അമ്പത് കൊല്ലമായി രജനീകാന്ത് തിരയുന്നതാരെ?
ഏത് വിജയിച്ച പുരുഷന്റെയും പിറകില്‍ ഒരു സ്ത്രീയുണ്ടെന്നതൊക്കെ പറഞ്ഞു പറഞ്ഞു തേഞ്ഞുപോയ പഴഞ്ചൊല്ലുകളാണ്. പക്ഷേ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ നിന്ന ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന ചെറുപ്പക്കാരന്‍, ഇന്ത്യ കണ്ട ഏറ്റവും വലിയ താരമായ രജനീകാന്ത് ആയതിനു പിന്നില്‍ ശരിക്കും ഒരു സ്ത്രീയുണ്ട്. സിനിമയെ അമ്പരപ്പിക്കുന്നതാണ് സ്‌റ്റൈല്‍ മന്നന്റെ, ഈ പ്രണയകഥ. തന്നെ താനാക്കിയ പ്രിയപ്പെട്ടവളെ ഇന്നും ആള്‍ക്കൂട്ടത്തില്‍ തിരയാറുണ്ടെന്നാണ് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞത്. പക്ഷേ വര്‍ഷം 50 കഴിഞ്ഞിട്ടും അവളെ കണ്ടുകിട്ടിയിട്ടില്ല. ഇപ്പോള്‍ ഈ 73ാം വയസ്സിലും ജയിലര്‍ എന്ന സിനിമ സൂപ്പര്‍ ഹിറ്റായതോടെ രജനി തരംഗം വീണ്ടും തിരിച്ചുവന്നിരിക്കയാണ്. അപ്പോള്‍ ആ അസാധാരണ പ്രണയ കഥ വീണ്ടും തമിഴ് മാധ്യമങ്ങളില്‍ നിറയുകയാണ്.
ഒരു ക്രിമിനല്‍ ആകേണ്ട എല്ലാ സാഹചര്യങ്ങള്‍ക്കും അരികിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്നാണ് രജനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്വാദ് ജനിച്ചത്. റാണോജി റാവുവിന് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് കുടുംബം, ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗര്‍ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന് അമ്മയുടെ സ്നേഹം അധികം കിട്ടിയിട്ടില്ല. ഏഴാമത്തെ വയസ്സില്‍ അമ്മ റാംബായി മരിച്ചു. ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ദാരിദ്ര്യം രജനിക്ക് ഏറെ അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തില്‍ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടില്‍ നിന്നു പണം മോഷ്ടിച്ച് സിനിമകള്‍ കാണുന്ന പതിവും തുടങ്ങിയിരുന്നു.
ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോണ്‍സ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചു . പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ ശിവാജി കോളേജില്‍ പ്രവേശനം നേടണമെന്ന പിതാവിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയില്‍ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസില്‍ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങള്‍ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചു നില്‍ക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവില്‍ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീര്‍ന്നപ്പോള്‍ ബാംഗ്ലൂരിലേക്ക് തന്നെ മടങ്ങി വരേണ്ടി വന്നു. ഒരു സ്ഥിരം തൊഴില്‍ ലഭിച്ചാല്‍ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയില്‍ മൂത്ത സഹോദരന്‍ സത്യനാരായണ റാവു മുന്‍കൈയ്യെടുത്ത് കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി വാങ്ങിക്കൊടുത്തു . അന്ന് രജനിക്ക് പ്രായം 22 വയസ്സ് . കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തി. ഓടുന്ന ബസിലും ചിലപ്പോള്‍ ശിവാജി പില്‍ക്കാലത്ത് ലോകം കൈയടിച്ച തന്റെ നമ്പറുകള്‍ പുറത്തെടുക്കും. ടിക്കറ്റ് റാക്കറ്റ് തലക്കുമുകളില്‍ ആഞ്ഞു വീശും. സിഗരറ്റ് കറക്കി വായിലിടുന്ന പതിവ് നമ്പര്‍ വേറെയും. അതുകൊണ്ടെല്ലാം യാത്രക്കാരുടെ പ്രിയപ്പെട്ടവനായി അദ്ദേഹം.
അങ്ങനെ ഒരു ദിവസമാണ് ശിവാജി റാവു, തന്റെ ജീവിതം മാറ്റിമറിച്ച പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. എല്ലാ പൈങ്കിളി സിനിമകളിലും ഉള്ളപോലെ, നായകനും നായികയും ഉടക്കിയാണ് അദ്യം അടുത്തത്. അക്കാലത്ത് സ്ത്രീകള്‍ ബാക്ക്‌ഡോറിലൂടെയാണ് ബസില്‍ കയറേണ്ടിയിരുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടി മാത്രം മുന്നിലൂടെ കയറി. ഇത് എതിര്‍ത്ത് ശിവാജി റാവു കൈ വെച്ചെങ്കിലും അവള്‍ അത് തട്ടിക്കളഞ്ഞു അകത്തു കയറി. അന്നുതന്നെ ഒരു കാന്താരി നിലയില്‍ അവളെ നോട്ട് ചെയ്തതാണെന്ന് രജനീകാന്ത് പിന്നീട് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന അവള്‍ ബസിലെ സ്ഥിരം യാത്രികയായിരുന്നു. അവളെ കാണിക്കാന്‍ ശിവാജി തന്റെ കൈയിലുള്ള അല്‍പ്പം സിനിമാ നമ്പറുകള്‍ എടുത്തു. ക്രമേണ അവര്‍ പരിചയപ്പെട്ടു. അടുപ്പത്തിലുമായി. ആ സമയത്തും തന്‍റെ സ്വപ്നം അഭിനയമാണെന്ന് ശിവാജി അവളോട് പറഞ്ഞിരുന്നു. അങ്ങനെ ഒരു ദിവസം തന്റെ വീടിന്റെ അടുത്തുള്ള പ്രദേശിക സമിതിയുടെ നാടകത്തില്‍ താന്‍ അഭിനയിക്കുന്നുണ്ടന്നും അത് കാണാന്‍ വരണമെന്നും രജനി യുവതിയെ ക്ഷണിച്ചു. അവള്‍ വന്നു. രജനിയുടെ അതിഗംഭീരമായ പ്രകടനം കണ്ട് അത്ഭുതപ്പെട്ടാണ് അവള്‍ മടങ്ങിയത്.
ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് മദ്രാസിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു, രണ്ടുവര്‍ഷ പ്രവേശനത്തിനു അഡ്മിഷന്‍ കിട്ടിയെന്ന കാര്‍ഡ് ശിവാജി റാവുവിനെ തേടിയെത്തി . താന്‍ അപേക്ഷിക്കുക പോലും ചെയ്യാതെ ഇത് എങ്ങനെ വന്നുവെന്ന് അമ്പരന്നു നില്‍ക്കവേ അവള്‍ സത്യം പറഞ്ഞു. ശിവാജിക്കുവേണ്ടി അപേക്ഷിച്ചത് അവളാണ്. ‘നിങ്ങളുടെ മേഖല അഭിനയമാണ്. അതില്‍ ഉറച്ചു നില്‍ക്കണം. വലിയ നടന്‍ ആവണം. ബാനറും പോസ്റ്ററും എവിടെയും ഉയരുന്നത് കാണണം.’- അവള്‍ നിര്‍ബന്ധിച്ചപ്പോള്‍ ശിവാജി സമ്മതിച്ചു. പഠിക്കാനുള്ള കാശും അവള്‍ അയച്ചുതാരമെന്ന് സമ്മതിച്ചു. സുഹൃത്തായ രാജ് ബഹാദൂറും സ്‌നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു. 1973-ല്‍ മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന ശിവാജിക്ക് രണ്ടു വര്‍ഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂര്‍ ശ്രദ്ധിച്ചിരുന്നു.
അന്ന് അഡയാറില്‍ രജീനകാന്തിന്റെ ജൂനിയര്‍ ആയിരുന്നു നടന്‍ ശ്രീനിവാസന്‍. രജനിയുടെ അക്കാലത്തെ ദയനീയ ജീവിതത്തെ കുറിച്ച് ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. തനിക്കുള്ള മണിയോഡര്‍ വന്നാല്‍ രജനി പോസ്റ്റുമാനെ കെട്ടിടത്തിന്റെ പുറകുവശത്തേക്ക് കൂട്ടിക്കൊണ്ടുപോയി ആരും കാണാതെയാണ് പണം വാങ്ങുക. കാരണം അതില്‍ ഒരു രൂപയും രണ്ടുരൂപയുമൊക്കെ കാണും. അദ്ദേഹത്തിന്റെ വിവിധ സുഹൃത്തുക്കള്‍ അയച്ചുകൊടുക്കുന്നത്. കൂട്ടത്തില്‍ തന്റെ പ്രണയിനിയുടെ പണവും ഉണ്ടായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇടക്ക് ഒരു ഇടവേള കിട്ടിയപ്പോള്‍, അവളെ കാണാന്‍ രജനി ബാംഗ്ലൂരിലേക്ക് കുതിച്ചു. പതിവ് മീറ്റിങ്ങ് പ്ലേസില്‍ ഒന്നും അവളെ കാണാഞ്ഞതിനാല്‍ അദ്ദേഹം അവളുടെ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ വീട് അടഞ്ഞു കിടക്കയായിരുന്നു. ആ കുടുംബം മറ്റൊരു സ്ഥലത്തേക്ക് പോയി എന്നല്ലാതെ ഒരു വിവരവും അയല്‍വാസികള്‍ക്ക് അറിയില്ലായിരുന്നു. ഹതാശനായ രജനി ഇനി അന്വേഷിക്കാന്‍ സ്ഥലങ്ങളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ആ അന്വേഷണം 50 വര്‍ഷം കഴിഞ്ഞിട്ടും അദ്ദേഹം ഇന്നും തുടരുകയാണെന്നാണ് അടുത്ത സുഹൃത്ത്കൂടിയായ ശ്രീനിവാസന്‍ പറയുന്നത്. ശിവാജി റാവു പിന്നീട് രജനീകാന്ത് എന്ന സൂപ്പര്‍ മെഗാ താരമായി. അവള്‍ ആഗ്രഹിച്ചപോലെ ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും രജനിയുടെ പോസ്്റ്ററുകളും കട്ടൗട്ടുകളും നിരന്നു. ഇപ്പോള്‍ അവള്‍ക്ക് ഏത് സമയത്തും രജനീകാന്തിനെ കണ്ടുപടിക്കാം. പക്ഷേ അവള്‍ ഒരിക്കലും അദ്ദേഹത്തിന്റെ മുന്നില്‍ വന്നില്ല. ഇതു പറയുമ്പോള്‍ ഇപ്പോഴും രജനിയുടെ കണ്ണ് നിറയുമെന്ന് ശ്രീനിവാസന്‍ പറയുന്നു. മാത്രമല്ല ലോകത്തിന്റെ ഏത് കോണില്‍ പോയാലും രജനി തന്റെ പ്രിയപ്പെട്ടവള്‍ ഈ ആള്‍ക്കുട്ടത്തില്‍ ഉണ്ടോ എന്ന് ഇപ്പോഴും അന്വേഷിക്കുമത്രേ. 1981-ലാണ് രജനി ലതയെ വിവാഹം ചെയ്യുന്നത്. ഈ പ്രണയകഥ ലതയോടും ആദ്യമേ രജനി പറഞ്ഞിട്ടുണ്ട്. ഇന്നും തമിഴകത്തിന്റെ മാതൃകാ ദമ്പതികളാണ് രജനിയും ലതയും.
ശ്രീനിവാസന്റെ ‘കഥപറയുമ്പോള്‍’ എന്ന സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യാനായി കണ്ടപ്പോള്‍ രജനീകാന്ത് ശരിക്കും വികാരധീനനായെന്നും ശ്രീനിവാസന്‍ പറയുന്നു. സിനിമയില്‍ മമ്മൂട്ടി ചെയ്ത സൂപ്പര്‍ സ്റ്റാര്‍ അശോക് രാജ് എവിടെപ്പോയാലും തേടിയത് തന്റെ വളര്‍ച്ചക്ക് വിത്തിട്ട സുഹൃത്തായ ബാര്‍ബര്‍ ബാലനെ ആയിരുന്നു. അതുപോലെ രജനി തേടുന്നത് തന്റെ ജീവിതം മാറ്റിമറിച്ച പ്രണയിനിയെയാണ്. എല്ലാ തിരക്കുകള്‍ക്കിടയിലും ഈ ചിത്രം ‘കുസേലന്‍’ എന്നപേരില്‍ എടുക്കുന്നതിനും ഒരുപക്ഷേ രജനിയെ പ്രേരിപ്പിച്ചത് ഈ സാമ്യത ആയിരിക്കണം. ഇതേ അനുഭവം രജനീകാന്ത് തന്നോട് പങ്കുവെച്ച വിവരം മലയാളത്തിന്റെ പ്രിയ നടന്‍ ദേവനും വെളിപ്പെടുത്തുന്നുണ്ട്. ഒരിക്കല്‍ ഒരു സൗഹൃദ സദസ്സില്‍, ഫസ്‌ററ് ലൗവിനെ കുറിച്ച് ചോദിച്ച് തുടങ്ങിയ രജനി പിന്നെ തന്റെ നഷ്ടനായികയെ ഓര്‍ത്ത് അക്ഷരാര്‍ഥത്തില്‍ പൊട്ടിക്കരയുകയായിരുന്നെന്നും, ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സ്‌നേഹത്തിന്റെ കാഠിന്യം ഓര്‍ത്ത് തന്റെ കണ്ണുകളും നിറഞ്ഞുപോയെന്നും നടന്‍ ദേവന്‍ അനുസ്മരിക്കുന്നു.