We Talk

കൊലപാതകത്തിന്റെ പുതിയ സ്റ്റൈൽ! എന്താണ് എയർ എംബലിസം?

പത്തനംതിട്ടയിലെ പരുമല ആശുപത്രിയില്‍ പ്രസവാനന്തര ശുശ്രൂഷയില്‍ കഴിഞ്ഞിരുന്ന സ്‌നേഹ എന്ന യുവതിയെ ഭര്‍ത്താവിന്റെ സുഹൃത്തായ അനുഷ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ശാസ്ത്രീയമായ രീതിയിലാണെന്ന് നമ്മള്‍ കണ്ടുകഴിഞ്ഞു. കേരളത്തിന് ഇതുവരെ പരിചിതമല്ലാത്ത എയര്‍ എംബളിസം എന്ന മാര്‍ഗമാണ് കൊലപാതകത്തിനായി അനുഷ ഉപയോഗപ്പെടുത്തിയത്. രക്തക്കുഴലുകളില്‍ ഏതെങ്കിലും വിധേന വായുകുമിളകള്‍ കടക്കുന്നതിനെയാണ് എയര്‍ എംബലിസം എന്ന് പറയുന്നത്. വായു കുമിളകള്‍ സിരകളിലും ധമനികളിലും കുടുങ്ങുന്നത് വഴി രക്തചക്രമണം തടസ്സപ്പെട്ട് പക്ഷാഘാതം, ഹൃദയാഘാതം, ശ്വാസതടസ്സം എന്നിവ ഉണ്ടാവുകയും മരണത്തിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്. ഇതിന് ഏകദേശം 2 മുതല്‍ 3 മില്ലി വരെ വായു മാത്രമേ ആവശ്യമുള്ളൂ.

നമ്മള്‍ മലയാളികളെ സംബന്ധിച്ച് എയര്‍ എംബളിസം വഴി ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെങ്കിലും ലോകത്ത് പലയിടങ്ങളിലും ഈ രീതി ഉപയോഗപ്പെടുത്തിയുള്ള കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. 2017-2018 കാലഘട്ടത്തില്‍ ടെക്‌സാസിലെ ടൈലറിലുള്ള ഒരു ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന വില്യം ജോര്‍ജ് ഡേവിസാണ് ഈ പട്ടികയിലെ ഒന്നാമന്‍. താന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നാല് രോഗികളെയാണ് ധമനികളില്‍ വായു കുത്തി വെച്ച് വില്യം ഡേവിസ് കൊലപ്പെടുത്തിയത്. ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായി സുഖപ്പെട്ടു വരുന്ന രോഗികളെയാണ് അയാള്‍ തന്റെ ഇരകളാക്കിയത്. ഏഴ് രോഗികളെ എയര്‍ എംബളിസം വഴി കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ നാല് പേര്‍ മരണമടഞ്ഞു. ഇത്തരം കൊലപാതകങ്ങളിലൂടെ തനിക്ക് പ്രത്യേക ആനന്ദമാണ് ലഭിക്കുന്നതെന്ന് വില്യം ഡേവിസ് പറയുന്നു. ഇയാള്‍ മുമ്പ് ജോലി ചെയ്തിരുന്ന ആശുപത്രികളിലും ഇതുപോലെ രോഗികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. കോടതി വില്യം ഡേവിസിനെ വധശിക്ഷയ്ക്ക് വിധിച്ചു.

61 വയസ്സുള്ള ഇവോ പോപ്പെ ബല്‍ജിയത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലറായിരുന്നു. ആദ്യം നഴ്‌സായി ജോലി ചെയ്തിരുന്ന ഇയാള്‍ പിന്നീട് അത് ഉപേക്ഷിച്ച് പൗരോഹിത്യം തിരഞ്ഞെടുത്തു. സ്വന്തം അമ്മ ഉള്‍പ്പെടെ 10 പേരെയാണ് ഡീക്കന്‍ ഇവോ പോപ്പെ കൊലപ്പെടുത്തിയത്. ഇരകളുടെ രക്തത്തിലേക്ക് വായു കുത്തിവെച്ചായിരുന്നു കൊലപാതകം. നഴ്‌സായി ജോലി ചെയ്തിരുന്ന ക്ലിനിക്കില്‍ വെച്ചായിരുന്നു ഇവോ പോപ്പെ കുറ്റകൃത്യങ്ങള്‍ക്ക് തുടക്കമിട്ടത്. അയാളുടെ ഇരകളെല്ലാം പ്രായമായ രോഗികളായിരുന്നു. മാരകരോഗമുള്ളവരോട് തനിക്ക് അനുകമ്പയാണെന്നും അവര്‍ക്കെല്ലാം ദയാവധം നല്‍കുകയാണ് താന്‍ ചെയ്തതെന്നും ഇവോ പോപ്പെ പറയുന്നു. 50 പേരെയെങ്കിലും ഇയാള്‍ ഇത്തരത്തില്‍ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. 2014-ല്‍ പോപ്പെയെ പൊലീസ് അറസ്റ്റ് ചെയ്തു.

ശാന്തപ്രകൃതമുള്ളവനും മറ്റുള്ളവര്‍ക്ക് യാതൊരു ഉപദ്രവവും ചെയ്യാത്തവനായിരുന്നു യാക്കൂബ് ഷെയ്ഖ്. മുബൈയിലെ വഡാല നാഷണല്‍ മാര്‍ക്കറ്റിന് സമീപമുള്ള ശിവ് നഗര്‍ ചൗളിലെ ഒറ്റമുറി വീട്ടിലാണ് യാക്കൂബ് ഷെയ്ഖ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇവിടെ ടൊയോട്ടയുടെ ഷിന്റായി ഷോറൂമില്‍ ജോലിക്കാരനായിരുന്നു. ജോലിസ്ഥലത്ത് കടുത്ത മാനസിക പീഡനങ്ങളായിരുന്നു യാക്കൂബ് ഷെയ്ഖ് നേരിട്ടുകൊണ്ടിരുന്നത്.

2015 സെപ്തംബര്‍ 29ന് രാവിലെ ജോലിയ്ക്ക് പോയ യാക്കൂബ് ഷെയ്ഖ് മടങ്ങി വന്നത് ജീവനോടെയായിരുന്നില്ല. അന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ യാക്കൂബിനെ സഹപ്രവര്‍ത്തകര്‍ കളിയാക്കാന്‍ തുടങ്ങി. ഭക്ഷണത്തിന് ശേഷം യാക്കൂബ് തന്റെ ജോലി തുടര്‍ന്നു. എന്നാല്‍ സഹപ്രവര്‍ത്തകര്‍ അയാളെ വെറുതെ വിട്ടില്ല. കുനിഞ്ഞ് ജോലി ചെയ്തുകൊണ്ടിരുന്ന യാക്കൂബിനെ അവര്‍ ആക്രമിച്ചു. ജീന്‍സും അടിവസ്ത്രവും താഴ്ത്തി എയര്‍ പൈപ്പ് മലദ്വാരത്തിലേക്ക് കയറ്റി അയാളുടെ ശരീരത്തിനുള്ളിലേക്ക് അവര്‍ വായു അടിച്ച് കയറ്റി. ശരീരം ഉടനെ ബലൂണ്‍ പോലെ വീര്‍ക്കുകയും ആന്തരീകാവയവങ്ങള്‍ തല്‍ക്ഷണം പൊട്ടിത്തെറിക്കുകയും ചെയ്തു. അതിഭീകരമായ മര്‍ദ്ദം കാരണം മലവും ദഹിക്കാത്ത ഭക്ഷണവും രക്തവും ശരീരത്തിനുള്ളിലൂടെ മുകളിലേക്ക് കടന്ന് വായിലൂടെ പുറത്ത് വന്നു. കണ്ണുകള്‍ വലുതായ നിലയിലും പുറത്തേക്ക് തെറിച്ച നിലയിലുമാണ് യാക്കൂബിന്റെ മൃതദേഹം കണ്ടെത്തിയത്.

ലോകത്ത് പലയിടങ്ങളിലും എയര്‍ എംബലിസം എന്ന മാര്‍ഗത്തിലൂടെ ആളുകളെ കൊലപ്പെടുത്തിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി സിനിമകളിലും എയര്‍ എംബലിസം കൊലപാതകത്തിനുള്ള മാര്‍ഗമായി ഉപയോഗിച്ച് കഴിഞ്ഞു. രണ്ട് മലയാള സിനിമകളിലും എയര്‍ എംബലിസത്തിലൂടെ കൊലപാതകം നടത്തുന്ന രീതി ആവിഷ്‌കരിച്ചിരുന്നു. 2014ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് നായകനായ ഏഞ്ചല്‍സിലും അടുത്തിടെ പുറത്തിറങ്ങിയ സുരാജ് വെഞ്ഞാറമ്മൂട് നായകനായ ‘ഹെവന്‍’ എന്ന സിനിമയിലുമാണ് എയര്‍ എംബലിസം പ്രയോഗിച്ചത്. എങ്കില്‍ത്തന്നെയും പരുമല സംഭവത്തോടെയാണ് എയര്‍ എംബലിസമെന്താണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതും ചര്‍ച്ച ചെയ്യാനും തുടങ്ങിയതും. ഇതോടെ പരുമല വധശ്രമക്കേസും എയര്‍ എംബലിസം രീതിയും കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം കൈവരിച്ചിരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *