We Talk

ചലച്ചിത്ര ചരിത്രത്തിലെ എറ്റവും സക്സസ് റേറ്റുള്ള ഡയറക്ടര്‍;  സിദ്ധിഖ് വിടവാങ്ങുന്നത് ലോക റെക്കോര്‍ഡുമായി!

തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകള്‍ ഒന്നിനുപിറകെ ഒന്നായി സംവിധായകനാണ് സിദ്ധിഖ് . അദ്ദേഹം എടുത്ത 18 ചിത്രങ്ങളില്‍ സാമ്പത്തികമായി പരാജയപെട്ടത് വെറും 3 എണ്ണമാണ്. അതില്‍ 13 സിനിമകളും നൂറുദിവസത്തിലേറെ ഓടിയ സൂപ്പര്‍ ഹിറ്റുകള്‍. ലോക വ്യാവസായിക സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏത് സംവിധായകനും ഉണ്ടാവും ഇതുപോലെ, ഒരു ട്രാക്ക് റെക്കോര്‍ഡ്.

എം റിജു

സിദ്ധിഖ്-ലാല്‍…….1989-ല്‍ റാംജിറാവ് സ്പീക്കിങ്ങ് എന്ന ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ് കണ്ട് അമ്പരക്കാത്ത മലയാള സിനിമാപ്രേമികള്‍ കുറവാണ്. കാരണം അന്ന് ഇരട്ട സംവിധായകരെന്നു  മലയാളി അത്രയൊന്നും കേട്ടിട്ടിട്ടില്ല. സിദ്ധിഖ് ഇസ്മായില്‍, മൈക്കിള്‍ ലാല്‍ എന്ന രണ്ട് കൊച്ചിയിലെ മിമിക്രിക്കാര്‍  കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്ത ആ ചിത്രം സൂപ്പര്‍ ഹിറ്റായി. പിന്നീടിങ്ങോട്ട്  അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ലോക സിനിമാ ചരിത്രത്തില്‍ തന്നെ ഒരു അത്ഭുതമാണ് ഈ ജോഡി. കാരണം അവര്‍ എടുത്ത 5 സിനിമകളും സൂപ്പര്‍ ഹിറ്റായി. ഈ ക്രഡിറ്റ് ലോകത്തില്‍ മറ്റൊരു സംവിധായകര്‍ക്കുമില്ല!

തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകള്‍ ഒന്നിനുപിറകെ ഒന്നായി സംവിധാനം ചെയ്ത ആളാണ്  സിദ്ധിഖ് . അദ്ദേഹം എടുത്ത 18 ചിത്രങ്ങളില്‍ സാമ്പത്തികമായി പരാജയപ്പെട്ടത് വെറും 3 എണ്ണമാണ്. അതില്‍ 13 സിനിമകളും നൂറുദിവസത്തിലേറെ ഓടിയ സൂപ്പര്‍ ഹിറ്റുകള്‍. ലോക വ്യാവസായിക സിനിമയുടെ ചരിത്രത്തില്‍  ഏത് സംവിധായകനുണ്ട്  ഇതുപോലെ ഒരു ട്രാക്ക് റെക്കോര്‍ഡ് ?  ആഗോള ചലച്ചിത്രലോകത്ത് തന്നെ ഏറ്റവും വിജയ ശതമാനമുള്ള കൊമേര്‍ഷ്യല്‍ സംവിധായകന്‍ വേറെയുണ്ടോ എന്ന് സംശയമാണ്.

മലയാളത്തില്‍ തുടങ്ങി  തമിഴിലും  ഹിന്ദിയിലുമൊക്കെ സിദ്ധിഖ് വെന്നിക്കൊടി പാറിച്ചു. സല്‍മാന്‍ ഖാന്‍ നായകനായ ബോഡിഗാര്‍ഡ്,  ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായിരിക്കുമ്പോഴും, അയാള്‍ വന്ന വഴി മറക്കാതെ എളിമയോടെ ചിരിച്ചു. പഴയ കൂട്ടുകാര്‍ക്ക് ഒപ്പം സൊറ പറഞ്ഞ് നടന്നു.  ജാടകള്‍ ഒട്ടുമില്ലാത്ത, സ്നേഹ സമ്പന്നനായ കൂട്ടുകാരന്‍ ആയിരുന്നു  സുഹൃത്തുക്കള്‍ക്ക് സിദ്ധിഖ്. എപ്പോഴും ചിരിച്ചുകൊണ്ട് കാണുന്ന, പതിഞ്ഞ ശബ്ദത്തില്‍ നിറഞ്ഞ തമാശകള്‍ പറയുന്ന, സിദ്ധിഖിന് 69 വയസ്സായി എന്നു മലയാളികള്‍ മറന്നുപോയിരുന്നത് ആ പ്രകൃതം കൊണ്ടാണ്.

