We Talk

മാസപ്പടിയിൽ അഴിമതിയാണ് പ്രശ്നം, ജിഎസ്ടി അല്ല

വീണാ വിജയന്റെ ഐ ടി കമ്പനിയായ എക്‌സലോജിക് ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനിയായ സി എം ആര്‍ എല്ലില്‍ നിന്ന്  1.72 കോടി രൂപ മാസപ്പടി വാങ്ങിയതിനെ    ചൊല്ലി ഉയര്‍ന്ന വിവാദം വീണയുടെ കമ്പനി നികുതി അടച്ചിട്ടുണ്ടോ എന്ന നിസ്സാര വിഷയത്തിലാണ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്.  കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ ഇക്കാര്യം എടുത്തിട്ടപ്പോള്‍ അതിന്‍മേല്‍ കയറിപ്പിടിച്ചു ജി എസ് ടി അടച്ചോ എന്നതിലേക്ക് ചര്‍ച്ച വഴി തിരിച്ചു വിടാനാണു  സിപിഎം കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചത്.

വീണ ജി എസ് ടി അടച്ചെങ്കില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ത്തിയ ആരോപണം പിന്‍വലിച്ചു കുഴല്‍നാടന്‍ മാപ്പു പറയണമെന്നാണ്  എ കെ ബാലന്‍ കഴിഞ്ഞ ദിവസം  ആവശ്യപ്പെട്ടത്. . സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകള്‍  ആസൂത്രിതമായി മാസപ്പടി വിഷയത്തെ  ജി എസ് റ്റിയിലേക്ക് ഒതുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  
എന്നാല്‍, വീണയുടെ കമ്പനി മാസപ്പടിക്ക് ജി എസ് ടി അടച്ചോ ഇല്ലയോ  എന്നതല്ല ഇവിടുത്തെ  അടിസ്ഥാന  പ്രശ്നം .ജി എസ് ടി അടച്ചില്ലെങ്കില്‍ അത് ഫൈനോടെ  അടയ്ക്കാന്‍ സൗകര്യമുണ്ട്. ഉത്തരവാദപ്പെട്ടവര്‍ അത് വാങ്ങിക്കൊള്ളും. ഇവിടെ  വിഷയം മറ്റൊന്നാണ്.  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ എന്ന നിലയ്ക്ക് കരിമണല്‍ കര്‍ത്തായില്‍ നിന്ന് വീണയോ കമ്പനിയോ അവിഹിതമായി   പണം കൈപ്പറ്റിയിട്ടുണ്ടോ എന്നതാണ് വിഷയം.ജി എസ് ടി അടച്ചു അവസാനിപ്പിക്കാന്‍ പറ്റിയ ഒന്നല്ല അത്.

