We Talk

സെബാസ്റ്റ്യന്‍ മല്‍ഹോത്ര കോയുടെ ഇന്ത്യൻ ബന്ധത്തിന് പിന്നിലെ പ്രണയകഥ

ഡോ മുഹമ്മദ് അഷ്റഫ്

കായിക രംഗവും ആയി ബന്ധമുള്ളവർക്കൊക്കെ സുപരിചിതമായ പേരാണ് സെബാസ്റ്റ്യൻ കോ. എന്നാൽ സെബാസ്റ്റ്യൻ മൽഹോത്ര കോ എന്ന് കേട്ടാലോ..? ഈ ബ്രിട്ടീഷ് ഒളിമ്പിക് ഇതിഹാസത്തിനു അധികമറിയാത്ത ഒരു ഭാരത ബന്ധമുണ്ട്, ഒളിമ്പിക് സ്വർണം വരെ നേടിയ, ഇപ്പോൾ അന്തർദേശീയ അതിലറ്റിക് സമിതിയുടെ അധ്യക്ഷനായ ഇദ്ദേഹം ഒരു ഇന്ത്യക്കാരനാണ്. പക്ഷേ കാഴ്ചയിൽ തനി ബ്രിട്ടീഷുകാരൻ തന്നെ ആണ് അദ്ദേഹം.

ബ്രിട്ടീഷ് രാഞ്ജിയിൽ നിന്ന്  ഔദ്യോഗികമായി ദി റൈറ്റ് ഹോണറബിൾ ദി ലോർഡ് , സിഎച്ച്, കെബിഇ – എന്ന അപൂർവ ബഹുമതി ലഭിച്ച ലോർഡ് സെബാസ്റ്റ്യൻ മൽഹോത്ര കോ.!രണ്ട് ഒളിമ്പിക് സ്വർണ്ണവും രണ്ട് വെള്ളിയും നേടിയിട്ടുള്ള ബ്രിട്ടീഷ് അത്ലറ്റായ സെബാസ്റ്റ്യൻ കോ കൺസർവേറ്റീവ് പാർട്ടി രാഷ്ട്രീയത്തിലും  ഒരു കൈ നോക്കിയിരുന്നു, 1920 ൽ നിയമം പഠിക്കാൻ ഇംഗ്ലണ്ടിൽ എത്തിയ സർദാരി ലാൽ മൽഹോത്ര എന്ന പഞ്ചാബിയുടെ ചെറുമകനാണ്. വളരെ റൊമാന്റിക് ആയ ഒരു കഥയാണ് അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ടുള്ളത്. ലൂധിയാനയിലെ ഒരു ഇടത്തരം ഇന്ത്യൻ കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥിയായിരുന്നു സർദാരി ലാൽ മൽഹോത്ര . ഇംഗ്ലണ്ടിൽ വെച്ച്, ഉദയ് ശങ്കറിന്റെ നൃത്തസംഘത്തിലെ അംഗമായ വേറാ സ്വാൻ എന്ന ഇംഗ്ലീഷ് പെൺകുട്ടിയെ അദ്ദേഹം കണ്ടുമുട്ടി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ ലണ്ടനിലെ അന്തർ-വംശീയ ദമ്പതികളുടെ ജീവിതം ആ ദിവസങ്ങളിൽ  അത്ര സുഗമമായിരുന്നില്ല.

അതോടെ സർദാരി ലാലും വേറയും ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഡൽഹിയിൽ തിരിച്ചെത്തിയ സർദാരി ലാൽ അവിടെ ഇൻഷുറൻസ് മേഖലയിൽ ജോലി ചെയ്തു. പിന്നീട്, രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഡൽഹിയിൽ വ്യാപാര മേഖലയിൽ ചില വെല്ലുവിളികൾ ഉണ്ടായി .അങ്ങനെ യുദ്ധ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ സാഹസികതയിൽ രൂപം കൊണ്ടതായിരുന്നു ദില്ലി കൊണാട്ട് പ്ലേസിലെ ഇറ്റാലിയൻ ഹോട്ടൽ ഏറ്റെടുക്കൽ . ഇറ്റലിയിൽ നിന്നുള്ള ഒരു വ്യാപാര ഗ്രൂപ്പ് ആയിരുന്നു അത് ആക്കാലത്തു നടത്തിയിരുന്നത് .അന്നത്തെ പേര് ബോൺ വൈവന്റ് ഹോട്ടൽ…, തലസ്ഥാനനഗരിയിലെ ഏറ്റവും കണ്ണായ ഭാഗത്തു ആയിരുന്നു അതിന്റെ ലൊക്കേഷൻ .മറീന ഹോട്ടൽ എന്ന പുതിയ പേരിൽ രാജ്യത്തിലേ തന്നെ ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നായത് മാറുവാൻ അധിക നാൾ വേണ്ടിവന്നില്ല. അതോടെ സർദാരി ലാൽ മൽഹോത്ര അതിവേഗം സമ്പന്നനാവുകയും ചെയ്തു..പെട്ടന്ന് തന്നെ അദ്ദേഹത്തിനു ഒരു മിന്നുന്ന കാഡിലാക്ക് കാർ വാങ്ങാനും കഴിഞ്ഞു.

അതിനിടയിൽ, 1948-ൽ, ഗാന്ധിജിയെ വധിക്കാനുള്ള ദൗത്യത്തിനായി നാഥുറാം ഗോഡ്സെ തന്റെ കൂട്ടാളി നാരായൺ ആപ്തേയ്ക്കൊപ്പം മറീന ഹോട്ടലിലെ ഒരു മുറിയിൽ താമസിച്ചപ്പോൾ,  മറീന കുപ്രസിദ്ധിയുടെ ഒരു അദ്ധ്യായം കൂടി എഴുതി ചേർക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു സർദാരി ലാലും വേറയും പിണങ്ങിപ്പിരിഞ്ഞത്. അക്കാലത്തവർക്കു രണ്ടു പെണ്മക്കൾ പിറന്നിരുന്നു. ടീന ഏഞ്ചല ലാലും ഷീലാ ലാലും. അനുരഞ്ജനങ്ങൾക്ക് ഒന്നും വഴങ്ങാതെ  അവരെയും കൂട്ടി വേറ ലാൽ ബ്രിട്ടനിലേക്ക് കപ്പൽ കയറി. തിരിച്ചു ഇംഗ്‌ളണ്ടിൽ എത്തിയ ശേഷം സർദാരി ലാലിന്റെ മൂത്ത മകൾ ‘ ടീന ഏഞ്ചല ലാൽ മൽഹോത്ര’ കിംഗ്സ്റ്റണിലെ കായിക പരിശീലകനായിരുന്ന പീറ്റർ കോയെ വിവാഹം കഴിച്ചു. ഇവരുടെ മകനാണ് സെബാസ്റ്റ്യൻ കോ , അദ്ദേഹത്തിന് മുത്തച്ഛനുമായി അടുത്ത സാമ്യമുണ്ടെന്ന് പലപ്പോഴും ബന്ധുക്കൾ പറയാറുണ്ട്.

ഇന്റർ നാഷണൽ അതലറ്റിക് ഫെഡറേഷൻ പ്രസിഡന്റ്‌റിനു  മറ്റൊരു ഇന്ത്യൻ ബന്ധവുമുണ്ട്: അദ്ദേഹത്തിന്റെ അമ്മയുടെ സഹോദരി ഷീല ലാൽ മൽഹോത്ര, പ്രമുഖ ഇന്ത്യൻ നയതന്ത്രജ്ഞനും ഐക്യരാഷ്ട്ര സഭയിലെ മുൻ സ്ഥിരം പ്രതിനിധിയുമായ സമർ സെന്നിനെയാണു വിവാഹം കഴിച്ചത് .അതിനാൽ അദ്ദേഹത്തിന് അവരുടെ മക്കളുമായി ബംഗാളി കസിൻസിന്റെ  ഒരു കുടുംബബന്ധമുണ്ട് . അവർ ആ ബന്ധം നില നിർത്തുകയും ചെയ്യുന്നു . ദൃഢമായ ഇന്ത്യൻ പഞ്ചാബി ബംഗാളി കുടുംബ ബന്ധം..!2009 ൽ ആയിരുന്നു സെബാസ്റ്റ്യൻ കോ തന്റെ പൈതൃകം നേരിട്ടു കാണുവാൻ ഇന്ത്യയിലേക്ക് പോയത് അന്നത്തെ അനുഭവം അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെ, ’60 വർഷം മുമ്പ് എന്റെ കുടുംബം താമസിച്ചിരുന്ന സ്ഥലം നേരിട്ട് കണ്ട അപൂർവ നിമിഷമായിരുന്നു അത്,’ തീർച്ചയായും ആ കാഴ്ചകൾ എന്നെ വല്ലാതെ വികാരാധീനനാക്കി. എന്റെ അമ്മയുടെയും എട്ടോ ഒമ്പതോ വയസു പ്രായമുള്ള സഹോദരി ഷീലയുടെയും ഫോട്ടോ അവിടുന്ന് കിട്ടിയിരുന്നു. അവർ ഇരുവരും അന്ന് സ്‌കൂളിലേക്ക് പുറപ്പെടുമ്പോൾ ഹോട്ടലിന് പുറത്ത് നിന്ന്  എടുത്തതാണ് അതെന്നു ആതിഥേയരിലൊരാൾ പറഞ്ഞു തന്നു,ഡൽഹിയിലെ ഏറ്റവും മഹത്തായ  ഹോട്ടലുകളിലൊന്നായ -അന്നത്തെ അതി സമ്പന്നർക്ക് ഭക്ഷണവും പാർപ്പിടവും നൽകിയിരുന്ന ആ ഹോട്ടൽ ,ബ്രിട്ടീഷ് – രാജഭരണകാലത്ത്  എങ്ങനെയായിരുന്നുവെന്ന്  സങ്കൽപ്പിക്കാൻ ഞാൻ ശ്രമിക്കുകയുണ്ടായി ‘.

വാക്കിലും പ്രവർത്തിയിലും ആഡംബരത്തിലും ലോർഡ് കോ ഒരു മികച്ച ഇംഗ്ലീഷുകാരനാണെങ്കിലും, അദ്ദേഹത്തിന്റെ പൂർവ്വകാല പശ്ചാത്തലം ബ്രിട്ടീഷ് ഇന്ത്യ കൂടി ഉൾപ്പെടുന്നതാണ്. ഇതിനിടയിൽ പുതിയ ഒരു വാർത്തയും പുറത്തു വന്നിട്ടുണ്ട്. 2025 ൽ ജർമൻകാരനായ അന്തർ ദേശീയ ഒളിമ്പിക് സമിതി അദ്ധ്യക്ഷൻ ഡോ തോമസ് ബഹിന്റെ കാലാവധി കഴിയുമ്പോൾ ആ സ്ഥാനത്തു എത്തുന്നത് നമ്മുടെ സ്വന്തം സെബാസ്റ്റ്യൻ മൽഹോത്ര ആയിരിക്കുമെന്ന്…!

ReplyForward

Leave a Reply

Your email address will not be published. Required fields are marked *