We Talk

എന്താണ് മാസ്റ്റര്‍ ഡേറ്റിംഗ് ?

സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്… മാസ്റ്റര്‍ ഡേറ്റിംഗ്

സോഷ്യല്‍ മീഡിയയിലെ വൈറല്‍ ട്രെന്‍ഡുകളില്‍ ഇപ്പോള്‍ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് മാസ്റ്റര്‍ ഡേറ്റിംഗ്. മറ്റാരെയും ഒപ്പം ചേര്‍ക്കാതെ അവരവര്‍ക്കു വേണ്ടി കുറച്ചു സമയം നീക്കി വെക്കുക.. നിങ്ങള്‍ എന്താണ്, നിങ്ങളുടെ ഇഷ്ടങ്ങള്‍ എന്താണ് എന്ന് സ്വയം തിരിച്ചറിയുക…ചുരുക്കി പറഞ്ഞാല്‍ സ്വയം സ്‌നേഹിക്കുക എന്ന ആശയം … അതാണ്  മാസ്റ്റര്‍ ഡേറ്റിംഗിലൂടെ കൈമാറപ്പെടുന്നത്. അത് ആശാസ്യമാണോ അല്ലയോ എന്നൊക്കെയുള്ള തര്‍ക്കങ്ങള്‍  പൊതുമണ്ഡലത്തില്‍ നടക്കുന്നുണ്ട്. എന്തായാലും പുതിയ ജനറേഷന്‍ ഇത് ഏറ്റെടുത്തു കഴിഞ്ഞു.


 
 നമ്മള്‍ എന്ത് ചെയ്താലും ,  എന്ത് തീരുമാനമെടുത്താലും സമൂഹത്തിന്റെ താല്‍പ്പര്യം കൂടി പരിഗണിക്കണം എന്ന പൊതുബോധം തലയിലേറ്റിയ ഒരു തലമുറ നമുക്ക് ചുറ്റുമുണ്ട്.   വിവാഹം, ഗര്‍ഭധാരണം തുടങ്ങി ഏറ്റവും വ്യക്തിപരമായ കാര്യങ്ങളില്‍ പോലും സമൂഹത്തിന്റെ പൊതു അഭിപ്രായം നോക്കണം എന്ന് വിശ്വസിക്കുന്നവരാണവര്‍. ഇതിനെ നിഷേധിക്കുന്ന  യുവ തലമുറ മുന്നോട്ട് വെയ്ക്കുന്ന പുതിയ മൂല്യമാണ് സെല്‍ഫ് ലവ്.  നമ്മളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ നമ്മള്‍ മാത്രമേ ഈ ലോകത്ത് ഉള്ളൂ എന്ന വിളിച്ചു പറയലാണത്.
 ഒരു വ്യക്തി സെല്‍ഫ് ലവ്  പ്രാക്ടീസ് ചെയ്യുന്ന പ്രക്രിയയാണ് മാസ്റ്റര്‍ഡേറ്റിങ്. സമൂഹ  മാധ്യമങ്ങളില്‍ തരംഗമാകുന്ന മാസ്റ്റര്‍ഡേറ്റിങ് എന്താണെന്ന് നോക്കാം.

വളരെ ലളിതമായി പറഞ്ഞാല്‍, സ്വയം ഡേറ്റ് ചെയ്യുന്ന രീതിയാണ് മാസ്റ്റര്‍ഡേറ്റിങ്. നിങ്ങള്‍ നിങ്ങള്‍ക്കായി മാത്രം ഒരു ദിവസം തെരഞ്ഞെടുക്കുക. എന്നിട്ട് ആ ദിവസം ഏറ്റവും ഭംഗിയായി അണിഞ്ഞൊരുങ്ങണം. ശേഷം ഇഷ്ടമുള്ള ഒരു സ്ഥലത്തേക്ക് പോവുക, ഇഷ്ടമുള്ള റെസ്റ്റോറന്റില്‍ കയറി ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക, അതിന് ശേഷം ചെയ്യാന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ഒക്കെ ചെയ്യുക, തനിക്ക് തന്നെ പ്രണയലേഖനങ്ങള്‍ അയക്കുക, പൂക്കളും സമ്മാനങ്ങളും നല്‍കുക…. അതായത് നിങ്ങളുടെ സ്വന്തം സന്തോഷത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കി ആ ദിവസം ചെലവഴിക്കുക.ഇങ്ങനെ സ്വയം ഡേറ്റ് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് നിങ്ങളെത്തന്നെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുംമെന്നാണ് മാസ്റ്റര്‍ ഡേറ്റിംഗിന്റെ വക്താക്കള്‍ അവകാശപ്പെടുന്നത്. നിങ്ങളുടെ വ്യക്തിത്വം എന്താണ്… മറ്റുള്ളവരില്‍ നിന്നു നിങ്ങള്‍ എങ്ങനെയാണ് വ്യത്യസ്തരായിരിക്കുന്നത്… നിങ്ങളുടെ വികാരങ്ങളുടെ തോത് എപ്രകാരമാണ്…. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും സംതൃപ്തിയും നല്‍കുന്നത്….. നിങ്ങളുടെ പാഷന്‍ എന്താണ്…. എന്നിവയെക്കുറിച്ചെല്ലാം നിങ്ങള്‍ നിങ്ങളെത്തന്നെ പഠിപ്പിക്കുകയാണ് മാസ്റ്റര്‍ഡേറ്റിങ്ങിലൂടെ.

ആഴ്ചയില്‍ ഒരിക്കലെങ്കിലും നാം മാസ്റ്റര്‍ഡേറ്റിങ് പരിശീലിക്കേണ്ടതുണ്ടെന്നാണ് ഇത് പ്രയോഗവത്കരിച്ചവര്‍ പറയുന്നത്. . ഇതിന് അങ്ങനെ പ്രത്യേക നിയമം ഒന്നുമില്ല. ചിലര്‍ സിനിമയ്ക്കോ റെസ്റ്റോറന്റുകളിലോ മ്യൂസിയങ്ങളിലോ പോകുന്നത് ആസ്വദിക്കുമ്പോള്‍, മറ്റുള്ളവര്‍ ചെറിയൊരു അവധിക്കാലം തന്നെ തങ്ങള്‍ക്കായി സ്വയം സമ്മാനിക്കും. മസാജുകള്‍, ഫേഷ്യലുകള്‍, സ്പാ ചികിത്സകള്‍ എന്നിവയെല്ലാം സ്വയം ലാളിക്കാനും പരിചരിക്കാനും ആളുകള്‍ തെരഞ്ഞെടുക്കാറുണ്ട്. ഏകാന്തത എപ്പോഴും ഒറ്റപ്പെടല്‍ അല്ല എന്നാണ് മാസ്റ്റര്‍ ഡേറ്റിംഗ് പഠിപ്പിക്കുന്നത്. ഏകാന്തതയുടെ നിമിഷങ്ങളില്‍ നാം നമ്മെ ആവേശഭരിതരാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുമ്പോള്‍ – അത് വായനയോ, പെയിന്റിങ്ങോ, ധ്യാനമോ എന്തുമാകട്ടെ – ആ സമയം പോസിറ്റീവ് എനര്‍ജിയുടെ ഒരു റിസര്‍വോയര്‍ നമ്മുക്ക് ചുറ്റും സൃഷ്ടിക്കപ്പെടും. ഇത് സമ്മര്‍ദ്ദം ഉണ്ടാക്കുന്നതും നമ്മളെ വെല്ലുവിളിക്കുന്നതുമായ സാഹചര്യങ്ങളെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ നമ്മളെ പ്രാപ്തരാക്കും.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ‘മാസ്റ്റര്‍ഡേറ്റിംഗ്’ എന്ന ട്രെന്‍ഡ് ഇന്റര്‍നെറ്റില്‍ വളരെയധികം പ്രചാരം നേടികൊണ്ടിരിക്കുകയാണ്.  MasterDating എന്ന ഹാഷ്ടാഗിന് ടിക്ടോക്കില്‍ 1.6 ദശലക്ഷത്തിലധികം വ്യൂവ്‌സ് ലഭിച്ചു. മൈലി സൈറസിന്റെ ‘ഫ്‌ലവേഴ്സ്’ എന്ന പാട്ട് മാസ്റ്റര്‍ഡേറ്റിങ് ആരാധകരുടെ അനൗദ്യോഗിക ഗാനമായി മാറിയിരിക്കുകയാണ്. നിരവധിയാളുകളാണ്  തങ്ങള്‍ മാസ്റ്റര്‍ ഡേറ്റ് ചെയ്യുന്നതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്ക് വെയ്ക്കുന്നത്.

സ്വയം കണ്ടെത്താനുള്ള  ശാക്തീകരണ യാത്രയായായാണ്  മാസ്റ്റര്‍ഡേറ്റിങ് ആഘോഷിക്കപ്പടുന്നത്.   ഏകാന്തതയുടെ സൗന്ദര്യം ഉള്‍ക്കൊണ്ടു സ്വയം സ്‌നേഹവും സ്വാതന്ത്ര്യവും വളര്‍ത്തിയെടുക്കാനുള്ള അവസരമായി ഇതിനെ മാറ്റിയെടുക്കണമെന്നാണ് മാസ്റ്റര്‍ ഡേറ്റിംഗിന്റെ വക്താക്കള്‍ നിര്‍ദേശിക്കുന്നത്.  . എന്നാല്‍, അവനവനിലേക്ക് ഒതുങ്ങുന്ന അത്യന്തം അപകടകാരിയായ ട്രെന്‍ഡ് ആണിതെന്ന വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ കാണാം.  

Leave a Reply

Your email address will not be published. Required fields are marked *