ചന്ദ്രയാൻ മുതൽ ആദിത്യ വരെ രാജ്യത്തിന്റെ അഭിമാന ദൗത്യങ്ങൾ
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യ രാജ്യമാകാനുള്ള ഇന്ത്യയുടെ ചരിത്ര ദൗത്യത്തിന് ഇനി മണിക്കൂറുകളുടെ അകലം മാത്രം. നിലവിൽ ചന്ദ്രോപരിതലത്തിൽ നിന്നു 25 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ചന്ദ്രയാൻ 3 ലാൻഡർ, ബുധനാഴ്ച വൈകീട്ട് 5.45 ന് നിലവിലെ ഭ്രമണപഥം വിട്ട് ചന്ദ്രോപരിതലത്തിലേക്കുള്ള യാത്ര തുടങ്ങും. ആറ് മണി കഴിഞ്ഞ് നാല് മിനിറ്റാകുമ്പോൾ സോഫ്റ്റ് ലാൻഡിങ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ലാൻഡർ സ്വയംനിയന്ത്രിത സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആ 19 മിനിറ്റ് പ്രതീക്ഷയുടെയും ആശങ്കയുടെതുമാണ്. ഈ സാഹചര്യത്തിൽ രാജ്യം ഐഎസ്ആർഒയുടെ നേതൃത്വത്തിൽ ഇതുവരെ വിജയകരമായി നടത്തിയ ബഹിരാകാശ ദൗത്യങ്ങൾ ഒന്ന് പരിശോധിക്കാം.
ചന്ദ്രയാൻ 1
1998 മേയ് 11–ാം തീയതി ഇന്ത്യ വിജയകരമായി അണുബോംബ് പരീക്ഷിച്ചത് അറിയാമല്ലോ. ആ ദിനം രാജ്യം ദേശീയ സാങ്കേതിക വിദ്യാദിനമായി (നാഷനൽ ടെക്നോളജി ഡേ) ആഘോഷിക്കാൻ ആരംഭിച്ചു. 1999ൽ നടന്ന ആദ്യ ടെക്നോളജി ഡേ പരിപാടിക്കു മുഖ്യപ്രഭാഷണം നടത്തിയത് ഐഎസ്ആർഒ ചെയർമാൻ ഡോ.കെ.കസ്തൂരിരംഗനാണ്. അന്ന് അദ്ദേഹം പറഞ്ഞു, ‘ ഇന്ത്യ ചന്ദ്രനിലേക്കു പറക്കും. രാജ്യത്തിന്റെ ആദ്യത്തെ ചാന്ദ്രദൗത്യം 2008ൽ യാഥാർഥ്യമാകും. 2003ൽ ഐഎസ്ആർഒ ചെയർമാൻ സ്ഥാനം ഒഴിയുമ്പോഴേക്കും ചാന്ദ്രദൗത്യത്തിന്റെ പൂർണരൂപം കസ്തൂരിരംഗൻ തയാറാക്കിക്കഴിഞ്ഞിരുന്നു. 2003ലെ സ്വാതന്ത്ര്യദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ചന്ദ്രയാൻ 1 പ്രഖ്യാപിച്ചു. ദൗത്യത്തിന് ഈ പേരുനിർദേശിച്ചതും അദ്ദേഹം തന്നെയാണ്. ‘ചന്ദ്രനിലേക്കുള്ള വാഹനം’ എന്നതിന്റെ സംസ്കൃത വാക്കാണ് ചന്ദ്രയാൻ. 2004ൽ ഉദയ്പുരിൽ നടന്ന രാജ്യാന്തര ചാന്ദ്രഗവേഷണ കോൺഫറൻസിൽ ചന്ദ്രയാൻ 1ന്റെ മാതൃക അവതരിപ്പിച്ചു. ചന്ദ്രനെ വലംവയ്ക്കുന്ന ദൗത്യം (ഓർബിറ്റിങ് മിഷൻ) എന്ന രീതിയിലാണ് അതുവരെ ദൗത്യം മുന്നോട്ടുപോയിരുന്നത്. കോൺഫറൻസിൽ പങ്കെടുത്ത അന്നത്തെ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമാണ് ചന്ദ്രനിൽ ഇറങ്ങുക എന്ന ആശയം മുന്നോട്ട് വച്ചത്. അങ്ങനെ, മൂൺ ഇംപാക്ട് പ്രോബ് ദൗത്യത്തിന്റെ ഭാഗമായി. ചന്ദ്രയാൻ 1 വഹിച്ച 11 പേലോഡുകളിൽ 5 എണ്ണമാണ് ഇന്ത്യയുടേത്. 2008 ഒക്ടോബർ 22ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി–സി11 റോക്കറ്റ് ഉപയോഗിച്ച് ചന്ദ്രയാൻ 1 വിക്ഷേപിച്ചു. അന്ന് ജി.മാധവൻ നായരായിരുന്നു ഐഎസ്ആർഒ ചെയർമാൻ. 2008 നവംബർ 14ന് ഇന്ത്യയുടെ ത്രിവർണ പതാക ചന്ദ്രനെ തൊട്ടു. രാജ്യത്തെ ബഹിരാകാശ ഗവേഷണ പദ്ധതികൾക്കു തുടക്കം കുറിച്ച ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിലായിരുന്നു ചരിത്രനിമിഷം. ചന്ദ്രനിൽ ഇടിച്ചിറങ്ങിയ മൂൺ ഇംപാക്ട് പ്രോബിന്റെ വശങ്ങൾക്ക് ദേശീയപതാകയുടെ നിറമാണു കൊടുത്തിരുന്നത്. റഷ്യ, യുഎസ്, ജപ്പാൻ, ചൈന എന്നിവയ്ക്കു ശേഷം ചന്ദ്രനിലെത്തുന്ന രാജ്യമായി ഇന്ത്യ. ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ ദൗത്യമായി ഇത്.
