We Talk

ഈ മത്സരം ഉമ്മൻ ചാണ്ടിയും പിണറായിയും തമ്മിൽ

ഒരു മാസം നീണ്ട പ്രചാരണ കോലാഹലങ്ങൾക്കൊടുവിൽ പുതുപ്പള്ളി നാളെ ബൂത്തിലേക്ക് പോകുമ്പോൾ യു ഡി എഫ് കേന്ദ്രങ്ങളുടെ ഉൽക്കണ്ഠ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷത്തിൽ  മാത്രമാണ്. സൈബർ സഖാക്കൾ അട്ടിമറി വിജയം പ്രവചിക്കുന്നുണ്ടെങ്കിലും തെരഞ്ഞടുപ്പ് രംഗത്ത് പരിചയ സമ്പന്നരായ സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ അങ്ങനെയൊരു പ്രതീക്ഷ വെച്ചു പുലർത്തുന്നില്ല. പുതുപ്പള്ളിക്ക് മേൽ  അമിതമായ ആത്മവിശ്വാസം ഇല്ലെന്നാണ് അവർ നൽകുന്ന സൂചന. കഴിഞ്ഞ തവണ കിട്ടിയ വോട്ടുകൾ നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയേ ബിജെപിക്കുള്ളൂ. അതിൽ ഇടിവ് സംഭവിക്കുമോ എന്ന ആശങ്കയും  അവർക്കുണ്ട്. 

എത്ര വോട്ടിനാണ്  ചാണ്ടി ഉമ്മൻ ജയിക്കുക എന്ന ചോദ്യത്തിന് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മാനേജർമാർ നൽകുന്ന കണക്ക് വളരെ വലുതാണ്. മുപ്പതിനായിരത്തിനും  നാൽപതിനായിരത്തിനും ഇടയിൽ വരെ ഭൂരിപക്ഷം  ഉയർന്നേക്കാം എന്നാണ് അവരുടെ അവകാശവാദം. . പുതുപ്പള്ളി മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം വെച്ചു നോക്കിയാൽ ഇതു കടന്ന പ്രതീക്ഷയാണ്. ഉമ്മൻ ചാണ്ടിയുടെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായിരുന്നു 2021 ലേത്. ജെയ്‌ക് തോമസിനെ  അന്ന് അദ്ദേഹം തോല്പിച്ചത് 9000 വോട്ടിനാണ്. ഒരു നിയമസഭാ മണ്ഡലത്തെ സംബന്ധിച്ചടത്തോളം അത് മികച്ച വിജയം ആണെങ്കിലും അര നൂറ്റാണ്ടു കാലം തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച ഉമ്മൻചാണ്ടിക്ക് അന്ന് അതൊരു തിരിച്ചടിയായിരുന്നു. 2016 ൽ അദ്ദേഹം ജയിച്ചത് 27000 വോട്ടിനാണ്. സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളും ഉമ്മൻചാണ്ടിയെ വ്യക്തിപരമായി ഉലച്ച സോളാർ ആക്ഷേപവും ഉണ്ടായിട്ടും ജനങ്ങൾ അദ്ദേഹത്തെ മികച്ച ഭൂരിപക്ഷത്തിനു അന്ന് തെരഞ്ഞെടുത്തു.. എന്നാൽ, 2021 ആയപ്പോൾ  ഭൂരിപക്ഷം മൂന്നിലൊന്നായി കുറഞ്ഞു. 

പിണറായി സർക്കാർ കൂടുതൽ സീറ്റ് നേടി  തുടർഭരണം കരസ്ഥമാക്കിയ ആ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ സാഹചര്യം തീർത്തും യു ഡി എഫ് വിരുദ്ധമായിരുന്നു. യു ഡി എഫിലെ മൂന്നാമത്തെ പാർട്ടിയായ കേരള കോൺഗ്രസ് മാണി  മുന്നണി വിട്ടു പോയതും  സംസ്ഥാനത്തുടനീളം ക്രിസ്ത്യൻ , മുസ്‌ലിം വോട്ടർമാരിൽ ഉടലെടുത്ത എൽ ഡി എഫ് അനുകൂല മനോഭാവവുമെല്ലാം അന്നു  ഉമ്മൻചാണ്ടിയുടെ തെരഞ്ഞടുപ്പിനെയും സാരമായി  ബാധിച്ചു. പിണറായി സർക്കാരിനെതിരെ ഉയർന്ന സ്വർണക്കടത്തു, ലൈഫ് മിഷൻ കോഴ ആരോപണങ്ങളൊന്നും അന്നു ക്ലച്ച് പിടിച്ചില്ല. അതിന്റെ  കാരണം മടിയിൽ കനം ഉള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ ആർജവമുള്ള നിലപാടായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിന്റെ തുടർച്ച ആയിരുന്നു എങ്കിൽ ഈ ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ  ഒരു അട്ടിമറി പ്രതീക്ഷിക്കാമായിരുന്നു. എന്നാൽ, 2016 ലും 2021 ലും കണ്ട പിണറായി വിജയനെ അല്ല 2023 ൽ കേരളം കാണുന്നത്. വ്യക്തിഗതവും കുടുംബപരവുമായ അഴിമതിയാരോപണങ്ങൾക്കു നടുവിൽ ഉത്തരം മുട്ടിയ പിണറായി വിജയനെയാണ്. സംസ്ഥാനത്തു സിപിഎം ഇത്രമാത്രം സങ്കീർണവും ദുർബലവുമായ രാഷ്ട്രീയ സാഹചര്യത്തെ ഇതിനു മുൻപ് അഭിമുഖീകരിച്ചിട്ടില്ല. രാഷ്ട്രീയ തിരിച്ചടികൾ പാർട്ടിക്ക് മുൻപ് പല തെരഞ്ഞെടുപ്പുകളിലും ഉണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ പാർട്ടിയുടെ ഏറ്റവും പ്രമുഖനായ നേതാവ് അഴിമതിയാരോപണത്തിൽപ്പെടുകയും പൊതുസമൂഹത്തിനോ പാർട്ടിക്കോ വിശ്വസനീയമായ മറുപടി നൽകാതെ അദ്ദേഹം മൗനിയായിരിക്കുകയും ചെയ്യുന്ന സാഹചര്യം സിപിഎമ്മിന് പരിചിതമല്ലാത്തതാണ്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ  മാത്രമല്ല , സംസ്ഥാനത്തെ മുഴുവൻ സിപിഎം പ്രവർത്തകരെയും പാർട്ടി അനുയായികളെയും സഹയാത്രികരെയുമൊക്കെ വിഷമിപ്പിക്കുന്ന ഘടകമാണിത്. കാരണം കുട്ടികൾ വരെ പറഞ്ഞു തുടങ്ങിയിരിക്കുന്നു , മാസപ്പടിയെക്കുറിച്ചും കരിമണൽ കർത്തയുടെ സംഭാവനയെ  പറ്റിയും.

  ഉമ്മൻചാണ്ടിയോടുള്ള ആരാധന , ഭരണ വിരുദ്ധ വികാരം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയർന്ന അഴിമതിയാരോപണങ്ങൾ എന്നിവ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇതിനെ ഫലപ്രദമായി നേരിടാൻ പുതുപ്പള്ളിയുടെ പിന്നോക്കാവസ്ഥ എന്ന എൽ ഡി എഫിന്റെ തുറുപ്പുചീട്ട് മതിയാകില്ല.  ജെയ്‌ക് സി തോമസിനെയും ചാണ്ടി ഉമ്മനെയും സ്ഥാനാർത്ഥികൾ എന്ന നിലയിൽ പ്രത്യേകമായി വിലയിരുത്തിയാൽ ചാണ്ടിയെ അപേക്ഷിച്ചു പ്രാഗൽഭ്യം ഉള്ളയാളാണ് ജെയ്ക്ക് എന്ന് കാണാൻ കഴിയും. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന തീപ്പൊരി നേതാവാണ് ജെയ്ക്ക്. ചാനൽ ചർച്ചകളിലും സംവാദങ്ങളിലുമെല്ലാം തിളങ്ങുന്ന ആളാണ്. മികച്ച പൊതുപ്രവർത്തകനാണ്. രണ്ടു പേരെയും നിരത്തി നിർത്തി മാർക്കിട്ടാൽ ജെയ്ക്ക് മുന്നിലെത്തും. എന്നാൽ,സംസ്ഥാനത്തു  ഇടതുപക്ഷം ഇന്ന് നേരിടുന്ന വെല്ലുവിളികൾ ജെയ്ക്കിന് പ്രതികൂലമായ ഘടകങ്ങളാണ്. പുതുപ്പള്ളിയിൽ ജെയ്ക്കിനു വലിയ തോതിൽ വോട്ടു കുറഞ്ഞാൽ അത് വരവ് വെക്കേണ്ടത് പിണറായി വിജയൻറെ അക്കൗണ്ടിലാണ്. കഴിഞ്ഞ തവണ ഇടതുപക്ഷത്തിന് വോട്ടു ചെയ്തവർ ഇത്തവണ ചാണ്ടി ഉമ്മന് വോട്ടു ചെയ്യുന്നുണ്ടെങ്കിൽ അത് പിണറായിക്കെതിരായ വികാരമായേ കാണാനാകൂ. ചുരുക്കത്തിൽ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ  മത്സരിക്കുന്നത് ഉമ്മൻചാണ്ടിയും പിണറായി വിജയനും തമ്മിലാണെന്നു പറഞ്ഞാൽ ഒട്ടും  അതിശയപ്പെടേണ്ട. സോളാർ കേസിൽ പരിപൂർണ കുറ്റവിമുക്തനായി അഗ്നിശുദ്ധി വരുത്തിയ   ഉമ്മൻചാണ്ടിയും മാസപ്പടി ആരോപണത്തിൽ കൈപൊള്ളി ഇരിക്കുന്ന പിണറായി വിജയനും തമ്മിലെ മത്സരമാണ് അവിടെ നടക്കുന്നത്. ചാണ്ടി ഉമ്മൻ മഹാ ഭൂരിപക്ഷത്തിൽ  വിജയിക്കുമെങ്കിൽ  അത് ഉമ്മൻചാണ്ടിയുടെ വിജയമാണ്. മറിച്ചു ഇത്രമാത്രം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തു ജെയ്ക്ക് തോമസ് വിജയിച്ചാൽ അത് പിണറായി വിജയൻെറ വിജയമാണ്. എൽ ഡി എഫ് സർക്കാരിലുള്ള വിശ്വാസം  ജനങ്ങൾ അരക്കിട്ടുറപ്പിക്കുന്നതിന്റെ തെളിവാണ്.    കാണാൻ പോകുന്ന പൂരം കൂടുതൽ പറയേണ്ടതില്ലല്ലോ.       

Leave a Reply

Your email address will not be published. Required fields are marked *