We Talk

എ സി മൊയ്‌തീൻ കുടുങ്ങുമോ ? 

സിപിഎമ്മിനു കൂനിന്മേൽ കുരുവായി കരുവന്നൂർ ബാങ്ക്

വീണാ വിജയന്റെ മാസപ്പടിയില്‍  പ്രതിരോധത്തിലായ സിപിഎമ്മിന് ആഘാതമായി കരുവന്നുര്‍ ബാങ്ക് തട്ടിപ്പിലെ ഇ ഡി അന്വേഷണം . ചെങ്കൊടിത്തണലില്‍ വളര്‍ന്ന തട്ടിപ്പ് എന്നാണ് തൃശൂര്‍ ജില്ലയിലെ കരുവന്നുര്‍ സഹകരണ ബാങ്കിലെ കോടികളുടെ വായ്പ്പാതട്ടിപ്പിനെ വിശേഷിപ്പിക്കാവുന്നത്. 11,000ത്തോളം പേരുടെ 312.71 കോടിയുടെ നിക്ഷേപമാണ് ബാങ്ക് വിഴുങ്ങിയത്. സിപിഎം ഭരിച്ചിരുന്ന ഈ ബാങ്കില്‍ പണം നിക്ഷേപിച്ചു വെട്ടിലായവരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ മുതല്‍ പെന്‍ഷന്‍കാര്‍ വരെ ഉണ്ട്. . ബിനാമികള്‍ക്ക് വാരിക്കോരി ലോണ്‍ നല്‍കുകയും പണം വകമാറ്റുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് ബാങ്ക് പൊളിഞ്ഞത്.

ഒരു ഗ്രാമം മൊത്തം സാമ്പത്തികമായി തകര്‍ന്നുപോയ അവസ്ഥയാണ് കരുവന്നൂരില്‍ ഉണ്ടായത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടക്ക് അടുത്ത കരുവന്നൂര്‍ എന്ന കൊച്ചു ഗ്രാമത്തിന് സൂര്യനെല്ലി പോലെ, വിതുര പോലെ കുപ്രസിദ്ധിയാണ് കുറേ സഖാക്കള്‍ സമ്മാനിച്ചത്. ലക്ഷങ്ങള്‍ ബാങ്കിലിട്ടിട്ടും പിച്ചക്കാരെപ്പോലെ ജീവിക്കേണ്ട ഗതികേടാണ് ഈ നാട്ടിലെ സഹകാരികള്‍ക്ക് വന്ന് ചേര്‍ന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 30 ലക്ഷത്തിന്റെ നിക്ഷേപമുണ്ടായിട്ടും ചികിത്സക്ക് മതിയായ  പണം കിട്ടാതെ ഫിലോമിന എന്ന എഴുപതുകാരി മരിച്ചതോടെ ബാങ്കിനെതിരെ ജനരോഷം അണപൊട്ടി. ഫിലോമിനയുടെ മൃതദേഹവും കൊണ്ട് ബാങ്കിനു മുന്നില്‍ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധം നടത്തി. അപ്പോള്‍ അവരെ അപമാനിക്കുന്ന രീതിയിലാണ് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചത്. ഫിലോമിനയുടെ ചികിത്സക്കു പണം കൊടുത്തിട്ടുണ്ടെന്നു  പച്ചക്കള്ളം പറയുകയാണ് അവര്‍ ചെയ്തത്.

മന്ത്രിയുടെ വാക്കുകള്‍ വിവാദം കത്തിക്കാന്‍ ഇടയാക്കി. ഇതോടെയാണ് സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടായത്. അടിയന്തര ആവശ്യമായി രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചു. പിന്നാലെ 30 ലക്ഷം രൂപയും നല്‍കി.. ഫിലോമിനയുടെ മരണത്തോടെ മറ്റു മരണങ്ങളും ചര്‍ച്ചയായി. എടച്ചാലി രാമന്‍ എന്നയാളുടെ മരണം വിവാദമായി. നാലുപേര്‍ പണം കിട്ടാത്തതിനാല്‍ ജീവനൊടുക്കി.ബാങ്ക് ജീവനക്കാര്‍ തന്നെ നാട്ടുകാരുടെ പേരിലും ബിനാമികളുടെപേരിലും ലോണ്‍ എഴൂതിയെടുത്ത് തട്ടിപ്പ് നടത്തുകയാണുണ്ടായത് . എല്ലാറ്റിനും സിപിഎമ്മിലെ പ്രമുഖരുടെ ഒത്താശ ഉണ്ടായിരുന്നുവെന്നതു പരസ്യമായ രഹസ്യമാണ്. അഞ്ച് ബാങ്ക് ജീവനക്കാര്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. പക്ഷേ ഇപ്പോള്‍ കളി മാറുകയാണ്. കേസില്‍ ഇഡി ഒടുവില്‍ എത്തിയിരിക്കുന്നത് മുന്‍ മന്ത്രിയും എംഎല്‍എയുമായ എ സി മൊയ്തീന്റെ വസതിയിലാണ്. ഗുരുതര ആരോപണങ്ങളാണ് മൊയ്തീന് നേരെ ഉയരുന്നത്.

മൊയ്തീന്റെ വീട്ടില്‍ രാവിലെ ഏഴു മണിക്കു തുടങ്ങിയ പരിശോധന പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ. ഡി.) പൂര്‍ത്തിയാക്കിയത്. ഇ ഡി പരിശോധന അജണ്ടയുടെ ഭാഗമാണെന്നാണ് മൊയ്തീന്‍ ആരോപിച്ചത്. വീടിന്റെ മുക്കും മൂലയും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതായും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.അതേമസയം എ സി. മൊയ്തീനെ ഇ.ഡി ഉടന്‍ ചോദ്യംചെയ്യുമെന്നും അറിയുന്നുണ്ട്. മൊയ്തീന്റെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. . ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താൻ കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും റെയ്ഡില്‍ ഇ.ഡി. കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്.ഡിയായി കിടക്കുന്ന 30 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇ.ഡി. പറയുന്നത്. അതിനാലാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടത് . മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചിട്ടുമുണ്ട്. മൊയ്തീന്റെ വീട്ടിലേതിനുപുറമേ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്നാണ് ഇ.ഡി. അന്വേഷണസംഘം പറയുന്നത്.

ഇവരുടെ പക്കല്‍ നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയേറെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം.ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്നാണ് ഇ.ഡി. കണ്ടെത്തിയത്.. ഇവരെ ചോദ്യംചെയ്ത ശേഷമാവും എ.സി. മൊയ്തീന് നോട്ടീസ് നല്‍കുക. സഹകരണ രജിസ്ട്രാർമാരിൽ ഒരാളാണ് മൊയ്തീനെതിരെ മൊഴിനല്‍കിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നുണ്ടെന്നും , അത് തടയണമെന്നും സഹകരണ രജിസ്ട്രാര്‍ മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. ഇതിനാലാണ് വായ്പ ക്രമക്കേടിലും മൊയ്തീനു പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇ.ഡി. എത്തിയത്..കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ 2021 ഓഗസ്റ്റ് ഏഴിനാണ് ഇ.ഡി. കേസെടുത്തത്.കേസിന്റെ ആദ്യഘട്ടത്തിലൊന്നും മൊയ്തീന്റെ പേരില്ലായിരുന്നു. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന 2011-16 കാലയളവില്‍ വായ്പ അനുവദിക്കുന്നതിലും ബാങ്കിന്റെ ഔദ്യോഗികകാര്യങ്ങളിലും മൊയ്തീന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ . ബാങ്കിന്റെ യോഗങ്ങള്‍ക്ക് രണ്ടുരീതിയില്‍ മിനുട്‌സ് സൃഷ്ടിച്ചിരുന്നതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗികരേഖകള്‍ക്കൊപ്പം സൂക്ഷിക്കാന്‍ പ്രത്യേക മിനുട്‌സും ക്രമവിരുദ്ധമായ കാര്യങ്ങള്‍ക്ക് മറ്റൊരു മിനുട്‌സുമാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയക്കാരുടെ കോടിക്കണക്കിന് രൂപ ബാങ്കിലേക്ക് അനധികൃതമായി എത്തുകയും ഇത് ബിനാമികള്‍ക്ക് വായ്പ എന്ന രൂപത്തില്‍ നല്‍കിയതായും ഇ.ഡി. സംശയിക്കുന്നു.സിപിഎം സംസ്ഥാന സമിതി അംഗമായ മൊയ്‌തീനെതിരായ നടപടി പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയും കുടുംബവും അഴിമതിയാരോപണത്തിൽ മുങ്ങി നിൽക്കുന്ന സന്ദർഭത്തിൽ കൂനിന്മേൽ കുരു പോലെ ആയിരിക്കുകയാണ് എ സി മൊയ്തീന് എതിരെയുള്ള നീക്കങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *