കേരളം തഴഞ്ഞു, ഇപ്പോൾ ദേശീയ പുരസ്‌കാരം; തിളങ്ങി ഹോമും ഇന്ദ്രൻസും
വസ്ത്രാലങ്കാരകനായി സിനിമയിലെത്തി താരങ്ങൾക്ക് കുപ്പായങ്ങളേറെ തുന്നിയിട്ടും ഒരിക്കലും താരമെന്ന കുപ്പായം സ്വയം അണിഞ്ഞിട്ടില്ലാത്ത മനുഷ്യനാണ് ഇന്ദ്രൻസ്. അദ്ദേഹത്തെ തേടി ദേശീയ പുരസ്കാരം എത്തുമ്പോൾ സന്തോഷിക്കുന്നത് മലയാളികൾ ഒന്നടങ്കം.
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ റോജിൻ പി തോമസ് സംവിധാനം ചെയ്ത ഹോം എന്ന ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള അവാർഡും ഈ സിനിമയിലെ പ്രകടനത്തിന് നടൻ ഇന്ദ്രൻസിന് പ്രത്യേക പരാമർശവുമാണ് ലഭിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ് ഹോം നിർമിച്ചത്. സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചപ്പോൾ ഹോമിന് അവാർഡുകളൊന്നും ലഭിച്ചിരുന്നില്ല. ഇത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ജൂറി അംഗങ്ങൾ ചിത്രം കണ്ടിരുന്നില്ലെന്ന ആരോപണങ്ങളും ഉർന്നിരുന്നു. എന്നാൽ ജൂറി അംഗം ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് ചിത്രത്തിന്റെ നിർമാതാവിന് നേരെയുണ്ടായ മീടൂ ആരോപണം തിരിച്ചടിയായെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഏതായാലും ഇന്ദ്രൻസിനും ഹോം ചിത്രത്തിനും അർഹിച്ച അംഗീകാരം ഇപ്പോൾ തേടിയെത്തിയിരിക്കുകയാണ്. മലയാള സിനിമയിൽ ഇന്ദ്രൻസിന്റെ രണ്ട് കാലഘട്ടം നമ്മൾ കണ്ടിട്ടുണ്ട്. പഴയ ഇന്ദ്രൻസും പുതിയ ഇന്ദ്രൻസും, രണ്ടും മലയാളികൾക്ക് പ്രിയങ്കരമാണ്. ഒരു കാലത്ത് നമ്മെ പൊട്ടിചിരിപ്പിച്ച നിരവധി വേഷങ്ങൾ. ഇന്ന് ഒരു നോട്ടം കൊണ്ട്. ചലനം കൊണ്ട്, കാഴ്ചക്കാരുടെ മനസിലേക്ക് ചൂഴ്ന്നിറങ്ങാൻ ഈ നടന് ഇന്ന് കഴിയുന്നുണ്ട്, കഥാവശേഷനിലെ കള്ളനും അപ്പോത്തിക്കിരിയിലെ ജോസഫും മൺറോ തരുത്തിലെ മുത്തച്ഛനും ഉടലിലെ കുട്ടിച്ചായനും. പിന്നെ ഹോമിലെ ഒലിവറും 2018ലെ അന്ധനായ ദാസേട്ടനും ആ നിരയിലെ ചിലർ മാത്രം. അങ്ങനെ കോമഡി താരത്തിൽ നിന്ന് രാജ്ത്തെ തന്നെ എണ്ണം പറഞ്ഞ നടന്മാരുടെ നിരയിലേക്ക് ഉയർന്നു. ഒരു ചിരി കൊണ്ട്, ലാളിത്യം തുളുമ്പുന്ന സംസാരം കൊണ്ട് ആരുടെയും ഇഷ്ടം പിടിച്ചുവാങ്ങുന്ന പ്രകൃതക്കാരൻ. പേരിന് പോലും ഹേറ്റേഴ്സ് ഇല്ലാത്ത നടൻ.. അതാണ് ഈ മനുഷ്യൻറെ വിജയമന്ത്രവും. താരത്തിനപ്പുറം മണ്ണിൽ ചവിട്ടി നിന്ന്, ജനറൽ കമ്പാർട്ട്മെെന്റിൽ യാത്ര ചെയ്യുന്ന സാധാരണക്കാരൻ.. ചിരിയുടെ കാഴ്ചയിൽ നിന്ന് ഉള്ളുപൊള്ളിക്കുന്ന കഥാപാത്രങ്ങളിലേക്കുള്ള ആ ചുവടുമാറ്റം മലയാളി ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. വസ്ത്രാലങ്കാരകനായി സിനിമയിലെത്തിയ ഇന്ദ്രൻസ് നടനായി രൂപാന്തരപ്പെട്ട ചരിത്രം പതിറ്റാണ്ടുകളുടേതാണ്. താരങ്ങൾക്ക് കുപ്പായങ്ങളേറെ തുന്നിയിട്ടും ഒരിക്കലും താരമെന്ന കുപ്പായം സ്വയം അണിഞ്ഞിട്ടില്ല ഈ മനുഷ്യൻ. ആ കുപ്പായം തുന്നാതെ തന്നെ മലയാളിക്ക് ഇന്ദ്രൻസ് ഏറെ പ്രിയപ്പെട്ടവനാണ്. എളിമ മുറ്റുന്ന ചിരിയുമായി തുടരുന്ന ആ യാത്രയിൽ മറ്റൊരു പൊൻതൂവൽ കൂടി. അതേസമയം നോൺഫീച്ചർ വിഭാഗത്തിൽ മികച്ച അനിമേഷൻ ചിത്രത്തിലുള്ള പുരസ്കാരവും മലയാളത്തിന് ലഭിച്ചു. അദിതി കൃഷ്ണ ദാസിന്റെ ‘കണ്ടിട്ടുണ്ട്’ ആണ് പുരസ്കാരം നേടിയത്. മികച്ച പരിസ്ഥിതി സിനിമയായി ഗോകുലം മൂവീസ് നിർമ്മിച്ച ‘മൂന്നാം വളവ്’ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പുതുമുഖ സംവിധായനുള്ള പുരസ്കാരം മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണുമോഹന് ലഭിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരത്തിന് മലയാളത്തിൽ നിന്നുള്ള നായാട്ട് അർഹനായി. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന ഷാഹി കബീറാണ് നിർവഹിച്ചിച്ചത്. കഴിഞ്ഞ വർഷം മികച്ച സംവിധായകൻ ഉൾപ്പടെ എട്ട് അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമക്ക് അന്തരിച്ച സംവിധായകൻ സച്ചിക്കായിരുന്നു മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് അപർണ ബാലമുരളിക്കായിരുന്നു. തമിഴ് ചിത്രം സൂരറൈ പോട്രിയിലെ പ്രകടനത്തിനായിരുന്നു പുരസ്‌കാരം. മികച്ച സഹനടനുള്ള പുരസ്‌കാരം ബിജു മേനോൻ ഏറുവാങ്ങി. ഇത്തവണ ജോജുവിനും മിന്നൽ മുരളിക്കും ഉൾപ്പെടെ നിരവധി അവാർഡുകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. പുഷ്പയിലെ പ്രകടനത്തിന് അല്ലു അർജുൻ മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി. ആലിയ ഭട്ടും കൃതി സനോണും മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ടു. രാജമൗലിയുടെ ആർആർആർ ജനപ്രിചിത്രമായി. നമ്പി നാരായണന്റെ ജീവിതകഥ പറയു്നന റോക്കറ്റ്രിയാണ് മികച്ച ചിത്രം. അതേസമയം കശ്മീർ ഫയൽസിനും മേപ്പടിയാനും ഉൾപ്പെടെ സർക്കാരിൻരെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ച് ചില അവാർഡുകൾ നൽകിയെന്ന വിമർശനവും ഉയരുന്നുണ്ട്.
ReplyForward |