മദ്യപാനം പുരുഷന്മാരുടെ ലൈംഗികതയെ ബാധിക്കുന്നതെങ്ങനെ?
മദ്യപാനത്തെയും ഗര്‍ഭധാരണത്തെയും ബന്ധപ്പെടുത്തി സംസാരിക്കുമ്പോഴെല്ലാം നമ്മള്‍ എപ്പോഴും ശ്രദ്ധിക്കുക സ്ത്രീകളുടെ മദ്യപാനത്തിലാണ്. എന്നാല്‍ പുരുഷന്റെ മദ്യപാനത്തെ ഗര്‍ഭധാരണവുമായി കൂട്ടിയിണക്കാന്‍ നാം മറന്നുപോകുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മദ്യം, ബീജത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ടോയെന്നും പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷിയെ ഇത് ബാധിക്കാറുണ്ടോയെന്നും നാം പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം കഴിഞ്ഞ 35 വര്‍ഷമായി, മദ്യപാനം, ബീജത്തിന്റെ സാന്ദ്രത ഗണ്യമായി കുറയ്ക്കുകയും പുരുഷന്‍മാരിലെ വന്ധ്യത വര്‍ധിപ്പിക്കുകയും ചെയ്തതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളും നിങ്ങളുടെ പങ്കാളിയും ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുകയും ഇതിനായി ചികിത്സകള്‍ നടത്തുകയും ചെയ്യുന്നുണ്ടെങ്കില്‍ ദിവസവും വൈകിട്ട് നിങ്ങള്‍ കഴിക്കുന്ന മദ്യത്തില്‍ ഒന്ന് ശ്രദ്ധ വെയ്ക്കുന്നത് നന്നായിരിക്കും.
ജോലിയിലെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ അല്‍പ്പം മദ്യപിക്കുന്നവരാണ് മിക്ക പുരുഷന്‍മാരും. ചിലര്‍ക്ക് പാര്‍ട്ടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം ആളുകളുമായി ഇടപഴകാനുള്ള എളുപ്പവഴിയാണ് മദ്യപാനം. മിതമായ മദ്യപാനം കാര്യമായ ദോഷം വരുത്തില്ലെങ്കിലും മിതമായ അളവില്‍ സ്ഥിരമായി മദ്യപിക്കുന്നത് പുരുഷന്‍മാരുടെ പ്രത്യുല്‍പ്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. മദ്യവും പുരുഷന്റെ പ്രത്യുല്‍പ്പാദന ശേഷിയും കടുത്ത ശത്രുക്കളാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അമിത മദ്യപാനം മൂലം രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് പെട്ടെന്ന് ഉയരുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം, ബീജം മൂത്രാശയത്തിലേക്ക് തിരിച്ച് പോകുന്ന റിട്രോഗ്രേഡ് സ്ഖലനം തുടങ്ങിയ നിരവധി ലൈംഗിക വൈകല്യങ്ങള്‍ക്ക് കാരണമാകുമെന്നാണ് പഠനങ്ങളിലൂടെ വ്യക്തമായിരിക്കുന്നത്.ആല്‍ക്കഹോളിലെ പ്രധാന ഘടകമാണ് എത്തനോള്‍. ഇത് പുരുഷ ഹോര്‍മാണായ ടെസ്‌റ്റോസ്റ്റിറോണിന്റെ ഉല്‍പാദനത്തിന് ആവശ്യമായ NAD+ എന്ന കോഎന്‍സൈമിന്റെ അളവ് കുറയ്ക്കുന്നു. തന്‍മൂലം ടെസ്റ്റോസ്റ്റിറോണിന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാകുന്നു. ഇത് വൃഷണ ക്ഷയത്തിനും ബീജ ഉല്‍പാദനം കുറയുന്നതിനും കാരണമാകുന്നു. മാത്രമല്ല, മദ്യപാനിയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവും നാഡീവ്യൂഹങ്ങള്‍ക്ക് തകരാറും സംഭവിക്കുന്നതായും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

പുരുഷന്മാരുടെ ശരീരത്തില്‍ സ്ത്രീ ഹോര്‍മോണുകള്‍ വളരെ താഴ്ന്ന നിലയിലായിരിക്കും. എന്നാല്‍ മദ്യപാനം ടെസ്റ്റോസ്റ്റിറോണിനെ ഈസ്ട്രജനാക്കി മാറ്റുന്ന അരോമാറ്റേസ് എന്‍സൈമിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇതുവഴി പുരുഷ ശരീരത്തില്‍ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുകയും ചെയ്യും. ഇത് വൃഷണങ്ങള്‍ ചുരുങ്ങുന്നതിന് കാരണമാവുകയും ബീജ ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു.ബീജം പോലുള്ള മൃദുല കോശങ്ങളെ മദ്യത്തിന്റെ വിഷാംശം പ്രതികൂലമായി ബാധിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി ബീജത്തിന്റെ ഉത്പാദനം മന്ദഗതിയിലാകുന്നു. ഒരാളുടെ വൃഷണങ്ങളില്‍ കാണപ്പെടുന്ന സെര്‍ട്ടോളി കോശങ്ങള്‍ ബീജകോശങ്ങളുടെ പോഷണത്തിനും ശരിയായ വളര്‍ച്ചയ്ക്കും ആവശ്യമായ ഒരു പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. മദ്യപാനം ഈ സെര്‍ട്ടോളി കോശങ്ങളെ വഷളാക്കുകയും വികലമായ ബീജകോശങ്ങളെ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ബീജ സാന്ദ്രത കുറയ്ക്കുകയും ചില സന്ദര്‍ഭങ്ങളില്‍ ബീജ ഉല്‍പ്പാദനം പൂര്‍ണമായി ഇല്ലാതാകുന്ന അസൂസ്പെര്‍മിയ എന്ന അവസ്ഥയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

മദ്യപാനം ശരീരത്തിന്റെ പ്രതികരണ ശേഷിയെയും തകരാറിലാക്കും. സാധാരണയായി, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന അവസരത്തില്‍ രക്തം ലിംഗത്തിലേക്ക് കുതിച്ചെത്തുകയും രതിമൂര്‍ച്ഛ വരെ അവിടെ തങ്ങുകയുമാണ് ചെയ്യാറ്. എന്നാല്‍ മദ്യപാനം മൂലം രക്തക്കുഴലുകള്‍ വികസിക്കുകയും ലിംഗത്തില്‍ നിന്ന് രക്തം മുഴുവന്‍ തിരിച്ചൊഴുകാന്‍ കാരണമാവുകയും ചെയ്യുന്നു. ഇത് ഉദ്ധാരണത്തിന്റെ സമയം കുറയ്ക്കുകയും ദുര്‍ബലമാക്കുകയും ചെയ്യും. അമിതമായ മദ്യപാനം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകുന്നുണ്ട്. അതുവഴി ഉദ്ധാരണത്തിന് ആവശ്യമായ രക്തം ലിംഗത്തിലേക്കെത്താതെ വരുന്നു.അമിതമായ മദ്യപാനം പതിവിലും കൂടുതല്‍ തവണ മൂത്രമൊഴിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്നു. ഇത് നിര്‍ജ്ജലീകരണത്തിന് കാരണമാകും. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ ശരീരത്തിലെ രക്തത്തിന്റെ അളവ് കുറയുകയും ലിംഗത്തിലേക്കുള്ള രക്തപ്രവാഹത്തില്‍ ഇടിവുണ്ടാവുകയും ചെയും. ഇത് ഉദ്ധാരണത്തെ തടസ്സപ്പെടുത്തുന്നു. നിര്‍ജ്ജലീകരണം ശുക്ലത്തിന്റെ അളവിനെയും ബാധിക്കാറുണ്ട്.ലോകമെമ്പാടുമുള്ള പ്രായപൂര്‍ത്തിയായ മനുഷ്യരില്‍ 17.5 ശതമാനം പേര്‍ വന്ധ്യതയുള്ളവരാണെന്ന് കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ അപേക്ഷിച്ച് പുരുഷന്‍മാരിലെ വന്ധ്യത ഇരട്ടിയായി. അതുകൊണ്ട് നിങ്ങള്‍ ആരോഗ്യകരമായ ഒരു ലൈംഗിക ബന്ധവും സന്താനോല്‍പ്പാദനവും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അമിത മദ്യപാനം ഉപേക്ഷിക്കുക തന്നെ വേണം.