സാഹിത്യത്തിലും കാസ്റ്റിങ്ങ് കൗച്ച് !
ഇന്ദു മേനോന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
അവസരങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന സിനിമയിലെ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് നാം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ മലയാള സാഹിത്യലോകത്തും ഇതുപോലെ കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കയാണ് എഴുത്തുകാരി ഇന്ദുമേനോന്‍. ലിംഗ നീതിക്കും, സ്ത്രീ സ്വാതന്ത്ര്യത്തിനുമൊക്കെ വേണ്ടി പ്രവര്‍ത്തിക്കുന്നവർ എന്ന് പറയുന്ന കവികള്‍ അടങ്ങിയ സാംസ്‌ക്കാരിക നായകരാണ് ഇതിന് കൂട്ടു നില്‍ക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കവികളെകൊണ്ട് പെണ്‍കുട്ടികള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കുകയാണ്. . സ്ത്രീ പീഡനത്തിനുള്ള ഒരു കുറുക്കുവഴിയായാണ് ഇവര്‍ സാംസ്‌ക്കാരിക ജീവിതത്തെ കാണുന്നതെന്നു ഇന്ദുമേനോന്‍ എഴുതുന്നു.
ഇതോടെ മലയാള സാഹിത്യലോകത്തു പുതിയ ഒരു മീ ടു ആരോപണം കൂടി വന്നിരിക്കുകയാണ്. അറിയപ്പെടുന്ന ഒരു പുരോഗമന യുവ കവി ഒരു സെമിനാറിലേക്ക് ക്ഷണിച്ചുവരുത്തിയ യുവതിയെ സമ്മതമില്ലാതെ ചുംബിക്കുകയും, തുടര്‍ന്ന് ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടാന്‍ ഭീഷണിപ്പെടുത്തുന്നതിന്റെയും ഓഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. കവിക്കെതിരെ യുവതി പരാതിപ്പെട്ടിട്ടൊന്നുമില്ല .
ഇത്തരം പരിപാടികൾ കേരളത്തിന്റെ സാംസ്‌ക്കാരിക മേഖലയില്‍ പതിവാണെന്നാണ് ഇന്ദുമേനോന്‍ പറയുന്നത്. ”സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംഗതി സാഹിത്യത്തിൽ ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് കണ്ടിരുന്നത്. ഇപ്പോള്‍ അത് വ്യാപകമായിരിക്കുകയാണ്. .കണ്‍സെന്റ് ഇല്ലാതെ സ്ത്രീകളുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നത് പുസ്തകം പ്രസിദ്ധീകരിക്കാം, കവിത അച്ചടിക്കാം, മ്യൂസിയത്തിന്റെ ഡയറക്ടര്‍ ആക്കാം, വിദേശ ഫെസ്റ്റിവലുകളില്‍ ഉള്‍പ്പെടുത്താം, ലിറ്ററേച്ചര്‍ ഫെസ്റ്റിവലുകളില്‍ അതിഥികളായി അവസരം നല്‍കാം, അവാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കാം തുടങ്ങി പലവിധ ഓഫറുകള്‍ മുമ്പോട്ട് വെച്ചുള്ള പ്രലോഭനങ്ങളിലൂടെയാണ്”- ഇന്ദുമേനോന്‍ ഫേസ്ബുക്കിൽ തുറന്നടിക്കുന്നു.
ഈ പോസ്റ്റ് സാഹിത്യലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.. നേരത്തെ കഥാകൃത്ത് വി ആര്‍ സുധീഷ്, എഴുത്തുകാരന്‍ സിവിക്ക് ചന്ദ്രന്‍, കവി ജയദേവന്‍ എന്നിവര്‍ക്കെതിരെ ലൈംഗികപീഡന ശ്രമം എന്ന ആരോപണം ഉയര്‍ന്നിരുന്നു. സുധീഷിനും സിവിക്കിനുമെതിരെയുള്ള കേസുകള്‍ ഇപ്പോഴും തുടരുകയാണ്. അതിനിടയിലാണ് പുതിയ വിവാദം വരുന്നത്. ഇതിനെ യുവധാരയുടെ ഫെസ്റ്റിവലുമായി കൂട്ടിക്കെട്ടേണ്ടതില്ല. ഈ സംഭവം നടക്കുന്നത് വൈലൊപ്പള്ളിയില്‍ വെച്ചാണ് എന്നു ഇന്ദുമേനോന്‍ തന്റെ വിവാദ പോസ്റ്റിന്റെ അവസാനം പറയുന്നുണ്ട്.

ഇന്ദുമേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.- ” സാഹിത്യത്തിനകത്ത് കവികളെന്ന നല്ല ഒന്നാന്തരം കഴപ്പന്മാരെക്കൊണ്ട് സ്ത്രീകള്‍ക്കു, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കു, ജീവിക്കാന്‍ വയ്യാത്ത അവസ്ഥ സംജാതമായിരിയ്ക്കയാണ്. നക്സലിസവും നാടകവും ജ്യോതിഷവും ബാലസാഹിത്യവും പ്രമുഖരാഷ്ട്രീയക്കാരുമായുള്ള ആത്മബന്ധവും സമം ചേര്‍ത്ത് ഈ പരനാറിക്കൂട്ടങ്ങള്‍ നിലാനടത്തം നടത്തുകയും പോണപോക്കില്‍ സ്ത്രീ പീഡനം തരമാക്കുകയും ചെയ്യുന്നു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ വേണ്ടി ചര്‍ച്ചയ്ക്ക് വരണം എന്നാവശ്യപ്പെട്ടു സ്വന്തം പൈസയ്ക്ക് മുറിയെടുത്ത് പെണ്‍കുട്ടികളെ കൊണ്ടു വന്നു പീഡിപ്പിക്കുന്ന മഹാവേന്ദ്രന്മാരുടെ കാലമാണിത്.ഉറങ്ങിക്കിടക്കുന്നവരെ ഉമ്മവെയ്ക്കുക, പെണ്‍കുട്ടികളെ കയറിപ്പിടിയ്ക്കുക,ബലാത്കാരം ചെയ്യുക, ഉമ്മോണിംഗ് ഉംനൈറ്റിനു ശേഷം ചുക്കാണി പടം ഒരു അവാര്‍ഡായി അയച്ചുകൊടുക്കുക, നിന്നെ ഞാന്‍ റേപ്പ് ചെയ്യാതെ വിട്ടില്ലേ എന്നു വീരസ്യം പറയുക തുടങ്ങി കവികളുടെ ലിംഗവിശപ്പു കാരണം മലയാള സാഹിത്യ ലോകത്ത് നിന്നു സ്ത്രീകള്‍ക്ക് ഓടിപ്പോകേണ്ടി വരുന്ന അവസ്ഥയാണ്.
(ഇതെല്ലാം സ്വീകാര്യമായവര്‍ക്ക് അങ്ങനെയാവാം. ഒട്ടും ജഡ്ജ്മെന്റെല്‍ അല്ല. കണ്‍സെന്റുള്ളവരുടെ കാര്യവുമല്ല) കുഞ്ഞു പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും ഈ പീഡകര്‍ വെറുതെ വിട്ടിട്ടില്ല എന്നതാണ് ദുഃഖകരം.സ്ത്രീപക്ഷത്തെയും സാഹിത്യത്തിലെയും ചില പ്രമുഖ സ്ത്രീകളും ഇത്തരം പീഡകര്‍ക്കും കുറ്റവാളികള്‍ക്കും വേണ്ടി പൊറുത്തും അയഞ്ഞുകൊടുത്തും മാമാ പണി ചെയ്തും അവറ്റകളുടെ കോണകം കഴുകിയും ജീവിക്കുന്നതു നമ്മള്‍ കണ്ടു. ഇപ്പോള്‍ ഇതിന്റെ അപ്ഗ്രേഡഡ് വേര്‍ഷനായി പുതിയ ഒരു ഐറ്റം ഇറങ്ങിയിട്ടുണ്ട്. ”ബലാത്സംഗത്തില്‍ നിന്നു നിന്നെ ഞാന്‍ വെറുതെ വിട്ടു” എന്ന് അനുമതിയില്ലാതെ ഒരു പെണ്‍കുട്ടിയെ കയറിപ്പിടിച്ച ശേഷം പറയുന്ന കവിയുടെ ധാര്‍ഷ്ട്യം ആണത് .പല പല വോയിസ് മെസ്സേജുകള്‍ ആയി നമ്മളുടെ മേല്‍ കടല്‍ക്കവിയുടെ സംഭാഷണം സാമൂഹ്യമാധ്യമങ്ങളില്‍ ഉഷാറായി പാറി നടക്കുകയാണ്. ആ വോയിസ് സംഭാഷണത്തില്‍ ഉടനീളം ധ്വനിക്കുന്ന ആക്രമണോത്സുകമായ ആണഹന്ത നമ്മളെ അറപ്പിക്കും.ഇത്ര ചെറിയ പ്രായത്തില്‍ തന്നെ ഇത്രയും അധാര്‍മികമായി എങ്ങനെ പെരുമാറുന്നു എന്ന് അത്ഭുതം തോന്നും.
സംഭവം ഇങ്ങനെയാണ്. ഏറ്റവും ക്രെഡിബിലിറ്റിയുള്ള, ശരിയുടെ പക്ഷത്ത് നില്‍ക്കുന്ന ഒരു സംഘടന ആദ്യമായി യുവജനങ്ങള്‍ക്ക് വേണ്ടി ഒരു ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. സാഹിത്യത്തിന്റെ എല്ലാ തലങ്ങളിലും ഉള്ള വ്യക്തികളെ ഒന്നിച്ചു ചേര്‍ത്തു വലിയ വിജയമായി തീര്‍ന്ന ഫെസ്റ്റിവലിന്റെ അമരക്കാരില്‍ ഒരാളാണ് ഈ കവി. കവി ചെറുപ്പക്കാരനാണ്. വിദ്യാഭ്യാസം വേണ്ടോളമുണ്ട്. അക്കാദമിക മേഖലയില്‍ പി.എച്.ഡിയടക്കമുള്ള് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ ഒരുത്തനാണ്. കടലിന്റെ മണമുള്ള മനോഹരമായ കവിതകള്‍ ഒക്കെ ടിയാന്‍ എഴുതിയിട്ടുണ്ട്.പ്രത്യക്ഷത്തില്‍ ശരിയുടെ പക്ഷത്തും മാത്രം നില്‍ക്കുന്ന ഒരു കവിയായിരുന്നു ചങ്ങാതി. തലസ്ഥാനനഗരിയിലും മറ്റുപലയിടങ്ങളിലും നടക്കുന്ന പല പരിപാടികള്‍ക്കും പെണ്‍കുട്ടികളെ/ സ്ത്രീകളെ അതിഥികളായി ക്ഷണിക്കലാണ് ഇയാളുടെ രീതി. വൈലോപ്പള്ളി സംസ്‌കൃതി ഭവനില്‍ നടക്കുന്ന ഒരു സാഹിത്യപരിപാടി. താമസിക്കാനുള്ള മുറിയും അതിന്റെ ഡീറ്റെയില്‍സും എല്ലാം പെണ്‍കുട്ടിക്ക് അയച്ചുകൊടുക്കുന്നു. സാഹിത്യ സംഘടനയുടെ പേരിന്റെ ക്രെഡിബിലിറ്റി/ സര്‍ക്കാര്‍ സംഘടനയുടെ പേരിന്റെ വിശ്വസ്തത ഉള്ളതുകൊണ്ട് പെണ്‍കുട്ടി തലേന്ന് തന്നെ വെന്യൂവില്‍ എത്തുന്നു. ഏതാണ്ട് 11.30 മണിയോടെ കവി അവിടെ എത്തിച്ചേരുന്നു. കുട്ടിയ്ക്ക് വേദിയില്ല എന്ന സത്യം അറിയിക്കുന്നു. ശേഷം ആശ്വസിപ്പിക്കാനായി കയറി കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നു. ശാരീരികാക്രമണവും ചതിയുടെ വഴിയും മനസ്സിലാക്കിയ പെണ്‍കുട്ടി അവിടെ നിന്നു പ്രാണനും പിടിച്ച് ഓടി രക്ഷപ്പെടുന്നു. കടൽ വെരുകിന്റെ കാമം അൽപ്പം കടന്നു പോയതിനാല്‍ പെണ്‍കുട്ടിയുടെ കാതമര്‍ന്ന് കമ്മല്‍ കുത്തി മുറിവേറ്റിട്ടുമുണ്ട്.

അതിനുശേഷമുള്ള ഫോണ്‍ സംഭാഷണമാണ് ബഹുകേമം. ഡാഷേട്ടാ നിങ്ങളെന്തിനാണ് ഇല്ലാത്ത പരിപാടിയുടെ പേരു പറഞ്ഞ് എന്നെ വിളിച്ചതെന്ന് അവള്‍ ചോദിക്കുമ്പോള്‍ നിനക്ക് എത്ര പൈസ വേണം? നീ ക്യാമ്പസ്സിലേയ്ക്ക് വാടീ. നിന്നെ ഉമ്മ വെച്ചിട്ടുണ്ട് . വേറെ ഒന്നും ചെയ്തില്ലല്ലോ? വേറെയെന്തെങ്കിലും ചെയ്തോ ഞാനെത്ര സോറി പറഞ്ഞു? ഞാന്‍ ഇറങ്ങിപ്പോകാന്‍ സമ്മതിച്ചില്ലെങ്കില്‍ നീയെന്തും ചെയ്യും? നിന്റെ ചേട്ടനോട് ഇതു പറഞ്ഞാല്‍ അയാള്‍ വിശ്വസിയ്ക്കുമോ? ഞാനിത് പറഞ്ഞാല്‍ നിന്റെ കല്യാണത്തെ ബാധിയ്ക്കും. എന്റെ കയ്യില്‍ വീഴ്ചപറ്റിയതിനാല്‍ ഞാന്‍ നിന്നോട് താണൂ പറയേണ്ട കാര്യമുണ്ടോ? മുറിയെടുത്തിട്ടും 7820 രൂപ ചെലവായിട്ടും ഒന്നും നടക്കാത്ത കലിപ്പാണ് തനിയ്ക്കെന്ന് അയാള്‍ തുറന്നു പറയുന്നുണ്ട്.. ലക്ഷക്കണക്കിനു രൂപ അക്കൗണ്ടിലും മാറ്റാന്‍ ബാത്ത് വിദേശതുകയും തനിയ്ക്കുണ്ട്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താല്‍ എന്നെക്കാളുമധികം കുഴപ്പം വരുന്നത് നിനക്കാണ്. വെറിയും അമര്‍ത്തിയ തെറിയും ധാര്‍ഷ്ട്യവും കോപവും കൊണ്ട് അലറുന്ന അവസ്ഥയിലാണ് കവി. ഞാനെന്തെങ്കിലും ഫോഴ്സ്സ്ഫുള്ളി ചെയ്തിരുന്നെങ്കില്‍ നിനക്കൊന്നും ചെയ്യാന്‍ കഴിയില്ലെടീ എന്നാണ് അന്ത്യവാചകം.തീര്‍ത്തും ദാരിദ്രാവസ്ഥയിലുള്ളവളും, സാഹിത്യസ്നേഹിയുമാണ് പെണ്‍കുട്ടിഎന്നു സംഭാഷണത്തില്‍ വ്യക്തമാകുന്നുണ്ട്. അടുത്ത വോയ്സ്സുകള്‍ അതിലേറെ ഗംഭീരമാണ്.. പെണ്‍കുട്ടി പരാതിപ്പെട്ടാല്‍ അവളുടെ ജീവിതം ഭര്‍ത്താവിനോട് പറഞ്ഞു കൊടുത്തു കൊഞ്ഞാട്ടയാക്കുമെന്ന ഉഗ്രഭീഷണി നിലവിലുണ്ട്.
കലയിലും സാഹിത്യത്തിലും സ്പോര്‍ട്സിലും എല്ലാം ലൈംഗിക മൂലധനം അഥവാ സെക്ഷ്വല്‍ ക്യാപിറ്റല്‍ ലിബറേറ്റ് ചെയ്തുകൊണ്ട് നിലനില്‍ക്കുന്ന ഒരു രീതി പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ സര്‍വ്വസാധാരണമായി കഴിഞ്ഞു. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ സംഗതി സാഹിത്യത്തിലും ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് കണ്ടുവന്നിരുന്നത്. കടല്‍ക്കിഴവന്മാരായ കവികളുടെ ലൈംഗികചോദനങ്ങള്‍ പീഡനശ്രമങ്ങളായും സ്ത്രീയെ ലൈംഗികമായി ആക്രമിക്കുന്ന വിശാലപദ്ധതിയായി മാറിയിരിക്കുന്നു എന്നാണ് ഇന്ദുമേനോൻ മുന്നറിയിപ്പ് നൽകുന്നത്. സാഹിത്യ ലോകത്തു വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ശക്തമായ ഈ കുറിപ്പ്.