We Talk

മതത്തെ മറയാക്കി സ്വർണവ്യാപാരം 

ഇന്ന് പുറത്തിറങ്ങിയ പ്രധാന പത്രങ്ങളിലെ ഫുൾ പേജ് ജാക്കറ്റ്  പരസ്യം ഒരു ജ്വല്ലറി ബിസിനസ്സ് ഗ്രൂപ്പിന്റേതാണ്.തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന  അൽ- മുക്താദിർ എന്ന ജ്വല്ലറി ഗ്രൂപ്പ് തൃശൂരിൽ പുതിയ ഷോറൂം തുടങ്ങുന്നതിന്റെ ഭാഗമായാണ് പരസ്യം. നിലവിൽ തിരുവനന്തപുരം, കൊല്ലം , എറണാകുളം , അങ്കമാലി എന്നിവിടങ്ങളിൽ ഇവർക്ക് സ്വർണക്കടകളുണ്ട് . പണിക്കൂലി ഇല്ലാതെ സ്വർണം വിൽക്കുന്നു എന്നതാണ് ഇവരുടെ ഓഫർ. സീറോ പെർസെന്റ് പണിക്കൂലി , ഹൺഡ്രഡ്  പെർസെന്റ് സന്തോഷം എന്നതാണ് പ്രധാന പരസ്യവാചകം. ആറു മാസ അഡ്വാൻസ് ബുക്കിങ്ങിനു സീറോ പെർസെന്റ് പണിക്കൂലിക്കു പുറമെ അഞ്ചു ശതമാനം മുതൽ പത്തു ശതമാനം വരെ ഗോൾഡ്, അല്ലെങ്കിൽ ഡയമണ്ട് ഫ്രീയായി നൽകുകയും ചെയ്യും. ഇന്ത്യയിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആധുനിക റോബോട്ടിക് സിസ്റ്റവും സംയോജിപ്പിച്ചു ഒരുക്കുന്ന അതിശയിപ്പിക്കുന്ന ഡിസൈനുകൾ എന്നിങ്ങനെ പരസ്യത്തിലെ തള്ളലിനു  ഒരു കുറവുമില്ല.

പരസ്യത്തിൽ രണ്ടു രാഷ്ട്രീയ നേതാക്കളുടെ ആശംസകൾ അവരുടെ ചിത്രസഹിതം ചേർത്തിട്ടുണ്ട്. ടി എൻ പ്രതാപൻ എം പി, പന്ന്യൻ രവീന്ദ്രൻ എക്സ് എംപി എന്നിവർ. വിശ്വസ്തതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സ്ഥാപനം എന്നാണ് പന്ന്യന്റെ ആശംസയിൽ പറയുന്നത്. ഏതാണ്ട് ഒരു വർഷമായി ജ്വല്ലറി രംഗത്തുള്ള ഈ ഗ്രൂപ്പിനെക്കുറിച്ചു മുഖ്യമന്ത്രി, ആഭ്യന്തര സെക്രട്ടറി തുടങ്ങിയവരുടെ മുന്നിൽ ഇതിനകം പരാതികളെത്തിയിട്ടുണ്ട്. കേരളത്തിലെ സ്വർണ വ്യാപാരികളുടെ സംഘടന ഇവരെക്കുറിച്ചു വിശദമായി അന്വേഷിക്കണമെന്നു സർക്കാരിന് രേഖാമൂലം പരാതി നൽകിയിരിക്കുകയാണ്. മതത്തെ മറയാക്കി നടത്തുന്ന കച്ചവടം എന്ന് ഒറ്റ നോട്ടത്തിൽ തന്നെ ഇവരുടെ ബിസിനസ്സ് ബോധ്യപ്പെടുത്തും. എല്ലാ കടകൾക്കും മുസ്‌ലിം പേരുകളാണ്. അൽ- മുജീബ്, അൽ -മാലിക്, അൽ ഖാലിഖ്, അൽ- ഫത്താഹ് എന്നിങ്ങനെ പോകുന്നു.