അവിഹിതമായി വീണ കര്‍ത്തായില്‍ നിന്ന് പണം കൈപ്പറ്റി എന്ന്  അര്‍ത്ഥശങ്കക്കിടമില്ലാതെ തെളിഞ്ഞു  കഴിഞ്ഞതാണ്. കമ്പനിയുടെ പേരിലും സ്വന്തം പേരിലും സി എം ആര്‍ എലില്‍ നിന്ന് വീണ പണം കൈപ്പറ്റിയെന്നും ഉന്നത പദവിയിലുള്ള ഒരാളുമായുള്ള ബന്ധമാണ് ഇതിനു പിന്നിലെന്നുമാണ് ആദായനികുതി  സെറ്റില്‍മെന്റ് ബോര്‍ഡ് വിലയിരുത്തിയത് . പിണറായി വിജയന്റെ മകളുടെ പേരില്‍ കൊടുത്ത ഈ പണം പിണറായി വിജയന് നല്‍കിയ കൈക്കൂലിയോ കോഴയോ അതല്ലെങ്കില്‍ ഇഷ്ടദാനമോ ആയി കണക്കാക്കണമെന്നാണ് അതിന്റെ  സാരം. അത്  മനസ്സിലാക്കാന്‍ ഉന്നത വിദ്യാഭ്യാസമൊന്നും ആവശ്യമില്ല..കര്‍ത്തായുടെ കമ്പനിക്കോ കര്‍ത്താക്കോ ഇതിന്റെ പേരില്‍ എന്ത് പ്രത്യുപകാരമാണ് മുഖ്യമന്ത്രി ചെയ്തു കൊടുത്തതെന്നാണ് കണ്ടെത്തേണ്ടത്. വെറുതെ ഒരു കര്‍ത്തായും ലക്ഷങ്ങളോ കോടികളോ ഇങ്ങിനെ  കൊടുക്കില്ല. ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണത്. ഒറ്റത്തവണ ഇടപാടല്ല ,തുടര്‍ച്ചയായ ഒന്നാണത്. .  മകള്‍ക്കു മാത്രമല്ല, പിണറായി വിജയനും കര്‍ത്തായുടെ കമ്പനി പണം കൊടുത്തിട്ടുണ്ട്. അതേക്കുറിച്ചു ഗോവിന്ദന്‍ മാഷോ എ കെ ബാലനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്തിനാണ് മുഖ്യമന്ത്രി വ്യക്തിപരമായി പണം വാങ്ങിയത് ? പാര്‍ട്ടിക്ക് വേണ്ടിയാണെങ്കില്‍ അത് പാര്‍ട്ടി നേരിട്ടാണല്ലോ  വാങ്ങേണ്ടത് ? പണം വാങ്ങിയ കാലയളവില്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയുമല്ല . കോണ്‍ഗ്രസിലെ പോലെ എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും നേതാക്കള്‍ പ്രത്യേകം പ്രത്യേകം  സംഭാവന കൈപ്പറ്റുന്ന  രീതി സിപിഎമ്മില്‍ ഇല്ലല്ലോ. കോര്‍പറേറ്റുകളില്‍ നിന്നും  ചെറുതും വലുതുമായ മറ്റു  കമ്പനികളില്‍ നിന്നും  സിപിഎം നിയമപരമായ മാര്‍ഗത്തില്‍ സംഭാവന വാങ്ങുകയും അത് ഇലക്ഷന്‍ കമ്മിഷനെ അറിയിക്കുകയും ചെയ്യാറുണ്ട്. മുത്തൂറ്റും മലബാര്‍ ഗോള്‍ഡുമൊക്കെ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപ സിപിഎമ്മിന് നിയമവിധേയമായി സംഭാവന കൊടുക്കുന്നവരാണ്. ആ ലിസ്റ്റില്‍ പക്ഷേ , കര്‍ത്തായുടെ കമ്പനി കൊടുത്ത സംഭാവന കാണുന്നില്ല. ഇതിനാണ് പാര്‍ട്ടി മറുപടി പറയേണ്ടത്. പി ബി മെമ്പറായ  പിണറായി വിജയന്‍ നേരിട്ട് പണം വാങ്ങിയതും പിണറായി വിജയന്റെ മകള്‍ക്കു മാസം തോറും ലക്ഷങ്ങള്‍ മാസപ്പടി  കൊടുത്തതിന്റെയും പിന്നില്‍ രാഷ്ട്രീയ ധാര്‍മികത ഉണ്ടോ എന്നാണ് ഗോവിന്ദന്‍ മാഷ് പരിശോധിക്കേണ്ടത്. അല്ലാതെ വീണയുടെ പേരില്‍ നടന്ന പണഇടപാടിനെ വെള്ള പൂശാനിറങ്ങി സ്വന്തം മുഖം വികൃതമാക്കുകയല്ല സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്യേണ്ടത്. മുഖ്യമന്ത്രി എന്ന പദവി തനിക്കും തന്റെ കുടുംബത്തിനും ധനസമ്പാദനത്തിനായി  പിണറായി വിജയന്‍ ദുരുപയോഗം ചെയ്‌തോ എന്നാണ് പാര്‍ട്ടി അന്വേഷിക്കേണ്ടത്. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ  പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയും ആയിരുന്ന കാലയളവില്‍ വീണാ വിജയന്റെ ഐ ടി കമ്പനിക്ക്  അവിഹിതമായി എന്തെങ്കിലും ചെയ്തു കൊടുത്തിരുന്നോ എന്നാണ് പാര്‍ട്ടി അന്വേഷിക്കേണ്ടത്. അങ്ങനെയൊക്കെയല്ലേ സഖാക്കള്‍ തെറ്റ് തിരുത്തേണ്ടത് ?

 ഒരു ആരോപണം പൊതുമണ്ഡലത്തില്‍ ഉയരുകയും അതിനു മറുപടി പറയേണ്ട ആള്‍ നിശ്ശബ്ദനാവുകയും ചെയ്യുമ്പോള്‍ സത്യം കണ്ടെത്തുകയാണ്  കമ്മ്യൂണിസ്റ്റ് തത്വം . വീണാ വിജയന്റെ ഐ ടി കമ്പനി ആ മേഖലയില്‍ അത്ര പ്രശസ്തമായ കമ്പനിയൊന്നുമല്ല.  സി എം ആര്‍ എല്‍ ഈ കമ്പനിയെത്തന്നെ ഐ ടി സേവനത്തിനു തെരഞ്ഞെടുത്തത് ആ കമ്പനിയുടെ പ്രാഗത്ഭ്യം കണ്ടിട്ടുമല്ല . സാധാരണ നിലയില്‍ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ഇത്തരത്തില്‍ ഒരു ഐ ടി സ്ഥാപനത്തെ വെക്കുമ്പോള്‍ എക്‌സ്പ്രഷന്‍ ഓഫ് ഇന്ററസ്റ്റ് ക്ഷണിക്കുകയോ ടെണ്ടര്‍ വിളിക്കുകയോ ചെയ്യാറുണ്ട്. അതൊന്നും സി എം ആര്‍ എല്‍ ചെയ്തിട്ടില്ല. എക്‌സലോജിക് എന്ന വീണാ വിജയന്റെ  കമ്പനിയുടെ ആരംഭം മുതല്‍ ശശിധരന്‍ കര്‍ത്തായുമായുള്ള ബന്ധം പ്രകടമാണ്. മാസപ്പടിക്ക് പുറമെ കര്‍ത്തായുടെ ഭാര്യ ഡയറക്ടറായ സ്ഥാപനത്തില്‍ നിന്ന് വീണയുടെ കമ്പനി വലിയ തുക വായ്പ എടുത്തതിന്റെ വിവരവും പുറത്തു വന്നിട്ടുണ്ട്. ഐ ടി കമ്പനികള്‍ക്ക് വായ്പ എടുക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ അടക്കം നിരവധി ധനകാര്യ സ്ഥാപനങ്ങളുണ്ട്. അതല്ലെങ്കില്‍ സഹകരണ ബാങ്കുകളുണ്ട്. അവിടെ നിന്നൊന്നും വായ്പ എടുക്കാതെ കര്‍ത്തായുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ നിന്ന് തന്നെ വീണയുടെ കമ്പനി  വായ്പ എടുത്തതിന്റെ കാരണമെന്താണ് ? കരിമണലുമായി ബന്ധപ്പെട്ടു  ഏറ്റവുമധികം  വിവാദം സൃഷ്ടിച്ച കര്‍ത്തായുടെ കമ്പനിയെ സഹായിക്കാന്‍ കേരളത്തിലെ ഭരണ പാര്‍ട്ടികളും പ്രതിപക്ഷ പാര്‍ട്ടികളും ക്യൂ നില്‍ക്കുന്നതായാണ്  മാസപ്പടി ആരോപണം പുറത്തുവന്നതു മുതല്‍ കാണുന്നത്. പണം വാങ്ങി എന്നു പറയാന്‍ ഒട്ടും ഉളുപ്പില്ലാത്ത രാഷ്ട്രീയ നേതാക്കളെ നമ്മള്‍ നേര്‍ക്ക് നേരെ  കണ്ടു. വീട്ടിലെ തേങ്ങ വിറ്റിട്ടാണോ  രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്ന് ചോദിച്ചത് പ്രതിപക്ഷ നേതാവാണ് . കോണ്‍ഗ്രസുകാര്‍ അങ്ങിനെ ചോദിക്കുന്നതില്‍ ഒട്ടും അത്ഭുതം തോന്നേണ്ടതില്ല. . എന്നാല്‍, മറ്റു പാര്‍ട്ടികളില്‍ നിന്ന് വേറിട്ടത് എന്ന് അവകാശപ്പെടുന്ന സിപിഎമ്മിനു പരിചിതമായ പാതയാണോ ഇത് ? ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ , അണികള്‍, സഹയാത്രികര്‍ ..അവര്‍ക്കു സ്വീകാര്യമാണോ ഇത് ? ഗോവിന്ദന്‍ മാഷ് ഈ ചോദ്യത്തിനാണ് മറുപടി പറയേണ്ടത് .

Leave a Reply

Your email address will not be published. Required fields are marked *