്. പരദൂഷണക്കാരുടെ വായടപ്പിച്ചുകൊണ്ട് ഇരുവരും ജീവിതാന്ത്യംവരെ അടുത്ത സൗഹൃദവും വിജയങ്ങളും തുടര്‍ന്നു.