We Talk

ആരാണ്‌ ഇവിടെ ഓണം കൊണ്ടാടുന്നത്‌?

പത്രങ്ങൾ എടുത്താലും ടി വി തുറന്നാലും ഓണവിപണിയിലെ  പരസ്യങ്ങളുടെ മേളമാണ്‌. കുറച്ചുദിവസമായി പ്രധാന പത്രങ്ങൾക്ക്‌ ഒന്നാം പേജില്ല. ആ പേജ്‌ പരസ്യക്കാർ കൊണ്ടുപോകുന്നു.  കാണം വിറ്റും ഓണം ഉണ്ണണമെന്നത്‌ ഓണമെന്ന ജനകീയാഘോഷവുമായി ബന്ധപ്പെട്ട പഴമൊഴിയാണ്‌. പരമദരിദ്രരും അവർക്കാകുന്ന മട്ടിൽ ഓണമാഘോഷിക്കുമെന്ന്‌ ചുരുക്കം. അതിനൊരു മാറ്റവും വന്നിട്ടില്ല. എന്നാൽ പരസ്യക്കാർ ലക്ഷ്യമിടുന്ന ഓണവിപണിയിൽ  സാധനങ്ങൾ വാങ്ങുന്നവർ ആരാണ്‌? ആരാണ്‌  പണംചെലവഴിച്ച്‌ ഓണമാഘോഷിക്കുന്നത്‌?

സത്യം പറഞ്ഞാൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഇത്തവണ ഓണം പൊടിപൊടിക്കാൻ കഴിയുക. . തിരുവനന്തപുരം സെക്രട്ടറിയറ്റിൽ ഓണക്കളി തുടങ്ങിയിട്ട്‌ ഒരാഴ്‌ചയായി. ഓണത്തിന്‌ ഓഫീസ്‌ അടയ്‌ക്കുന്നതുവരെ ഇനി ഓണാഘോഷമല്ലാതെ ഒന്നും നടക്കില്ല. പൂവിടൽ, പൂക്കളം, കച്ചവടം, പലതരം കളികൾ, ഓണസദ്യ അങ്ങനെ സെക്രട്ടറിയറ്റ്‌ ആഘോഷത്തിമർപ്പിലാണ്‌. അവിടെ ചെന്നുനോക്കിയാൽ കേരളമാകെ ആഘോഷത്തിമർപ്പിലാണെന്ന്‌ തോന്നും. സെക്രട്ടറിയറ്റിൽ മാത്രമല്ല, സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളും ഓണലഹരിയിലാണ്. . . സർക്കാർ ജീവനക്കാരെ മാറ്റിനിർത്തിയാൽ കേരളത്തിൽ ആർക്കാണ്‌ ആഘോഷം ? സർക്കാർ ജീവനക്കാരും അധ്യാപകരും ചേർന്നാൽ അഞ്ചുലക്ഷമേ വരൂ. സംസ്ഥാനത്തു ഏറ്റവുമധികം ജനങ്ങളുടെ ജീവിതമാർഗം കൃഷിയാണ്‌. കർഷകർ കുത്തുപാളയെടുത്ത അവസ്‌ഥയാണ്‌. ചെറുകിടക്കാരും നാമമാത്ര കൃഷിക്കാരും മാത്രമല്ല, വൻകിട കൃഷിക്കാരും പ്രതിസന്ധിയിലാണ് . ഉൽപ്പന്നങ്ങൾക്ക്‌ വിലയില്ല. വന്യമൃഗ ശല്യം കാരണം, കാടിനോടടുത്തുനിൽക്കുന്ന പ്രദേശങ്ങളിൽ കൃഷി അസാധ്യമായി. വൻകിട കൃഷിക്കാരിൽ ഒരുപാട്‌ പേർ കാർഷികരംഗം തന്നെ വിട്ടു. ജനങ്ങളുടെ മറ്റൊരു പ്രധാന വരുമാന മാർഗമാണ്‌ കച്ചവടം. സാമ്പത്തിക മാന്ദ്യം കാരണം മിക്കവാറും കച്ചവടങ്ങൾ നഷ്‌ടത്തിലാണ്‌. ഗൃഹോപകരണ വിപണിപോലും അൽപ്പം സജീവമാകുന്നത്‌ ഓണം പോലുള്ള ഉത്സവസീസൺ വരുമ്പോഴാണ്‌. 2016–-ലെ നോട്ട്‌ നിരോധനം സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യത്തിൽ നിന്ന്‌ രാജ്യം കരകയറുംമുമ്പാണ്‌ കോവിഡ്‌ മഹാമാരി വന്നത്‌. കോവിഡ്‌ അകന്നുപോയെങ്കിലും സമ്പദ്‌രംഗത്തെ മാന്ദ്യം മാറിയിട്ടില്ല. ഇപ്പോൾ രാജ്യമാകെ വിലക്കയറ്റമാണ്‌.

കേരളത്തിൽ ലക്ഷക്കണക്കിനാളുകൾ പണിയെടുക്കുന്ന കയർ, കൈത്തറി, കശുവണ്ടി എന്നീ പരമ്പരാഗത വ്യവസായ മേഖലകൾ വലിയ തകർച്ചയിലാണ്‌. പതിനായിരക്കണക്കിന്‌ തൊഴിലാളികൾ ഈ മേഖലകളിൽ നിന്ന്‌ പുറന്തള്ളപ്പെട്ടു. സാമ്പത്തിക മാന്ദ്യം ചെറുകിട സ്വകാര്യ വ്യവസായങ്ങളുടെ നിലനിൽപ്പു അപകടത്തിലാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ കെ എസ് ആർ ടി സി യിലെ ജീവനക്കാർ ശമ്പളം കിട്ടാതെ കൂലിപ്പണിക്ക് പോകാൻ അപേക്ഷ നൽകി കാത്തിരിക്കുന്നു. കേരളത്തിന്റെ വ്യവസായ പുരോഗതിയൊക്കെ സർക്കാരിന്റെ പരസ്യങ്ങളിലേയുള്ളു. കൈത്തൊഴിലുകൾ ചെയ്‌ത്‌ജീവിക്കുന്ന ലക്ഷക്കണക്കിനാളുകൾ സംസ്ഥാനത്തുണ്ട്. . അവർക്കും തൊഴിൽദിനങ്ങൾ വളരെ കുറഞ്ഞു. ഇതുപറയുമ്പോൾ നമ്മുടെ മുമ്പിലേക്ക്‌ ഒരു ചോദ്യംവരും. ഇതരസംസ്‌ഥാനങ്ങളിൽ നിന്ന്‌ ലക്ഷക്കണക്കിനാളുകൾ കേരളത്തിൽ വന്ന്‌ ജോലി ചെയ്യുമ്പോൾ കേരളത്തിൽ ജോലി കുറവാണെന്ന്‌ എങ്ങനെ പറയാൻ കഴിയുമെന്ന് . ശരിയാണ്‌ അതിലൊരു വിരോധാഭാസമുണ്ട്‌. മേലനങ്ങിയോ വിയർപ്പ്‌ ചിന്തിയോ തൊഴിലെടുക്കാൻ മലയാളികൾക്കുള്ള വൈമനസ്യമാണ്‌ ഇതര സംസ്‌ഥാനക്കാരുടെ തൊഴിൽ കേന്ദ്രമായി കേരളത്തെ മാറ്റിയത്‌. പുതിയ തലമുറ കുടുതൽ വിദ്യാഭ്യാസമുള്ളവരാണ്‌. അവർ കെട്ടിടം പണിക്കും റോഡ്‌ പണിക്കും പോകണമെന്ന്‌ പറയുന്നതിൽ യുക്തിയില്ല. വിദ്യാഭ്യാസമുള്ള തലമുറക്ക്‌ അവരുടെ അഭിരുചിക്കൊത്ത തൊഴിൽ ഇവിടെയില്ലെങ്കിൽ അവർ മറുനാടുകളിൽ പോകും. അവരെ തടഞ്ഞുനിർത്താനോ കുറ്റപ്പെടുത്താനോ നമുക്ക്‌ കഴിയില്ല.

സർക്കാർ ജീവനക്കാരുടെ കാര്യത്തിലേക്ക്‌ വരാം. കേരളത്തിൽ സർക്കാർ ജീവനക്കാരും അല്ലാത്തവരുമായി വലിയ അന്തരം വളർന്നുവരുന്നുണ്ട്‌. അസമത്വമെന്നും പറയാം. 2021–-22–-ലെ കണക്കനസുരിച്ച്‌ 71,300 കോടി രൂപയാണ്‌ ശമ്പളവും പെൻഷനുമായി നൽകിയത്‌. 2022–-23–-ൽ അത്‌ എൺപതിനായിരം കോടി രൂപക്ക്‌ മീതെയാണ്‌. 2020–-21–-ൽ 46,754 കോടി രൂപ ചെലവഴിച്ചിരുന്ന സ്ഥാനത്താണ്‌ എൺപതിനായിരം കോടി രൂപ. മൂന്നുനാല്‌ വർഷം കൊണ്ട്‌ സർക്കാർ ജീവനക്കാരുടെ വരുമാനം ഇരട്ടിയായി എന്നാണ്‌ കണക്കുകൾ വ്യക്തമാക്കുന്നത്‌. 71,300 കോടി രൂപ ശമ്പളവും പെൻഷനും കൊടുത്ത വർഷം കേരളത്തിന്റെ തനതുവരുമാനം 47,000 കോടി രൂപ മാത്രമായിരുന്നു. എന്ന്‌ വെച്ചാൽ, കടമെടുത്തിട്ടോ മറ്റു ചെലവുകൾ വെട്ടിക്കുറച്ചിട്ടോ ആണ്‌ കേരളത്തിൽ ശമ്പളം നൽകുന്നത്‌ എന്നർഥം. കേരളത്തിന്റെ വരുമാനം കൊണ്ട്‌ ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയില്ല. ഇത്രയും ശമ്പളവും പെൻഷനും കൊടുക്കേണ്ടതുണ്ടോ എന്നും ശമ്പളത്തിനും പെൻഷനും പരിധി വേണ്ടതല്ലേ എന്നും സർക്കാരും ജനങ്ങളും ചിന്തിച്ചില്ലെങ്കിൽ ശമ്പളം മുടങ്ങുന്ന കാലം അതിവിദൂരമാവില്ല. സർക്കാർ ജീവനക്കാരുടെ എണ്ണത്തിനും കൊടുക്കുന്ന ശമ്പളത്തിനും പെൻഷനും നിയന്ത്രണം വരുത്തിയില്ലെങ്കിൽ കേരളം രക്ഷപ്പെടാൻ പോകുന്നില്ല. അല്ലെങ്കിൽ ഗൾഫ്‌ നാടുകളിലെപ്പോലെ ഇവിടെ നിന്ന്‌ എണ്ണ കുഴിച്ചെടുക്കാൻ കഴിയണം.

തുടക്കത്തിൽ പറഞ്ഞ ഓണവിപണിയുടെ കാര്യത്തിലേക്ക്‌ വരാം.. ഉൽപ്പാദകരും വ്യാപാരികളും ലക്ഷ്യമിടുന്നതു സർക്കാർ ജീവനക്കാരെ തന്നെയാണ്‌. ശമ്പളവും പെൻഷനുമായി 7000 കോടിയല്ലേ ഒരു മാസം ഇറങ്ങുന്നത്‌. ഓണം ബോണസ്‌ നാലായിരം രൂപയുണ്ട്‌. ഇരുപതിനായിരത്തിൽ കൂടുതൽ ശമ്പളമുള്ളവർക്ക്‌ ബോണസിന്‌ അർഹതയില്ല. ബോണസ്‌ അഞ്ച്‌ ശതമാനം പേർക്കും കിട്ടില്ലെന്ന്‌ ജീവനക്കാർ പറയുന്നത്‌. അതിനർഥം 95 ശതമാനം പേരും ഇരുപതിനായിരത്തിലധികം രൂപ കിട്ടുന്നവരാണ്‌ എന്നതാണ്‌. 2750 രൂപ അവർക്ക്‌ കിട്ടും. രണ്ടുലക്ഷമോ അതിൽ കൂടുതലോ ശമ്പളം വാങ്ങുന്നവരുടെ അക്കൗണ്ടിലേക്കും ഈ തുക എത്തും. അതിന്റെ ആവശ്യമെന്താണ്‌? ഫെസ്‌റ്റിവൽ അലവൻസ്‌ ഒഴിവാക്കിയാൽ സർക്കാരിന്‌ 140 രൂപ കോടി രൂപ കിട്ടും. ഓണത്തിന്‌ കുറേപേർക്ക്‌ സൗജന്യ ഭക്ഷ്യക്കിറ്റ്‌ നൽകാനെങ്കിലും അതുപകരിക്കും. സർക്കാർ പ്രവർത്തിക്കുന്നത്‌ അഞ്ചുലക്ഷം വരുന്ന സർക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റുന്നതിനാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. . സർക്കാരിനും ജനങ്ങൾക്കും ഈ ഉദ്യോഗസ്ഥരിൽ നിന്ന്‌ തിരിച്ച്‌ എന്താണ്‌ കിട്ടുന്നത്‌? കൈക്കൂലി കൊടുക്കാതെ എത്ര ഓഫീസുകളിൽ കാര്യങ്ങൾ നടക്കും ? കൈക്കൂലി വാങ്ങിയതിന്‌ അങ്ങും ഇങ്ങുമായി ചിലരെ വിജിലൻസ്‌ പിടിക്കുന്നുണ്ട്‌. ചോറ്‌ വെന്തോ എന്നറിയാൻ ഒന്നോ രണ്ടോ വറ്റ്‌ എടുത്തുനോക്കിയാൽ മതിയല്ലോ. . ഉദ്യോഗസ്‌ഥ സംവിധാനമാകെ അഴിമതിയിൽ മുങ്ങിനിൽക്കുകയാണ്‌. സർക്കാർ ആകട്ടെ , നിസ്സഹായവും.

Leave a Reply

Your email address will not be published. Required fields are marked *