മംഗൾയാൻ
ചൊവ്വ ഗ്രഹത്തിലേക്കുള്ള ഇന്ത്യയുടെ അഭിമാനദൗത്യമായിരുന്നു മംഗൾയാൻ. 450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എൽവി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ബഹിരാകാശ പേടകം അതിൻറെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന് വിജയകരമായി പ്രവേശിച്ചു. ഉപരിതല ഭൗമശാസ്ത്രം, ഗ്രഹ രൂപഘടന, അന്തരീക്ഷ മാറ്റങ്ങൾ, ഉപരിതല താപനില, അറ്റ്മോസ്ഫിയർ എസ്കേപ് പ്രൊസസ്സ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ആകെ 15 കിലോഗ്രാം ഭാരമുള്ള അഞ്ച് ശാസ്ത്രീയ പേലോഡുകളാണ് ഇത് വഹിച്ചിരുന്നത്.
ചന്ദ്രയാൻ 2
2019 ജൂലൈ 22 ന് ഒരു രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷകളുമായി ചന്ദ്രയാൻ-2 കുതിച്ചുയർന്ന് ഓഗസ്റ്റ് 20ന് ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡറും റോവറും ഇറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ലാൻഡിങ് ശ്രമത്തിനിടെ സെപ്റ്റംബർ ആറിന് പേടകം ക്രാഷ് ലാൻഡ് ചെയ്തു. സോഫ്റ്റ്‌വെയർ തകരാറായിരുന്നു ഇതിന് കാരണം. അന്ന് നിറഞ്ഞ കണ്ണുകളോടെ നിസ്സഹായരായി നിന്ന ഐഎസ്ആർഒ ശാസ്ത്രഞ്ജരെ നമ്മൾ മറക്കാനിടയില്ല. ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യം.
ആദിത്യ-എൽ1
ചാന്ദ്രദൗത്യത്തിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ-എൽ1 വിക്ഷേപണത്തിന് സജ്ജമാണ്. പേടകം ഐഎസ്ആർഒയുടെ വിക്ഷേപണ കേന്ദ്രമായ ശ്രീഹരിക്കോട്ടയിലെത്തിക്കഴിഞ്ഞു. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷ. പിഎസ്എൽവി-സി57 ആണ് വിക്ഷേപണ വാഹനം. സൂര്യനെക്കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യ ബഹിരാകാശ അധിഷ്ഠിത ദൗത്യമാണ് ആദിത്യ എൽ1. ഭൂമിക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലഗ്രാഞ്ച് പോയിന്റുകളിൽ ആദ്യത്തേതിലാണ് പേടകത്തെ സ്ഥാപിക്കുക. ഭൂമിയിൽനിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിന്റ്. ഇവിടെനിന്ന് പേടകത്തിന് സൂര്യനെ തടസ്സം കൂടാതെ നിരീക്ഷിക്കാൻ സാധിക്കും. സൗരോർജ്ജ പ്രവർത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയിൽ അതിന്റെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഇത് കൂടുതൽ സഹായിക്കും. ബഹിരാകാശ പേടകവുമായി ഡേറ്റയും കമാൻഡുകളും കൈമാറാൻ ഇഎസ്എ പോലുള്ള ആഗോള സ്റ്റേഷൻ നെറ്റ്‌വർക്കാണ് ഉപയോഗിക്കുന്നത്.
ഗഗൻയാൻ
അടുത്ത വർഷം വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബഹിരാകാശത്തേയ്ക്കുള്ള ഇന്ത്യയുടെ ആദ്യ മനുഷ്യ ദൗത്യമാണ് ഗഗൻയാൻ. ബഹിരാകാശ യാത്രികരുടെ പരിശീലനം ബെംഗളൂരുവിൽ പുരോഗമിക്കുകയാണ്. ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിൾ പണിപ്പുരയിലാണ്. ക്രൂ എസ്കേപ്പ് മൊഡ്യൂൾ പരീക്ഷണം വൈകാതെ നടക്കും. ഇതിനായി ഒരു പുതിയ പരീക്ഷണ വിക്ഷേപണ വാഹനവും തയ്യാറാക്കുന്നുണ്ട്. വികാസ് എഞ്ചിൻ ഉപയോഗിച്ചാണ് ഈ പുതിയ ചെറു റോക്കറ്റ് പ്രവർത്തിക്കുക. എന്തെങ്കിലും കാരണവശാൽ ലോഞ്ചിനിടെ ഒരു അപകടമുണ്ടായാൽ ബഹിരാകാശ യാത്രികരെ സുരക്ഷിതരായി എങ്ങനെ മാറ്റാം എന്നതിന്റെ പരീക്ഷണമാണ് ആദ്യം നടക്കുക. അപകടമുണ്ടായാൽ ലോഞ്ച് പാഡിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം, വിക്ഷേപിച്ച് കഴിഞ്ഞ് അൽപ സമയം കഴിഞ്ഞ് അപകടമുണ്ടായാൽ എങ്ങനെ രക്ഷപ്പെടാം എന്നീ പരീക്ഷണങ്ങളാണ് ഈ വർഷം തന്നെ നടക്കാൻ പോകുന്നത്.
ഏതായാലും ചന്ദ്രയാൻ 3 ചന്ദ്രനിലെത്താൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രം. ആ സ്വപ്ന സാക്ഷാത്കാരത്തിനായി നമുക്ക് കാത്തിരിക്കാം.