We Talk

‘പിണറായിയും മോദിയെ പുകഴ്ത്തുന്നു’; 2024ലും അധികാരത്തിലെത്തും; ടൈംസ് നൗ സര്‍വേ പറയുന്നത്

”ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക- സൈനിക ശക്തികളുടെ പട്ടികയില്‍ ഇന്ന് ഇന്ത്യയുണ്ട്. ആഗോളതലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ്  നമ്മള്‍. ലോക ഐടി രംഗത്ത്, ഇന്ത്യ അതിന്റെ സാനിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നു. ബഹിരാകാശത്തും ചന്ദ്രനിലുമൊക്കെയും നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയുടെ ആയുര്‍വേദവും യോഗയുമെല്ലാം ലോക ശ്രദ്ധയില്‍ എത്തി നില്‍ക്കുന്നു. തീര്‍ച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്. നമ്മോടോപ്പവും തൊട്ടടുത്ത വര്‍ഷങ്ങളിലുമായി, സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും, വലിയ പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ പോലും, നമ്മള്‍ പിടിച്ചു നിന്നു. ”- മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ തുടക്കത്തിലെ ഈ വാക്കുകള്‍ സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. പിണറായിയും മോദിയെ പുകഴ്ത്തുന്നു എന്ന് പറഞ്ഞാണ് പ്രചാരണം.

ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗവും കേള്‍ക്കണം. അതില്‍ മോദി അര്‍ഥശങ്കക്കിടയില്ലാത്ത വിധം പറയുന്നുണ്ട്, 2024ലും  രാജ്യത്ത് അധികാരത്തിലെത്തുക എന്‍ഡിഎ തന്നെ ആയിരിക്കുമെന്ന്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ ജയവും, ഐഎന്‍ഡിഐഎ എന്ന പ്രതിപക്ഷം സഖ്യം രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞതും ആശ്വാസമായി കോണ്‍ഗ്രസ് കണക്കാക്കുമ്പോഴും, തെരഞ്ഞെടുപ്പ് വിശകലന  വിദഗ്ധര്‍ അടുത്ത വര്‍ഷം ബിജെപിയുടെ തുടര്‍ ഭരണമാണ് പ്രവചിക്കുന്നത്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വന്ന ആദ്യ സര്‍വേയായ െൈടംസ് നൗ ഇലക്ഷന്‍ സര്‍വേയും, മോദി മാജിക്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Chief Minister Pinarayi Vijayan 2023

2024ലും എന്‍ഡിഎക്ക് 326 സീറ്റുവരെ

2024ലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം ചരിത്രവിജയം നേടി അധികാരത്തിലെത്തുമെന്നാണ്  ടൈംസ് നൗ, ഇടിജി എന്നിവര്‍ സംയുക്തമായി നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഉത്തരരേന്ത്യയില്‍ എന്‍ഡിഎ കുതിപ്പ് തുടരുമെന്നും ബാക്കിയുള്ള മേഖലകളില്‍ നിലമെച്ചപ്പെടുത്തുമെന്നും സര്‍വേ  വ്യക്തമാക്കുന്നു.

ഇപ്പോഴത്തെ സാഹചര്യം 2024 മേയിലും പ്രകടമായാല്‍, 296 മുതല്‍ 326 വരെ സീറ്റുകള്‍ നേടി ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിലെത്തുമെന്നാണ് സർവേ പറയുന്നത്.. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഉള്‍പ്പെട്ട ഐഎന്‍ഡിഐഎ സഖ്യത്തിന് 160 മുതല്‍ 190 വരെ സീറ്റുകള്‍ മാത്രമേ നേടാന്‍ സാധിക്കുകയുള്ളു. ഒറ്റയ്ക്ക് മത്സരിക്കുന്ന പ്രദേശിക പാര്‍ട്ടികള്‍ വലിയ കേടുപാടുകള്‍ സംഭവിക്കാതെ പിടിച്ചുനില്‍ക്കുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

25 സീറ്റുകളാണ് വൈഎസ്ഐആര്‍ കോണ്‍ഗ്രസിന്  പ്രവചിക്കുന്നത്. ബിജു ജനതാ ദളിന് 14 സീറ്റുവരെയും തെലങ്കാനയിലെ  ബിആര്‍എസിന് 11 സീറ്റുവരെയും ലഭിക്കാന്‍ സാദ്ധ്യതയുണ്ട്. വൈഎസ്ഐആര്‍ കോണ്‍ഗ്രസ്, ബിആര്‍എസ് എന്നീ പാര്‍ട്ടികളുടെ പ്രകടനം ദക്ഷിണേന്ത്യയില്‍ മേല്‍ക്കൈ നേടാമെന്ന ഐഎന്‍ഡിഐഎ അഥവാ ഇന്ത്യാ  മുന്നണിയുടെ പ്രതീക്ഷകളെ തകര്‍ക്കുമെന്നും സര്‍വേ പറയുന്നു.

ഉത്തരേന്ത്യയിലെ 80 ശതമാനം സീറ്റുകളും എന്‍ഡിഎ തൂത്തുവാരും. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍  നിലമെച്ചപ്പെടുത്തും. ബംഗാളിലും ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നും സര്‍വേയില്‍ പറയുന്നു. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ ഇന്ത്യ മുന്നണി  വലിയ തിരിച്ചടി നേരിടും. തമിഴ്നാട്ടില്‍ പിടിച്ചു നില്‍ക്കും, കര്‍ണാടകയില്‍ ബിജെപി തന്നെ നേട്ടമുണ്ടാക്കുമെന്നാണ്  സര്‍വേയിൽ കാണുന്നത്. 

സർവേയിൽ പ്രവചിക്കുന്ന കക്ഷി നില ഇങ്ങനെയാണ് :

NDA : 296- മുതൽ 326 വരെ സീറ്റുകൾ വരെ 
പുതിയ  UPA, അഥവാ ഇന്ത്യ മുന്നണി : 160 മുതൽ 190 വരെ 
YSR കോൺഗ്രസ്  : 24 ഓ 25ഓ സീറ്റുകൾ 
BJD അഥവാ ബിജു ജനതാദൾ  : 12 മുതൽ  14 വരെ 
BRS അഥവാ പഴയ ടി ആർ എസ്   : 9 മുതൽ 11 വരെ 
മറ്റുള്ളവർ  : 11- 14 സീറ്റുകൾ

വോട്ടാകുന്നത് എന്ത്?

രാഷ്ട്രീയമായി നോക്കുമ്പോള്‍ ബിജെപി ചായ്‌വ് ആരോപിക്കാവുന്ന ചാനലാണ് ടൈംസ് നൗ. എന്നാല്‍ കഴിഞ്ഞ രണ്ടുതവണയും അവരുടെ സര്‍വേ പൂര്‍ണ്ണമായും ശരിയായിരുന്നു. . ഒരുലക്ഷത്തിലധികം സാമ്പിളുകള്‍ എടുത്താണ് ഇന്ത്യ മുഴുവന്‍ സര്‍വേ ചെയ്തതെന്നാണ് ടൈംസ് നൗ അവകാശപ്പെടുന്നത്. നേരിട്ട് പോകാന്‍ കഴിയാത്ത മണിപ്പൂര്‍ പോലുള്ള പ്രദേശങ്ങളില്‍ വാട്‌സാപ്പ് വഴിയും മെയില്‍ വഴിയും സര്‍വേ നടത്തിയെന്നാണ് പറയുന്നത്. എന്താണ് എന്‍ഡിഎക്ക് അനുകൂലമായി വോട്ട് ആകുന്നത് എന്ന ചോദ്യത്തിന് ടൈംസ് നൗ സര്‍വേ നല്‍കുന്ന മറുപടി വികസനം എന്നാണ്. മോദിയുടെ വികസിത ഭാരതം എന്ന മുദ്രാവാക്യത്തില്‍ ജനങ്ങള്‍ വിശ്വാസം അര്‍പ്പിക്കുന്നു. ജനപ്രീതിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് മുന്നില്‍. രാഹുല്‍ ഗാന്ധിയ്ക്ക് ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചില്ലെന്നും സര്‍വെയില്‍ ചൂണ്ടിക്കാണിക്കുന്നു. രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് ചെറിയ മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും അത് കോണ്‍ഗ്രസ് സഖ്യത്തെ, വിന്നിങ്ങ് പൊസിഷനിലേക്ക് ഉയര്‍ത്താന്‍ തക്ക രീതിയില്‍ തരംഗമായി മാറുന്നില്ല.അതുപോലെ തന്നെ പ്രതിപക്ഷത്തെ അനൈക്യവും, നാഥനില്ല എന്ന പൊതുധാരണയും ജനങ്ങള്‍ക്കിടയില്‍ ആശങ്കകള്‍ സൃഷട്ക്കുന്നുണ്ടെന്നും, ഉറച്ച ഭരണം ആഗ്രഹിക്കുന്നവര്‍ മോദിക്ക് വോട്ടുചെയ്യുമെന്നുമാണ് സര്‍വേ പറയുന്നത്. യുപിഎ ഭരണത്തിലെപ്പോലെ കൊടിയ അഴിമതിയുടെയും കുംഭകോണങ്ങളുടെയും കഥകള്‍ എന്‍ഡിഎ ഭരണകാലത്ത് ഉണ്ടായിട്ടില്ലെന്നും രാജ്യസുരക്ഷയിലും, ഭീകരാക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും മോദി ഭരണകാലം മികച്ചു നിന്നു എന്നുമാണ് സര്‍വേ കണ്ടെത്തുന്നത്. ഒപ്പം ഇന്ത്യ ഒരു വലിയ സാമ്പത്തിക ശക്തിയായി മാറുന്ന കാര്യം എടുത്തു കാട്ടുന്നു. . ഇതിനെല്ലാം ഉപരിയായി ഇന്ത്യയിലെ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന നേതാവ് മോദിയാണെന്നും സര്‍വേ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മോദി തരംഗം ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നും അതിന്റെ ചുവടു പിടിച്ച് ബിജെപി ഒരിക്കല്‍ കൂടി അധികാരം പിടിക്കുമെന്നുമാണ് ടൈംസ് നൗ സര്‍വേ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *