ചെസിന്റെ നെറുകയിൽ ഒരു തമിഴ് ബാലൻ- പ്രഗ്നാനന്ദ
തമിഴ്നാട്ടിലെ പാടി ഗ്രാമത്തിൽ നിന്നുള്ള പതിനേഴ്കാരനായ ഒരു പയ്യൻ, ആർ. പ്രഗ്നാനന്ദ, അവനിന്ന് ചെസ് സാമ്രാജ്യത്തിലെ അദ്ഭുതരാജകുമാരനാണ്. പ്രഗ്നാനന്ദയുടെ ശിരസ്സിലേക്ക് ലോകകപ്പ് കിരീടം ചേർത്തുവയ്ക്കുന്ന സുന്ദരനിമിഷം കാണാൻ കണ്ണിമയ്ക്കാതെ കാത്തിരിക്കുന്ന ആയിരമായിരം ആരാധകർക്കുപിന്നിൽ, വെള്ളിവെളിച്ചങ്ങളോടെ കണ്ണു ചിമ്മുന്ന നൂറു നൂറു ക്യാമറകൾക്കു പിന്നിൽ, ഇത്തിരി കണ്ണീരിന്റെ നനവോടെ ഇമചിമ്മാതെ നോക്കിനിൽക്കുന്ന ഒരാളുണ്ട്. പ്രഗ്നാനന്ദയുടെ അമ്മ. ആ പതിനേഴ്കാരന്റെ വിജയം ചെറുപ്രായം തൊട്ട് അവനൊപ്പം പല വേദികളിലായി ലോകം മുഴുവൻ സഞ്ചരിക്കുന്ന ആ അമ്മയുടേത് കൂടിയാണ്.
തമിഴ്നാട്ടിലെ ഒരു ഇടത്തരം കുടുംബമാണ് പ്രഗ്നാനന്ദയുടേത്. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അമ്മ വീട്ടമ്മ. മൂത്ത സഹോദരി വൈശാലി പ്ലസ്ടു വിദ്യാർഥിനിയാണ്. മൂന്നു തവണ ദേശീയ തലത്തിൽ വരെ ചെസ് കളിച്ച വൈശാലി വിമൻ ഇന്റർനാഷനൽ മാസ്റ്ററും ഗ്രാൻഡ് മാസ്റ്ററുമായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ്മാസ്റ്റർ പദവിയിലേക്ക് ചെന്നൈ സ്വദേശി രമേഷ് ബാബു പ്രഗ്നാനന്ദയുടെ കടന്നുവരവ് കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് സംഭവിച്ചത്. ഇന്ന് ലോകചാംപ്യൻ മാഗ്നസ് കാൾസനെ തുടരെ തോൽപിക്കുന്ന അദ്ഭുതബാലനായാണ് പ്രഗ്നാനന്ദ അറിയപ്പെടുന്നത്. എഫ്ടിഎസ് ക്രിപ്റ്റോകപ്പ് ചെസ് ടൂർണമെന്റിൽ 16 പോയിന്റുമായി കാൾസൻ കിരീടം ചൂടിയപ്പോൾ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തി. ‘എനിക്കുപോന്ന എതിരാളികൾ ഇല്ലാത്തതിനാൽ ഞാൻ കളി മതിയാക്കുന്നു’ എന്നു പറഞ്ഞ കാൾസന്റെ അമിത ആത്മവിശ്വാസത്തിനേറ്റ അടികൂടിയായിരുന്നു പ്രഗ്നാനന്ദയുടെ പ്രകടനം. 2022 ഫെബ്രുവരിയിൽ എയർതിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂർണമെന്റിൽ കാൾസണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്നാനന്ദ ലോകശ്രദ്ധ നേടിത്തുടങ്ങിയത്. മയാമിയിൽ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടിൽ കാൾസനെതിരെ തുടർച്ചയായ മൂന്ന് തുടർവിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. കൃത്യം ഒരു വർഷം മുൻപ് 2022 ഓഗസ്റ്റിലായിരുന്നു അത്. ടൂർണമെന്റിൽ പങ്കെടുക്കാൻ വരുമ്പോൾ ടൂർണമെന്റ് ജയിക്കുക എന്നതിനെക്കാൾ ഉപരി താൻ കൗതുകത്തോടെ നോക്കിക്കണ്ട ചെസ് സൂപ്പർ താരങ്ങൾക്കൊപ്പം മത്സരിക്കാൻ അവസരം ലഭിക്കുന്നതിലെ സന്തോഷമായിരുന്നു പ്രഗ്നാനന്ദയ്ക്ക്. ആദ്യ 4 മത്സരങ്ങളിൽ 3 തോൽവിയും ഒരു സമനിലയുമായി തുടങ്ങി, പോയിന്റ് പട്ടികയിൽ അവസാനത്തേക്കു തള്ളപ്പെട്ട പ്രഗ്നാനന്ദയ്ക്ക് ടൂർണമെന്റിൽ ജയിക്കാനുള്ള വിദൂര സാധ്യതപോലും കൽപിച്ചിരുന്നില്ല. എന്നാൽ 39 നീക്കങ്ങൾക്കുള്ളിൽ കാൾസനെ തോൽപിച്ച് നടത്തിയ രാജകീയ തിരിച്ചുവരവാണ് ചെസ് സാമ്രാജ്യത്തിൽ കാലുറപ്പിക്കാൻ പ്രഗ്ഗയ്ക്ക് അവസരം നൽകിയത്. ചെന്നൈയിൽനിന്നു സഹോദരി സന്ദേശം അയച്ചിരുന്നു ‘കാൾസനെ തോൽപിക്കണം’. ഏഴാം റൗണ്ടിൽ ആദ്യ 2 കളികൾ സമനിലയായെങ്കിലും മൂന്നാം കളി ജയിച്ച് വിജയത്തിനടുത്തെത്തിയിരുന്നു കാൾസൺ അപ്പോൾ. എന്നാൽ, വിട്ടുകൊടുക്കാൻ പ്രഗ്നാനന്ദയ്ക്കു മനസ്സില്ല. മുന്നിലിരിക്കുന്നത് ഏതു ലോകചാംപ്യനാണെങ്കിലും പ്രഗ്ഗയ്ക്ക് ടെൻഷനില്ല. കൂളായി കരുക്കൾ നീക്കും. എതിരാളി ഒരുക്കുന്ന കെണികളെ അനായാസം മറികടക്കും; അതാണ് ശൈലി. കൂടാതെ ചേച്ചിക്കു നൽകിയ വാക്കു പാലിക്കണമെന്ന വാശിയുമുണ്ട് മനസ്സിൽ. പതിവു പോലെ ഭസ്മക്കുറിയണിഞ്ഞ്, ശാന്തനായി എത്തിയ പ്രഗ്നാനന്ദ കളി സമനിലയാക്കാനുള്ള കാൾസന്റെ ശ്രമങ്ങൾക്ക് കൃത്യമായി തടയിട്ടു. അവസാന നിമിഷങ്ങളിൽ കാൾസന് ഒരവസരവും നൽകാതെ അട്ടിമറിച്ച് ടൈ ബ്രേക്കറിലേക്ക്. തുടർന്നു നടന്ന 2 അതിവേഗ കളികളിലും കാൾസനെ തകർത്ത് ഹാട്രിക് വിജയവും മാച്ച് പോയിന്റും. ലോക ചെസ് ചാംപ്യൻ തുടർച്ചയായ കളികളിൽ ഒരേ എതിരാളിയോടു തോൽവി വഴങ്ങിയത് ഒരു പക്ഷേ, ചരിത്രത്തിൽത്തന്നെ അപൂർവം. അന്നത്തെ ടൈബ്രേക്കറോടെ പ്രഗ്നാനന്ദയുടെ പേര് ലോകം അറിഞ്ഞു. ഇപ്പോൾ വീണ്ടുമിതാ ആ തമിഴ് ബാലൻ രാജ്യത്തെയാകെ അഭിമാനം കൊള്ളിക്കുന്നു. മയാമിയിൽ തോൽപ്പിച്ച പ്രമുഖരുടെ പേരുകൾ കേട്ടാൽ തന്നെ അറിയാം, പ്രഗ്ഗ വേറെ ലെവൽ ആണെന്ന്. അലി റേസ ഫിറൂസ്ജ, ലെവൻ അരോണിയൻ, അനിഷ് ഗിരി, മാഗ്നസ് കാൾസൻ അങ്ങനെ നീളുന്നു പ്രഗ്ഗയോടു തോറ്റ പ്രമുഖരുടെ നിര. ഏതുനേരവും ടിവിക്കു മുന്നിൽ ഇരിക്കുന്നത് പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടാൻ കാരണമാകുമെന്നു തോന്നിയപ്പോഴാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും തങ്ങളുടെ മൂത്ത മകൾ വൈശാലിയെ ചെസ് പഠിക്കാൻ അയച്ചത്. ചേച്ചിക്കൊപ്പം മൂന്നാം വയസ്സിലാണ് പ്രഗ്ഗ ആദ്യമായി ചെസ് കളിയുടെ ലോകം പരിചയപ്പെടുന്നത്. ഏതൊരു പിഞ്ചുകുഞ്ഞും കളിപ്പാട്ടങ്ങളുടെ കൗതുകത്തിലേക്കു പിച്ചവയ്ക്കുന്ന പ്രായത്തിൽ പ്രഗ്ഗയുടെ കുഞ്ഞുവിരലുകൾ ചെന്നുതൊട്ടത് ചതുരംഗക്കളിയുടെ കറുപ്പും വെളുപ്പും