ചന്ദ്രന് പേരിടാൻ നമുക്ക് അവകാശമുണ്ടോ? പേരിടലിന്റെ മാനദണ്ഡങ്ങളെന്തൊക്കെ?
ജെ ഐശ്വര്യ
ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലം ഇനി മുതൽ ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടും എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ചില ഗൗരവപരമായ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. ഇങ്ങനെ പേരിടാൻ ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് അവകാശമുണ്ടോ ഈ പേരിടലിന്റെ മാനദണ്ഡങ്ങളെന്തൊക്കെയാണ് എന്നതൊക്കെ ചോദ്യങ്ങളാണ്. അതിലേക്ക് കടക്കുന്നതിന് മുൻപ് ഒരു കൗതുകകരമായ ചരിത്രസംഭവം പറയാം.
വർഷം 1846. ഒരു പേരിടൽ പ്രശ്നത്തിന്റെ പേരിൽ ബ്രിട്ടീഷ് ജ്യോതിശാസ്ത്രഞ്ജൻ ജോൺ ഹെർഷലിന്റെ ഉറക്കം തന്നെ നഷ്ടപ്പെട്ടു.തർക്കം രണ്ട് രാജ്യങ്ങൾ തമ്മിലാണ്. ഒരു വശത്ത് സ്വന്തം നാടായ ഇംഗ്ലണ്ടിലെ ജ്യോതിശാസ്ത്രജ്ഞരും മറുഭാഗത്ത് ഫ്രഞ്ചുകാരും. പുതിയതായി കണ്ടെത്തിയ ഗ്രഹത്തിന് എന്ത് പേരിടും എന്നതായിരുന്നു പ്രശ്നം. ജോൺ ഹെർഷലിന്റെ പിതാവായ വില്യം ഹെർഷലാണ് അതിന് മുൻപ് ഒരു ഗ്രഹം കണ്ടെത്തിയത്. ഗ്രീക്ക് ദൈവങ്ങളുടെ പേര് നല്കുന്ന പതിവ് ലംഘിച്ച് അദ്ദേഹം ജോർജിന്റെ നക്ഷത്രം എന്നർഥം വരുന്ന തരത്തിൽ George’s Star എന്നതിന് പേര് നല്കി. അന്ന് ഇംഗ്ലണ്ട് ഭരിച്ചിരുന്ന ജോർജ് മൂന്നാമൻ രാജാവിന്റെ ബഹുമാനാർഥമായിരുന്നു അത്. ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ അർബൈൻ ലെ വെരിയർ ഈ ഏഴാം ഗ്രഹത്തിനപ്പുറം മറ്റൊരു ഗ്രഹം ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുകയും അതിന്റെ സ്ഥാനം കൃത്യമായി കണക്കുകൂട്ടുകയും ചെയ്തു. ഈ ഗ്രഹം പിന്നീട് കണ്ടെത്തി. പക്ഷേ ഇതിന് മുൻപ് തന്നെ ബ്രിട്ടീഷ് ജ്യോതിശാസ്ത്രജ്ഞനായ ജോൺ കൌച്ച് ആഡംസും ഇതേ കണക്കുകൂട്ടലുകൾ നടത്തി സ്ഥാനം പ്രവചിച്ചിരുന്നു. ജ്യോതിശാസ്ത്ര മേഖലയിൽ ലെ വെരിയറോളം പ്രശസ്തനായിരുന്നില്ല ആഡംസ് എന്നത് കൊണ്ട് അദ്ദേഹത്തിന്റെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഹെർഷലിന് ഇക്കാര്യം നേരത്തേ അറിയാമായിരുന്നത് കൊണ്ട് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടി. അതോടെ പേരിടാനുള്ള അവകാശം രണ്ടുപേരിൽ ആർക്കാണ് എന്നത് സംബന്ധിച്ച് തർക്കം തുടങ്ങി. സ്വന്തം പേര് പുതിയ ഗ്രഹത്തിന് നൽകാനാഗ്രഹിച്ച ലെ വെരിയർ അതിനൊരു സൂത്രം കണ്ടു. ഏഴാം ഗ്രഹത്തിന് ജോൺ ഹെർഷലിന്റെ പിതാവിന്റെ ബഹുമാനാർഥം ഹെർഷൽ എന്ന പേര് നല്കാം എന്നായിരുന്നു ആ നിർദ്ദേശം. പിന്നീട് അതേ പതിവ് അടുത്ത ഗ്രഹത്തിനും തുടരുമല്ലോ. ജോൺ ഹെർഷൽ ആകെ കുഴപ്പത്തിലായി. ഒരു വശത്ത് സ്വന്തം കുടുംബപ്പേരാണ്, പക്ഷേ അതിട്ടാൽ തെറ്റായൊരു കീഴ്വഴക്കം ആവുകയും ചെയ്യും. ഒടുവിസൽ അദ്ദേഹം വിവേകപൂർവ്വം തീരുമാനമെടുക്കുകയും ഗ്രീക്ക് പുരാണങ്ങളിലെ പേരിടുന്ന പതിവ് തുടർന്ന് ഏഴാം ഗ്രഹത്തിന് യുറാനസ് എന്ന പേര് സ്ഥിരപ്പെടുത്തുകയും ചെയ്തു. അതോടെ എട്ടാം ഗ്രഹത്തിന് നെപ്റ്റ്യൂൺ എന്നും പേരിട്ടു.
ഇതിന് മുൻപും പേരിടൽ സംബന്ധിച്ച് വിവാദങ്ങൾ ഉണ്ടായിരുന്നു. വ്യാഴത്തിന്റെയും ശനിയുടെയുമൊക്കെ ഉപഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരിടണോ, നമ്പർ മതിയോ എന്നൊക്കെയുള്ള തർക്കങ്ങൾ ഗലീലിയോയുടെ കാലം തൊട്ട് നടക്കുന്നുണ്ട്. ഗലീലിയോ തന്നെ നാട്ടിലെ പ്രമാണിമാരുടെ പേര് ആകാശഗോളങ്ങൾക്ക് നല്കിയിരുന്നു. ഇത് പിൽക്കാലത്ത് തിരുത്തപ്പെട്ടു. ഏതായാലും ബഹിരാകാശത്ത് മനുഷ്യരുടെ പേരുകളും, രാജ്യതാല്പര്യങ്ങളുമൊന്നും കറങ്ങി നടക്കേണ്ട എന്ന് ഹെർഷൽ തീരുമാനിച്ചു. പിന്നീട് യുറാനസിന്റെ ഉപഗ്രഹങ്ങൾക്ക് പേരിട്ടപ്പോൾ ജോൺ ഹെർഷൽ ഷേക്സ്പിയർ കഥാപാത്രങ്ങളുടെ പേരാണിട്ടത്. അതും പിൽക്കാലത്ത് പരിഷ്കരിക്കപ്പെട്ടു. ഏതായാലും ആകാശഗോളങ്ങളുടെ പേരുകൾ അംഗീകരിക്കാനുള്ള അധികാരം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയനായി മാറി. 1922 മുതൽ ഭാഗികമായി അത്തരം നിർദ്ദേശങ്ങൾ നിലവിലുണ്ട്. 1982 ജനീവയിൽ വെച്ച് ഈ വിഷയത്തിൽ നടന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ പേരിടലിൽ ഇടപെടേണ്ടതെങ്ങനെ എന്നതിന് കൃത്യമായ നിയമാവലി ഉണ്ടാക്കി. ഉപഗ്രഹങ്ങൾക്കും, ഛിന്നഗ്രഹങ്ങൾക്കും, ധൂമകേതുക്കൾക്കും, ഗർത്തങ്ങൾക്കുമൊക്കെ പേര് നല്കാൻ കൃത്യമായ മാനദണ്ഡങ്ങളും രൂപീകരിച്ചു.
ഇന്ത്യക്ക് ആ പ്രത്യേക സ്ഥലത്തിന് സ്വന്തം രാജ്യത്തെ ശാസ്ത്രജ്ഞരുടെയോ, ബഹിരാകാശ മേഖലയിൽ മുന്നേറ്റത്തിന് കാരണമായ വ്യക്തികളുടെയോ പേരാണ് നൽകാനാവുക. ശാസ്ത്രജ്ഞർ ചെയ്യേണ്ട ചുമതല പ്രധാനമന്ത്രി ഏറ്റെടുക്കുകയും അത് ഭരണകക്ഷിയുടെ രാഷ്ട്രീയത്തെ പിൻപറ്റിയുള്ളതാകുകയും ചെയ്യുന്നത് ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് അങ്ങേയറ്റം അപമാനകരമാണെന്ന വിമർശനം വ്യാപകമാണ്. 1967 ലെ ഉടമ്പടി പ്രകാരം ബഹിരാകാശ ഗോളങ്ങൾ മാനവരാശിയുടെ പൊതുസ്വത്താണ്. ഈ പേരിടൽ തന്നെ ആ ഉടമ്പടിയുടെ ലംഘനമാണ്. ഒരു വിഭാഗം ഇന്ത്യക്കാർക്ക് മാത്രമാണ് ശിവശക്തി എന്ന പേരിനോട് ഐക്യപ്പെടാനാവുക. ചന്ദ്രനിൽ ദൈവസാന്നിധ്യം ആവശ്യമില്ലെന്നും പകരം ശാസ്ത്ര നേട്ടങ്ങൾക്ക് കാരണമായ ഇന്ത്യൻ ശാസ്ത്രജ്ഞരെയോ സാങ്കേതിക വിദഗ്ധരെയോ പേരിടലിലൂടെ ആദരിക്കണമെന്ന് ആവശ്യപ്പെട്ട് All India Peoples Science Network പ്രതിഷേധക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. യുണൈറ്റഡ് നേഷൻസ് ഓഫീസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്‌സ് രൂപീകരിച്ച ബഹിരാകാശ ഉടമ്പടി പ്രകാരം, ചന്ദ്രനും മറ്റ് ആകാശഗോളങ്ങളും ഉൾപ്പെടെയുള്ള ബഹിരാകാശത്തിന് മേൽ ഒരു രാജ്യങ്ങൾക്കും ഉടമസ്ഥാവകാശമില്ല. യൂറോപ്യൻ ബഹിരാകാശ ഏജൻസിയിലെ പൊതു അന്താരാഷ്ട്ര നിയമത്തിന്റെ തലവനായി സേവനമനുഷ്ഠിക്കുന്ന അലക്സാണ്ടർ സൂസെക്ക് ഒരു റിപ്പോർട്ടിൽ പറയുന്നത് ഒരു രാജ്യത്തിന് ചന്ദ്രനിൽ പതാക സ്ഥാപിക്കാൻ കഴിയും, പക്ഷേ അതിന് നിയമപരമായ സാധുതയൊന്നുമില്ല എന്നാണ്.
അതേസമയം ചന്ദ്രനിലെ പ്രത്യേക പ്രദേശങ്ങൾക്ക് പേരിടാനുള്ള ചുമതല ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും നാമകരണം ചെയ്യുന്നതിനായി 1919-ൽ സ്ഥാപിതമായ ഇന്റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ എന്ന സംഘടനയുടേതാണ്. പേരിടുന്നതിനായി നിരവധി മാനദണ്ഡങ്ങൾ സംഘടന പിന്തുടരുന്നുണ്ട്. 2020-ൽ, ചൈനയുടെ ചാന്ദ്രദൗത്യമായ ചാങ്’ഇ 5, ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങുകയും ആ സ്ഥലത്തിന് “സ്റ്റാഷ്യോ ടിയാൻചുവാൻ” എന്ന് ചൈന പേര് നൽകുകയും ചെയ്തു. ‘സ്റ്റാഷ്യോ’ എന്ന ലാറ്റിൻ പദത്തിന്റെ അർഥം സ്റ്റേഷൻ എന്നാണ്. ക്ഷീരപഥത്തിലൂടെ സഞ്ചരിക്കുന്ന ഒരു കപ്പലിനെ പ്രതിനിധീകരിക്കുന്ന ചൈനീസ് നക്ഷത്രസമൂഹത്തിന്റെ പേരാണ് ‘ടിയാൻചുവാൻ’. മാസങ്ങൾ നീണ്ട പരിശോധനയ്ക്ക് ശേഷം 2021 മെയ് മാസത്തിലാണ് IAU ഈ പേരിന് അംഗീകാരം നൽകിയത്. ചാന്ദ്ര സ്ഥാനങ്ങൾക്ക് പേരുകൾ നൽകുന്ന കാര്യത്തിൽ, അവ ലാൻഡിംഗ് സൈറ്റുകളോ ഗർത്തങ്ങളോ ആകട്ടെ, IAU സ്ഥാപിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. ഒന്നാമതായി പേരുകൾ “ലളിതവും വ്യക്തവും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയില്ലാത്തതും ” ആയിരിക്കണമെന്ന് IAU വ്യവസ്ഥ ചെയ്യുന്നു.
അടുത്തതായി പേരുകൾ രാഷ്ട്രീയമോ സൈനികമോ മതപരമോ ആകരുത്. പ്രധാനപ്പെട്ട മറ്റൊരു കാര്യം
ഗ്രഹങ്ങൾക്ക് വ്യക്തികളുടെ പേരുകൾ പൊതുവേ നൽകേണ്ടതില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ അങ്ങനെയാകാം. പക്ഷേ ആദരിക്കപ്പെടുന്ന വ്യക്തി കുറഞ്ഞത് മൂന്ന് വർഷം മുമ്പെങ്കിലും മരിച്ചിട്ടുണ്ടാകണം. ഈ നിർദേശങ്ങളൊന്നും പാലിക്കാതെയുള്ള ഇന്ത്യയുടെ പുതിയ പേരിടൽ അന്താരാഷ്ട്ര തലത്തിലുൾപ്പെടെ വലിയ ചർച്ചയായിരിക്കുകയാണ്.