Science TalkWe Talk

ലൂണ 25: പൊലിഞ്ഞു പോയ റഷ്യൻ സ്വപ്നം

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ ദൗത്യമെന്ന ലക്ഷ്യവുമായി പുറപ്പെട്ട റഷ്യയുടെ ലൂണ 25 ചന്ദ്രോപരിതലത്തിൽ തകർന്നു വീണപ്പോൾ വ്യർഥമായത് നിരവധി ശാസ്ത്രജ്ഞരുടെ അധ്വാനവും കോടിക്കണക്കിന് രൂപയും ഒരു രാജ്യത്തിന്റെ 47 വർഷത്തെ കാത്തിരിപ്പുമാണ്. ദൗത്യം പരാജയപ്പെട്ടതായി റഷ്യൻ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് സ്ഥിതീകരിച്ചു.

പേടകത്തിന്റെ ഭ്രമണപഥം മാറ്റുന്നതിനിടെ ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പേടകം തകർന്നുവീണതായി വ്യക്തമായത്. ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 തിങ്കളാഴ്ച ലാൻഡിങ് നടത്താനിരിക്കെയാണ് ദുഃഖകരമായ വാർത്ത. 47 വർഷത്തിന് ശേഷമുള്ള റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണ് ലൂണ 25. ലാൻഡിങ്ങിന് തൊട്ടുമുൻപ് പേടകത്തെ എത്തിക്കാൻ ലക്ഷ്യമിട്ട പ്രീ ലാൻഡിങ് ഭ്രമണപഥത്തിലേക്ക് മാറ്റുന്ന പ്രക്രിയയ്ക്കിടെയാണ് സാങ്കേതിക തകരാർ ഉണ്ടായത്. ഇതോടെ ഭ്രമണപഥം താഴ്ത്തുന്ന പ്രവർത്തനം നടന്നില്ല. പ്രശ്നം പരിശോധിച്ചു വരുകയാണെന്ന് അറിയിച്ച റഷ്യൻ ബഹിരാകാശ ഏജൻസി , പേടകം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയെന്ന് പിന്നീട് സ്ഥിരീകരിച്ചു. പേടകവുമായി ശനിയാഴ്ച മുതൽ ആശയവിനിമയം വിച്ഛേദിക്കപ്പെട്ടെന്നും അത് തിരിച്ചുപിടിക്കാനായില്ലെന്നും റോസ്കോസ്മോസ് അറിയിച്ചു. നിർദ്ദിഷ്ട ഭ്രമണപഥത്തിൽ അല്ലാതെ മറ്റൊരു ഭ്രമണപഥത്തിലേക്ക് പേടകം മാറുകയായിരുന്നുവെന്നും തുടർന്ന് തകർന്നുവീണെന്നുമാണ് സ്ഥിരീകരണം. പരാജയകാരണം വിശദമായി പരിശോധിക്കുമെന്നും റോസ്കോസ്മോസ് അറിയിച്ചു.

സോവിയറ്റ് കാലത്തിന് ശേഷം റഷ്യയുടെ ആദ്യ ചാന്ദ്ര ദൗത്യമാണ് ലൂണ 25. ഏകദേശം 200 മില്ല്യൺ യുഎസ് ഡോളറായിരുന്നു പദ്ധതിയുടെ ചിലവ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങാനും പര്യവേഷണം നടത്താനും ലക്ഷ്യമിട്ടുള്ള പദ്ധതി 2021  ഒക്ടോബറിൽ വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ രണ്ട് വർഷത്തോളം പദ്ധതി വൈകുകയായിരുന്നു. ദൗത്യത്തിന്‌റെ ഭാഗമായി യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ പൈലറ്റ്-ഡി നാവിഗേഷൻ ക്യാമറയുടെ പരീക്ഷണവും നിശ്ചയിച്ചിരുന്നു. എന്നാൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്‌റെ പശ്ചാത്തലത്തിൽ 2022 ഫെബ്രുവരിയിൽ യുറോപ്യൻ സ്‌പേസ് ഏജൻസി പിന്മാറി. ചന്ദ്രനിലുള്ള ഗർത്തങ്ങളിൽ ഘനീഭവിച്ച ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുകയെന്നതാണ് ലൂണ 25 ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. നാസയിലെയും മറ്റ് ബഹിരാകാശ ഏജൻസികളിലെയും ശാസ്ത്രജ്ഞർ സമീപവർഷങ്ങളിൽ ഗർത്തങ്ങളിൽ തണുത്തുറഞ്ഞ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇന്ത്യ ചന്ദ്രയാൻ 3 വിക്ഷേപിച്ച് നാലാഴ്ചയ്ക്കു ശേഷമാണ് റഷ്യ ലൂണ 25 വിക്ഷേപിച്ചത്. നിലവിൽ സോവിയറ്റ് യൂണിയൻ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങൾ മാത്രമേ ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിട്ടുള്ളൂ. അതിലൊരു പടികൂടി കടന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യാനാണ് ഇന്ത്യയും റഷ്യയും ശ്രമിക്കുന്നത്.

ബഹിരാകാശ ഗവേഷണരംഗത്തും ചാന്ദ്ര പര്യവേഷണത്തിലും യുഎസ്എസ്ആറിനായിരുന്നു തുടക്കത്തിൽ മേൽക്കൈ. ആദ്യ ബഹിരാകാശ സഞ്ചാരി, ആദ്യ ചാന്ദ്ര പര്യവേഷണ ദൗത്യം, ചന്ദ്രനിലെ ആദ്യ ലാൻഡിങ്, ആദ്യ ഉപഗ്രഹം, ലോകത്തെ ആദ്യത്തെ ബഹിരാകാശ നിലയം തുടങ്ങി യുഎസ്എസ്ആറിന്‌റെ പേരിൽ നിരവധിയാണ് നേട്ടങ്ങൾ. എന്നാൽ മനുഷ്യനെ ചന്ദ്രനിലെത്തിച്ച് അമേരിക്ക, യുഎസ്എസ്ആറിന്‌റെ സകല നേട്ടങ്ങളും നിഷ്പ്രഭമാക്കി. 1976 ലെ ലൂണ-24 ന് ശേഷം ചാന്ദ്ര പര്യവേഷണത്തിന് റഷ്യ തുനിഞ്ഞിരുന്നില്ല. 47 വർഷത്തിന് ശേഷം ലൂണ 25 ലൂടെ പുതിയ ചരിത്രം കുറിക്കാനുള്ള റഷ്യയുടെ നീക്കമാണ് ഇപ്പോൾ തകർന്നു പോയത്.

അതേസമയം ലൂണയുടെ തകർച്ചയോടെ ബുധനാഴ്ച ലാൻഡിങ് നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയുടെ ചന്ദ്രയാൻ3 നെ കാത്തിരിക്കുന്നത് ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ പേടകമെന്ന ബഹുമതിയാണ്. അവസാന ഡീബൂസ്റ്റിങ്ങും പൂർത്തിയാക്കിയ ചന്ദ്രയാൻ 3 ലാൻഡർ, സോഫ്റ്റ് ലാൻഡിങ്ങിനായി സജ്ജമാണ്. ലാൻഡിങ്ങിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെ സൂര്യോദയത്തെ അടിസ്ഥാനമാക്കിയാകും ലാൻഡിങ്.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *