അക്ഷയ് കുമാറിനെ തല്ലിയാൽ 10 ലക്ഷം!!
ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ തല്ലുകയോ അദ്ദേഹത്തിന്റെ മേൽ തുപ്പുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം രൂപ സമ്മാനം. കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റില്ലെങ്കിലും സംഗതി സത്യമാണ്. ഒരു സിനിമയിൽ അഭിനയിച്ചതിന് നടനെ തല്ലാനോ തുപ്പാനോ ആഹ്വാനം ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു ഇന്ത്യ. . ആഗ്രയിലെ രാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടനയുടേതാണ് പ്രഖ്യാപനം. . വെള്ളിയാഴ്ച റിലീസായ അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഓ മൈ ഗോഡ്-2’ ഹൈന്ദവവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ആഹ്വാനം.
രാഷ്ട്രീയ ബജ്റംഗ് ദൾ നേതാവ് ഗോവിന്ദ് പരാസർ താരത്തിനെതിരെ പരസ്യ ആഹ്വാനവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം അക്ഷയ്കുമാറിന്റെ കോലവും സിനിമയുടെ പോസ്റ്ററുകളും കത്തിച്ചു. ചിത്രം നിരോധിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധമുയർത്തുമെന്നുമാണ് ഗോവിന്ദ് പരാസറിന്റെ ഭീഷണി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ആത്മീയ നേതാവ് സാധ്വി ഋതംബര ചിത്രത്തിനെതിരെ നേരത്തേ തന്നെ പ്രതിഷേധവുമായി എത്തിയിരുന്നു. ഹിന്ദു വിശ്വാസത്തിന് മേൽ കടന്നുകയറ്റം അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. ഹിന്ദുമതത്തെ ലക്ഷ്യം വച്ച് മാത്രമാണ് ഇത്തരം സിനിമകൾ നിർമിക്കുന്നത്, മറ്റേതെങ്കിലും സംഘടനയെ വിമർശിക്കാനും അഭിപ്രായം പറയാനും അവർക്ക് മടിയാണെന്നും സംഘടനകൾ ആരോപിക്കുന്നു. ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലെ പൂജാരിമാരും ക്ഷേത്ര പരിസരത്തു സ്ഥാപിച്ച സിനിമയുടെ പോസ്റ്ററുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ചിത്രമായ ‘ഓ മൈ ഗോഡ്’ന്റെ തുടർച്ചയാണ് ‘ഓ മൈ ഗോഡ് 2’. ആക്ഷേപ ഹാസ്യ വിഭാഗത്തിലുള്ളതാണ് സിനിമ. ശിവന്റെ പ്രതിനിധിയായാണ് അക്ഷയ് കുമാർ സിനിമയിൽ എത്തുന്നത്. സെക്സ് എഡ്യൂക്കേഷനെ കുറിച്ചാണ് സിനിമയിൽ സംസാരിക്കുന്നത്. സെൻസർ ബോർഡുമായുള്ള കടുത്ത പോരാട്ടത്തിന് ശേഷമാണ് ചിത്രം തീയേറ്ററിലെത്തിയത്. ടീസർ റിലീസ് ചെയ്തത് മുതൽ ചിത്രത്തെ കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. സിനിമയിലെ ഇരുപതോളം രംഗങ്ങൾ കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സെക്‌സ് എഡ്യൂക്കേഷനും മതവും കൈകാര്യം ചെയ്യുന്ന സിനിമ മത വികാരങ്ങളെ വ്രണപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം. എന്നാൽ സിനിമയുടെ ആശയത്തെ ഇത് ബാധിക്കുമെന്ന് അണിയറ പ്രവർത്തകർ ചൂണ്ടികാട്ടിയതിനെതുടർന്ന് സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു.
ചിത്രത്തിലെ അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സെൻസർ ബോർഡിന്റെ നിർദേശപ്രകാരം മാറ്റിയിരുന്നു. ശിവന്റെ അവതാരമായാണ് അക്ഷയ് കുമാറിനെ ആദ്യം ചിത്രത്തിൽ അവതരിപ്പിച്ചത് . ഇപ്പോൾ ഭഗവാൻ ശിവൻ മാറ്റി മെസെഞ്ചർ ഓഫ് ഗോഡ് എന്ന പേരാണ് നൽകിയിരിക്കുന്നത്. ശിവന്റെ പ്രതിരൂപമായി എത്തുന്ന അക്ഷയ് കുമാർ ചിത്രത്തിൽ മദ്യപിക്കുന്ന രംഗങ്ങളും ഉണ്ട്. ലൈംഗിക വിദ്യാഭ്യാസത്തെയും സ്വയം ഭോഗത്തെയും പറ്റി പരാമർശിക്കുന്ന ചിത്രത്തിൽ നിന്നും നഗ്‌നതയുടെ നിരവധി ദൃശ്യങ്ങളാണ് കട്ട് ചെയ്യേണ്ടി വന്നത്. മതവികാരം വ്രണപ്പെടുത്തുന്ന എല്ലാ ദൃശ്യങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കാൻ സെൻസർബോർഡ് ആവശ്യപ്പെടുകയായിരുന്നു. മദ്യത്തെക്കുറിച്ചുള്ള പരാമർശങ്ങളും വെട്ടിമാറ്റി. ചിത്രത്തിലെ സ്‌കൂളിന്റെ പേര് ‘സവോദയ്’ എന്നാക്കി മാറ്റി. കൂടാതെ, ഹൈക്കോടതിയുമായി ബന്ധപ്പെട്ട ഒരു ഡയലോഗ് അശ്ലീലവും അപകീർത്തികരവുമാണെന്ന് ആരോപിച്ച് ഡയലോഗിലെ ദൃശ്യങ്ങൾ ഉൾപ്പെടെ നീക്കം ചെയ്തു. ഒരു പരസ്യബോർഡിൽ നിന്ന് കോണ്ടത്തിന്റെ പോസ്റ്റർ നീക്കം ചെയ്തു. എലിവിഷം അടങ്ങിയ കുപ്പിയുടെ ലേബലിൽ നിന്ന് എലി എന്ന വാക്ക് ഒഴിവാക്കി. സംഭാഷണങ്ങളിലെ ശിവലിംഗം, ഭഗവദ്ഗീത, ഉപനിഷത്ത്, അഥർവവേദം, ദ്രൗപദി, പാണ്ഡവൻ, കൃഷ്ണൻ എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്തു. ആദ്യം ഉജ്ജയിൻ കേന്ദ്രീകരിച്ച് ആരംഭിച്ച ചിത്രം ഇപ്പോൾ ഒരു സാങ്കൽപ്പിക സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. ദൈവങ്ങളെയും മതപണ്ഡിതൻമാരെയും കുറിച്ച് പരാമർശിക്കുന്ന എല്ലാ ദൃശ്യങ്ങളും നീക്കം ചെയ്യാൻ സെൻസർ ബോർഡ് നിർമാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, ലൈംഗികതയുമായി ബന്ധപ്പെട്ട് സിനിമയിൽ പരാമർശിച്ചിരിക്കുന്ന വസ്തുതകൾക്ക് ഡോക്യുമെന്ററി തെളിവുകൾ സമർപ്പിക്കാനും നിർമ്മാതാക്കളോട് ആവശ്യപ്പെട്ടു. മൊത്തത്തിൽ സിനിമയുടെ 13 മിനിറ്റ് ദൈർഘ്യമുളള രംഗങ്ങളാണ് സെൻസർ ബോർഡ് വെട്ടി മാറ്റിയത്. രണ്ട് മണിക്കൂറും മുപ്പത്തിയാറു മിനിറ്റുമാണ് ഇപ്പോൾ ചിത്രത്തിന്റെ ദൈർഘ്യം.
പക്ഷേ ഈ വിവാദങ്ങളൊന്നും സിനിമയുടെ കളക്ഷനെ ബാധിച്ചിട്ടില്ല. ആദ്യ ദിനത്തിൽ 10 കോടി നേടിയ ചിത്രം രണ്ടാം ദിവസം കളക്ഷൻ 14.5 കോടിയായി ഉയർത്തി. രണ്ട് ദിവസം കൊണ്ട് 24.76 കോടി രൂപയാണ് ചിത്രം ആകെ നേടിയത് . മതവും ദൈവങ്ങളും വിശ്വാസവുമൊക്കെ വിമർശന വിധേയമാണ് എന്നതിന്റെ തെളിവാണ് ചിത്രത്തിന്റെ വിജയം കാണിക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യവും കലയും സങ്കുചിത ചിന്തകൾകൊണ്ടു വിലയിരുത്തപ്പെടേണ്ടതല്ലെന്ന സന്ദേശമാണ് സിനിമയുടെ കളക്ഷൻ സൂചിപ്പിക്കുന്നത് .