ഇപ്പോള്‍ ലോകമെമ്പാടുമുള്ള ചലച്ചിത്രപ്രേമികളെ കണ്ണീരിലാഴ്ത്തി സിദ്ധീഖ് കടന്നുപോകുമ്പോള്‍, മരണം എത്ര രംഗബോധമില്ലാത്ത കോമാളിയാണെന്ന് ഒരിക്കല്‍ കൂടി ഓര്‍ത്തുപോവുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിരുന്നു അന്ത്യം. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍  കുറഞ്ഞുവരുന്നതിനിടെയാണ്  അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായത്.

മിമിക്രിയില്‍നിന്ന് സിനിമയിലേക്ക്

ഒട്ടും സിനിമാ പാരമ്പര്യമില്ലാത്ത ഒരു കുടുംബത്തില്‍നിന്ന് കഠിനാധ്വാനത്തിലൂടെയും സ്വ പ്രയത്നത്തിലൂടെയും, വളര്‍ന്ന് വെള്ളിത്തിരയിലെ താരമായ കഥയാണ് സിദ്ദീഖിന്റെത്. 1954 ഓഗസ്റ്റ് 1 ന് കൊച്ചിയിലാണ്, ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനായി സിദ്ധിഖ്  ജനിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോഴേ കലയില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു.  കളമശ്ശേരി സെന്റ് പോള്‍സ് കോളജില്‍ എത്തിയതോടെ നാടകത്തിലും മറ്റും സജീവമായി. അങ്ങനെ അന്നത്തെ മിമിക്രിക്കാരുടെ സ്വപ്നഭൂമിയായ കലാഭവനില്‍ സിദ്ധിഖ് എത്തിപ്പെട്ടു. തന്നെ ഈ നിലയില്‍ എത്തിച്ചതിനുള്ള കടപ്പാട്  അദ്ദേഹം പലപ്പോഴും കൊടുക്കുന്നത് കലാഭവനും അതിന്റെ ആത്മാവായ ആബേലച്ചനും തന്നെയാണ്.  

കലാഭവനില്‍വെച്ചുതന്നെയാണ് സിദ്ധീഖ്, പില്‍ക്കാലത്ത് തന്റെ എല്ലാമായ ലാലിനെ കണ്ടുമുട്ടുന്നത്. അന്‍സാര്‍, പ്രസാദ്, കലാഭവന്‍ റഹ്‌മാന്‍, സിദ്ധീഖ്, ലാല്‍, സൈനുദ്ദീന്‍ എന്നിവര്‍ ചെയ്യുന്ന മിക്സ് പരേഡ് കേരളം മുഴുവന്‍ ഹിറ്റായ കാലം. പുതിയ പുതിയ നമ്പറുകളുമായി അവര്‍ കേരളം മുഴുവന്‍ ചിരിപ്പിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് നറുക്ക്വീഴുന്നത് . പഠിത്തം കഴിഞ്ഞതും സിദ്ധിഖിന് സ്ുകൂളില്‍ ക്ലാര്‍ക്കായി ജോലി കിട്ടിയിരുന്നു. അതിന്റെ ഇടവേളകളിലാണ് കലാപ്രവര്‍ത്തനവുമായി മുന്നോട്ട് പോയത്.  1984 മെയ് 6 ന് അദ്ദേഹം സജിതയെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് സുമയ, സാറ, സുകൂണ്‍ എന്നീ മൂന്ന് പെണ്‍മക്കളുണ്ട്.

ഫാസിലിന്റെ ശിഷ്യത്വം

 താനും ലാലും ഫാസിലിന്റെ ശിഷ്യന്‍മാരായ  കഥ ഒരു അഭിമുഖത്തില്‍ സിദ്ധിഖ്  പറയുന്നുണ്ട്. ”’മറക്കില്ലൊരിക്കലും’ എന്ന ഫാസില്‍ ചിത്രത്തില്‍ അഭിനയിച്ച പരിചയംവെച്ച് കലാഭവന്‍ അന്‍സാറാണ് എന്നെയും ലാലിനെയും ഫാസില്‍സാറിന് പരിചയപ്പെടുത്തിയത്. ഞങ്ങള്‍ അന്ന് അദ്ദേഹത്തോട് രണ്ടു കഥകള്‍ പറഞ്ഞു. അത് അദ്ദേഹത്തിന്റെ ശൈലിയിലുള്ള കഥകള്‍ അല്ലാതിരുന്നിട്ടും ഫാസില്‍സാര്‍ ഞങ്ങള്‍ക്ക് പ്രോത്സാഹനം തന്ന് കൂടെനിര്‍ത്തി. പിന്നെ ഇടയ്ക്കിടെ ഞങ്ങള്‍ അദ്ദേഹത്തിന്റെയടുത്ത് ഡിസ്‌കഷന് പോകുമായിരുന്നു. അങ്ങനെ ഒരിക്കല്‍ ഫാസില്‍സാര്‍ സിനിമ ചെയ്യാനുദ്ദേശിക്കുന്ന രണ്ടു കഥകള്‍ പറഞ്ഞു. ഒന്ന് ലൗവ് സ്റ്റോറി ആയിരുന്നു. അമ്മൂമ്മയും പേരക്കുട്ടിയും തമ്മിലുള്ള സ്‌നേഹവാത്സല്യത്തിന്റെ പ്രമേയമായിരുന്നു രണ്ടാമത്തേത്. എനിക്ക് അതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്. ഫാസില്‍സാര്‍ പറഞ്ഞു: ”ഈ കഥയാണ് ഞാന്‍ ഉടനെ ചെയ്യുന്നത്. നിര്‍മാതാവും ഞാന്‍തന്നെ. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇതില്‍ അസിസ്റ്റ് ചെയ്യാം.” ഞാനന്ന് സ്‌കൂളില്‍ ക്ലര്‍ക്കായി ജോലിചെയ്യുകയായിരുന്നു. ലാല്‍ ഡ്രാഫ്റ്റ്സ്മാനായി ജോലിചെയ്യുന്ന സമയവും. പിന്നീട് വീട്ടില്‍നിന്ന് അനുവാദം വാങ്ങിച്ച്, ജോലിയില്‍നിന്ന് ലീവെടുത്ത് ഞങ്ങള്‍ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ എന്ന ആ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരായി.”- അതായിരുന്നു തുടക്കം.

‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന് കഥയെഴുതിക്കൊണ്ടാണ് സിദ്ദീഖ്-ലാലുമാരുടെ ആദ്യ സംരംഭം ഉണ്ടാവുന്നത്.  പടം പരാജയമായി. പക്ഷേ ഇതില്‍നിന്ന് ഒരുപാട് പഠിക്കാനായി എന്നാണ് സിദ്ധിഖ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പിന്നീട് അവര്‍ ഉണ്ടാക്കിയ കഥയാണ് സൂപ്പര്‍ ഹിറ്റായ നാടോടിക്കാറ്റ്. പക്ഷേ ആ കഥ ശ്രീനിവാസന്റെ പേരിലാണ് വന്നത്. അങ്ങനെ ഒരു തിക്താനുഭവവും കരിയറിന്റെ തുടക്കത്തില്‍  അവര്‍ക്കുണ്ടായി. പക്ഷേ കേസിനൊന്നും പോവേണ്ട എന്ന് പറഞ്ഞത് സാക്ഷാല്‍ ഫാസില്‍ സാര്‍ തന്നെയാണെന്ന് സിദ്ധിഖ് പറയുന്നു. ‘നിങ്ങളുടെ കഥ ആളുകള്‍ക്ക് ഇഷ്ടമാവും എന്നതിന്റെ തെളിവല്ലേ ഇത്. നിങ്ങള്‍ക്ക് ഇനിയും കഥയുണ്ടാക്കാന്‍ കഴിയും’ എന്നാണ് ഫാസില്‍ അന്ന് പറഞ്ഞ്. ആ നാക്ക് പൊന്നായി.

തുടര്‍ച്ചയായി ഹിറ്റുകള്‍

 റാംജിറാവ് സ്പീക്കിങ് എന്ന സിദ്ധിഖ് ലാലിന്റെ ആദ്യചിത്രം ഫാസിലാണ്  നിര്‍മിച്ചത്.. അത് ഡ്യൂപ്പര്‍ സൂപ്പര്‍ ഹിറ്റായി. പൊട്ടിച്ചിരികളില്‍ തീയേറ്റര്‍ പ്രകമ്പനം കൊണ്ടു.  പിന്നീടങ്ങോട്ട് തുടര്‍ച്ചയായി എല്ലാവര്‍ഷവും ഈ സംവിധാന ഇരട്ടകളുടെ ഓരോ ഹിറ്റ് ചിത്രമെത്തി . ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങള്‍ തീയേറ്ററുകളെ ഇളക്കിമറിച്ചു. ഇതില്‍ തുടര്‍ച്ചയായി നാനൂറ് ദിവസം പ്രദര്‍ശിപ്പിച്ച ഗോഡ് ഫാദറിന്റെ റെക്കോര്‍ഡ് ആര്‍ക്കെങ്കിലും തകര്‍ക്കാന്‍ കഴിഞ്ഞോ  എന്ന് അറിയില്ല.

ഇങ്ങിനെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ്  മലയാള ചലച്ചിത്രപ്രേമികളെ ഞെട്ടിച്ച ആ  വാര്‍ത്ത പുറത്തു വന്നത്. സിദ്ധിഖും, ലാലും സംവിധായകര്‍ എന്ന നിലയില്‍ വേര്‍പിരിഞ്ഞു. അതിന്റെ കാരണം എന്തെന്ന് ഇനിയും അവര്‍ വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം ഭാര്യമാരില്‍നിന്നുപോലും ആ ആത്മാര്‍ഥ സുഹൃത്തുക്കള്‍ അത് മറച്ചുവെച്ചു. സാധാരണ പിരിഞ്ഞാല്‍ പിന്നെ ചെളിവാരിയെറിയലാണ് നാം കാണാറുള്ളത്. പക്ഷേ ലാലും സിദ്ധിഖും അപ്പോഴും കൂട്ടുകാരായി . സിദ്ധിഖിന്റെ ആദ്യ പടത്തിന് ലാല്‍ പ്രൊഡ്യൂസറായി. മരണംവരെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന റാംജിറാവിന്റെ രണ്ടാം ഭാഗത്തിന് ഒന്നിച്ച് കഥയും തിരക്കഥയും എഴുതി.

 നിര്‍മ്മാതാവ്, നടന്‍, സംവിധായകന്‍ എന്ന ബഹുമുഖ നിലകളില്‍ ലാലും , ബോളിവുഡില്‍വരെ എത്തിയ സംവിധായകന്‍ എന്ന നിലയില്‍ സിദ്ദിഖും പേരെടുത്തു. ലാലിനെ പിരിഞ്ഞശേഷം സിദ്ധിഖ് ഒറ്റക്ക് ഡയറ്ക്ട ചെയ്ത, ഹിറ്റ്ലര്‍, ഫ്രണ്ട്‌സ്, ഫ്രണ്ട്‌സ് (തമിഴ്), ക്രോണിക് ബാച്ച്‌ലര്‍, എങ്കള്‍ അണ്ണ (തമിഴ്), സാധു മിറാന്‍ഡ (തമിഴ്) എന്നിവയെല്ലാം ഹിറ്റുകളായി. പിന്നീട് എടുത്ത ബോഡിഗാര്‍ഡാണ് അദ്ദേഹത്തെ ഹിന്ദി സിനിമയില്‍വരെ എത്തിച്ചത്. മലയാളത്തില്‍ ദിലീപിന്റെ ബോഡിഗാര്‍ഡ് വിജയ ചിത്രമായിരുന്നെങ്കിലും സൂപ്പര്‍ ഹിറ്റായില്ല. പക്ഷേ ഇതിന്റെ തമിഴ് പതിപ്പ് കാവലന്‍ എന്നപേരില്‍ വിജയ് നായകനായി എത്തിയപ്പോള്‍ വന്‍ വിജയമായി.  അതുപോലെ സല്‍മാന്‍ഖാന്‍ നായകനായ ഹിന്ദി ബോഡിഗാര്‍ഡും കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തി.  ഭാഷയറിയാത്ത സിദ്ധിഖ് ഒരു സഹായിയെവെച്ച് ഒരോ ഡയലോഗും പരിശോധിപ്പിച്ചാണ് ഹിന്ദി പടം എടുത്തത്. മലയാളത്തില്‍നിന്ന് ഒരുപാട് പേര്‍ വിളിച്ച്,  സിദ്ധിഖിന്റെ ബോഡിഗാര്‍ഡ് ചെയ്യരുത് എന്ന് തന്നോട് പാര പണിത കഥ സല്‍മാന്‍ പറഞ്ഞതു സിദ്ധിഖ് ഒരു അഭിമുഖത്തില്‍ രസകരമായി പറയുന്നുണ്ട്.  

