We Talk

കർഷക ദുരിതം തൊട്ടറിഞ്ഞ് ജയസൂര്യ

കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മന്ത്രിമാർ ഇരിക്കുന്ന സ്റ്റേജിൽ തുറന്നടിക്കുന്ന നടൻ ജയസൂര്യയുടെ പ്രസംഗവും ജയസൂര്യയുടെ ഭൂമി അളക്കാൻ സർവ്വേയർമാർ പുറപ്പെട്ടു കഴിഞ്ഞെന്ന ട്രോളുകളെക്കൊണ്ടും സമ്പന്നമാണ് ഇന്നു സോഷ്യൽ മീഡിയ. കളമശ്ശേരിയിൽ കാർഷികോത്സവ വേദിയിലാണ് സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില കിട്ടാതെ കർഷകർ ദുരിതം അനുഭവിക്കുന്ന കാര്യം ജയസൂര്യ പറഞ്ഞത്. കൃഷി മന്ത്രി പി പ്രസാദ്, വ്യവസായ മന്ത്രി പി രാജീവ് എന്നിവർ അപ്പോൾ വേദിയിൽ ഉണ്ടായിരുന്നു.

ആക്ടർ ജയസൂര്യയായല്ല, സാധാരണക്കാരനായ വ്യക്തിയായാണ് താൻ സംസാരിക്കുന്നതെന്നു ആമുഖമായി നടൻ പറയുന്നുണ്ട്. സാധാരണ ഗതിയിൽ നമ്മുടെ നടന്മാരെല്ലാം തന്നെ സർക്കാരിനെയും അധികാര സ്ഥാനത്തിരിക്കുന്നവരെയും സുഖിപ്പിക്കുന്ന സംഭാഷണങ്ങളാണ് എല്ലായ്‌പോഴും നടത്താറുള്ളത്. പൊതുവേദിയിൽ മന്ത്രിമാരെ പുകഴ്‌ത്താൻ കിട്ടുന്ന ഒരവസരവും അവർ വിട്ടുകളയാറില്ല. അതിൽ നിന്ന് വ്യത്യസ്തമായി പറയാനുള്ള കാര്യങ്ങൾ ഉത്തരവാദപ്പെട്ടവർ അറിയാൻ അവരുടെ മുഖത്ത് നോക്കി പറയുകയാണ് ജയസൂര്യ ചെയ്തത്. സോഷ്യൽ മീഡിയയിൽ ഇതിനു വലിയ വരവേൽപ്പാണ് ലഭിച്ചത്. ജയസൂര്യയുടെ ഭൂമി അളക്കാൻ സർവെയർമാർ പുറപ്പെട്ടു കഴിഞ്ഞു എന്ന പരിഹാസവും ഇതോടൊപ്പം പിണറായി സർക്കാരിനെതിരെ ട്രോൾ രൂപത്തിൽ പ്രവഹിക്കുന്നുണ്ട്. ഇത് ഒരർത്ഥത്തിൽ പറഞ്ഞാൽ കുഴൽനാടൻ ഇഫക്റ്റാണ് . മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐ ടി കമ്പനിയായ ബംഗളുരുവിലെ എക്സലോജിക് , കരിമണൽ കർത്തായുടെ കമ്പനിയായ സി എം ആർ എലിൽ നിന്ന് മാസപ്പടി കൈപ്പറ്റിയ വിഷയം മാത്യു കുഴൽനാടൻ ഉന്നയിച്ചതിനെ തുടർന്നുണ്ടായ പൊല്ലാപ്പൊന്നും ആരും മറക്കാറായിട്ടില്ല. മുൻപെപ്പോഴോ കുഴൽ നാടനെതിരെ വന്ന പരാതിയിൽ സർവെയർമാർ തിരക്കിട്ടു ഭൂമി അളക്കാൻ പോയി. മൂന്നാറിൽ കുഴൽനാടൻ വാങ്ങിയ ഭൂമിയിൽ അണ്ടർ വാലുവേഷൻ ഉണ്ടായോ എന്ന് ഉടനടി പരിശോധിക്കാൻ ഉത്തരവിട്ടു. ഇത്തരം നടപടികൾ സർക്കാരിനെക്കുറിച്ചുണ്ടാക്കിയ അവമതിപ്പ് കുറച്ചൊന്നുമല്ല . കുഴൽനാടൻ അതോടെ ഹീറോ ആയി മാറിയതാണ് മിച്ചം.

കഴിഞ്ഞ സീസണിൽ കർഷകരിൽ നിന്ന് സർക്കാർ സംഭരിച്ച നെല്ലിന്റെ വില പൂർണമായും ഇതുവരെ കൊടുത്തു തീർത്തിട്ടില്ല . തിരുവോണത്തിന് പലേടത്തും കർഷകർ പട്ടിണി കിടന്നു സമരം ചെയ്തു. അന്നം തരുന്നവർ എന്നൊക്കെ കർഷകരെ കുറിച്ച് മേനി പറയുമെങ്കിലും സർക്കാരിനു, അതിലിപ്പോൾ കേന്ദ്രവും കേരളവും ഒരു പോലെയാണ്, അവരോട് എന്നും ചിറ്റമ്മ നയമാണ്. സപ്ലൈകോക്കു വേണ്ടി സംഭരിക്കുന്ന നെല്ലിന്റെ വില സമയത്തു കൊടുക്കാത്ത അവസ്ഥ ഇത്തവണ മാത്രം ഉണ്ടായതല്ല. എക്കാലത്തും അങ്ങിനെതന്നെയാണ് . കടം വാങ്ങി വിത്തിറക്കി വളം ചെയ്തു കൊയ്തെടുത്ത നെല്ല് വാങ്ങിക്കൊണ്ടു പോകുന്ന സപ്ലൈകോക്ക്‌ മുന്നിൽ പണം കിട്ടാൻ കർഷകർ ഭജനയിരിക്കേണ്ട അവസ്ഥയാണ്. കർഷകരുടെയും കർഷക തൊഴിലാളികളുടെയും സർക്കാർ എന്നൊക്കെ ഇടതു സർക്കാർ സ്വയം വിശേഷിപ്പിക്കുമെങ്കിലും അവരുടെ കാര്യം വരുമ്പോൾ ഒരു പരിഗണനയും ലഭിക്കാറില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം പരിഗണനയും പരിലാളനവും മതി എന്ന നിലപാടാണ് പിണറായി സർക്കാരിന്റേതും. കൃഷി കേരളത്തിൽ ഓരോ ദിവസം കഴിയുന്തോറും വെല്ലുവിളി ആയിക്കൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽ നിന്നുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു ഭാഗത്തും ഉൽപ്പന്നങ്ങൾക്ക് ന്യായ വില കിട്ടാത്തത് മറു ഭാഗത്തും. ഇതിനു പുറമെയാണ് തറവില പ്രഖ്യാപിച്ചു ഏറ്റെടുത്ത ഉല്പന്നത്തിന്റെ വില സർക്കാർ സമയത്തു കൊടുക്കാതെ കർഷകരെ നക്ഷത്രം എണ്ണിക്കുന്നത് . ജയസൂര്യയെ പോലുള്ളവർ പുറത്തു പറയുമ്പോൾ മാത്രമാണ് പൊതു സമൂഹം പോലും ഇതറിയുന്നതും. പുതിയ തലമുറ കൃഷിയിലേക്കു വരുന്നില്ലെന്നും അവർക്കു വൈറ്റ് കോളർ ജോലികളാണ്ഇഷ്ടമെന്നും നമ്മുടെ മന്ത്രിമാർ പറയുന്നതിന് കൃത്യമായ മറുപടി നൽകിയിട്ടുണ്ട് ജയസൂര്യ. കൊടുത്ത നെല്ലിന്റെ പണം കിട്ടാതെ ഓണത്തിന് പട്ടിണി കിടക്കുന്ന ഏതു അച്ഛന്റെ മകനാണ് കൃഷിയിലേക്കിറങ്ങുക ? സർക്കാർ തന്നെ ഇതിനു ഉത്തരം കണ്ടെത്തട്ടെ.

Leave a Reply

Your email address will not be published. Required fields are marked *