നായർ ആയതാണോ ചെന്നിത്തലയുടെ അയോഗ്യത?
കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പ്രായം കൊണ്ടല്ലെങ്കിലും പാരമ്പര്യം കൊണ്ട് ഏറ്റവും മുതിർന്ന നേതാവാണു രമേശ് ചെന്നിത്തല. അര നൂറ്റാണ്ടു കാലത്തെ കോൺഗ്രസ് പ്രവർത്തനത്തിനിടയിൽ ചെന്നിത്തല വഹിച്ചത് പോലുള്ള പദവികളും ഉത്തരവാദിത്തങ്ങളും കൈകാര്യം ചെയ്ത മറ്റൊരു നേതാവും ഇന്നാ പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിൽ പോലുമില്ല. 1970 ൽ ചെന്നിത്തല ഹൈസ്കൂളിലെ കെ എസ് യു യൂണിറ്റ് സെക്രട്ടറിയായി ആരംഭിച്ചു പടിപടിയായാണ് തന്റെ രാഷ്ട്രീയ ജീവിതം ചെന്നിത്തല കെട്ടിപ്പടുത്തത്.
കെഎസ്യു സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ എസ് യു ഐ ജനറൽ സെക്രട്ടറി, എൻ എസ് യു ഐ പ്രസിഡന്റ് , യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ,, എ ഐ സി സി സെക്രട്ടറി , കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നിങ്ങനെ അദ്ദേഹം വഹിച്ച പദവികൾ എണ്ണിയാൽ തീരാത്തതാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി 1986 ലെ കെ കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടായിരുന്നു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ 2014 മുതൽ 2016 വരെ ആഭ്യന്തര മന്ത്രിയായും പ്രവർത്തിച്ചു. നാലു തവണ എം പിയും അഞ്ചു തവണ എം എൽ എ യുമായ രമേശ് ചെന്നിത്തലയുടെ പ്രവർത്തന പാരമ്പര്യത്തോടു കിടപിടിക്കാൻ കോൺഗ്രസിൽ ഒരാളും ഇല്ലെന്നിരിക്കെ എ ഐ സി സി പുറത്തു വിട്ട പുതിയ കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ അദ്ദേഹത്തെ തീർത്തും അവഗണിച്ചിരിക്കുകയാണ്. സ്ഥിരം ക്ഷണിതാവായാണ് അദ്ദേഹത്തെ വർക്കിംഗ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 39 അംഗ പ്രവർത്തകസമിതിയിൽ രമേശ് ചെന്നിത്തലയില്ല. അദ്ദേഹത്തേക്കാൾ എത്രയോ ജൂനിയറും രാഷ്ട്രീയ പ്രവർത്തന പരിചയത്തിൽ അദ്ദേഹത്തിന്റെ നാലയലത്തു നിൽക്കാൻ യോഗ്യതയില്ലാത്തവരെയും സമിതിയിൽ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.
ഗ്രൂപ്പ് ഭേദമില്ലാതെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരിൽ ഇതു കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയ സാഹചര്യത്തിൽ അവർ നിശബ്ദത പാലിക്കുന്നു എന്നേയുള്ളൂ. എന്നാൽ, കത്തും കമ്പികളും ഡൽഹിയിലേക്ക് പ്രവഹിക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രതിഷേധത്തിന്റെ സ്വരം മാറും. 2004 ൽ പ്രവർത്തക സമിതിയിൽ ക്ഷണിതാവായിരുന്നു ചെന്നിത്തല. 19 വർഷത്തിനു ശേഷവും അദ്ദേഹത്തിനു അതേ സ്ഥാനം തന്നെ നൽകി എന്നത് പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. 2005 ൽ ദേശീയ രാഷ്ട്രീയത്തിൽ നിന്നു സംസ്ഥാന രാഷ്ട്രീയത്തിലേക്കു രമേശ് ചെന്നിത്തലയെ പാർട്ടി നിയോഗിച്ചത് കെ കരുണാകരൻ പിളർത്തി ഒരു പരുവമാക്കിയ സംസ്ഥാന കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ്. പിളർന്നു പോയവരെ തിരിച്ചു കൊണ്ടുവന്നും അകന്നവരെ അടുപ്പിച്ചും അദ്ദേഹം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പുതു ജീവൻ നൽകി. കെപിസിസി പ്രസിഡന്റ് ആയിരിക്കെ പാർട്ടിയെ അധികാരത്തിലെത്തിച്ചു.
കെ കരുണാകരന്റെയും എകെ ആന്റണിയുടെയും കാലത്തു സംസ്ഥാന കോൺഗ്രസ് പ്രത്യക്ഷത്തിൽ തന്നെ രണ്ടു ഗ്രൂപ്പുകളായി നില കൊണ്ട രാഷ്ട്രീയ സാഹചര്യം ആയിരുന്നെങ്കിൽ രമേശ് ചെന്നിത്തലയുടെ വരവോടെ അതിൽ പ്രകടമായ മാറ്റം ഉണ്ടായി. പാർട്ടിയുടെ പൊതു താല്പര്യത്തിനു മുൻപിൽ ഗ്രൂപ്പിസത്തിനു അയവ് വരുത്താൻ അവർ തയ്യാറായി. ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കും അവരുടെ ഗ്രൂപ്പുകളിൽ തന്നെ പിൽക്കാലത്തു തിരിച്ചടിക്ക് ഇത് കാരണമാവുകയും ചെയ്തു.