നിര്‍മ്മിച്ച സിനിമകള്‍ പരാജയം

ഹിന്ദിയില്‍ ബോഡിഗാര്‍ഡ് ഹിറ്റായതോടെ  അന്തം വിട്ട തിരക്കായിരുന്നു ഈ കൊച്ചിക്കാരന്. ചിരഞ്ജീവിയുടെ സംഘം തെലുങ്കില്‍ ഒരുപടം ചെയ്യാന്‍ തന്നെ തേടിയെത്തിയിടത്തുന്നിന് ഓടി ഒളിച്ച കഥ അടക്കം അദ്ദേഹത്തിന്  പറയാനുണ്ടായിരുന്നു.  പക്ഷേ ഒരു ദൗര്‍ഭാഗ്യം സിദ്ധിഖിന് ഉണ്ടായിരുന്നു. അദ്ദേഹം സംവിധാനം ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ് ആയെങ്കിലും, അദ്ദേഹം നിര്‍മ്മിച്ച ചിത്രങ്ങള്‍ പരാജയപ്പെട്ടു. 2017ല്‍ ജയസൂര്യയെ നായകനാക്കി സിദ്ധിഖ് തന്നെ സംവിധാനം ചെയ്ത ഫുക്രിയും 2019ല്‍ ഇറങ്ങിയ മോഹന്‍ലാല്‍ നായകനായ ബിഗ് ബ്രദറും വിജയിച്ചില്ല.  ഒരു ടെലിവിഷന്‍ ഷോയില്‍  ആ കാര്യം പറഞ്ഞ് ഒരു ശിശുവിനെപ്പോലെ ചിരിക്കയാണ് സിദ്ധിഖ് ചെയ്തത്.

ഇതിനെല്ലാം പുറമെ മറ്റൊരു ഹിറ്റ് ചിത്രവും സിദ്ധിഖിന്റെ സംവിധാന ചരിത്രത്തില്‍ രേഖപ്പെടുത്താതെ കിടക്കുന്നുണ്ട്. ഗര്‍വാസീസ് ആശാന്റെ കാല് തല്ലിയൊടിച്ചതിലുടെ മലയാളികള്‍ ഇന്നും ആഘോഷിക്കുന്ന, മാന്നാര്‍ മത്തായി സ്പീക്കിങ്ങ് എന്ന ചിത്രം ഡയറക്ട് ചെയ്തതു  ഈ പ്രതിഭ തന്നെയാണ്. പക്ഷേ,  നിര്‍മ്മാതാവ് മാണി സി  കാപ്പന്റെ പേരാണ് ചില സാങ്കേതിക കാരണങ്ങളാല്‍ ഈ ചിത്രത്തിന് വെച്ചത്.

തന്റെ കൊച്ചിയില്‍, താന്‍ കണ്ട കഥാപാത്രങ്ങളിലൂടെയാണ് ഹംസക്കോയയെയും, ഗര്‍വാസീസ് ആശാനെയും, ലാസര്‍ എളേപ്പനേയും, ഹിറ്റ്ലര്‍ മാധവന്‍ കുട്ടിയെയുമൊക്കെ സിദ്ധിഖ് സൃഷ്ടിച്ചത്. ആ കഥകളൊക്കെ വിവിധ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പറയുകയും, ചിരിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്  ഇഷ്ടമായിരുന്നു. ഒരു വ്യക്തിയെക്കുറിച്ചും മോശമായി  പറയാന്‍ ആഗ്രഹിക്കാത്ത തീര്‍ത്തും ജെന്റില്‍മാന്‍ ആയിരുന്നു സിദ്ധിഖ്. അദ്ദേഹം  തീയേറ്ററില്‍ ഉയര്‍ത്തിയ പൊട്ടിച്ചിരികള്‍ മലയാള സിനിമ ഉള്ളകാലത്തോളം നിലനില്‍ക്കുമെന്നുറപ്പാണ്. 

Leave a Reply

Your email address will not be published. Required fields are marked *