മണിപ്പൂർ മറയ്ക്കാനോ ഫ്ലൈയിങ് കിസ്സ്?
ഫ്ളയിങ് കിസ് എന്ന് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെയൊക്കെ മനസിലേക്ക് വരുന്നത്? പറക്കുന്ന ചുംബനം എന്നർഥം വരുന്ന ഫ്ളയിങ് കിസ്സ് മനുഷ്യർക്ക് പരസ്പരം ശരീരത്തിൽ സ്പർശിക്കാതെ സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗമാണ്. വിദേശരാജ്യങ്ങളിലൊക്കെ ബ്ലോൺ കിസ് എന്നറിയപ്പെടുന്ന ഈ സംഗതിക്ക് ഇന്ത്യക്കാർ നൽകിയ പേരാണ് ഫ്ളയിങ് കിസ്. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്ത് ഫ്ളയിങ് കിസ് രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ലോക്സഭയിലെ വനിതാ അംഗങ്ങൾക്ക് ഫ്ലയിങ് കിസ് നൽകിയെന്നാണ് പരാതി. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രസംഗം കഴിഞ്ഞ് മടങ്ങിയ രാഹുൽ വനിതാ അംഗങ്ങളോട് അപമര്യാദയായി പെരുമാറിയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുയർത്തിയത്. സ്പീക്കർക്ക് പരാതിയും നൽകി. രാഹുലിനെതിരെ കർശന നടപടിയെടുക്കണമെന്നാണ് ആവശ്യം. ‘സഭയിലെ വനിതാ അംഗങ്ങളുടെ അന്തസിനെ അപമാനിക്കുക മാത്രമല്ല, അപകീർത്തിപ്പെടുത്തുകയും സഭയുടെ അന്തസിനെ കളങ്കപ്പെടുത്തുകയും ചെയ്തു എന്നാണ് രാഹുലിനെതിരായ പരാതി.
ഇതാദ്യമായല്ല ഫ്ളയിങ് കിസ് വിവാദമാകുന്നത്. ആദിപുരുഷ് ചിത്രത്തിന്റെ സംവിധായകൻ ഓം റൗട്ട്, തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള ദർശനത്തിനിടെ നടി കൃതി സനോണിന് ഫ്ളയിങ് കിസ് നൽകിയത് ഇന്ത്യൻ ആചാരങ്ങൾക്ക് വിരുദ്ധവും പാരമ്പര്യങ്ങളെ അവഹേളിക്കുന്നതുമാണെന്ന് വിമർശനങ്ങളുയർന്നിരുന്നു. പക്ഷേ, ഒരു ഫ്ളയിങ് കിസിൽ എന്താണിത്ര പ്രശ്നം ? സ്നേഹവും അടുപ്പവുമൊക്കെ പ്രകടിപ്പിക്കാൻ 1800കൾ മുതൽ മനുഷ്യർ ഉപയോഗിച്ചു വരുന്ന രീതിയാണിത്. മെസപ്പട്ടോമിയയിൽ ഉൽഭവിച്ചു എന്ന് കരുതപ്പെടുന്ന ഫ്ളൈയിങ് കിസ് നമ്മുടെ നാട്ടിൽ ഇപ്പോൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. ക്രിക്കറ്റ് മാച്ചിനിടെ സ്റ്റേഡിയത്തിൽ നിന്ന് ഭർത്താവ് വിരാട് കോഹ്‌ലിക്ക് നടി അനുഷ്‌ക ശർമ്മ ഫ്ളയിങ് കിസ് നൽകുന്നത് സ്ഥിരം കാഴ്ചയാണ്. ഷാരൂഖ് ഖാൻ തന്റെ വീടിന് പുറത്ത് തന്നെ കാണാനെത്തുന്ന ആരാധകരോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഫ്ളയിങ് കിസ് നൽകിയാണ്. 2018-ൽ രാജ്യം മുഴുവൻ വൈറലായ വീഡിയോ ആയിരുന്നു ഒരു അഡാർ ലവ് എന്ന മലയാള സിനിമയിലെ നടി പ്രിയ വാര്യർ ഫ്ളയിങ് കിസ് നൽകുന്ന രംഗം. ഈ പറഞ്ഞ സന്ദർഭങ്ങളിലെല്ലാം, ഫ്ളയിങ് കിസ് സ്‌നേഹപൂർവമായ ഒരു ആംഗ്യവും ആരുടെയെങ്കിലും സാന്നിധ്യം അംഗീകരിക്കുന്നതിനുള്ള മാർഗവുമാണ്. എന്നാൽ സൗന്ദര്യം കാഴ്ചക്കാരന്റെ കണ്ണിലാണ് എന്നത് പോലെ ഫ്ളയിങ് കിസ് എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതു സ്വീകരിക്കുന്നവരുടെ മനസ്ഥിതി അനുസരിച്ചാണ്. . അത് സ്ത്രീവിരുദ്ധമോ, നിന്ദ്യമോ, നീചമോ, പ്രകോപനപരമോ, മനോഹരമോ, മധുരമോ അങ്ങനെ എന്തും ആകാം.
