We Talk

ബിജെപിക്ക് വീണ്ടും ഷോക്ക് വരുന്നു; നാല് നേതാക്കളെ കൂടി റാഞ്ചാന്‍ സിപിഎം!

കേരളം ഒഴികെ മറ്റിടങ്ങളിലെല്ലാം നാം ഇടക്കിടെ കേള്‍ക്കുന്ന പേരാണ് ഓപ്പറേഷന്‍ ലോട്ടസ്. ഗോവയിലും, കര്‍ണ്ണാടകയിലും, ജാര്‍ഖണ്ഡിലും, മണിപ്പൂരിലുമൊക്കെ് അത് പലതവണ ആവര്‍ത്തിച്ചു കഴിഞ്ഞു. അതായത്, മറ്റുപാര്‍ട്ടികളില്‍നിന്ന് എംഎല്‍എമാരെയടക്കം റാഞ്ചിയെടുത്ത് കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കൽ.. കേന്ദ്ര ആഭന്തര മന്ത്രി അമിത്ഷാ നേരിട്ട് കളത്തിലിറങ്ങി നടത്തുന്ന ഇത്തരം പൊളിറ്റിക്കല്‍ ഓപ്പറേഷനുകളില്‍ കോടികള്‍ മറിയുന്നുണ്ടെന്നും ആക്ഷേപമുണ്ട്. എന്നാല്‍ പണമെറിയാതെ പലയിടത്തും ജനം സ്വമേധായാ ബിജെപിയില്‍ എത്തിയ അനുഭവവും ഉണ്ട്. ബംഗാളില്‍ പലയിടത്തും സിപിഎം പാര്‍ട്ടി ഓഫീസുകളില്‍ കാവിക്കൊടി ഉയര്‍ത്തി ഒരു ഗ്രാമം ഒന്നടങ്കം ബിജെപിയിലേക്ക് പോയത് രാജ്യം മറന്നിട്ടില്ല.എന്നാല്‍ കേരളത്തിലേക്ക് വന്നാല്‍ നേരെ തിരിച്ചാണ് കാര്യങ്ങള്‍. ഇവിടെ വാചകമടിയല്ലാതെ മറ്റുപാര്‍ട്ടികളില്‍നിന്ന്, കാര്യമായി നേതാക്കളെയൊന്നും പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ദീര്‍ഘകാലത്തെ ശ്രമത്തിനുശേഷം കേരള നിയമസഭയില്‍ തുറന്ന അക്കൗണ്ടും കഴിഞ്ഞ തവണ പൂട്ടി. മാത്രമല്ല ഇപ്പോള്‍ മറ്റൊരു സോഷ്യല്‍ എഞ്ചിനീയറിങ്ങിനുകൂടി കേരളം സാക്ഷിയായി. ബിജെപി വിട്ട് സിപിഎമ്മിലേക്ക് ആ പാർട്ടിയിലെ മധ്യനിരയിലുള്ളവർ എത്തിക്കൊണ്ടിരിക്കയാണ്.

ബിജെപി കേരള ഘടകത്തെ കെജെപിയെന്നാണ് ആ പാര്‍ട്ടിയിൽ വിമത സ്വരം ഉയര്‍ത്തുന്നവര്‍ പറയുന്നത്. ഔദ്യോഗികപക്ഷത്തിന്‌ നേരേയുള്ള എതിര്‍പ്പ് തന്നെയാണ്, ഈയിടെ ബിജെപിയിലുണ്ടായ കൊഴിഞ്ഞ് പോക്കിന് പ്രധാന കാരണം. . രാമസിംഹനായി മാറിയ അലി അക്ബര്‍ എന്ന സംവിധായകന്‍, നടന്‍ ഭീമന്‍ രഘു, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ പാര്‍ട്ടി വിട്ടതിന്റെ അടിസ്ഥാനവും ബിജെപി നേതൃത്വത്തിന്റെ അവഗണനയായിരുന്നു. കെ സുരേന്ദ്രനും- വി മുരളീധരനും അടങ്ങുന്ന ഒരു കോക്കസിന്റെ കൈയിലാണ് പാര്‍ട്ടിയെന്നാണ്, വിമത നേതാക്കള്‍ പറയുന്നത്.ഈ അവസരം മുതലെടുത്ത് നാല് പ്രമുഖ നേതാക്കളെ ബിജെപിയില്‍നിന്ന് റാഞ്ചിയെടുക്കാൻ സിപിഎം നീക്കം നടത്തുന്നതായ റിപ്പാർട്ടുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. . ലോക്‌സഭാ സ്ഥാനാര്‍ത്ഥി കൂടിയായ ഒരു പ്രമുഖ നടന്‍, കോഴിക്കോട്ടെ അഭിഭാഷകനായ നേതാവ്, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുവ നേതാവ്, കണ്ണൂരിലെ വനിതാ നേതാവ് എന്നിവരെയാണ് സിപിഎം ലക്ഷ്യമിട്ടത് എന്നാണ് വിവരം. ഇതിന്റെ പ്രാഥമിക ചര്‍ച്ചകൾ നടന്നുവരികയാണ്. വളരെ നേരത്തെ തന്നെ ബിജെപി വിട്ട് സിപിഎമ്മിലെത്തിയ കണ്ണൂരിലെ ഒരു പ്രാദേശിക നേതാവാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.

കെ സുരേന്ദ്രന്റെ ശൈലിയിലും പാര്‍ട്ടിയിലെ ഭിന്നിപ്പിലും  കടുത്ത പ്രതിഷേധം ഉള്ളവരാണിവര്‍. കണ്ണൂരിലെ വനിതാ നേതാവിനുനേരെ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ ബിജെപി നേതൃത്വം മിണ്ടാതിരുന്നുവെന്നാണ് ഒരു പരാതി. കോഴിക്കോട്ടെ അഭിഭാഷക നേതാവ്  പാര്‍ട്ടിയില്‍ ഒതുക്കല്‍ നേരിടുന്നയാളാണ്.. നടന്‍ കൂടിയായ തിരുവനന്തപുരത്തെ നേതാവിന്റെ അവസ്ഥയും അത് തന്നെ. .തിരുവനന്തപുരത്ത് ബിജെപി ദേശീയ അധ്യക്ഷൻ  ജെ പി നദ്ദ പങ്കെടുത്ത  പരിപാടിയില്‍  ബൂത്ത് തലത്തിലുള്ളവരെ വരെ വേദിയില്‍ ഗ്രൂപ്പിന്റെ ഭാഗമായി ഇരുത്തിയപ്പോൾ  , നാഷണല്‍  കൗണ്‍സില്‍ മെംമ്പര്‍ കൂടിയായ നടനെ  സദസ്സില്‍ കാണികളിലൊരാളാക്കി മാറ്റി.  തിരുവനന്തപുരത്തെ ഗ്രൂപ്പ് ആശാന്‍മാര്‍ ആയിരുന്നു ഇതിന്റെ പിന്നിൽ.

സീനിയർ നേതാവായ  ശോഭാ സുരേന്ദ്രൻ  ബിജെപി വിട്ട് സിപിഎമ്മില്‍ എത്തുമെന്ന് പാർട്ടിക്കുള്ളിൽ  തന്നെ നേരത്തെ  പ്രചാരണം ഉണ്ടായിരുന്നു.ചില ചർച്ചകൾ ആ വഴിക്കു നടക്കുകയും ചെയ്തു.  കെ സുരേന്ദ്രന്‍ അടക്കമുള്ള കേരള ബിജെപി നേതാക്കളുമായി  ശോഭക്കുള്ള എതിർപ്പ്  പരസ്യമാണ്.സംസ്ഥാന നേതാക്കളെ അവർ വെല്ലുവിളിച്ച നിരവധി സന്ദർഭങ്ങൾ ഇതിനിടയിലുണ്ടായി.  എന്നാല്‍ താന്‍ സിപിഎമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും, പാര്‍ട്ടിയില്‍ അടിയുറച്ച് നില്‍ക്കുമെന്നുമാണ് പാർട്ടി വിടുമെന്ന  പ്രചാരണം കൊടുമ്പിരിക്കൊണ്ടപ്പോൾ  ശോഭാ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചത്. കെ സുരേന്ദ്രന്റെ തട്ടകമായ കോഴിക്കോട് ജില്ലയുടെ ചുമതല ശോഭയെ അഖിലേന്ത്യാ നേതൃത്വം  ഏല്പിച്ചതോടെ അവർ ബിജെപിയിൽ സജീവമായിരിക്കുകയാണ്. 
 മൂന്ന് വര്‍ഷമായി പ്രത്യേകിച്ച്  സംഘടനാ ചുമതലയൊന്നുമില്ലാതിരിക്കുകയായിരുന്നു  ശോഭ സുരേന്ദ്രൻ .

പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ വെല്ലുവിളിച്ച ശോഭ , തന്നെ പുറത്താക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനു വെച്ച വെള്ളം വാങ്ങി വയ്ക്കണമെന്നു പരസ്യമായി പ്രതികരിച്ചിരുന്നു. ഇത് തന്റെ കൂടി പാര്‍ട്ടിയാണെന്നും മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസ്സം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാമെന്നും അവര്‍ തുറന്നടിച്ചു.. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭാ സുരേന്ദ്രനെ കോഴിക്കോട് നടക്കുന്ന പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി കോഴിക്കാട് ഡിസ്ട്രിക്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ നടന്ന തര്‍ക്കമാണ് കാര്യങ്ങൾ സങ്കീർണമാക്കിയത് .ഒടുവില്‍ കോഴിക്കോട് ജില്ലയുടെ പ്രഭാരിയായി ശോഭാ സുരേന്ദ്രനെ നിയമിച്ചത് കെ സുരേന്ദ്രന് തിരിച്ചടിയാവുകയും ചെയ്തു. ശോഭയുടെ പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കപ്പെട്ടെങ്കിലും, പാര്‍ട്ടിയിലെ അസ്വസ്ഥതയും ഗ്രൂപ്പിസവും തീര്‍ന്നിട്ടില്ല. ഇത് മുതലെടുത്ത് പരമാവധി കളിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. . എന്തുകൊണ്ട് ബിജെപിയെ അനുകൂലിക്കുന്നവർ പാർട്ടിയെ കയ്യൊഴിയുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം പറയാൻ കേരള നേതൃത്വത്തിന് കഴിയുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്താണ്, ബിജെപി അനുഭാവിയായിരുന്ന മേജര്‍ രവി പാർട്ടിയുമായി അകന്നത്. ടി പി സെന്‍കുമാര്‍ തൊട്ട് ജേക്കബ് തോമസ് വരെയുള്ളവർ നിരാശരും നിഷ്ക്രിയരുമാണ്. അവരെല്ലാം വിമര്‍ശിക്കുന്നത് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെയാണ്.

എന്നാല്‍ പാര്‍ട്ടി വിട്ടവര്‍ വെറും സ്ഥാനമോഹികള്‍ മാത്രമാണെന്നാണ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നത്. പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ ഐക്യമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതം കാട്ടുമെന്നുമൊക്കെയാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇതേ സമയം സിപിഎമ്മിലേക്ക് വരാൻ തയ്യാറുള്ളവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സിപിഎം കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അസംതൃപ്തരെ ചാക്കിടുകയല്ല , മറിച്ചു ബിജെപി മടുത്ത് തങ്ങളെ സ്വമേധയാ സമീപിക്കുന്നവരുമായാണത്രെ സിപിഎം ചർച്ച നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *