We Talk

‘അടുത്ത നാഷണല്‍ അവാര്‍ഡ് ഉണ്ണിമുകന്ദനും മാളികപ്പുറത്തിനും’; ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിന് ട്രോള്‍ മഴ!

”ഓടുന്ന പാണ്ടിലോറിയെ കുരുക്കെറിഞ്ഞ് ഒറ്റയ്ക്കു തടഞ്ഞു നിര്‍ത്തുന്ന  മഹാത്ഭുതം! ഗുരുത്വാകര്‍ഷണ നിയമങ്ങള്‍പോലും ബാധകമല്ലാതെ  സ്്റ്റണ്ടു പാട്ടും ചെയ്യാന്‍ കഴിയുന്ന താരം. ആ മഹാത്ഭുതത്തെ അംഗീകരിക്കാത്ത അക്കാലത്തെ അവാര്‍ഡ് നിര്‍ണയ ലോബികള്‍ക്കെതിരായ കാലത്തിന്റെ തിരിച്ചടികൂടിയാണീ ദേശീയ അവാര്‍ഡ്.
അല്ലെങ്കിലും ഇനിയുള്ള കാലം സ്വാഭാവികാഭിനയം ,യഥാതഥമായ കഥയും സിനിമയും എന്നൊന്നും പറഞ്ഞിരുന്നിട്ട് ഒരു കാര്യവുമില്ല.”- ഹോം എന്ന സിനിമിലെ ഇന്ദ്രന്‍സിനെയും, നായാട്ടിലെ ജോജുവിനെയുമൊക്കെ പിന്തള്ളിക്കൊണ്ട് അല്ലു അര്‍ജുന്‍ എന്ന തെലുങ്ക് സൂപ്പര്‍സ്റ്റാര്‍, 2021  മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പൂരസ്‌ക്കാരം നേടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന  ട്രോള്‍ ആണിത്.

വാണിജ്യസിനിമകളുടെ എല്ലാ ചേരുവകളും ചേര്‍ത്ത ഒരു പാന്‍ ഇന്ത്യന്‍ മസാലക്കൂട്ടായിരുന്നു അല്ലുവിന്റെ പുഷ്പ. അതുവരെ ഒരു അര്‍ബന്‍ ചോക്ലേറ്റ് ബണ്ണിമാത്രമായിരുന്ന അല്ലു, തീര്‍ത്തും പ്രാകൃതനായ ചന്ദനക്കൊള്ളക്കാരന്‍ പുഷ്പരാജ് ആയി മാറിയത് അദ്ദേഹത്തിന്റെ ഫാന്‍സിന്  ഏറെ ഇഷ്ടപ്പെട്ടു. പടം സൂപ്പര്‍ ഹിറ്റായി. പക്ഷേ ദേശീയ പുരസ്‌ക്കാരം കിട്ടത്തക്ക ഒന്നായിരുന്നോ അത്. ഇക്കണക്കിന് പോവുകയാണെങ്കില്‍, 2023ലെ ദേശീയ പുരസ്‌ക്കാരം ജയിലറിനെ രജനീകാന്തിനായിരിക്കും!

മെറിറ്റിന് യാതൊരു പ്രധാന്യവും ഇല്ലാതെ തീര്‍ത്തും രാഷ്ട്രീയവത്ക്കരിക്കപ്പെട്ടിരിക്കയാണ് നമ്മുടെ ചലച്ചിത്ര അവാര്‍ഡുകള്‍ എന്ന് ഇത്തവണയും വ്യക്തമാണ്. മുമ്പ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം കിട്ടിയ പ്രിയദര്‍ശന്‍- മോഹന്‍ലാല ചിത്രം തീയേറ്ററില്‍ കണ്ടപ്പോള്‍ നാം ഞെട്ടിയതാണ്. അതുപോലെ ഒരു ഞെട്ടല്‍ ഇത്തവണയും പല കാര്യത്തിലും ഉണ്ടായി. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മാധവന്റെ ‘റോക്ക്രട്രി ദ നമ്പി ഇഫക്ട്’ നോക്കുക. ഇന്ത്യയിലെ മികച്ച ചിത്രം എന്നത് ശരിക്കും നിരാശാജനകമാണ് . ചിത്രമിറങ്ങിയപ്പോള്‍ വന്ന റിവ്യുകളില്‍ ഏറെയും നമ്പി നാരായണന്റെ ജീവിതം മാധവന്‍ അവതരിപ്പിച്ച് മോശമാക്കിയെന്നായിരുന്നു. ്.ചിത്രത്തിന്റെ രാഷ്ട്രീയം തന്നെയാണ് അവാര്‍ഡിലേക്ക് നയിച്ചതെന്ന് വ്യക്തം.അതുപോലെ ഭേദപ്പെട്ട ഒരു ചിത്രം എന്ന നിലയില്‍ പെടുത്താവുന്നതാണ് ഉണ്ണി മുകുന്ദന്റെ മേപ്പടിയാന്‍. പക്ഷേ സംവിധായന്‍ വിഷ്ണുമോഹന് നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌ക്കാരം കൊടുക്കാന്‍ തക്ക കലാപരമായ മേന്‍മ ആ ചിത്രത്തിന് ഉണ്ടോ? ജൂറിയെ ആകര്‍ഷിച്ചത് മേപ്പടിയാനിലെ പരിവാര്‍ അനുകൂല രാഷ്ട്രീയം തന്നെയാണെന്ന് വ്യക്തം. ഇനി അടുത്ത ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മാളികപ്പുറത്തിലെ മികച്ച പ്രകടനത്തിന് ഉണ്ണിമുകുന്ദന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച നടനാവുമെന്നും ് പ്രതീക്ഷിക്കാമെന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍.

അതുപോലെ വിവാദ ചിത്രമായ കാശ്മീര്‍ ഫല്‍സിന് മികച്ച ദേശീയോദ്ഗ്രഥന പുരസ്‌കാരം നല്‍കിയതും വന്‍ വിവാദമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അടക്കമുള്ള പ്രമുഖര്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് എത്തിയിട്ടുണ്ട്. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടത്തിനായി ദേശീയ പുരസ്‌കാരത്തിന്റെ വിലകളയരുതെന്നും, സിനിമ സാഹിത്യ പുരസ്‌കാരങ്ങളില്‍ രാഷ്ട്രീയ ചായവ് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പക്ഷ ഇത് തമിഴ്നാട്ടില്‍ പാലിക്കാന്‍ സ്റ്റാലിന് കഴിയുന്നുണ്ടോ എന്നത് വേറെ കാര്യം. കേരളത്തിലടക്കം ഭരണകക്ഷിയുടെ സ്വാധീനത്തിന് വഴങ്ങിത്തന്നെയാണ് ഇപ്പോഴും ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ നല്‍കപ്പെടുന്നത്. നമ്മുടെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഇടപെടുന്നതിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. കമ്മികള്‍ ഭരിക്കുമ്പോള്‍ തങ്ങളുടെ അനുഭാവികള്‍ക്ക് അവാര്‍ഡ്, സംഘികള്‍ ഭരിക്കുമ്പോള്‍ തിരിച്ചും എന്ന അവസ്ഥ എത്ര പരിതാപകരമാണ്. വിദേശരാജ്യങ്ങളിലെ സ്വതന്ത്ര ജൂറിയെ ഒക്കെ സംബന്ധിച്ച് നോക്കുമ്പോള്‍ നമ്മുടെ തല അപമാന ഭാരംകൊണ്ട് കുനിഞ്ഞുപോകും.സംസ്ഥാന സര്‍ക്കാര്‍ ഒരു പുരസ്‌ക്കാരവും നല്‍കാതെ അപമാനിച്ച് ഇന്ദ്രന്‍സിനെ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് നല്‍കി ദേശീയ പുരസ്‌ക്കാര സമിതി ആദരിച്ചതും കാണാതെ പോകരുത്. പക്ഷേ ഇന്ദ്രന്‍സിനേക്കാളും ഒരു പണത്തൂക്കം മുന്നിലായിരുന്നു ജോജു ജോര്‍ജിന്റെ, നായാട്ട് എന്ന സിനിമയിലെ പ്രകടനം. ശരിക്കും വേള്‍ഡ് ക്ലാസ് എന്ന് പറയാം. അതിനിടയിലാണ് അല്ലുഅര്‍ജുനൊക്കെ അവാര്‍ഡ് അടിച്ചെടുക്കുന്നത്. ഒരു പവര്‍സ്റ്റാര്‍ എന്ന് വിളിക്കാവുന്ന നടനാണ്, അല്ലു. ഒരുപാട്ട്, ഒരു സ്റ്റണ്ട്, വീണ്ടുമൊരും പാട്ട്, അല്‍പ്പം കോമഡി, വീണ്ടും സ്റ്റണ്ട് ഈ ഒരു ടിപ്പിക്കല്‍ ഫോര്‍മാറ്റില്‍ ഇറങ്ങുന്ന തെലുങ്ക് മസാലക്കൂട്ടുകളാണ് അല്ലുവിന്റെ ചിത്രങ്ങളില്‍ ഏറെയും. കലാപരമായി അതിന് വലിയ മികവൊന്നും കല്‍പ്പിക്കാന്‍ കഴിയില്ല. അങ്ങനെയാണെന്ന് അല്ലുവിനുപോലും അഭിപ്രായപ്പെട്ടിട്ടുമില്ല. പക്ഷേ എന്നിട്ടും ഏവരെയും ഞെട്ടിച്ച് അയാള്‍, രാജ്യത്തെ മകിച്ച നടനാവുന്നു.

അമ്മാവന്‍ ചിരംഞ്ജീവിയെന്ന സൂപ്പര്‍താരത്തെ അനുകരിച്ചെന്നോണം, ആളുകളെ തല്ലിയൊടിച്ച് 110 കെ വി ലൈനിലേക്ക് വലിച്ചെറിഞ്ഞ് അഗ്നി സ്ഫുലിംഗങ്ങള്‍ക്കിടയിലുടെ നടന്നുപോവുക, ഓടുന്ന ട്രെയിനിന്റെ മുകളില്‍ ചാടിക്കയറി വില്ലനെ അടിച്ച് പത്തിരിയാക്കുക, തുടങ്ങിയ മഹാത്ഭുദങ്ങളാണ് അല്ലുവിന്റെ സിനിമകളില്‍ ഏറെയും കാണാറുള്ളത്. ഇതിന്റെ ഒരു എക്റ്റെന്‍ഷന്‍ തന്നെയാണ്, പുഷ്പയിലെ ചന്ദനക്കൊള്ളക്കാരനും. പക്ഷേ ഇതിനൊക്കെ ദേശീയ പുരസ്‌ക്കാരം കൊടുക്കുക എന്ന് പറയുമ്പോള്‍, ഫെസ്റ്റിവലിലൊക്കെ ഇന്ത്യന്‍ സിനിമ കാണാനെത്തുന്ന ഡെലിഗേറ്റുകള്‍ക്ക് മുന്നില്‍ നാം നാണം കെടുകയാണ് ചെയ്യുന്നത്.ഇങ്ങനെയൊക്കെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നിരിക്കിലും, മലയാളത്തിന് കൊടുത്ത 7 അവാര്‍ഡുകളും അങ്ങേയറ്റം അര്‍ഹിക്കുന്ന കൈകളിലാണ് എത്തിയിരിക്കുന്നത്.ഇന്ദ്രന്‍സ്, ആവാസവ്യൂഹം, ഷാഹി കബീര്‍, നായാട്ട്, ചവിട്ട് ,മൂന്നാംവളവ്കണ്ടിട്ടുണ്ട്, തുടങ്ങി മലയാളത്തിനും മലയാളികള്‍ക്കും ലഭിച്ച ദേശീയ അവാര്‍ഡുകള്‍ക്ക് പൊതുവെ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിട്ടില്ല. അത്രയും ആശ്വാസം.

Leave a Reply

Your email address will not be published. Required fields are marked *