കളങ്ങളിലായിരുന്നു. മകന്റെ കരുനീക്കങ്ങളിലെ പ്രഫഷനലിസം കണ്ട രമേഷ് ബാബു പ്രഗ്ഗയെ ചെസ് കോച്ചിങ്ങിനു വിടാൻ തീരുമാനിച്ചു. ബ്ലൂം ചെസ് അക്കാദമി ട്രെയിനിങ് സെന്ററിൽ ചേർന്നപ്പോൾ പ്രഗ്ഗയ്ക്ക് പ്രായം നാലു വയസ്സ് മാത്രം. ചെസ് ശാസ്ത്രീയമായി കളിച്ചു തുടങ്ങിയത് അവിടെവച്ചാണ്. രണ്ടു ദിവസത്തെ ചെസ് ടൂർണമെന്റുകളായിരുന്നു ആദ്യകാല മത്സരങ്ങൾ. പല അക്കാദമികളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്ന ആ ടൂർണമെന്റുകളിൽ പ്രഗ്ഗ കൊച്ചുകൊച്ചു വിജയങ്ങൾ സ്വന്തമാക്കി. പതിയെ ജില്ല, സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കാളിയായി. ഒരു ലെവലിൽനിന്ന് അടുത്ത ലെവലിലേക്കുള്ള പ്രഗ്ഗയുടെ കുതിച്ചുകയറ്റം വളരെപ്പെട്ടെന്നായിരുന്നു. 2016ൽ, തന്റെ 10–ാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന റെക്കോർഡും സ്വന്തമാക്കി. 12 വയസ്സായപ്പോഴേക്കും ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയെടുക്കാൻ പ്രഗ്ഗയ്ക്കു സാധിച്ചതിനു പിന്നിൽ തുടർന്നങ്ങോട്ടുള്ള ഉറക്കമിളച്ചുള്ള പരിശീനവും പ്രയത്നവും തന്നെ. ഒപ്പം ഒമ്മ നാഗലക്ഷ്മിയുടെ പിന്തുണയും. ജന്മനാ പോളിയോ ബാധിച്ച രമേഷ് ബാബുവിന് യാത്ര ബുദ്ധിമുട്ടായതിനാൽ നാഗലക്ഷ്മിയാണ് വിദേശപര്യടനങ്ങളിൽ മകനൊപ്പം പോകാറുള്ളത്. ബാങ്ക് ജീവനക്കാരനായ രമേഷ് ബാബുവിന് അന്നും ഇന്നും ചെസ് ഒരു സാധാരണ കായിക മത്സരം മാത്രമാണ്. ‘പ്രഗ്ഗയോ വൈശാലിയോ കളിക്കുമ്പോൾ ചെസ് കാണാറുണ്ട്. അല്ലാതെ ചെസിനെക്കുറിച്ച് വലിയ പിടിയില്ല. അവന്റെ നേട്ടങ്ങളുടെ വലുപ്പം മനസ്സിലായത് മറ്റു പലരും പറഞ്ഞറിഞ്ഞാണ്’– രമേഷ് ബാബു പറയുന്നു. 2020 മുതൽ ഇന്ത്യൻ ചെസ് ഇതിഹാസം വിശ്വനാഥൻ ആനന്ദ് പ്രഗ്നാനന്ദയ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി മെന്ററായി ഒപ്പമുണ്ട്. ചൊവ്വാഴ്ച നടന്ന ലോകകപ്പ് ഫൈനൽ ആദ്യ റൗണ്ടിലും ലോകചാമ്പ്യനായ കാൾസണെ പ്രഗ്നാനന്ദ സമനിലയിൽ തളച്ചിരുന്നു. നേരത്തെ ടൈബ്രേക്കറിൽ ലോക രണ്ടാം നമ്പർ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് ഇന്ത്യൻ യുവ ഗ്രാൻഡ് മാസ്റ്റർ ആർ പ്രഗ്നാനന്ദ ഫൈനലിൽ എത്തിയത്. പ്രഗ്നാനന്ദ എന്ന പതിനേഴുകാരനിൽനിന്ന് ലോകം ഭരിക്കുന്ന ചെസ് രാജാവിലേക്ക് അധികം ദൂരമില്ല. അടുത്ത വിശ്വനാഥൻ ആനന്ദ് എന്നു വിശേഷിപ്പിക്കുന്നവരോട് തനിക്ക് ആദ്യത്തെ പ്രഗ്നാനന്ദ ആയാൽ മതിയെന്ന് പറഞ്ഞ് അവൻ യാത്ര തുടരുകയാണ്.ലോക ചെസ് ചാംപ്യൻഷിപ്പുകളുടെ നെറുകയിലേക്ക്.
ReplyForward |