കേരളത്തിനകത്തും പുറത്തും നിന്ന് അനധികൃതമായി വൻതോതിൽ പണം സമാഹരിക്കുന്നതായാണ് ഈ ഗ്രൂപ്പിനെക്കുറിച്ചുള്ള ഒരു പരാതി. പള്ളിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണ് പണ സമാഹരണത്തിന്റെ ഇടനിലക്കാർ. പത്തു ലക്ഷം വാങ്ങികൊടുക്കുന്നയാൾക്കു ഉടനടി ഒരു ലക്ഷം കമീഷനായി കൊടുക്കുമത്രെ . . പണിക്കൂലി ഈടാക്കാതെ സ്വർണം വിൽക്കുന്നു എന്നത് തീർത്തും കബളിപ്പിക്കലാണെന്നാണ് സ്വർണ വ്യാപാരത്തിൽ ഏർപ്പെട്ടിട്ടുള്ളവർ പറയുന്നത്. സ്വർണ പണിക്കാർക്ക് പണിക്കൂലി നൽകാതെ ആഭരണം നിർമിച്ചു കിട്ടില്ല. മൂന്നു ശതമാനം ജി എസ് ടിയും ആഭരണങ്ങൾക്കു നൽകണം. സ്വര്ണത്തിന്റ യഥാർത്ഥ വിലയേക്കാൾ ഉയർന്ന വില കാണിച്ചു ഈ ജ്വല്ലറിയിൽ നിന്ന് സ്വർണം വിറ്റതിന്റെ ബില്ല് ഇതിനകം പുറത്തു വന്നിട്ടുണ്ട്. ഗ്രാമിന് 5405 രൂപ കേരളത്തിൽ ഉണ്ടായിരുന്ന ദിവസം 5705 രൂപയ്ക്കു വില്പന നടത്തിയതായാണ് ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നത് .

മതത്തിന്റെ പേര് ദുരുപയോഗം ചെയ്തു ആ മതത്തിൽ പെട്ടവരുടെ പണം നിയമവിരുദ്ധമായി നിക്ഷേപമായി സ്വീകരിക്കുകയാണ് അൽ മുക്താദിർ ഗ്രൂപ്പ് ചെയ്യുന്നതെന്ന് സംസ്ഥാനത്തെ സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും നൽകിയ പരാതിയിൽ പറയുന്നു. മത പുരോഹിതരുടെ വേഷത്തിലാണ് ഈ സ്ഥാപനങ്ങളിലുള്ളവർ ജോലി ചെയ്യുന്നതെന്നും ദൈവത്തിന്റെ പേരുകളിലാണ് ഷോറൂമുകൾ തുറക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അനിയന്ത്രിത നിക്ഷേപം സ്വീകരിക്കുന്നതിൽ 2019 ഫെബ്രുവരി മുതൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ചാണ് ഈ ഗ്രൂപ്പ് പരസ്യം കൊടുക്കുന്നതും പ്രവർത്തിക്കുന്നതും. വിദേശ രാജ്യങ്ങളിൽ നിന്ന് അൽ മുക്താദിർ ഗ്രൂപ്പിന് ഫണ്ട് ലഭിക്കുന്നതായി സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നു. ഈ സ്ഥപനത്തിന്റെ ഉടമയെ ഒരു കടയിലും കണ്ടെത്താൻ കഴിയില്ല. എല്ലാത്തരം നികുതി വെട്ടിപ്പുകളും വലിയ തോതിൽ പണ ഇടപാടും നടത്തുന്നതിനാൽ അടിയന്തിര അന്വേഷണം നടത്തണമെന്നാണ് പരാതിയിലെ ആവശ്യം.

മതപരമായി പലിശ ഹറാമായ മുസ്‌ലിംകൾക്ക് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തു വലിയ തുകകൾ നിക്ഷേപം വാങ്ങി സമർത്ഥമായി മുങ്ങിയ നിരവധി സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. അത്തരക്കാരുടെ കെണിയിൽ വീണവർ നിരവധിയാണ്. മണലാരണ്യത്തിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം പ്രതിമാസ ലാഭവിഹിതം പ്രതീക്ഷിച്ചു നൽകുന്നവർ വഞ്ചിക്കപ്പെട്ട സംഭവങ്ങൾ കുറച്ചൊന്നുമല്ല. എന്നിട്ടും തീയിലേക്ക് ഈയ്യാംപാറ്റകൾ ആകര്ഷിക്കപ്പെടുമ്പോലെ ആളുകൾ തട്ടിപ്പിന് തലവെച്ചു കൊടുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *