We Talk

കർക്കിടകം ചതിച്ചു; കേരളം വരൾച്ചയിലേക്ക്

ഇടതോരാതെ  മഴ പെയ്യേണ്ട കർക്കിടക മാസത്തിൽ, വെയില് കൊള്ളാതിരിക്കാൻ കുട ചൂടി പുറത്തിറങ്ങേണ്ട സാഹചര്യത്തിലൂടെയാണ് നമ്മൾ,  മലയാളികൾ കടന്നു പോയത്. കൊടും ചൂടിലായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം. 155.6 സെന്റിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ ഈ കാലവർഷത്തിൽ ഇതുവരെ ലഭിച്ചത്  87.7 സെന്റീമീറ്റർ മഴ മാത്രമാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ സാധാരണ 201.86 സെന്റിമീറ്റർ മഴയാണ് ലഭിക്കാറ് .  കഴിഞ്ഞ വർഷം 173.6 സെന്റീമീറ്റർ മഴ ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ മഴ, പെയ്യാതെ  മാറി നിൽക്കുകയാണ്. 

 ജൂൺ മുതൽ ഓഗസ്റ്റ് പകുതി വരെ 44% ത്തോളം കുറവ് മഴയാണ് ലഭിച്ചത്. ഈ മാസം കഴിയുന്നതോടെ മഴയിലെ കുറവ് 60% ആകും.  മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഓഗസ്റ്റ് മാസത്തിലായിരുന്നു. സെപ്റ്റംബറിൽ സാധാരണ അധികം മഴ ലഭിക്കാറില്ല. എന്നാൽ ഇത്തവണ സെപ്റ്റംബറിൽ പതിവിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ്  കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ്‌ വെഥർ പ്രവചിക്കുന്നത്.. അതേസമയം സെപ്തംബറിൽ മഴ ലഭിച്ചാലും മഴക്കുറവ് പരിഹരിക്കാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. അതല്ലെങ്കിൽ തുലാമഴ ശക്തമാകണം. 

2018 ഓഗസ്റ്റിൽ  കേരളം പ്രളയക്കെടുതിയിലായിരുന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം വരൾച്ചാ മുനമ്പിലാണ് സംസ്ഥാനം. വരൾച്ച മുന്നിൽ കണ്ടുള്ള മുൻകരുതൽ നടപടികൾ നാം സ്വീകരിക്കണമെന്ന് വിഗദ്ധർ ആവശ്യപ്പെട്ടിട്ടുണ്ട്. വരൾച്ച പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള  ആദ്യഘട്ട പഠനത്തിലാണ് ഇപ്പോൾ ദുരന്തനിവാരണ അതോറിറ്റി. ഇതിന് മുമ്പ് എൽനിനോ രൂപപ്പെട്ട 2016ലാണ് കേരളത്തിൽ  അവസാനമായി വരൾച്ച പ്രഖ്യാപിച്ചത്. ഇത്തവണയും സംസ്ഥാനത്തെ വര‌ൾച്ചയിലേക്ക് നയിക്കുന്നത് പസഫിക്ക് സമുദ്രത്തിന് ചൂട് പിടിക്കുന്ന എൽനിനോ പ്രതിഭാസമാണ്. ഒപ്പം ന്യൂനമർദ്ദങ്ങൾ കാര്യമായി ഉണ്ടാകാത്തതും തീരത്ത് കാലവർഷക്കാറ്റ് കുറഞ്ഞതും മൺസൂൺ ദുർബലമാകാൻ കാരണമായി. 

മഴയൊഴിഞ്ഞ കര്‍ക്കിടകം സമ്മാനിച്ച വരള്‍ച്ചയില്‍ സംസ്ഥാനത്തെ കൃഷികളെല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു.. മഴയില്ലാത്തൊരു കർക്കിടകം ഓർമ്മയിൽ ഇല്ലെന്നാണ് കർഷകർ പറയുന്നത്.  വയനാട്ടിൽ നെൽകൃഷി ഇറക്കുന്ന സമയമാണിപ്പോൾ. വയലിൽ വെള്ളം പൊങ്ങുമ്പോഴാണ് വിത്തിറക്കുക. ഓണമാകാറായി. വിത്ത് വിതച്ച കർഷകർ ഞാറ് പറിച്ചു നടാൻ എന്ത്‌ ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. കാലവർഷം ചതിച്ചതോടെ മഴയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കുന്ന പാടശേഖരങ്ങൾ വരണ്ടുതുടങ്ങി. നെൽച്ചെടികൾക്കടിയിലൂടെ തെളിനീരുറവ കുതിച്ചുയരേണ്ട കർക്കിടകത്തിൽ കൊടുംവെയിലിൽ വിണ്ടുകീറുകയാണ് വയലുകൾ.

പച്ചക്കറികളുടെ കലവറയായ തിരുവനന്തപുരം ചെങ്കല്‍ പഞ്ചായത്തില്‍ നൂറുകണക്കിന് കൃഷിക്കാരാണ് നട്ടതെല്ലാം നഷ്ടപ്പെട്ട്  വഴിയാധാരമായിരിക്കുന്നത്.  മഴയില്ലാത്തതുകൊണ്ട് പച്ചക്കറികൾ കരിഞ്ഞുണങ്ങി.  ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. ഓണക്കാലത്ത് സര്‍ക്കാര്‍ നല്‍കിവന്ന തുച്ഛമായ സബ്സിഡിപോലും ഇത്തവണ വിതരണം ചെയ്തിട്ടില്ലെന്നു കര്‍ഷകര്‍ പറയുന്നു. കർക്കിടകമാസത്തിൽ മഴ മാറി നിന്നതോടെ മലയോര മേഖലയിൽ വരൾച്ച രൂക്ഷമാവുകയാണ്. തോടുകളും നദികളും ഉൾപ്പെടെ ജലസ്രോതസ്സുകൾ വറ്റി വരണ്ടു. കഴിഞ്ഞ മാസം വെള്ളപ്പൊക്കം ഉണ്ടായ ആറുകളിൽ ഇപ്പോൾ അടിത്തട്ട് തെളിഞ്ഞ നിലയിലാണ്.  മണിമല, പമ്പ, അഴുത ആറുകളും  ചിറ്റാർ പുഴയും ജലനിരപ്പ് താഴ്ന്ന് ഇടമുറിഞ്ഞാണ് ഒഴുകുന്നത്. മഴ കുറഞ്ഞതോടെ വൈദ്യുതി പ്രതിസന്ധിയും രൂക്ഷമാവുകയാണ്. ഇപ്പോഴത്തെ സ്ഥിതി  തുടർന്നാൽ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരും. അതല്ലെങ്കിൽ കൂടിയ നിരക്കിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങണം. അണക്കെട്ടുകളിൽ ഇപ്പോൾ  ശരാശരി 37%  വെള്ളമേയുള്ളൂ. ജൂൺ–സെപ്റ്റംബർ മാസങ്ങളിലെ മഴയിലൂടെയാണ് മേയ് വരെ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം സാധാരണ ലഭിക്കുന്നത്. 

വൈദ്യുതി നിയന്ത്രണം ഒഴിവാക്കി പ്രതിസന്ധി തൽക്കാലത്തേക്ക് മറികടക്കാനുള്ള ആലോചനയിലാണ് വൈദ്യുതി ബോർഡ്. ഓണം വരെ നിയന്ത്രണങ്ങൾക്ക് സാധ്യതയില്ല. എന്നാൽ, പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യത കുറഞ്ഞാൽ നിയന്ത്രണം അനിവാര്യമാകും. ലോഡ്ഷെഡിങ്, പവർ കട്ട് എന്നീ വഴികൾ മുന്നിലുണ്ടെങ്കിലും അവ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുമെന്ന പ്രശ്നമുണ്ട്. അതേസമയം, കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത്  വലിയ സാമ്പത്തിക ബാധ്യത വരുത്തി വെയ്ക്കും. കേരളത്തിൽ മഴ കുറഞ്ഞതിന് തമിഴ്നാട്ടിലെ കർഷകര്‍ പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നതും നാം കണ്ടു കഴിഞ്ഞു. ഇടുക്കിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ മൂന്നാഴ്ചയായി മഴ കുറവാണ്. ഈ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ചാണ് തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിൽ  14,707 ഏക്കർ സ്ഥലത്ത് കൃഷി ചെയ്യുന്നത്. കൃഷിയ്ക്കാവശ്യമായ വെളളം കിട്ടാതെ വന്നതോടെയാണ് കമ്പം മേഖലയിലെ കർഷകർ പ്രത്യേക പ്രാർഥന നടത്തിയത്.

അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ, മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇപ്പോൾ ഹിമാലയൻ താഴ്‌വരയിൽ പെയ്തുകൊണ്ടിരിക്കുന്ന മൺസൂൺ പാത്തി, തെക്ക് ഭാഗത്തേക്ക്‌ മാറി സാധാരണ സ്ഥാനത്ത് എത്തുന്നതാണ് മഴയ്ക്കുള്ള വഴി തുറക്കുന്നത്. ഒപ്പം വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും പ്രതീക്ഷ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *