ചന്ദ്രയാന്‍ 3 നിര്‍ണായക കടമ്പ കടന്നു
ഇന്ത്യയുടെ അഭിമാനപദ്ധതിയായ ചന്ദ്രയാൻ-3 ഇന്ന് മറ്റൊരു നിർണായക കടമ്പ താണ്ടി. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ്ങിന് സജ്ജമായ ലാൻഡർ മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപെട്ടു.
കുറഞ്ഞ അകലം 153 കിലോ മീറ്ററും കൂടിയ അകലം 163 കിലോ മീറ്ററുമായുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് നിലവിൽ പേടകം ചന്ദ്രനെ ചുറ്റുന്നത്. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് സ്വതന്ത്രമായ ലാൻഡർ മൊഡ്യൂളിനെ കൂടിയ അകലം 100 കിലോ മീറ്ററും കുറഞ്ഞ അകലം 30 കിലോ മീറ്ററും വരുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുകയെന്നതാണ് അടുത്ത ഘട്ടം. ഈ പ്രക്രിയ ഡീ-ബൂസ്റ്റ് എന്നാണറിയപ്പെടുന്നത്. തുടർന്ന് ലാൻഡ് ചെയ്യുന്നതുവരെ ഈ ഭ്രമണപഥത്തിലാണ് ലാൻഡർ ചന്ദ്രനെ വലയം ചെയ്യുക. ഒാഗസ്റ്റ് 23ന് വൈകിട്ട് 5.47നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. 30 കിലോ മീറ്റർ ഉയരത്തിൽ നിന്നാണ് സോഫ്റ്റ് ലാൻഡിങ്ങിനായി ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് യാത്രതിരിക്കുക. ഇതിനു മുന്നോടിയായി ലാൻഡറിലെ ഉപകരണങ്ങൾ ചന്ദ്രോപരിതലത്തെ നിരീക്ഷിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഇത് സോഫ്റ്റ് ലാൻഡിങ് എളുപ്പമാക്കാൻ ഐ എസ് ആർ ഒയെ സഹായിക്കും. ലാൻഡറിലെ ത്രസ്റ്റുകൾ, ഭ്രമണപഥം ഉയർത്തൽ പ്രക്രിയയിലേതിൽനിന്ന് വ്യസ്തമായി പേടകത്തിന്റെ സഞ്ചാരദിശയിൽനിന്നും വിപരീതമായി പ്രവർത്തിപ്പിച്ച് വേഗം നിയന്ത്രിച്ചാണ് സോഫ്റ്റ് ലാൻഡിങ്ങ് സാധ്യമാക്കുക. പേടകം ഇടിച്ചിറങ്ങുന്നത് ഒഴിവാക്കുന്നതിനാണിത്. ചാന്ദ്രയാൻ രണ്ടാം ദൗത്യത്തിൽ അവസാന നിമിഷങ്ങളിൽ ലാൻഡറിന്റെ നിയന്ത്രണം നഷ്ടമായി പേടകം തകർന്നുവീഴുകയായിരുന്നു. ഇത്തവണ ഏത് പ്രതികൂല സാഹചര്യത്തിലും സോഫ്റ്റ് ലാൻഡിങ് നടത്താൻ കഴിയുന്ന തരത്തിലാണ് ഐ എസ് ആർ ഒ ദൗത്യം രൂപകൽപ്പന ചെയ്തിരിക്കുന്നത്. രണ്ടാം ദൗത്യത്തിൽ ലാൻഡിങ് സ്‌പോട്ട് ചുറ്റളവ് അര കിലോ മീറ്ററായിട്ടായിരുന്നു നിശ്ചയച്ചിരുന്നതെങ്കിൽ ഇത്തവണ നാല് കിലോമീറ്ററാണ്. ഈ പ്രദേശത്ത് എവിടെ വേണമെങ്കിലും ലാൻഡറിന് ഇറങ്ങാൻ കഴിയും. വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നിവ ഉൾപ്പെടുന്നതാണ് ലാൻഡർ. സോഫ്റ്റ്‌ലാൻഡ് ചെയ്തശേഷം ലാൻഡറിൽനിന്ന് പുറത്തുവരുന്ന റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് വിവിധ പരീക്ഷണങ്ങൾ നടത്തും. ചന്ദ്രയാൻ മൂന്നിൽ ഓർബിറ്റർ ഇല്ല. ചന്ദ്രയാൻ രണ്ടിലെ ഓർബിറ്ററും പ്രൊപ്പൽഷൻ മൊഡ്യൂളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. മൂന്നാം ദൗത്യത്തിലെ ലാൻഡറും റോവറും ശേഖരിക്കുന്ന വിവരങ്ങളും പകർത്തുന്ന ചിത്രങ്ങളും ഐ എസ് ആർ ഒയുടെ വിദൂര നിയന്ത്രണ കേന്ദ്രത്തിലേക്ക് അയയ്ക്കാൻ പഴയ ഓർബിറ്റർ ഉപയോഗപ്പെടുത്താനാണ് സാധ്യത. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ-3 അഞ്ച് ഘട്ടങ്ങളിലായി പതിനേഴ് ദിവസം ഭൂമിയെ വലംവച്ച ശേഷമാണ് ചാന്ദ്രഭ്രമണപഥത്തിലേക്ക് നീങ്ങിയത്. ലൂണാർ ട്രാൻസ്ഫർ ട്രജക്റ്ററിയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകം അഞ്ചിനാണ് ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് നാല് ഘട്ടമായി ഭ്രമണപഥം താഴ്ത്തിയാണ് ചന്ദ്രന് ഏറ്റവും അടുത്തെത്തിച്ചത്. ബുധനാഴ്ച രാവിലെ എട്ടരയ്ക്കായിരുന്നു അവസാന ഭ്രമണപഥം താഴ്ത്തൽ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുക എന്ന വലിയ കടമ്പ ഇന്നേവരെ മറികടന്നത് മൂന്നേ മൂന്ന് രാജ്യങ്ങാണ്. ആ നിരയിലേക്ക് ഉയരാനുള്ള ഇന്ത്യൻ സ്വപ്‌നമാണ് ചന്ദ്രയാൻ മൂന്ന് സാക്ഷാത്കരിക്കാൻ പോകുന്നത്. ഇനിയുള്ള ഓരോ നിമിഷവും അതി നിർണായകമാണ്. സോഫ്റ്റ് ലാൻഡിങ് വിജയകരമായാൽ അത് ചരിത്ര നേട്ടമാകും. അതിനായുള്ള കാത്തിരിപ്പിലാണ് രാജ്യം.