We Talk

യോ​ഗി ആദിത്യനാഥിന്റെ കാലിൽ വീഴുന്ന തലെെവർ

തലൈവർ രജനികാന്ത്,  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കാല്‍തൊട്ടുവണങ്ങിയതിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്. രജനികാന്തിന്‍റെ ഈ ഉപചാര പ്രകടനം തമിഴ് ജനതയെ ആകെ നാണംകെടുത്തിയെന്ന അഭിപ്രായമാണ്  സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.

ആളുകളുടെ കാലിൽ തൊട്ട് വണങ്ങുന്ന രീതിയ്‌ക്കെതിരെ തന്റെ സിനിമകളിലൂടെ എതിർപ്പ് പ്രകടിപ്പിച്ചിട്ടുള്ള താരമാണ് രജനികാന്ത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘കാലാ’ എന്ന സിനിമയിൽ നാനാപട്നേക്കർ  അവതരിപ്പിച്ച ഹരിദാദ എന്ന മുഖ്യമന്ത്രി കഥാപാത്രത്തിന്‍റെ കാല്‍തൊട്ട് വണങ്ങുന്ന ഒരു രംഗമുണ്ട്. ഇവിടെ രജനിയുടെ കഥാപാത്രം ഇടപെടുകയും  കാല് തൊട്ട് വണങ്ങേണ്ടതിന് പകരം  ‘നമസ്തേ’ എന്ന് അഭിവാദ്യം ചെയ്താല്‍ മതിയെന്ന് പറഞ്ഞ് തിരുത്തുകയും ചെയ്യുകയാണ്. ഈ രംഗം ഇപ്പോൾ ട്വിറ്ററില്‍ വൈറലായി കഴിഞ്ഞു. ഇത്തരത്തിൽ കാലില്‍ തൊട്ട് വണങ്ങുന്ന പ്രവണതയ്ക്കെതിരെ സിനിമയിലൂടെ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള രജനികാന്ത് വ്യക്തി ജീവിതത്തില്‍ നേരെ വിപരീതമായി പ്രവര്‍ത്തിച്ചതാണ് ആരാധകരെ അമർഷം കൊള്ളിക്കുന്നത്. അദ്ദേഹം സിനിമയില്‍ പറയുന്നത് ഒന്ന്,  ജീവിതത്തില്‍ ചെയ്യുന്നത് മറ്റൊന്ന്’ എന്നാണ് താരത്തിനെതിരെ ഉയരുന്ന വിമർശനം. സിനിമയിലെ നായകന്‍ ജീവിതത്തില്‍ നായകനാവണമെന്നില്ലെന്നും വിമർശകർ പറയുന്നു. 

മുതിര്‍ന്നവരെ വണങ്ങുന്നതില്‍ തെറ്റില്ല. എന്നാൽ രജനിയെ പോലെയൊരാള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥിനെ വണങ്ങുന്നതിന്റെ അടിസ്ഥാനം എന്താണെന്നും അവർ ചോദിക്കുന്നു.  വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ട ഒരാളുടെ കാൽക്കലാണ്  തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വീണിരിക്കുന്നത്. ഇത് തികച്ചും അപഹാസ്യകരമാണെന്നും വിമർശകർ പറയുന്നു. സിനിമയിലും ജീവിതത്തിലും രാഷ്ട്രീയത്തിലും പുരോഗമന ചിന്താഗതി ഉയര്‍ത്തിപ്പിടിക്കുന്ന നടന്‍ കമല്‍ഹാസന്‍റെ പഴയ ഒരു പ്രസംഗത്തിന്‍റെ ഭാഗങ്ങളും വിമർശകർ രജനിക്കെതിരെ  ആയുധമാക്കുന്നുണ്ട്. ‘നാളെ ഏതെങ്കിലും മന്ത്രശക്തിയുള്ള സ്വാമിയാര്‍, ഒരു ദൈവത്തെ കണ്‍മുൻപിൽ കൊണ്ടുവന്ന് നിര്‍ത്തിയാല്‍, കൈകൊടുത്ത് വരവേല്‍ക്കും. പക്ഷെ അദ്ദേഹത്തിന്റെ മുന്‍പില്‍ കുമ്പിടില്ല’ എന്ന കമലിന്‍റെ വാക്കുകളാണ് സൈബർ ഇടങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

ഈ മനുഷ്യൻ തമിഴ്നാടിന് നാണക്കേടാണ്. ആത്മീയത ഒരിക്കലും ആത്മാഭിമാനം നഷ്ടപ്പെടുത്തുന്നതല്ല.
72 കാരനായ രജനികാന്ത് 51 കാരനായ യോഗി ആദിത്യനാഥിന്റെ പാദങ്ങളിൽ തൊട്ട് വന്ദിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്, എന്നിങ്ങനെ പോകുന്നു വിമർശനങ്ങൾ. രജനികാന്ത് മറ്റ് നടന്മാരെപ്പോലെ ഒരു നടൻ മാത്രമായിരുന്നുവെങ്കിൽ, അദ്ദേഹത്തിന്റെ പ്രവർത്തി തങ്ങളെ ബാധിക്കില്ലായിരുന്നു. എന്നാൽ രജനികാന്ത് ദക്ഷിണേന്ത്യയുടെ മുഖമാണ്.  തമിഴ്‌നാട് എന്നൊരു സംസ്ഥാനം ഉണ്ടെന്ന് പോലും പലർക്കും അറിയില്ല, പക്ഷേ അവർക്ക് രജനികാന്തിനെ അറിയാം.  ആ ബഹുമാനം അദ്ദേഹം കാത്തുസൂക്ഷിക്കണമായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തിയിൽ തങ്ങൾ നിരാശരാണെന്നും വിമർശകർ പറയുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ‘കുനിയുന്നതും നിവരുന്നതും നല്ലതാണ്. എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും’ എന്നാണ് വി ശിവൻകുട്ടി ഫേസ്ബുക് പേജിൽ പരിഹസിച്ചിരിക്കുന്നത്.

അതേസമയം രജനികാന്തിന്റെ പ്രവർത്തിയെ ന്യായീകരിക്കുന്നവരും നിരവധിയാണ്. തന്നെക്കാള്‍ പ്രായത്തില്‍ കുറവായിരുന്നിട്ട് പോലും യോഗി ആദിത്യനാഥിന്‍റെ കാല്‍ തൊട്ട് വന്ദിച്ചത് അദ്ദേഹത്തിന്റെ മാറ്റ് കൂട്ടിയിട്ടേ ഉള്ളൂവെന്നാണ് അവരുടെ അഭിപ്രായം. ദൈവത്തെ കൊണ്ടുവന്ന് മുൻപിൽ നിര്‍ത്തിയാലും കുമ്പിടില്ലെന്നു പറഞ്ഞ കമൽഹാസൻ, കെ ബാലചന്ദറിന്റെ കാൽ തൊട്ട് വന്ദിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചുകൊണ്ടാണ് നടൻ ഹരീഷ് പേരടി, തലൈവരുടെ  പ്രവർത്തിയെ ന്യായീകരിച്ചത്. കൈ കുലക്കണമോ, കാലിൽ തൊടണമോ, സല്യൂട്ട് അടിക്കണമോ, മുഷ്ടി ചുരുട്ടി കുലക്കണമോ.. എന്നിവയൊക്കെ വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെന്ന് ഹരീഷ് പേരടി അഭിപ്രായപ്പെടുന്നു. അറിയപ്പെടാത്ത ജൂനിയർ ആർട്ടിസ്റ്റുകളുടെയും സാധാരണ മനുഷ്യരുടെയും തന്നെക്കാൾ പ്രായം കുറഞ്ഞവരുടെയും  കുട്ടികളുടെയും വരെ കാൽ തൊട്ട് വണങ്ങിയിട്ടുണ്ടെന്ന് ഹരീഷ് പേരടി കുറിക്കുന്നു. മാത്രമല്ല ജീവിതത്തിന്റെ പ്രതിസന്ധികളിൽ കട്ടക്ക് കൂടെ നിന്ന ഭാര്യയുടെ കാലിൽ തൊട്ട് അവളുടെ സമ്മതമില്ലാതെ താൻ അനുഗ്രഹം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. കാല് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്ന് കൂടി ഓർമ്മിപ്പിച്ചുകൊണ്ടാണ് ഹരീഷ് പേരടി, രജനികാന്തിനെ പിന്തുണയ്ക്കുന്നത്.

ജയിലര്‍ സിനിമയുടെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവില്‍ നടന്നതിന് പിന്നാലെയാണ് രജനികാന്ത്  മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ചത്. മുഖ്യമന്ത്രിയാകും മുന്‍പ് ഗൊരഖ്പൂര്‍ ക്ഷേത്രത്തിലെ മുഖ്യപുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *