73ാം വയസ്സിലും ചുള്ളനായി രജനീകാന്തിന്റെ തിരിച്ചുവരവ്; തകര്‍ത്ത് വിനായകന്‍; രണ്ടു സീനില്‍ തിളങ്ങി മോഹന്‍ലാലും
ഇന്ത്യയില്‍ എറ്റവും ആരാധകര്‍ ഉള്ള നടന്‍ ആരാണെന്ന് ചോദിച്ചാല്‍ രജനീകാന്ത് എന്ന് ഏവര്‍ക്കും നിസ്സംശയം പറയാന്‍ കഴിയും. കര്‍ണ്ണാടത്തിലെ ബസ് കണ്ടക്ടറായ ശിവാജി റാവു ഗേയ്ക്ക്‌വാദ് തമിഴ് സിനിമയുടെ പ്രിയപ്പെട്ട രജനീകാന്ത് ആയത് ഏറെ കഷ്ടപ്പെട്ടിട്ടാണ്. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി തന്റെ സൂപ്പര്‍ താര പദവി നിലനിര്‍ത്തിപ്പോവുകയായിരുന്ന ഈ നടന് പക്ഷേ സമീപകാലത്തായി ചില തിരിച്ചടികള്‍ കിട്ടി.
2016ലെ കബാലിക്ക് ശേഷം ഇറങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒന്നും പഴയതുപോലെ ഹിറ്റായിരുന്നില്ല. അവസാനം 2021ല്‍ ഇറങ്ങിയ അണ്ണാത്തെ എന്ന സിനിമയൊക്കെ വെറുപ്പിക്കലിന്റെ ഭയാനകവേര്‍ഷന്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഒരു വിഭാഗം തമിഴ് മാധ്യമങ്ങള്‍ രജനി എന്ന താരത്തിന് ചരമക്കുറിപ്പ് എഴുതിയിരുന്നു. പ്രായാധിക്യവും അനാരോഗ്യവുമൂലം രജനി ഫാന്‍സിനുപോലും അദ്ദേഹത്തിലുള്ള പ്രതീക്ഷ ഏറെക്കുറെ നഷ്ടമായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനം പോലും അദ്ദേഹം ഉപേക്ഷിച്ചത് അനാരോഗ്യം മൂലമായിരുന്നു. അതുകൊണ്ടുതന്നെ ഈ 73ാം വയസ്സില്‍ ജയിലര്‍ എന്ന പുതിയ സിനിമയുമായി രജനി എത്തുമ്പോള്‍ ആശങ്കപ്പെട്ടവരും ഏറെയാണ്.

എന്നാൽ രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന മരണ മാസ് തന്നെയാണ് ചിത്രമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ‘തലൈവര്‍ തിരുമ്പിവന്താച്ച്’ എന്നാണ് യൂടുബര്‍മാര്‍ ഒരു പോലെ പറയുന്നത്. വീണ്ടും ഒരു രജനി തരംഗം പൊട്ടിവിടുരുകയാണെന്ന് നിസ്സംശം പറയാം.
തകര്‍ത്ത് വിനായകനും
പേര് സൂചിപ്പിക്കന്നതുപോലെ ഒരു ജയിലര്‍ ആയിട്ടാണ് രജനി ചിത്രത്തില്‍ എത്തുന്നത്. വെറുമൊരു തുക്കടാ ജയിലര്‍ അല്ല. തിഹാര്‍ ജയിലിലാണ് കക്ഷി. അതുകൊണ്ടുതന്നെ ഇന്ത്യയിലെ നമ്പര്‍ വണ്‍ കൃമിനലുകളുമൊക്കെയായി അടുത്ത ബന്ധം, രജനിയുടെ നായക കഥാപാത്രമായ, മുത്തുവേല്‍ പാണ്ഡ്യനുണ്ട്. ജയിലറുടെ റിട്ടയര്‍ ചെയ്ത വയോധിക വേഷത്തില്‍നിന്ന് ഫ്‌ളാഷ് ബാക്കിലേക്ക് പോയാണ് കഥ പുരോഗമിക്കുന്നത്. അവിടെയാണ് രജനി ഞെട്ടിക്കുന്നത്. ഈ പ്രായത്തിലും മമ്മൂട്ടിയെപ്പോലും അമ്പരിപ്പിക്കുന്ന യുവത്വവും ചടുലതയും . അതിവേഗതയിലുള്ള ആ ടിപ്പിക്കല്‍ നെരിപ്പന്‍ ഡയലോഗുകളും, ചടുലമായ ആക്ഷനുമായി, ആ പഴയ ബാഷ മോഡല്‍ രജനീകാന്തിനെ കണ്ട് ആരാധകര്‍ ആര്‍പ്പുവിളിക്കയാണ്.

അതുപോലെ നമ്മുടെ വിനയകന്‍ വില്ലനായി കൊലമാസ് പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്തകാലത്ത് മലയാളത്തില്‍നിന്ന് തിരിച്ചടികള്‍ മാത്രം കിട്ടിയ നടനാണ് വിനായന്‍ എന്നോര്‍ക്കണം. നമ്മുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ഒരു ഡോണ്‍ ആയി രണ്ടു സീനില്‍ പ്രത്യക്ഷപ്പെടുന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്. ജാക്കി ഷ്റോഫ്, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണന്‍, തമന്ന ഭാട്ടിയ, എന്നിവര്‍ അടക്കം വലിയ ഒരു താര നിര തന്നെ ചിത്രത്തിലുണ്ട്. എങ്കിലും തലൈവരുടെ വേറിട്ട വേഷപ്പകര്‍ച്ച തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.
കലാപരമായി വിലയിരുത്തപ്പെടേണ്ടതല്ല രജനി ചിത്രങ്ങള്‍. അതിന് ക്ലാസ് അല്ല മാസ് ആണ് പിന്‍ബലം. ആ അര്‍ത്ഥത്തില്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ എന്ന സംവിധായകന്റെ ശ്രമം വിജയിച്ചിട്ടുണ്ട്. തന്റെ തൊട്ട് മുന്‍ ചിത്രമായ വിജയുടെ ബീസ്റ്റിന്റെ പരാജയത്തില്‍നിന്ന് നെല്‍സണ്‍ ഒരുപാട് പഠിച്ചിട്ടുണ്ടെന്് വ്യക്തം. ആക്ഷന്‍, സസ്പെന്‍സ്, നര്‍മ്മം എല്ലാം നിറച്ചൊരു സമ്പൂര്‍ണ എന്റര്‍ടെയ്നര്‍ തന്നെയാണ് ഈ ചിത്രം.
ആഘോഷമാക്കി ജനം
പണ്ടൊക്കെ തമിഴ്‌നാട്ടില്‍ ഒരു രജനി പടം വരിക എന്ന് പറഞ്ഞാല്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയായിരുന്നു. അവധി ആരും ഔദ്യോഗികമായി കൊടുക്കേണ്ട കാര്യമില്ല. കുട്ടികള്‍ ക്ലാസില്‍ വന്നാല്‍ അല്ലേ അധ്യയനം നടക്കൂ! ഇന്ന് വീണ്ടും അതേ അവസ്ഥ വന്നിരിക്കയാണ്. രണ്ട് വര്‍ഷത്തിനു ശേഷമാണ് ഒരു രജനി ചിത്രം തിയറ്ററുകളിലെത്തുന്നത്. തമിഴ്‌നാട്ടിലെമ്പാടും ഇന്ന് സ്‌കൂളുകളിലും കോളജുകളിലും കുട്ടികള്‍ തീരെ കുറവാണെന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയിലും , ബംഗളൂരിലും ജയിലര്‍ റിലീസ് പ്രമാണിച്ച് പല സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ എല്ലായിടത്തും രജനി ആരാധകര്‍ ആഘോഷ പ്രകടനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

വേള്‍ഡ് വൈഡായി 4000 സ്‌ക്രീനുകളിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിച്ചത്. ബാംഗ്ലൂര്‍ മള്‍ട്ടിഫ്‌ളെക്‌സുകളിൽ 800 മുതല്‍ 1400 രൂപ വരെ ടിക്കറ്റ് നിരക്കിലാണ് പുലര്‍ച്ചെ 6 മണിക്കുള്ള ഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയത്. തമിഴ്നാട്ടില്‍ ചിത്രം ഗംഭീര ഓപ്പണിങ്ങാണ് രേഖപ്പെടുത്തിയത്. കൂടാതെ ലോകമെമ്പാടുമുള്ള ഓപ്പണിംഗ് 50 – 60 കോടി രൂപയില്‍ വരുമെന്നും ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നുണ്ട്. 225 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. ഇതില്‍ 110 കോടി രൂപ രജനിയുടെ മാത്രം പ്രതിഫലമാണ്. അതിന് കാര്യവുമുണ്ട്. രജനിയുടെ ഒറ്റപേരിലാണ് ചൈനയിലും, മലേഷ്യയിലും അടക്കം ചിത്രം ആഗോള വ്യാപകമായി പ്രദര്‍ശിപ്പിക്കുന്നത്. വെങ്കി റിവ്യൂസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ചിത്രത്തിന്റെ യുഎസ്എ പ്രീമിയര്‍ അഡ്വാന്‍സ് ബുക്കിംഗില്‍ 17,919 ടിക്കറ്റുകള്‍ വിറ്റഴിച്ച് മൂന്ന് കോടിയിലേറെ രൂപ കളക്ട് ചെയ്തിട്ടുണ്ട്. അതായത് രജനീകാന്ത് എന്ന താരത്തെ വീണ്ടും ലോകംമുഴവന്‍ ആരാധിക്കുകയാണ് .