ഏതായാലും രാഹുലിന്റെ കാര്യത്തിൽ ഇത് വലിയ രാഷ്ട്രീയ കോലാഹലമാണുണ്ടാക്കിയത്. 2018ൽ മോദി സർക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നതിനിടെ രാഹുൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതു വാർത്തകളിലിടം പിടിച്ചിരുന്നു. ഏതായാലും ഇപ്പോൾ സ്മൃതി ഇറാനി ഉയർത്തിയ ഫ്ളയിങ് കിസ്സ് വിവാദം രാഹുലിന്റെ പ്രസംഗത്തിൽ നിന്നു ശ്രദ്ധ തിരിക്കാനുള്ള നമ്പറാണെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.
ഇന്ന് ഞാൻ അദാനിയുടെ വിഷയം പറയുന്നില്ല, അത് കൊണ്ട് പേടിക്കേണ്ട എന്ന് പറഞ്ഞു കൊണ്ടാണ് രാഹുൽ പ്രസംഗം തുടങ്ങിയത് . മോദി – അദാനി ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ മൂർച്ചയേറിയ വാക്കുകളാണ് അദ്ദേഹത്തെ നിശ്ശബ്ദനാക്കാനും പാർലമെന്റിൽ നിന്ന് പുറത്താക്കാനുമുള്ള ശ്രമങ്ങൾക്ക് കാരണമായത്. ലോക്‌സഭയിൽ പിന്നീടങ്ങോട്ട് രാഹുൽ പറഞ്ഞ ഒരോ വാക്കുകളും സർക്കാരിനു കുറിക്കു കൊണ്ടിരുന്നു. ” കുറച്ച് ദിവസം മുമ്പ് ഞാൻ മണിപ്പൂരിൽ പോയി, അവിടത്തെ .ജനങ്ങളെ കണ്ടു. രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അവിടെ ഇതുവരെ സന്ദർശിച്ചില്ല. കാരണം അദ്ദേഹത്തിന്റെ ഇന്ത്യയിൽ മണിപ്പൂരില്ല. വിദ്വേഷത്തിന്റെ രാഷ്ട്രീയം മണിപ്പൂരിനെ മാത്രമല്ല, ഇന്ത്യയെ തന്നെയാണ് ഇല്ലാതാക്കിയത്. തന്റെ ഏക മകനെ കണ്മുന്നിലിട്ട് നിറയൊഴിച്ച് കൊന്ന സംഭവം ഒരു മാതാവ് എന്നോട് പറഞ്ഞു. അത് പോലെ നിരവധി മാതാക്കൾ. അവരുടെ കണ്ണീരും ജീവിതവും കാണാൻ കഴിയാത്ത പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യം ഭരിക്കുന്നത്, ഒരു കാര്യം ഓർക്കുക. മണിപ്പൂരിൽ മരിച്ചത് ഇന്ത്യയാണ്, ഇന്ത്യയുടെ ആത്മാവാണ്. വികാര നിർഭരമായ രാഹുലിന്റെ ഈ പ്രസംഗത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഫ്ളയിങ് കിസ്സ് വിവാദം ഉയർത്തിക്കൊണ്ടു വന്നതെന്ന ആക്ഷേപം സജീവമാണ്. ” ഫ്ളൈയിങ് കിസ് സ്മൃതി ഇറാനിയെ നീരസപ്പെടുത്തി, എന്നാൽ, മണിപ്പൂരിലെ സ്ത്രീകൾക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ അവർക്ക് യാതൊരു പ്രശ്‌നവുമില്ല ” എന്ന തമിഴ് നടൻ പ്രകാശ് രാജിന്റെ പ്രസ്താവന ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയത്തിന് വ്യാഴാഴ്ച മറുപടി പറഞ്ഞ പ്രധാനമന്ത്രി ആകെയുള്ള 133 മിനിറ്റ് പ്രസംഗത്തിൽ മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത് വെറും 4 മിനിറ്റ് മാത്രമായിരുന്നു. രാജ്യം തുടർച്ചയായി കലാപങ്ങൾക്കും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾക്കും സാക്ഷ്യം വഹിച്ച് ഏറ്റവും മോശം കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ അതിനെ കുറിച്ച് ചർച്ചകൾ നടക്കേണ്ടതിന് പകരം ഫ്ളയിങ് കിസ് പോലെ ബാലിശമായ വിഷയങ്ങളാണ് മുഖ്യധാരയിൽ ചർച്ച ചെയ്യപ്പെടുന്നത്. പരിതാപകരം എന്നല്ലാതെ എന്ത് പറയാൻ.