We Talk

പുതുപ്പള്ളിയില്‍ എല്‍ ഡി എഫ് എന്താണ് പറയുക?

ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടുമൂലം ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന്  രാഷ്ട്രീയ കക്ഷികള്‍ പൊതുവില്‍ ഒരുങ്ങിയിരുന്നു. പ്രധാന പാര്‍ട്ടികളെല്ലാം ഒരുക്കവും തുടങ്ങിയിരുന്നു. എന്നാല്‍ വോട്ടെടുപ്പ് ഇത്ര പെട്ടെന്ന് വന്നുപെടുമെന്ന് അവരൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.  ഇനി സമയമില്ല.  സപ്തംബര്‍ 5–ന് വോട്ടെടുപ്പ് നടക്കും.  ഈ മാസം പതിനേഴിനുമുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം.  

ഉമ്മന്‍ചാണ്ടി 1970 മുതല്‍ തുടര്‍ച്ചയായി 53 വര്‍ഷം പ്രതിനിധാനം ചെയ്ത പുതുപ്പള്ളിയില്‍ വിജയം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മത്സരിക്കുന്ന മകന്‍ ചാണ്ടി ഉമ്മന് തന്നെയായിരിക്കുമെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കും സംശയമൊന്നുമില്ല.  ഉമ്മന്‍ചാണ്ടിയുടെ നിര്യാണം സൃഷ്ടിച്ച സഹതാപം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലും ഇന്നത്തെ നിലയില്‍ തെറ്റാനിടയില്ല.  എല്‍ഡിഎഫിനെ സംബന്ധിച്ച് ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കുക എന്നതാണ് നിലവിലുള്ള സാഹചര്യത്തില്‍ ചെയ്യാനാവുക.
 എന്നാല്‍, മുഖ്യമന്ത്രിക്കെതിരെ ഏറ്റവുമൊടുവില്‍ പുറത്തു വന്ന അഴിമതി ആരോപണം കൂടി ആയപ്പോള്‍ എല്‍ ഡി എഫ് പുതുപ്പള്ളിയില്‍ എന്തു പറയുമെന്നത് കൗതുകകരമാണ്. ഉപതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയം പിണറായി വിജയന്റെ അഴിമതി ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എല്ലാവരും പ്രതീക്ഷിച്ചപോലെ ചാണ്ടി ഉമ്മന്‍ തന്നെ  കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വന്നു.  അദ്ദേഹം പ്രചാരണവും തുടങ്ങി.  പെട്ടെന്ന് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചുവെന്നത് വലിയ നേട്ടമായി അവരുടെ നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കുക എന്ന ഒറ്റ വഴി മാത്രമേ കോണ്‍ഗ്രസിനു മുമ്പിലുണ്ടായിരുന്നുള്ളൂ . അതുപിന്നെ വെച്ചുതാമസിപ്പിക്കേണ്ടെന്ന് നേതാക്കള്‍ തീരുമാനിച്ചുവെന്ന് മാത്രം.  സ്ഥാനാര്‍ഥിയുടെ ഔപചാരിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷമാണ് വന്നതെങ്കിലും സ്ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നായിരിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം കഴിഞ്ഞ ഉടന്‍ തന്നെ വ്യക്തമാക്കിയതാണ്. അതിപ്പോള്‍ തീരുമാനമായി വന്നു എന്നു മാത്രം.

എന്താണ് ഈ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം എന്നു ചോദിച്ചാല്‍, ഉമ്മന്‍ചാണ്ടി എന്ന നേതാവിന് ജനഹൃദയങ്ങളിലുള്ള സ്ഥാനം വോട്ടാക്കി മാറ്റുന്നതിലായിരിക്കും യുഡിഎഫിന്റെ ഊന്നല്‍ എന്നതാണ് ഒരു കാര്യം.  ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയും അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനങ്ങള്‍ തുടര്‍ച്ചയായി നടത്തുന്ന തീര്‍ഥയാത്രയും ശ്രദ്ധിച്ചവര്‍ക്ക് അറിയാം,  പുതുപ്പള്ളിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്.  ഉമ്മന്‍ചാണ്ടിയെക്കുറിച്ച് എന്തുപറഞ്ഞാലും എല്‍ഡിഎഫിന് അത് കൂടുതല്‍ ദോഷമേ ചെയ്യൂ. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാണെന്നും അതില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുകയാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞുകഴിഞ്ഞു.  അതില്‍തന്നെയായിരിക്കും എല്‍ഡിഎഫ് പ്രചാരണത്തിന്റെ ഊന്നല്‍.  പക്ഷേ പൊതു രാഷ്ട്രീയ സാഹചര്യങ്ങള്‍ സിപിഎമ്മിനെ പ്രതിസന്ധിയില്‍ പെടുത്തിയിരിക്കുകയാണ്.

ഉമ്മന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിനെയും ഭണാധികാരിയെയും ആത്മീയതയുടെ തലത്തിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് കല്ലറയിലേക്കുള്ള തീര്‍ഥയാത്രകള്‍.  അദ്ദേഹത്തെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന ആവശ്യംവരെ ഉയര്‍ന്നു.  അതങ്ങനെ നടന്നോട്ടെ എന്ന ചിന്തയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ നിശ്ശബ്ദമായി പ്രോത്സാഹിപ്പിക്കുകയുമാണ്. തികഞ്ഞ വിശ്വാസിയായിരുന്നു ഉമ്മന്‍ചാണ്ടിയെങ്കിലും അദ്ദേഹം ആദ്യാവസാനം രാഷ്ട്രീയ നേതാവായിരുന്നു.  ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ്.  ആ സംഭാവനകള്‍ അവഗണിച്ച് അദ്ദേഹത്തെ ആത്മീയതലത്തിലേക്ക് ഉയര്‍ത്തുന്നത് ശരിയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.

ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ ബലാബലത്തില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് പറണ്ടേതില്ല.  ഭരണമുന്നണിക്ക് നിയമസഭയില്‍ നൂറു സീററുണ്ട്. പുതുപ്പള്ളി കോണ്‍ഗ്രസ് നിലനിര്‍ത്തിയാല്‍ ഭരണത്തെയോ മുന്നണിയെയോ ബാധിക്കാന്‍ പോകുന്നില്ല.  എന്നാല്‍, പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് വന്‍ വിജയം നേടാനായാല്‍ അത് യുഡിഎഫിന്റെ മനോവീര്യം വര്‍ധിപ്പിക്കും. പ്രത്യേകിച്ച്, ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍.  2021–ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു.  2016–ല്‍ 27,000 വോട്ടിനും 2011–ല്‍ 33,000 വോട്ടിനും ജയിച്ച ഉമ്മന്‍ചാണ്ടി കഴിഞ്ഞ തെരഞ്ഞടുപ്പില്‍ സിപിഎമ്മിന്റെ യുവനേതാവ് ജെയ്ക് പി തോമസിനെ തോല്‍പ്പിച്ചത് ഒമ്പതിനായിരം വോട്ടിന് മാത്രമാണ്.  1970–ല്‍ സിപിഎമ്മില്‍ നിന്ന് പുതുപ്പള്ളി പിടിച്ചെടുത്ത ഉമ്മന്‍ചാണ്ടി പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല.  സിപിഎമ്മിന്റെ എല്ലാ പരീക്ഷണങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതിയില്‍ നിഷ്ഫലമായി.  പുതുപ്പള്ളിയുടെ പ്രത്യേകത അത് സിപിഎമ്മിന് നല്ല രാഷ്ട്രീയ അടിത്തറയുള്ള പ്രദേശമാണെന്നതാണ്.  എട്ടു പഞ്ചായത്തുകളില്‍ ആറിടത്തും എല്‍ഡിഎഫ് ഭരണമാണ്.  2021–ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയാന്‍ രണ്ടുകാരണങ്ങളുണ്ട്.  ഒന്ന്–സോളാര്‍ കേസ് ആസ്പദമാക്കി അദ്ദേഹത്തിനെതിരെ വ്യക്തിപരമായി നടന്ന പ്രചാരണം. രണ്ട് ഓര്‍ത്തഡോക്സുകാരനായ ഉമ്മന്‍ചാണ്ടിക്കെതിരെ യാക്കോബായ സഭയെടുത്ത ശത്രുതാപരമായ നിലപാട്.  ഈ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു ഘടകങ്ങളും ഇല്ല എന്നതാണ് വസ്തുത. ക്രിസ്തുമത വിശ്വാസികളുടെ വോട്ടില്‍ കോണ്‍ഗ്രസിന് അനുകൂലമായ ഏകീകരണം ഉണ്ടാകുമെന്നുറപ്പാണ്.

രണ്ടാം പിണറായി സര്‍ക്കാര്‍ വന്നശേഷമുണ്ടായ ആദ്യ ഉപതെരഞ്ഞെടുപ്പായിരുന്നു 2022–ല്‍ തൃക്കാക്കരയില്‍ നടന്നത്.  പി ടി തോമസിന്റെ നിര്യാണം മൂലം ഒഴിവുവന്ന സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമയെ മത്സരിപ്പിച്ച് കോണ്‍ഗ്രസ് ഭൂരിപക്ഷം ഗണ്യമായി വര്‍ധിപ്പിച്ചു.  രാഷ്ട്രീയമായി എല്‍ഡിഎഫിന് അതൊരു തിരിച്ചടിയായി.  പുതുപ്പള്ളിയിലും ഭൂരിപക്ഷം വര്‍ധിപ്പിച്ചാല്‍ എല്‍ഡിഎഫിനെ രാഷ്ട്രീയമായി ക്ഷീണിപ്പിക്കാന്‍ കഴിയും.  സിപിഎം സ്ഥാനാര്‍ഥി ജെയ്ക്ക് പി തോമസ് തന്നെയാകാനാണ് സാധ്യത.  യുവാവായ ചാണ്ടി ഉമ്മനോട് മത്സരിക്കുന്നത്  യുവാവായിരിക്കണമെന്ന് സിപിഎമ്മിന് നിര്‍ബന്ധമുണ്ട്.  
 ഓണവും തെരഞ്ഞെടുപ്പും ഒന്നിച്ചുവരികയും ഖജനാവ് കാലിയായി നില്‍ക്കുകയും പുതിയ അഴിമതി ആരോപണങ്ങള്‍ പുറത്തു വരികയും ചെയ്യുമ്പോള്‍ ഭരണ നേട്ടങ്ങള്‍ ആസ്പദമാക്കി എന്തു പ്രചാരണമാണ് എല്‍ഡിഎഫിനു നടത്താന്‍ കഴിയുക എന്നത് സങ്കീര്‍ണമായ ചോദ്യമാണ്.

പുതുപ്പള്ളിയില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിക്ക് വലിയ പ്രസക്തി കാണുന്നില്ല.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പതിനൊന്നായിരം വോട്ടാണ് അവര്‍ക്ക് കിട്ടിയത്.  മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അയ്യായിരം കുറഞ്ഞു.  കിട്ടിയ വോട്ട് നിലനിര്‍ത്താനായാല്‍ അതുതന്നെ ബിജെപിക്ക് നേട്ടമായിരിക്കും.  

Leave a Reply

Your email address will not be published. Required fields are marked *