2016 ലെ പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് എം എൽ എമാരുടെ യോഗം ചേർന്നപ്പോൾ അന്നത്തെ രാഹുൽ ബ്രിഗേഡിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയായി വി ഡി സതീശൻ രംഗത്ത് വന്നിരുന്നു. ചെന്നിത്തലയുടെ വിശ്വസ്തനായി ഐ ഗ്രൂപ്പിൽ സതീശൻ നിൽക്കുമ്പോഴായിരുന്നു ഇത്. ഉമ്മൻചാണ്ടിയുടെ ഉറച്ച പിന്തുണയിലാണ് അന്ന് ചെന്നിത്തല പ്രതിപക്ഷ നേതാവായത്. 2021 ൽ എൽ ഡി എഫിന് തുടർഭരണം ലഭിക്കുകയും യു ഡി എഫ് പ്രതിപക്ഷത്തേക്കു വീണ്ടും തള്ളപ്പെടുകയും ചെയ്തപ്പോൾ ആസൂത്രിതമായ അട്ടിമറിയിലൂടെയാണ് ചെന്നിത്തലയെ പിന്തള്ളി സതീശൻ പ്രതിപക്ഷ നേതാവായത്. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും വിശ്വസ്തർ എന്ന് കരുതിയിരുന്ന ഏതാനും എം എൽ എ മാർ കെ സി വേണുഗോപാലിന്റെ പിന്തുണയിൽ കെ സുധാകരനെ കെപിസിസി പ്രസിഡന്റും വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുമുള്ള ബ്ലൂ പ്രിന്റ് തയ്യാറാക്കിയിരുന്നു. നിയമസഭാ കക്ഷിയിൽ കൂടുതൽ അംഗങ്ങൾ ചെന്നിത്തലയെ പിന്തുണയ്ക്കും എന്നുറപ്പായിരിക്കെ, അതിനെ അട്ടിമറിക്കാൻ എം പി മാരുടെ കൂടി അഭിപ്രായം തേടണമെന്ന നിർദേശം ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്ന് കൊണ്ടു വന്നാണ് സതീശനെ തെരഞ്ഞടുത്തത്. നിയമസഭാ കക്ഷി അംഗങ്ങളാണ് നേതാവിനെ തെരഞ്ഞെടുക്കണ്ടതെന്ന വാദത്തിൽ ചെന്നിത്തല അന്നുറച്ചു നിന്നിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നു. പാർട്ടി നേതൃത്വത്തിന് വഴങ്ങുന്ന അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകൻ എന്ന നിലപാടിൽ നിന്ന് അണുവിട വ്യതിചലിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിട്ടില്ല. ഇപ്പോൾ ചിരിക്കുന്ന എല്ലാവരും എല്ലായ്‌പോഴും ചിരിച്ചു കൊള്ളണമെന്നില്ല എന്ന നർമം കലർന്ന പ്രസംഗത്തിലൂടെയാണ് കൂടെ നിന്ന് പാലം വലിച്ചവരെ അദ്ദേഹം കളിയാക്കിയത്.
സമുദായ സംതുലനാവസ്ഥ തെറ്റുമെന്നതാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവാക്കിയതിനു പിന്നിലെന്ന ദുർബലവും പരിഹാസ്യവുമായ വാദമാണ് കോൺഗ്രസ് കേന്ദ്രങ്ങൾ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തു നിന്ന് നായർ സമുദായത്തിലെ കെ സി വേണുഗോപാൽ, ശശി തരൂർ എന്നിവരെ അംഗങ്ങളാക്കിയ സ്ഥിതിക്ക് മൂന്നാമതൊരു നായരെ കൂടി ഉൾപെടുത്താൻ പ്രയാസമാണത്രെ.ഒരാളെ മാറ്റി നിർത്തണമെങ്കിൽ ന്യായീകരണങ്ങൾ ഇതുപോലെ എത്ര വേണമെങ്കിലും കണ്ടെത്താൻ കഴിയും. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു വിശ്രമ ജീവിതം നയിക്കുന്ന എ കെ ആന്റണിയെ എന്തുകൊണ്ട് സ്ഥിരം ക്ഷണിതാവാക്കി ചെന്നിത്തലയെ പ്രവർത്തക സമിതി അംഗമാക്കിക്കൂടെ എന്ന ചോദ്യത്തിന് കോൺഗ്രസ് നേതാക്കൾക്ക് ഉത്തരമില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കഴിയാൻ കാത്തു നിൽക്കുകയാണ് എല്ലാവരും.