We Talk

മധുവിന്റേത് വംശീയ അധിക്ഷേപമോ?

ജെ.സി.ഡാനിയലിനെയും സത്യൻ മാഷിനെയും നടൻ മധു അപമാനിച്ചെന്നു നാടാർ സംഘടന

പന കയറാന്‍ വന്ന നാടാര്‍മാര്‍  കന്യാകുമാരി ഭരിക്കുന്നു; നാളെ ബംഗാളി കേരളം ഭരിക്കും’; ഇത്തരത്തിലുള്ള  വംശീയ അധിക്ഷേപം നടത്തിയ നടന്‍ മധുവിനെതിരെ ശക്തമായ പ്രതിഷേധം നടക്കുകയാണ്

മലയാള സിനിമയുടെ കാരണവരായാണ് 89 വയസ്സുള്ള  നടന്‍ മധു അറിയപ്പെടുന്നത്. 60 വര്‍ഷത്തിലേറെ നീണ്ട അഭിനയ ജീവിതമുള്ള ഈ നടന്‍ മലയാള സിനിമയുടെ സൗമ്യ മുഖമാണ് . സാധാരണ നടന്‍മ്മാര്‍ക്കുനേരെ വരുന്ന ഗോസിപ്പുകളും അപവാദങ്ങളും ഒന്നും തന്നെ, മൂന്‍ കോളജ് ലക്ച്ചറര്‍ കൂടിയായ മാധവന്‍ നായര്‍ എന്ന മധുവിനുനേരെ ഉണ്ടായിട്ടില്ല. നടന്‍ എന്ന നിലയില്‍ മാത്രമല്ല, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളിലുമൊക്കെ പ്രശസ്തനാണ് മധു.

ഇത്രകാലം വിവാദങ്ങളില്‍നിന്ന് മാറി നിന്ന മധു  ഈ വാര്‍ധക്യകാലത്ത് വന്‍ വിവാദത്തില്‍പ്പെട്ടിരിക്കയാണ്. അതും വംശീയ അധിക്ഷേപം. ഈയിടെ ഇന്ത്യന്‍ എക്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ മധു, നാടാര്‍ സമുദായത്തെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് ആരോപണം. നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കൊണ്ണിയൂര്‍ സനല്‍ കുമാര്‍ നാടാര്‍ ഇത് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിട്ടുണ്ട്.

മലയാള സിനിമയുടെ പിതാവ് ജെ. സി ഡാനിയലിന്റെയും, മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാഷിന്റെയും, വംശത്തെ അപമാനിച്ച മധു ചരിത്ര ബോധമില്ലാത്ത വ്യക്തി എന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളോ, ബോധപൂര്‍വമായ വര്‍ഗീയ വിദ്വേഷമോ ആണ് പ്രകടിപ്പിച്ചിരിക്കുന്നതെന്ന് നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ ആരോപിച്ചു. ”പണ്ട് പനയില്‍ കയറാന്‍ മലയാളിക്ക് കഴിവില്ലാത്തതു കൊണ്ട് തിരുന്നല്‍വേലിയില്‍ നിന്ന് വന്ന നാടാന്മാരാണ് ഇന്ന് കന്യാകുമാരി ഭരിക്കുന്നത്. നാളെ ബംഗാളികള്‍ കേരളം ഭരിക്കും. അവര്‍ ഇവിടെ സെറ്റിലാകുകയാണ്. കന്യാകുമാരിയിലെ നാടാര്‍മ്മരെ പോലെയാണ് കേരളത്തില്‍ ബംഗാളികളും”-ഇന്ത്യന്‍ എക്സ്പ്രസ് അഭിമുഖത്തില്‍ നടന്‍ മധു ഇങ്ങനെ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞാണ് നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ രംഗത്ത് എത്തിയത്.അവരുടെ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു. ചേര, ചോള, പാണ്ഡ്യ രാജവംശങ്ങളില്‍പെട്ട നാടാര്‍ സമുദായം ഒരു രാജകീയ വംശം ആണ്. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന കൊടിയ ജാതി വ്യവസ്ഥയ്‌ക്കെതിരെ പോരാടിയ സമുദായം ആയതുകൊണ്ട് തന്നെ നിഷേധ നിലപാട് സ്വീകരിച്ചു ക്രിസ്തു മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. തിരുവിതാംകൂറും ഇന്നത്തെ കേരളവും തമ്മില്‍ വളരെ വ്യത്യാസം ഉണ്ട്. ഭാഷ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടത് ഇന്നത്തെ കേരളത്തിന്റെ പല ചരിത്ര വസ്തുതകളും അന്യമാകാന്‍ കാരണമായി എന്നത് ചരിത്രം പഠിക്കുന്നവര്‍ക്ക് മനസിലാകും. കേരള നവോത്ഥാനത്തിന് തുടക്കം കുറിച്ച നവോത്ഥാന നായകന്‍ അയ്യാവൈകുണ്ഡ സ്വാമികളെ ജന്മം നല്‍കിയ സമുദായമാണ് നാടാര്‍ സമുദായം. പത്തൊന്‍പതാം നൂറ്റാണ്ടിന് ശേഷം രാജ വംശങ്ങളുടെ തകര്‍ച്ചയെ തുടര്‍ന്നുള്ള കാര്യങ്ങള്‍ മറയാക്കി സമുദായത്തെ അധിക്ഷേപിക്കുന്നത് ചരിത്ര നിഷേധമാണെന്ന് കൊണ്ണിയൂര്‍ സനല്‍ കുമാര്‍ നാടാര്‍ പറഞ്ഞു.

യുവ രാജാവ് മാര്‍ത്താണ്ഡ വര്‍മ്മയെ കൊല്ലാന്‍ എട്ടു വീട്ടില്‍ പിള്ളമാര്‍ പദ്ധതിയിട്ടപ്പോള്‍ നൂറ്റി എട്ടു കളരികള്‍ക്ക് അധിപന്‍ ആയിരുന്ന അനന്തന്‍ നാടാര്‍ ആയിരുന്നു നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഇന്നും ഉള്ള അമ്മച്ചി പ്ലാവിന്റെ പൊത്തില്‍ മാര്‍ത്താണ്ട വര്‍മ്മയെ ഒളിപ്പിക്കുകയും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ പോരാട്ടം നടത്തുകയും ചെയ്തത്. ഇന്നത്തെ തമിഴ് നാട്ടിലെ തച്ചന്‍വിളയില്‍ ആയിരുന്നു മാര്‍ത്താണ്ഡ വര്‍മ്മയെ സംരക്ഷിച്ചിരുന്നത്. ഒടുവില്‍ മാര്‍ത്താണ്ഡ വര്‍മ്മ രാജഭരണം ഏറ്റെടുത്തപ്പോള്‍ കുളച്ചല്‍ യുദ്ധത്തില്‍ ഡച്ച് പടയെ പരാജയപ്പെടുത്തിയ അനന്ത പത്മനാഭന്‍ നാടാര്‍ ആയിരുന്നു സര്‍വ്വ സൈന്യാധിപന്‍. മാര്‍ത്താണ്ഡ വര്‍മ്മ തന്നെയാണ് അനന്തന് അനന്ത പത്മനാഭന്‍ എന്ന് പേര് നല്‍കിയതും-കൊണ്ണിയൂര്‍ സനല്‍ കുമാര്‍ നാടാര്‍ പറയുന്നു.പന കയറ്റമോ തെങ്ങു കയറ്റമോ മോശപ്പെട്ട ഒരു തൊഴിലല്ല. പനയോലയിലാണ് ( താളിയോല ) ദ്രാവിഡ സംസ്‌കൃതിയുടെ സര്‍വ്വ വൈജ്ഞാനിക രേഖപ്പെടുത്തലുകളും നിര്‍വഹിക്കപ്പെട്ടിരിക്കുന്നത് .ജ്യോതിഷം, ആയോധനകലകള്‍ ,വൈദ്യം , തമിഴ് ഭാഷാവ്യാകരണം, സാഹിത്യം ,ചരിത്രം തുടങ്ങി സര്‍വ്വ വിജ്ഞാന ശാഖകളിലും നിപുണരായ നാടാര്‍ വിഭാഗം പനയില്‍ കയറുക മാത്രമല്ല, പനയോല പാകപ്പെടുത്തി എടുത്ത് നാരായം കൊണ്ട് ആദ്യമായി താളിയോലയില്‍ തമിഴ് അക്ഷരം എഴുതിയവരും പ്രസ്തുത വൈജ്ഞാനിക ശാഖകളില്‍ പ്രാവീണ്യം നേടിയവരും ആണ് . ആ അക്ഷരങ്ങളാണ് ആധുനിക ലോകത്തിന്റെ മഹത്തായ വൈജ്ഞാനിക പാരമ്പര്യത്തിന്റെ ഈടു വൈപ്പുകള്‍.

ഇന്നത്തെ തമിഴ്‌നാടും ആന്ധ്രാപ്രദേശും കേരളവും കര്‍ണാടകയും ഉള്‍പ്പെടുന്ന തമിഴകത്തിന്റെ ‘ഭരണകര്‍ത്താക്കള്‍ ആരായിരുന്നു എന്നും മധു വായിച്ചു പഠിക്കണം. ഈ പ്രദേശത്തെ ഭാഷയും സംസ്‌കൃതിയും എന്തായിരുന്നു എന്നും പഠിക്കണം. ആരായിരുന്നു ഇവിടത്തെ പൂര്‍വികര്‍ എന്നും പഠിക്കണം. എന്തിനേറെ. തിരുവിതാംകൂര്‍ രാജ്യം എങ്ങനെ ഉണ്ടായി എന്നെങ്കിലും പഠിക്കാന്‍ ശ്രമിക്കണം. നാടാര്‍ തമിഴകത്തിന്റെ സ്വന്തം ജനതയാണ്. തെക്കോട്ടോ വടക്കോട്ടോ പടിഞ്ഞാറോട്ടോ കിഴക്കോട്ടോ സഞ്ചരിക്കാന്‍ ആര്‍ക്കും കപ്പം കൊടുക്കേണ്ടി വന്നിട്ടില്ല. തമിഴകം ഇന്നത്തെ കോട്ടയം ജില്ല വരെ ഉണ്ടായിരുന്നു. മഹാനായ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍ വായിച്ച് പഠിക്കാന്‍ മധു തയ്യാറാകണം. നായര്‍ സമുദായ അംഗങ്ങള്‍ പൊതുവെ മാന്യന്മാരാണ്.

കഠിനമായ യാതനകള്‍ സഹിച്ച മധുവിന്റെ പൂര്‍വികരെയും മധു തന്റെ വാക്കുകളിലൂടെ അപമാനിച്ചുവെന്നാണ് സനല്‍ കുമാറിന്റെ ആരോപണം.മലയാള സിനിമയുടെ പിതാവായ ജെ. സി. ഡാനിയേല്‍ നാടാരെയും , സഹപ്രവര്‍ത്തകന്‍ ആയിരുന്ന അനശ്വര നടന്‍ അഭിനയ സമ്രാട്ട് സത്യനേശന്‍ നാടാര്‍ എന്ന സത്യനെയും മധു അപമാനിച്ചിരിക്കുകയാണ്.

മധു മാപ്പ് പറയുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നാടാര്‍ സര്‍വീസ് ഫെഡറേഷന്‍ നേതാവ് അറിയിച്ചു. സംഭവം സോഷ്യല്‍ മീഡിയയിലും വന്‍ വിവാദമാണ്. എന്നാല്‍ മധുവാകട്ടെ വിവാദത്തില്‍ പ്രതികരിച്ചിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ ഇന്ത്യന്‍ എക്പ്രസ് അഭിമുഖത്തില്‍നിന്ന് ഈ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *